തീം ടൂറിസം - പില്‍ഗ്രിമേജ്‌

ഗോളാന്തരയാത്ര

Posted on: 11 Oct 2010

O R Ramachandran, Photos: Madhuraj

 

തമിഴ് നാട്ടിലെ പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങള്‍.
തിരുമംഗലക്കുടിയില്‍ സൂര്യന്‍, തിങ്കളൂരില്‍ ചന്ദ്രന്‍,
വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ, തിരുവേങ്കാട് ബുധന്‍,
ളാങ്കുടിയില്‍ വ്യാഴം, കാഞ്ചനൂരില്‍ ശുക്രന്‍, തിരുനെല്ലാറില്‍ ശനി,
തിരുനാഗേശ്വരത്ത് രാഹു, കീഴ്‌പെരുംപള്ളത്ത് കേതു.
ഗ്രഹങ്ങളില്‍ നിന്നു ഗ്രഹങ്ങളിലേക്കുള്ള ഒരു 'ഗോളാന്തരസഞ്ചാരം'.


ഗ്രഹങ്ങളില്‍ നിന്നു ഗ്രഹങ്ങളിലേക്കുള്ള യാത്രയാണിത്. ഒരു 'ഗോളാന്തരസഞ്ചാരം'. വിശ്വാസത്തിന്റെ വ്യോമയാനത്തില്‍, പ്രകാശവേഗത്തില്‍..

സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രദക്ഷിണവഴികളിലൂടെ, കാലം കല്ലില്‍ കൊത്തിയെടുത്ത വിശ്വാസഗോപുരങ്ങളെ വലം വെച്ച്, നവഗ്രഹങ്ങളെ നമിച്ച്, സൂര്യചന്ദ്രന്മാരും ബുധകുജന്മാരും ഗുരുശുക്രന്മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലം താണ്ടി, അനുഗ്രഹവര്‍ഷങ്ങളുടെ ക്ഷീരപഥത്തിലൂടെ, കാവേരിക്കരയിലൂടെ, ഒരു യാത്ര. തഞ്ചാവൂര്‍ തൊട്ട് കുംഭകോണം, മയിലാടുംതുറൈ, കാരൈക്കല്‍ വരെ 60 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കാവേരീതടത്തിലെ നവഗ്രഹക്ഷേത്രങ്ങള്‍ വലംവെച്ചുകൊണ്ട് ഒരു തീര്‍ഥാടനം.

നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതു ക്ഷേത്രങ്ങള്‍. ഇവിടെ വലംവെക്കുമ്പോള്‍ നിങ്ങള്‍ ഈ ദേവന്മാരെയല്ല വലംവെക്കുന്നത്, നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങള്‍ സ്വയം ഭ്രമണം ചെയ്യുകയാണ് -നവഗ്രഹക്ഷേത്രദര്‍ശനത്തിന്റെ രഹസ്യം ഏറ്റവും ലളിതമായി പറഞ്ഞുതന്നത്് തിരുനെല്ലാറിലെ ശനീശ്വരക്ഷേത്രത്തില്‍ കണ്ടുമുട്ടിയ ഒരു സംന്യാസി. നവഗ്രഹക്ഷേത്രങ്ങള്‍ മുഴുവന്‍ കണ്ടോ? അദ്ദേഹം ചോദിച്ചു. ഇതവസാനത്തേതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. നന്നായി. നവഗ്രഹക്ഷേത്രങ്ങളില്‍ പോകാത്തവന്‍ എത്ര ക്ഷേത്രങ്ങളില്‍ പോയിട്ടും കാര്യമില്ല.

കാരണം, വെറും ക്ഷേത്രങ്ങളല്ല, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസസ്ഥലമാണ് ഇവ. ശിവനോ വിഷ്ണുവോ പോലെ ദൈവസങ്കല്‍പ്പങ്ങളല്ല ഈ പ്രതിഷ്ഠകള്‍. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍. നിങ്ങളിലുമുണ്ട് ഈ ഒമ്പതു ഗ്രഹങ്ങളും. സൂര്യന്‍ നിങ്ങളുടെ ആത്മാവ്. മനസ്സ് ചന്ദ്രന്‍. ചൊവ്വ നിര്‍വികാരത്വം. ബുധന്‍ വാക്ക്. വ്യാഴമെന്നാല്‍ ജ്ഞാനവും സുഖവും. ശുക്രന്‍ സമ്പത്തും മദനത്വവും. ശനി പ്രേഷ്യത്വം. രാഹുകേതുക്കള്‍ തിന്മാഭാവങ്ങള്‍. അതിനാല്‍ നവഗ്രഹക്ഷേത്രങ്ങളില്‍ പോകുന്നത് ആത്മസാക്ഷാല്‍ക്കാരമത്രെ. സ്വയമറിയാത്തവന് എവിടെയാണ് ശാന്തി, മോക്ഷം? ആത്മാവിലേക്കുള്ള യാത്രയല്ലേ ഏറ്റവും വലിയ തീര്‍ഥയാത്ര?

