തീം ടൂറിസം - പില്‍ഗ്രിമേജ്‌

നാലമ്പലങ്ങളിലൂടെ....

Text: G Jyothilal / Photos: Madhuraj

 കര്‍ക്കടകം രാമായണമാസമാണ്. വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകള്‍ കൊണ്ട് മുഖരിതമാവുന്ന പുണ്യമാസം. പ്രാര്‍ഥനകള്‍ മഴയായി പെയ്തു നിറയുന്ന കര്‍ക്കിടകത്തില്‍ നാലമ്പലദര്‍ശനം ശ്രേയസ്‌കരവും പാപനാശകവുമാണെന്ന് വിശ്വാസം. രാമായണ മാസാചരണത്തിനൊരുങ്ങുന്ന നാലമ്പലങ്ങളിലൂടെ ഒരു യാത്ര...


ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹ1ങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തി ചേര്‍ന്നു.

ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്പയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണ പെരുമാളെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം.

രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യ ശംഖാണ് ഭരതന്‍, ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം.

തൃപ്രയാര്‍
പുലര്‍ച്ചെ മൂന്നുമണിക്ക് വെടിയൊച്ച കേട്ടാണ് ഉണര്‍ന്നത്. തൃപ്രയാര്‍ തേവര്‍ ഉറക്കമുണര്‍ന്നു. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനിയും കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങി. നാലുമണിക്കു തന്നെ നട തുറന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തില്‍ ഹനുമല്‍ സങ്കല്‍പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. ദീപാലംകൃതമായ തിരുനടയില്‍ നിര്‍മ്മാല്യം തൊഴാനെത്തിയ ഭക്തജനങ്ങളുടെ നിര്‍വൃതി പൂണ്ട മുഖങ്ങള്‍. ഹരേരാമ ജപത്തോടെ പ്രദക്ഷിണം വെയ്ക്കുന്നവര്‍.

അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വ്വലോകനാഥനും സര്‍വ്വരോഗ നിവാരണനും സര്‍വ്വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് യാത്രയാവാം.

കൂടല്‍മാണിക്യം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുന സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.

വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.


തിരുമൂഴിക്കുളം
ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.

നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം കാണാം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. ക്ഷേത്രത്തിനു പിന്നിലൂടെ ചാലക്കുടിപുഴ ഒഴുകുന്നു.
Go to Pages »
1| 2 | 3 |
TAGS:
NALAMBALAM  |  THRIPPRAYAR  |  IRINJALAKUDA  |  PAYAMMEL  |  MOOZHIKULAM  |  SRIRAMA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/