പൗര്‍ണമി നാളില്‍ മംഗളാദേവിയില്‍
Posted on: 11 Oct 2010
R L Harilal, Photos: Madhuraj
പെരിയാര്‍ കാടുകളുടെ ഗഹനതയില്‍,
കേരളത്തിലും തമിഴ്‌നാട്ടിലുമായാണ്
മംഗളാദേവി ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണമിയില്‍
മാത്രം തുറക്കുന്ന തകര്‍ന്ന കാനനക്ഷേത്രം.
മധുരൈ മാനഗരത്തെ പാതിവ്രത്യക്കനലിനാല്‍
ചാമ്പലാക്കി ഗമിച്ച കണ്ണകി ഇവിടെ വെച്ച്
സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നാണ് വിശ്വാസം.
|
കേരളാതിര്‍ത്തിയില്‍ തമിഴകത്തോടു ചേരുന്ന വനനിബിഢതയിലാണ് പൗര്‍ണ്ണമി നാളില്‍ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രം. കണ്ണകിയുടെ കോവില്‍
|
പറിച്ചെടുത്ത മാറിടം പോലെ വേറിട്ടെഴുന്നു നില്‍ക്കുന്ന വലിയൊരു പച്ചക്കുന്നിറങ്ങി അവര്‍ വന്നുകൊണ്ടിരുന്നു. പാണ്ഡ്യാധികാരാന്ധതയെ ചെന്തമിഴിന്റെ പാതിവൃത്ത്യ കനലിനാല്‍ പൊളളിച്ച തായെ കാണാന്‍ വരികയാണവര്‍. വനഗര്‍ഭത്തില്‍ വാണരുളുന്ന മംഗളാദേവിയുടെ കാരുണ്യ ദുഗ്ധം നുകരുവാന്‍. ചിത്തിരൈ മാസത്തിലേ പൗര്‍ണ്ണമിയാണന്ന്. വര്‍ഷത്തിലൊരിക്കല്‍ അന്നു മാത്രമേ കോവിലിനുള്ളിലേക്ക് കടക്കാന്‍ അനുവാദമുളളൂ.
|
പൗര്‍ണ്ണമി നാളില്‍ പൊങ്കാലയിടാന്‍ തമിഴ്മക്കള്‍ ഇവിടെ മുടങ്ങാതെ എത്തും
|
പൊട്ടിച്ചിതറിയ കാല്‍ത്തളയിലെ മാണിക്യച്ചുവപ്പില്‍ മധുരാനഗരത്തെ കനലാക്കിയ കണ്ണകിയാണ് ആരണ്യക്ഷേത്രത്തിലെ ദേവത. ചിലപ്പതികാര നായിക. കോപാഗ്‌നിയില്‍ വൈഗയെ പൊള്ളിച്ച് പതിനാലു നാള്‍ നീറി നടന്ന് അവള്‍ ഇവിടെ വഞ്ചിനാട്ടിലെത്തി. ചേരരാജ്യത്തെ പച്ചവിരിച്ച ഉയരങ്ങള്‍ക്കു മീതെ മേഘങ്ങള്‍ക്കിടയില്‍ ഒരു തേരൊലി അവള്‍ കേട്ടു. ചൂര്‍ണ്ണിയെന്ന പെരിയാര്‍ കടന്ന് കൊടുംകാട്ടിലൂടെ കണ്ണകി സുരളിമലയിലെ തിരുചെങ്കുന്നു കയറിവന്നു. സ്വപ്നാടകയെപ്പോലെ. അറ്റുപോയ മാറിലെ വേദന മറന്ന് ഒരു വേങ്ങമരത്തണലില്‍ മുടിയഴിച്ചവള്‍ നിന്നു. ആകാശത്തു നിന്ന് സ്വര്‍ണ്ണവര്‍ണ്ണ തേരില്‍ കോവലന്‍ പുഞ്ചിരിയോടെ ഇറങ്ങി വന്നു. അവളുടെ കൈ കവര്‍ന്നു. കണ്ണകി വീണ്ടും സീമന്തിനിയായി. കൈകള്‍ വളകളണിഞ്ഞു. കണ്ണിലെ പ്രതികാരാഗ്‌നി ബാഷ്പങ്ങളായി. അവള്‍ മംഗളാദേവിയായി. കോവലനും കണ്ണകിയും സ്വര്‍ഗ്ഗത്തിലേക്കു പറന്നു പോയി.