ഒരേ സമയം വിനോദയാത്രയും ആത്മീയയാത്രയുമാണ് നവഗ്രഹസ്ഥലികള്‍ തേടിയുള്ള ഈ സഞ്ചാരം. തമിഴ്‌നാടിന്റെ നാട്ടിന്‍പുറങ്ങളിലൂടെ വലിയൊരു ക്ഷേത്രശൃംഖലയെ വലംവെച്ചു കടന്നുപോകുന്ന യാത്ര. കാവേരിയുമായി അടുത്തും അകന്നും സഞ്ചരിക്കുന്ന പാതകളിലൂടെവഴിയിലുടനീളം കാവേരിയുടെ താരാട്ട്. ഗ്രാമീണതയുടെ തമിഴ്ചന്തങ്ങള്‍. നദീതീരത്തിലുടനീളം ക്ഷേത്രസമുച്ചയങ്ങള്‍. അവയ്ക്കിടയില്‍ മറഞ്ഞിരിക്കുന്ന നവഗ്രഹക്ഷേത്രങ്ങള്‍. ചിലതു മഹാക്ഷേത്രങ്ങള്‍, ചിലത് ഏകാന്തമായ കൊച്ചു ഗ്രാമക്ഷേത്രങ്ങള്‍. ചിലയിടത്ത് അന്ധമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും തിരക്കും ഹിസ്റ്റീരിയയും, ചിലയിടത്ത് മന്ദ്രമധുരമായ മന്ത്രോച്ചാരണങ്ങളും ധ്യാനലീനതയും. അടുത്തും അകന്നും സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ യാത്രയിലുടനീളം അവ നമ്മോടൊപ്പമുണ്ട്.

തഞ്ചാവൂരില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഒരു ദിവസം കൊണ്ട് ഒമ്പതു ഗ്രഹങ്ങളും കണ്ടു തീര്‍ക്കാനാവില്ല. പൂജാസമയത്തു തന്നെ എത്തണമെങ്കില്‍ രണ്ടോ മൂന്നോ ദിവസം വേണം. കീഴ്‌വഴക്കം അനുസരിച്ചാണെങ്കില്‍ യാത്രക്ക് ഒരു ക്രമമുണ്ട്. തിരുമംഗലക്കുടിയില്‍ സൂര്യന്‍, തിങ്കളൂരില്‍ ചന്ദ്രന്‍, വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ, തിരുവേങ്കാട് ബുധന്‍, ആളാങ്കുടിയില്‍ വ്യാഴം, കാഞ്ചനൂരില്‍ ശുക്രന്‍, തിരുനെല്ലാറില്‍ ശനി, തിരുനാഗേശ്വരത്ത് രാഹു, കീഴ്‌പെരുംപള്ളത്ത് കേതു എന്നിങ്ങനെ. അമ്പതോ അറുപതോ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയെല്ലാം. അതിനാല്‍ ഈ അതിവേഗയാത്രയില്‍ ക്രമം പാലിക്കുക പ്രായോഗികമായിരുന്നില്ല. ദൂരം കണക്കിലെടുത്തുള്ള ഒരു റൂട്ട്മാപ്പ് ഉണ്ടാക്കുകയായിരുന്നു പോംവഴി.

അങ്ങിനെ, സമീപഗ്രഹമായ ചന്ദ്രനിലേക്ക് ആദ്യയാത്ര. തഞ്ചാവൂരില്‍ നിന്ന് തിരുവയ്യാര്‍ വഴി ചന്ദ്രയാനം.
Go to Pages »
1| 2 | 3 |
TAGS:
DESTINATION  |  INDIA  |  THEMES  |  PILGRIMAGE  |  WRITERS  |  O.R.RAMACHANDRAN  |  MADHURAJ  |  NAVAGRAHA TEMPLES  |  KANCHANUR  |  THIRUVENGADU  |  ALANGUDI  |  KEEZHPERUMPALLAM  |  VYTHEESWARANKOIL  |  THIRUNELLAR  |  THIRUNAGESWARAM  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/