ആത്മാക്കളുടെ പ്രദക്ഷിണവഴിയില്‍
Posted on: 11 Oct 2010
T J Sreejith, Photos: B.Muralikrishnan
ആത്മാക്കള്‍ തലങ്ങും വിലങ്ങും പായുന്നു...ചിലര്‍ ഏന്തി വലിഞ്ഞ് ഉരുളിയിലെ പാലു കുടിക്കുന്നു, മറ്റു ചിലര്‍ മധുരപലഹാരങ്ങള്‍ തിന്നുന്നു. ശ്രീകോവിലിന് മുന്നില്‍ വെച്ചിരിക്കുന്ന ദേവിയുടെ പ്രസാദത്തില്‍ കരിമ്പടം പുതച്ച പ്രേതങ്ങളുടെ ആറാട്ട്. ക്ഷേത്ര കവാടത്തില്‍ നിന്നും കഷ്ടിച്ച് ഇരുപതടി നടന്നാല്‍ ശ്രീകോവിലിന് മുന്നിലെത്താം. പക്ഷെ വെണ്ണക്കല്ലു വിരിച്ച തറയില്‍ ഓരോ ചുവടും വെയ്ക്കുന്നത് സൂക്ഷിച്ചു വേണം, ചിലപ്പോള്‍ ആത്മാക്കളുടെ ദേഹത്തായിരിക്കും ചവിട്ടുക...
ബിക്കാനീറില്‍ നിന്നും അധികം അകലെയല്ല ദേശ്‌നോക്ക് എന്ന കൊച്ചു ഗ്രാമം. ഇവിടെയാണ് പ്രശസ്തമായ മൂഷിക ക്ഷേത്രം അഥവാ കര്‍ണിമാതാ ക്ഷേത്രം. ആയിരക്കണക്കിന് എലികളാണ് ഈ ക്ഷേത്രത്തില്‍. രാജക്കന്‍മാരെ പോലെയാണ് ഇവിടെ മൂഷിക ജീവിതം. മൃഷ്ടാന്ന ഭോജനം, ആരെയും പേടിക്കേണ്ട, സംരക്ഷകരായി ഒരു പാട് ഭക്തര്‍. ക്ഷേത്രത്തില്‍ എവിടെ വേണമെങ്കിലും കറങ്ങി നടക്കാം, ശ്രീകോവിലിനുള്ളില്‍ വരെ...
അതിരാവിലെ ബിക്കാനീറില്‍ നിന്നും പുറപ്പെട്ട ബുള്ളറ്റ് സംഘം മൂഷിക ക്ഷേത്രത്തിലെത്തിയപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞിരുന്നു. എലികളുടെ ക്ഷേത്രമെന്ന് കേട്ടപ്പോള്‍ എലിയുടെ വിഗ്രഹം വെച്ച് പൂജിക്കുന്ന ഇടമാണന്നെ കരുതിയുള്ളു. കൂറ്റന്‍ വെള്ളി വാതില്‍ കടന്നതും ഒരു പന്തികേട് തോന്നി. സെറ്റപ്പ് കൊള്ളാം, പക്ഷേ ഒരു വശപിശകില്ലേ..! കണ്ണുകള്‍ ചുവരുകള്‍ കയറി ഇറങ്ങി... ഇല്ല തോന്നലായിരിക്കും, ഒരു വാതില്‍ കൂടി കടന്ന്് അകത്ത് കാല്‍വെച്ചതും വലിച്ചതും ഒരുമിച്ചായിരുന്നു. എലികള്‍... നിറയെ എലികള്‍...എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് വെല്ലുവിളിച്ച് അവര്‍ കൂളായി കറങ്ങി നടക്കുന്നു. ഭക്തര്‍, മൂഷിക വേന്ദ്രന്‍മാര്‍ക്ക് മധുരപലഹാരങ്ങളും പാലും നല്‍കുന്നു ഭക്തിപൂര്‍വ്വം തൊഴുന്നു. 'കാബാ' എന്നാണ് ഈ വിശുദ്ധ എലികള്‍ അറിയപ്പെടുന്നത്.
അറുനൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പതിനാലാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്ന സ്ത്രീയായിരുന്നു കര്‍ണിമാതാ. ദിവ്യ ശക്തികളുള്ള സ്ത്രീ, അത്ഭുതങ്ങള്‍ കാട്ടിയിരുന്ന സ്ത്രീ. ഇവര്‍ ദുര്‍ഗാ ദേവിയുടെ അവതാരമാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നു. തന്റെ ആറാം വയസ്സില്‍ അമ്മൂമ്മയുടെ മാറാവ്യാധി മാറ്റിയതിനുശേഷമാണ് റിതുഭായ് എന്ന ബാലിക കര്‍ണിമാതയായി അറിയപ്പെടാന്‍ തുടങ്ങിയത്. അവിടം മുതല്‍ തുടങ്ങുന്നു കര്‍ണിയുടെ വീരകഥകള്‍. നമ്മുടെ നാട്ടിലെ ചേകവന്‍മാര്‍ക്ക് തുല്യരായിരുന്നു രാജസ്ഥാനിലെ ചരണ്‍ വംശജര്‍. കൊല്ലാനും ചാകാനും മടിയില്ലാത്ത രാജഭക്തര്‍. ആ വംശത്തിലാണ് കര്‍ണി ജന്മമെടുത്തത്.
