ബുള്ളറ്റായ നമ:
Posted on: 17 Nov 2010
T.J. Sreejith, Photos: B.Muralikrishnan
പ്രതിഷ്ഠ: എന്‍ഫീല്‍ഡ് ബുള്ളറ്റ്, പ്രണാമം: ഹോണടി, പ്രസാദം: ബിയര്‍...
രാജസ്ഥാനിലെ, കൗതുകമുണര്‍ത്തുന്ന ബുള്ളറ്റ് ക്ഷേത്രത്തിലേക്ക് ബുള്ളറ്റില്‍ ഒരു യാത്ര

നിവേദ്യം ബിയറാണ്, അതും ബുള്ളറ്റ് ബ്രാന്‍ഡ്. തീര്‍ത്ഥാടകര്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നത് 350 cc റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഫുട്‌റെസ്റ്റില്‍... ബുള്ളറ്റിനെ പ്രദക്ഷിണം വെച്ച്, ബുള്ളറ്റ് ബാബയ്ക്ക് ബിയര്‍ അര്‍പ്പിക്കുന്ന ഭക്തര്‍. കുങ്കുമവും ഭസ്മവും മാലയുമണിഞ്ഞ് യോഗീ ഭാവത്തോടെ സെന്റര്‍ സ്റ്റാന്‍ഡില്‍ ബുള്ളറ്റ്, അടുത്ത് ഹോമകുണ്ഡം...
രാജസ്ഥാനിലെ പാലി - ജോധ്പൂര്‍ ഹൈവേയിലൂടെ ബുള്ളറ്റ് ബാബയ്ക്ക് പ്രണാമമര്‍പ്പിക്കാതെയാണ് യാത്രയെങ്കില്‍ സൂക്ഷിക്കുക, ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇതു വഴി പോകുന്ന വാഹനങ്ങളെല്ലാം നിര്‍ത്താതെ ഹോണടിച്ചാണ് പോവുക. അതാണ് ബാബയ്ക്കുള്ള പ്രണാമം!
സിനിമാ നടി ഖുശ്ബുവിന് ക്ഷേത്രമുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ ബുള്ളറ്റിനെ ആരാധിക്കുന്ന സ്ഥലമുണ്ടെന്നത് കൗതുകമായിരുന്നു. ജോധ്പൂരിലേക്കുളള യാത്ര, ബുള്ളറ്റിലാണ്. അപ്പോള്‍ പിന്നെ ബുള്ളറ്റ് ക്ഷേത്രത്തില്‍ നമിക്കാതെ പോവുന്നതെങ്ങിനെ. പാലിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിയരികില്‍ തീയും പുകയുമേറ്റ് കരിഞ്ഞ ഒരു കുള്ളന്‍ മരം. ഒരില പോലും പച്ചനിറത്തിലില്ല. എന്നാല്‍ മരം പൂത്തിട്ടുണ്ട്. വിരിഞ്ഞിരിക്കുന്നത് പല നിറത്തിലുള്ള വളകളും തൂവാലകളുമാണ്. ഭക്തരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് വളകളും തൂവാലകളുമായി ശിഖിരങ്ങളിലേറിയിരിക്കുന്നത്. ആഗ്രഹങ്ങളെല്ലാം ബുള്ളറ്റ് ബാബ സാധിച്ചു കൊടുക്കുമെന്നാണ് അവരുടെ വിശ്വാസം.
'ഓം ബന്ന', ഈ വഴിയോര ഗ്രാമത്തിന്റെ പേര്. ബുള്ളറ്റ് ബാബയില്‍ നിന്നാണ് ഗ്രാമത്തിനും ഈ പേര് കിട്ടിയത്. ബുള്ളറ്റിനെ നാട്ടുകാര്‍ ആരാധിക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ബാബയുടെ അവതാര കഥയ്ക്കും വലിയ പഴക്കവുമില്ല. 1991ല്‍ ആണ് സംഭവം. ബന്നാ ഗ്രാമത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിംഗിന്റെ മകനായിരുന്നു ഓം സിംഗ്. രജപുത്ര യുവാക്കളെയെല്ലാം പേരിനൊപ്പം ബന്ന എന്ന് ചേര്‍ത്ത് വിളിക്കുമായിരുന്നതിനാല്‍ ഓം ബന്ന എന്നായിരുന്നു ഓം സിംഗ് അറിയപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് അധികനാളാകുംമുന്നെ ഓം ബന്ന ഒരു ബുള്ളറ്റ് വാങ്ങി. പിന്നെ അതിലായി യാത്ര. വല്ലാത്തൊരു ബുള്ളറ്റ് പ്രേമമായിരുന്നു ബന്നയ്ക്ക്. ഒരു ദിവസം രാത്രി പാലിയില്‍ നിന്നും ഛോട്ടിലയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണല്‍കൂനകള്‍ക്കിടയില്‍ ഇരുപതടി താഴ്ച്ചയില്‍ നിന്നാണ് ബന്നയുടെ ശവശരീരം ലഭിച്ചത്.
