ഉറവകളുടെ ഉറവിടങ്ങള്‍
Posted on: 19 Nov 2011
Text: Sreeja Prasanth, Photos: Prasanth M
മഞ്ഞില്‍ വിരിയുന്ന മലമുകളിലെ ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍, കാടുകള്‍...ആല്‍പ്‌സിന്റെ സൗന്ദര്യമറിഞ്ഞൊരു യാത്ര
ടെറാ മൊഡാന
അരയന്നങ്ങളും കുട്ടികളും നീന്തിക്കളിക്കുന്ന പച്ചനിറമുള്ള ജലാശയത്തിന്റെ കരയിലൂടെ, മലനിരകളെ ലക്ഷ്യമാക്കി, പിന്നീടെപ്പൊഴോ അവയ്ക്കു സമാന്തരമായി, ലംബമായി, തുരങ്കങ്ങളില്ക്കൂ ടി നെഞ്ചകം തുളച്ചും കുതിച്ചു പാഞ്ഞു; ഒടുവില്‍ ആല്പ്‌സ് പര്‍വ്വതനിരകളുടെ മടിത്തട്ടില്‍ കിതച്ചു നിന്നു; പാരിസില്‍ നിന്നും 'മൊഡാനി'ലേയ്ക്കുള്ള അതിവേഗ തീവണ്ടി. ഇത് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിരാണ്. മൊഡാനില്‍ തുടങ്ങി അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങള്‍ കാണാം. 'ടെറാ മൊഡാന' എന്ന പേരില്‍ അറിയപ്പെടുന്നു, ഈ ഫ്രഞ്ചു മലയോരം.
ശൈത്യകാലത്ത് മഞ്ഞു മൂടുമ്പോള്‍, ഈ ഗ്രാമങ്ങള്‍ മഞ്ഞില്‍ കളിക്കാന്‍ വരുന്ന മനുഷ്യരുടെ വിനോദ കേന്ദ്രങ്ങളായി (സ്‌കീ റിസോര്ട്ട്‌സ് ) മാറും. വേനലില്‍ മഞ്ഞുരുകി ഉറവകളായി, വെള്ളച്ചാട്ടങ്ങളായി, പുഴ നിറഞ്ഞൊഴുകും. പൈന്‍ മരങ്ങള്‍ നിറഞ്ഞ കാടുകള്‍ പതുക്കെ ഉണരും, ഗ്രാമവാസികള്‍ കൃഷിത്തിരക്കിലാകും. ആരവങ്ങളൊഴിഞ്ഞ ഈ പച്ചപ്പിലേക്കാണ് ഞങ്ങള്‍ തിരിച്ചത്, എങ്കിലും തീവണ്ടി നിറയെ അവധിക്കാലം നോമ്പുനോറ്റു വന്ന കുട്ടികളായിരുന്നു. റെയില്‍വേയുടെ വകയായി എല്ലാ കുട്ടികള്‍ക്കും ഓരോ യാത്രാ സഞ്ചി; ഒരു ചെറിയ ജ്യൂസ്, ബ്രഡ്, പേന, പുസ്തകം. ആനന്ദലബ്ധിക്കിനിയെന്തു വേണം? അപ്പൂസ് ഉത്സാഹത്തിലായി.
മൊഡാനില്‍ നിന്നും പതിനഞ്ചു മിനിട്ട് ദൂരെയാണ് ആവ്രിയ് (Avrieux) എന്ന ഗ്രാമം. ഹെയര്‍പിന്‍ വളവുകളിലൂടെ ടാക്‌സിയില്‍ വരുമ്പോള്‍ താഴെ, ഒരേ പോലെ തോന്നിക്കുന്ന പത്തു മുപ്പതു ചെറിയ വീടുകള്‍ കണ്ടുതുടങ്ങി. തടിയില്‍ തീര്ത്തി ഒതുക്കമുള്ള വീടുകള്‍. ഇവിടെ കടകള്‍ ഒന്നും തന്നെ ഇല്ല. ഇടത്തും വലത്തും താഴെയും മുകളിലുമെമെല്ലാം പാര്‍വ്വത ശിഖരങ്ങള്‍.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വളരെ കുറവുള്ള സ്ഥലം. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ അന്നുതന്നെ മൊഡാനിലേക്കു തിരിച്ചു പോകേണ്ടിവന്നു. അടുത്ത രണ്ടു ദിവസം അവധിയായതിനാല്‍ കടകള്‍ തുറക്കില്ല. പോകുന്നവഴിക്ക്, അത്യാവശ്യം കടകള്‍ ഉള്ള മറ്റൊരു ഗ്രാമത്തെ പറ്റി ടാക്‌സി െ്രെഡവര്‍ പറഞ്ഞു. അവിടെ നടന്നു പോകാനുള്ള വഴിയും കാണിച്ചു തന്നു. ഒരു മലചുറ്റി പോയാല്‍ മതി. വെറുതെ ടാക്‌സി വിളിച്ചു പൈസ കളയണ്ടെന്നു. എത്ര നല്ല െ്രെഡവര്‍!