|
തകര്‍ന്നു കിടക്കുന്ന പ്രാക്തനമായ
കണ്ണകിയുടെ കോവില്‍
|
പതിവിനു വിപരീതമായി കുമിളി അന്ന് തിരക്കിനാല്‍ വീര്‍പ്പുമുട്ടി. എങ്ങും ജീപ്പുകളുടെ ബഹളം. തിങ്ങി നിറഞ്ഞ് തീര്‍ഥാടകര്‍. പുലര്‍ച്ചെ ആറു മണിയോടെ വനപാലകര്‍ തേക്കടി കാട്ടിലൂടെ ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നു കൊടുക്കും. കുമിളി ചെക്ക്‌പോസ്റ്റിനപ്പുറത്ത് കമ്പത്തു നിന്നും തേനിയില്‍ നിന്നും മധുരയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ നീണ്ട നിര. ജീപ്പിനു മാത്രമേ കാട്ടിനുള്ളിലേക്ക് പ്രവേശനമുള്ളൂ. ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുണ്ട്. പ്ലാസ്റ്റിക്കും കുപ്പികളും ഭക്ഷ്യവസ്തുക്കളും കാട്ടിനുള്ളിലേക്കു കൊണ്ടു പോകരുത്. സംരക്ഷിത മേഖലയാണ് പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഹൃദയമാണ് തേക്കടി വനം. വനത്തിന്റെ ജൈവസന്തുലിത തെറ്റിക്കുന്ന ഒന്നും കൊണ്ടു പോകാനാവില്ല.
|
ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നവര്‍. പശ്ചാത്തലത്തില്‍ പെരിയാര്‍ കാടുകള്‍
|
കനത്ത കാട്ടിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള ആദ്യ പാദ യാത്ര. നേരം പുലര്‍ന്നു വരുന്നേയുളളൂ. കൂരമാനുകളും, മ്ലാവുകളും, കാട്ടു പന്നികളും വാഹനശബ്ദം കേട്ട് ചിതറിയോടുന്നു. വനം വകുപ്പ് തീര്‍ത്ത വഴി. ഉരുളന്‍ കല്ലുകളും, കുഴികളും നിറഞ്ഞ ദുര്‍ഘടമായ വനപാത. എല്ലു നുറുക്കുന്ന കുലുക്കം. ഏകദേശം ഏഴു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കയറ്റം തുടങ്ങി. കാടിന്റെ ഭാവം പകര്‍ന്നു. ചുറ്റും പുല്‍മേടുകളും, ചോലവനങ്ങളും. വളഞ്ഞും പുളഞ്ഞും ഉയരത്തിലേക്ക് ഇഴയുന്ന മാര്‍ഗ്ഗം. തമിഴ്താഴ്‌വരകളില്‍ നിന്നും ഉറുമ്പുകളെപ്പോലെ പുല്‍മേടു താണ്ടി വരുന്ന തമിഴ് മക്കളുടെ നിര. വന്യമായ വിജനതക്ക് ഭംഗം വന്നതുകൊണ്ടാവണം കാട് പെട്ടെന്നു നിശ്ശബ്ദമായി. മനുഷ്യ ശബ്ദങ്ങള്‍ മുഖരിതമായി. വലിയൊരു കുന്നിന്റെ പള്ള ചുറ്റിയപ്പോള്‍ അപ്പുറത്തെ മേട്ടില്‍ വലിയോരു വാച്ച് ടവര്‍, അതിനപ്പുറത്ത് പുരുഷാരം. അതാവണം മംഗളാദേവി ക്ഷേത്രം.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.