ഒരിക്കല്‍ ഒരു ഭക്തന്‍ കരഞ്ഞു കൊണ്ട് കര്‍ണിയുടെ പാദങ്ങളില്‍ വീണു. ആറ്റു നോറ്റുണ്ടായ കുഞ്ഞ് മരിച്ചതാണ് കാരണം. കുഞ്ഞിന് ജീവന്‍ തിരികെ നല്‍കാന്‍ മൃതിയുടെ ദേവനായ യമനോട് കര്‍ണി ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിന്റെ ആത്മാവ് മറ്റൊരു രൂപത്തില്‍ പുനര്‍ജനിച്ചെന്ന മറുപടിയാണ് യമദേവന്‍ നല്‍കിയത്. അന്നുമുതല്‍ തന്റെ വംശത്തിലുള്ളവര്‍ മരിച്ചാല്‍ തിരികെ ആ വംശത്തില്‍ തന്നെ പുനര്‍ജ്ജനിക്കണമെന്നും അതുവരെയുള്ള ഇടവേളയില്‍ ആത്മാക്കള്‍ എലികളായി രൂപമെടുക്കട്ടെയെന്നും കര്‍ണി ആഗ്രഹിച്ചു. യമദേവന്‍ അത് സമ്മതിക്കുകയും ചെയ്‌തെന്നാണ് കഥ. അന്നു മുതല്‍ക്കാണത്രേ ദേശ്‌നോക്ക് എലികളുടെ ഗ്രാമമായി മാറിയത്.
എലികള്‍ ഇത്രയധികം പെരുകുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് ക്ഷേത്രത്തിലുള്ളവര്‍ പറയുന്നത്. പെറ്റുപെരുകുകയാണെങ്കില്‍ കുഞ്ഞെലികളെ കാണേണ്ടതല്ലേയെന്ന് അവര്‍ ചോദിക്കുന്നു. ഒരിക്കല്‍ പോലും കുഞ്ഞെലികളെ ആരും കണ്ടിട്ടില്ലത്രേ! ഒന്നരമണിക്കൂര്‍ അവിടെ ചെലവിട്ട ബൈക്ക് സംഘത്തിനും കണ്ടെത്താനായില്ല, കുഞ്ഞെലികളെ. മറ്റൊരു കൗതുകം, ഒരു പൂച്ചയെ പോലും ക്ഷേത്ര പരിസരത്തെങ്ങും കണ്ടില്ല എന്നതാണ്. എലികളെ സംരക്ഷിക്കാന്‍ ഇവിടെ ക്ഷേത്ര ജീവനക്കാരുണ്ട്.
എലികളുടെ ഉച്ഛിഷ്ടമാണ് ഇവിടുത്തെ പ്രസാദം. ദേവിയുടെ നടയ്ക്കല്‍ വെച്ചിരിക്കുന്ന തളികയില്‍ നിറിയെ മധുരപലഹാരങ്ങളാണ്. മൂഷിക വിദ്വാന്‍മാര്‍ അതില്‍ കുത്തിമറിയുന്നു. ആ പലഹാരങ്ങളാണ് പൂജാരി, ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്.
എലികള്‍ ഭക്്തരുടെ ദേഹത്ത് കയറുകയോ, സ്പര്‍ശിക്കുകയോ ചെയ്താല്‍ കര്‍ണി ദേവി അനുഗ്രഹിച്ചെന്നാണ് അര്‍ത്ഥം. ആയിരക്കണക്കിന് എലികള്‍ പരക്കം പായുന്നതിനിടെ, അറിയാതെയെങ്കിലും ഭക്തരുടെ ചവിട്ടേറ്റ് എലി ചത്താല്‍ അത് വലിയ പാപമാണ്. മാറാരോഗങ്ങള്‍ പിടിപെടാം, അപകടങ്ങള്‍ പിന്‍തുടാരാം. പേടിക്കേണ്ട, പരിഹാരമുണ്ട്. സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത മൂഷിക വിഗ്രഹം ദേവിക്ക് സമര്‍പ്പിച്ചാല്‍ മതി.
വെള്ള എലിയുടെ ദര്‍ശനം കിട്ടുന്നവരാണ് അതീവ ഭാഗ്യവാന്‍മാര്‍. കാരണം കര്‍ണി ദേവിയുടെ ഓമനകളാണ് അവ. ഏതാണ്ട് ഇരുപതിനായിരത്തിലധികം എലികള്‍ ഈ ക്ഷേത്രത്തിലെ അന്തേവാസികളാണെന്നാണ് കരുതുന്നത്. അതില്‍തന്നെ മൂന്നോ നാലോ എണ്ണം മാത്രമാണ് വെള്ളെലികള്‍.
മനുഷ്യന്റെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ ഓടിയൊളിക്കുന്ന എലികളെ മാത്രമേ അതുവരെ കണ്ടിരുന്നുള്ളു. എന്നാല്‍ ഇവിടെ എലിയുടെ അനക്കം കേട്ടാല്‍ മനുഷ്യന്‍ ഓടണം. അറിയാതെയെങ്ങാന്‍ എലിയെ ചവിട്ടി പോയാല്‍ തീര്‍ന്നു കഥ...
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.