എന്നിട്ടും പലതവണ ടാക്‌സി വിളിക്കേണ്ടി വന്നു. പലപ്പോഴും ടാക്‌സി െ്രെഡവര്‍മാര്‍ മീറ്റര്‍ റീഡിങ്ങിനേക്കാള്‍ കുറച്ചു പൈസയേ വാങ്ങിയുള്ളൂ. തിരികെ പോരുന്ന ദിവസം, കാശൊന്നും വേണ്ടന്ന് വാശി. നിര്‍ബന്ധിച്ചാണ് ഏല്‍പ്പിച്ചത്. വളരെ അത്ഭുതം തോന്നി; ഒരു ബിസിനസ് എന്നതിലുപരി ആതിഥ്യ മര്യാദയും നിഷ്‌കളങ്കമായ സ്‌നേഹവും തുളുമ്പുന്ന ഗ്രാമീണര്‍.
ഓസ്വായിലെ ഉത്സവം
'ഓസ്വാ' (Aussois) എന്ന തൊട്ടടുത്ത ഗ്രാമത്തിലേയ്ക്കുള്ള കുറുക്കുവഴി പകുതിയും കാട്ടിലൂടെ ആയിരുന്നു. ചെറിയ മല കയറി ഇറങ്ങണം, ഒരു മണിക്കൂര്‍ നടപ്പു ദൂരം ആണ് ഗ്രാമങ്ങള്‍ തമ്മിലുള്ള കുറഞ്ഞ അകലം. ഞങ്ങളത് രണ്ടുരണ്ടര മണിക്കൂറാക്കി മാറ്റി.
യാത്രാ മദ്ധ്യേ ഒരു വലിയ വെള്ളച്ചാട്ടമുണ്ട്. ഒരുപാട് മുകളില്‍ നിന്നും ആരോ എടുത്തെറിയുന്നപോലെ വെള്ളം വീഴുന്നു. അതിന്റെ തീരത്ത്, ഭക്ഷണത്തിന്റെ പൊതിയുമായി ഉച്ചയോടെ ആള്‍ക്കാരെത്തിത്തുടങ്ങും, കുളിയും, കളിയും കഴിപ്പും ഒക്കെ കഴിഞ്ഞു വെയിലാറുമ്പോള്‍ മടങ്ങും. വെളിയില്‍ കടുത്ത ചൂടാണ്. അകത്തു പ്രകൃതിയുടെ ശീതീകരണം. മുകളില്‍ മരങ്ങളും കൈകോര്‍ത്തു തണല്‍ വിരിയ്ക്കുന്നു.
'ഓസ്വാ' യില്‍ അന്ന് ഉത്സവമായിരുന്നു, കുട്ടികള്‍ക്കായി ധാരാളം കളികള്‍. പഴയ ഓണക്കളികള്‍ പോലെ, മരം കയറ്റം, കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കളികള്‍, തക്കാളി കുഴലിലൂടിട്ടടിച്ചുടയ്ക്കുന്ന കളികള്‍. ഒരു ഉറിയടിയുടെ കുറവ് മാത്രം തോന്നി. ഒരിടത്തു വലിയ കുട്ടകത്തില്‍ തൈര് കടയുന്നു, മറ്റൊരിടത്ത് കുതിരവണ്ടിയില്‍ ഗ്രാമത്തിന്റെമ തനതു മദ്യശാല. തേന്‍ പോലെ മധുരമുള്ള മദ്യം ചെറിയ ഓട്ടുഗ്ലാസില്‍ വിശുദ്ധമായി വിതരണം ചെയ്യുന്നു. (അടിച്ചു പാമ്പായവരെയൊന്നും കണ്ടില്ല ) . സ്‌റ്റേജില്‍ നൃത്തപരിപാടികള്‍. ഇടയ്ക്ക് വഴിയിലൂടെ പരേഡും പാട്ടും, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെല്ലാം ഇടയ്ക്കിറങ്ങി നിന്ന് പരേഡ് കാണും, പിന്നെ തിരിച്ചു വന്നിരുന്നു കഴിക്കും. കടക്കാരുടെ ശ്രദ്ധയും വെളിയിലാണ്. മൊത്തത്തില്‍ കണ്ടുമറന്നുപോയ, നാടന്‍ കളികള്‍ നിറഞ്ഞ ഒരു പഴയ ഗ്രാമം.
ഈ സ്ഥലം, സമുദ്ര നിരപ്പില്‌നിന്നും 1500m ഉയരത്തിലാണ്. ഈ ഭാഗത്തെ കൊടുമുടിക്ക് 2800 m വരെ ഉയരമുണ്ട്. 2500 m വരെ കയറിയാല്‍, അവിടെ നിന്നും താഴേയ്ക്ക് പാരച്യൂട്ടില്‍ ചാടാം. ഒരു മനുഷ്യന്‍ അതില്‍ പറന്നിറങ്ങുന്നതും കണ്ടു. നാറാണത്തുഭ്രാന്തനെ ഓര്ത്തുൂപോയി. അന്ന് പാരച്യൂട്ട് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കല്ലുരുട്ടിയിടുമായിരുന്നോ? അതോ സ്വയം ചാടുമായിരുന്നോ?
Vote for this
(0%) (0 Votes)
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.