തീം ടൂറിസം - ഓഫ് ട്രാക്ക്‌

തിരശ്ശീലയില്‍ തീരുന്നില്ല

Text: Santhosh Kumar Kana

 

കാലമെത്രകഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രം-'അക്കസോട്ടോ' ഇതാ ഇവിടെ


'It is a beautiful country' എന്നാണ് ഡല്‍ഹിയിലെ അരബിന്ദോ ആശ്രമത്തില്‍ വെച്ച് ഫെബ്രുവരി 2011-ല്‍ ഒരു ബുദ്ധ സന്യാസിനി എന്നോട് നേപ്പാളിനെ പറ്റി പറഞ്ഞത്. ലോകത്തിന്റെ പല കോണുകളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്ത അവരുടെ വാക്കുകളില്‍ മൗലികമായ കാഴ്ച്ചപ്പാട് ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ വിദേശ വിദ്യാലയങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഞാന്‍. അരബിന്ദോ ആശ്രമത്തില്‍ നിന്നും ശഹീദ്ജിത് സിംഗ് മാര്‍ഗിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അല്‍പ്പം ദൂരമേയുള്ളൂ.

ഇന്റര്‍വ്യൂ കഴിഞ്ഞു ഒന്നുരണ്ടു ദിവസം ഡല്‍ഹിയില്‍ തങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. മിര്‍സാഗാലിബിന്റെ ബല്ലിമാരാനിലെ ഹവേലിയും, ബിര്‍ളാ ഹൗസും, ചാന്ദ്‌നിചൗക്കിലെ പക്ഷികള്‍ക്കായുള്ള ആശുപത്രിയും, ഗുരുദ്വാരയും സന്ദര്‍ശിച്ചിട്ടാണ് ബാംഗ്ലൂരിലേക്ക് തിരിച്ചു പോയത്. രണ്ടു ദിവസത്തിനകം ഇന്റര്‍വ്യൂ ഫലം ഇന്റര്‍നെറ്റില്‍ തെളിഞ്ഞു. എനിക്ക് കാഠ്മണ്ഡുവിലേക്ക്‌പോകാം.

നേപ്പാളിന്റെയും കാഠ്മണ്ഡുവിന്റെയും ആദ്യ ചിത്രം മനസ്സില്‍ പതിഞ്ഞത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട 'യോദ്ധ' എന്ന സിനിമയിലൂടെയാണ്. ഏതൊരു മലയാളിക്കും 'യോദ്ധ' നേപ്പാളിലേക്കുള്ള വാതായനമാണ്. 'യോദ്ധ' യും, നേപ്പാളും പര്യായ ശബ്ദങ്ങള്‍പോലെ ഇഴുകിചേര്‍ന്നിരിക്കുന്നു മലയാളി മനസ്സില്‍.

എയര്‍ ഇന്ത്യവിമാനം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന് നിമിഷനേരത്തിനുള്ളില്‍ ആ നഗരത്തെ തന്റെ ചിറകിലൊതുക്കി. പിന്നെ അതന്വേഷിച്ചത് ഡല്‍ഹിയിലെ റണ്‍വെ മാത്രമാണ്. ഒരു പരുന്തിനെപ്പോലെ അത് സൂക്ഷ്മമായി ആ വിമാനത്താവളം കണ്ടെത്തി പറന്നിറങ്ങി. ടെര്‍മ്മിനല്‍ 3 യുടെ വര്‍ണ്ണലോകം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമേകുന്ന വഴിത്താവളം തന്നെ.

കാഠ്മണ്ഡുവിലേക്കുള്ള എന്റെ വിമാനം ഡല്‍ഹിയില്‍നിന്നും ചിറകു വിടര്‍ത്തിയത് പകല്‍ ഒരു മണിക്കാണ്. അടുത്തിരുന്ന ജര്‍മ്മന്‍ ദമ്പതികള്‍ക്കൊപ്പം എന്റെ നെഞ്ചിടിപ്പിച്ചതും ഹിമാലയന്‍ മലനിരകള്‍ക്കുമുകളിലെ വ്യോമദൃശ്യമായിരുന്നു. എപ്പോഴാണ് ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടന്നു മറ്റൊന്നിലേക്ക് പ്രവേശിച്ചതെന്നറിഞ്ഞില്ല. അതിര്‍ത്തികള്‍ ഭൂമിയില്‍ മാത്രമല്ലേ?

ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാല്‍ 'യോദ്ധ' യില്‍ വന്നിറങ്ങിയ സ്ഥലം പരിചിതമായി. സെക്യൂരിറ്റി ചെക്ക്-ഇന്‍ ബെല്‍ട്ടിലൂടെ ലഗേജുകള്‍ മഴവെള്ളത്തിലെ കടലാസു തോണികള്‍ പോലെ ഒഴുകി നടന്നു. ഞാനും എന്റെ സഹോദരിമാരും ചെറുപ്പത്തില്‍ എത്ര എത്ര കടലാസു തോണികളാണ് മഴവെള്ളത്തില്‍ ഒഴുക്കി ആനന്ദിച്ചത്!

പൂച്ചെണ്ടുമായി സ്വീകരിക്കാന്‍ എത്തിയ സഹപ്രവര്‍ത്തകരുടെ കൂടെ ലാസിംപത്തിലേക്ക്. മിക്കവാറും എല്ലാ വീടുകളും ഇഷ്ടികകൊണ്ട് പണിതതായതിനാല്‍ 'യോദ്ധ' എന്ന സിനിമ ചിത്രീകരിച്ച വീടു കണ്ടുപിടിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് മനസ്സ് പറഞ്ഞു. പക്ഷേ തീവ്രമായ ആഗ്രഹങ്ങള്‍ തികച്ചും അവിശ്വാസനീയമായി സഫലമാകുന്ന അനുഭവം പുതുമയല്ല. അന്വേഷണം തുടര്‍ന്നു. ആര്‍ക്കും അങ്ങിനെയൊരു വിഷയത്തില്‍ വലിയ താത്പ്പര്യം കണ്ടില്ല. അങ്ങിനെ ഒരിക്കല്‍ കാഠ്മണ്ഡുവിലെ ഹോട്ടലുകളുടെ വിവരം ഗൂഗിളിനോട് അന്വേഷിച്ചപ്പോള്‍ തികച്ചും അവിചാരിതമായി ഹോട്ടല്‍ അസ്റ്റോറിയയുടെ വീഡിയോ കാണാന്‍ ഇടയായി. എന്റെ മനസ്സു തീര്‍ത്തു പറഞ്ഞു. ഇതുതന്നെയാണ് 'കുട്ടിമാമ' യുടെ വീട്. യൂറ്റിയൂബില്‍ യോദ്ധാ സിനിമയില്‍ മോഹന്‍ലാല്‍ കുട്ടിമാമയെ സന്ദര്‍ശിക്കുന്ന രംഗം പലതവണ കണ്ട് ഈ വീഡിയോയുമായി താരതമ്യം ചെയ്തുനോക്കി.
Go to Pages »
1| 2 |
TAGS:
NEPAL  |  KATHMANDU  |  SIDARTHLAMA  |  MOHANLAL  |  YODHA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/