പോലീസുകാരെത്തി ബൈക്ക് സ്‌റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി. എന്നാല്‍ അന്നു രാത്രി തന്നെ അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതികൂട്ടി ചെയ്തതാണെന്ന ധാരണയില്‍ പോലീസുകാര്‍ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെട്രോള്‍ മുഴുവന്‍ ഊറ്റികളഞ്ഞു. പക്ഷേ അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പോലീസുകാര്‍ ബൈക്ക്, ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ 400 കി.മി അകലത്തില്‍ നിന്നും ബൈക്ക്, വീണ്ടും അപകടം നടന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു. കഥകള്‍ ഇങ്ങനെ നീളുന്നു...
മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചു. ട്രക്കിന്റെ ഡ്രൈവറോട് അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ ഹോണടിക്കാന്‍ പറഞ്ഞു. 'നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീര്‍ച്ചയായും അത് സാധിക്കും' എന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നു മറ്റൊരു കഥ. ബന്ന മരിച്ച നാള്‍ മുതല്‍ അര്‍ദ്ധരാത്രിയില്‍ ബുള്ളറ്റിന്റെ ഇരമ്പല്‍ കേള്‍ക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവര്‍ പറയുന്നു. ബന്നയുടെ ആത്മാവ് ബുള്ളറ്റിന് ചുറ്റും എപ്പോഴും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
നാല് വര്‍ഷം മുന്നേയാണ് ഇവിടെ കാര്യമായ ആരാധനയൊക്കെ ആരംഭിച്ചത്. ഇപ്പോള്‍ ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. ക്ഷേത്രമെന്ന് കേള്‍ക്കുമ്പോള്‍ വലിയ മന്ദിരമൊന്നും പ്രതീക്ഷിക്കരുത്. റോഡരികില്‍ ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേര്‍ന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതില്‍ ഓം ബന്നയുടെ ചിത്രം, മാര്‍ബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. ഈ വിഗ്രഹത്തിലാണ് ഭക്തര്‍ 'മദ്യധാര' നടത്തുന്നത്. ഇതിന് പിന്നിലാണ് മേല്‍ക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും അഷ്ടമിനാളില്‍ ബുള്ളറ്റ് തനിയെ സ്റ്റാര്‍ട്ടാകുമത്രേ! ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ ഒരു ഭാഗം ദ്രവിച്ച് അടര്‍ന്ന് പോയിട്ടുമുണ്ട്.
ഈ ഗ്രാമത്തിന് ചുറ്റുമുള്ളവര്‍ക്കെല്ലാം ബുള്ളറ്റ് ബാബയില്‍ അടിയുറച്ച വിശ്വാസമാണ്. വിവാഹ ദിവസം തന്നെ നവദമ്പതികള്‍ ഇവിടെയെത്തി പ്രണാമം അര്‍പ്പിക്കുന്നു. ഇവിടെയുളള രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് ഇവിടുത്തെ രജപുത്രര്‍ ബന്നയെ കരുതുന്നത്. ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്തുക. മദ്യസേവ രജപുത്രരുടെ ഇടയില്‍ പൊതുവേ അംഗീകരിച്ചിട്ടുള്ളതായതിനാലാണ് ബുള്ളറ്റ് ബാബയ്ക്ക് മദ്യം ഇഷ്ട നിവേദ്യമായി അര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിന് ചുറ്റും ഉത്സവ പറമ്പില്‍ കാണുന്നത് പോലെ കടകളുണ്ട്. പൂജാ സാധനങ്ങളൊക്കെ ഇവിടെ കിട്ടും. മദ്യവും ഇഷ്ടം പോലെ, പക്ഷേ നിവേദ്യമായി അര്‍പ്പിക്കാനാണ്. വണ്ടികളുടെ നിര്‍ത്താതെയുള്ള ഹോണടി ചെവി തുളയ്ക്കുന്നു. ഒപ്പം കോളാമ്പിയിലൂടെ വരുന്ന രാജസ്ഥാനിയിലുള്ള ഭക്തിഗാനവും. ബുള്ളറ്റ് ബാബയ്ക്ക് പ്രണാമമര്‍പ്പിച്ച് ജോധ്്പൂരിലേക്ക് ബുള്ളറ്റ് വിടുമ്പോളോര്‍ത്തു, വാഹനവും ഒരു ദൈവം.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.