തീം ടൂറിസം - ഓഫ് ട്രാക്ക്‌

യാരോം ചലോ..

Posted on: 09 Oct 2010

R L Harilal, Photos: Mehboob Hussain

 

മുന്നൂറു യുവാക്കള്‍ക്കൊപ്പം
പതിനെട്ടു നാള്‍
ഇന്ത്യക്കു ചുറ്റും ഒരു തീവണ്ടിയില്‍.
ടാറ്റ ജാഗ്രിതി യാത്ര
എന്ന അപൂര്‍വാനുഭവത്തെക്കുറിച്ച്.


യാത്രികര്‍ ലഖ്‌നൗവിലെ ബാര ഇമാംബാരക്കു മുന്നില്‍



അവര്‍ മുന്നൂറു പേരുണ്ടായിരുന്നു. ഇന്ത്യക്കകത്തുനിന്നും പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഊര്‍ജസ്വലരായ യുവതീയുവാക്കള്‍. പുതിയ ലോകക്രമത്തിന്റെ തുടിപ്പുകള്‍. കാഴ്ച്ചകള്‍ക്കും അതിനപ്പുറത്തുമുള്ള ഇന്ത്യയെ അറിയാന്‍ കൊതിച്ചു വന്നവര്‍. അക്രമണം തളര്‍ത്താത്ത മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്സില്‍ അവരെ കാത്ത് പതിമൂന്നു ബോഗികളുടെ നീളമുള്ള ഒരു തീവണ്ടി ചൂളമടിച്ചു കിടന്നു. ഇന്ത്യയെന്ന വൈവിധ്യാത്ഭുതത്തിന്റെ അടരുകള്‍ കണ്ടും കടന്നും അവരേയും നെഞ്ചിലേറ്റി ആ തീവണ്ടി കുതിച്ചു പായും. പതിനെട്ടു ദിനരാത്രങ്ങള്‍ കൊണ്ട് ഇന്ത്യയെ വലം വെച്ച് അത് ഇവിടെ തന്നെ തിരിച്ചെത്തും.

ടാറ്റാ ജാഗൃിതി യാത്രയുടെ തുടക്കം ക്രിസ്മസിനു തലേന്നുളള ഒരു തണുത്ത രാത്രിയിലായിരുന്നു. രാത്രി പത്തായപ്പോഴേക്കും പക്ഷെ സ്റ്റേഷന്‍ ആവേശച്ചൂടാല്‍ ത്രസിച്ചു. അന്തരീക്ഷത്തില്‍ നിറയെ ആകാംക്ഷയുടെ കുമിളകള്‍. നാലുപാടുനിന്നും കൗതുകത്തിന്റെ കണ്ണുകള്‍ ജാഗൃിതി ട്രെയിനിലേക്കും, യുവയാത്രികരിലേക്കും പാറിവീണുകൊണ്ടിരുന്നു. വണ്ടിയുടെ രക്ഷാധികാരിയായ കേണല്‍ പാട്ടീല്‍ ഓള്‍ ക്ലിയര്‍ അനുമതി തന്നതോടെ അപൂര്‍വമായ ഒരു യാത്രക്കു തുടക്കമായി.
തീവണ്ടിയില്‍ പ്രത്യേകം
തയ്യാറാക്കിയ കോണ്‍ഫറന്‍സ് റൂം

ഉറക്കമില്ലാത്ത ആദ്യ രാത്രി. എങ്ങും പരിചയപ്പെടലിന്റെ ബഹളങ്ങള്‍. യാത്രയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് അന്നു രാവിലെ മുംബൈയിലെ പോവ്വെ ഐ. ഐ. ടി.യില്‍ സെഷന്‍ നടന്നിരുന്നു. അവിടെ വെച്ച് യാത്രികരെ ഗ്രൂപ്പുകളാക്കി തിരിച്ചു, ഓരോ ഗ്രൂപ്പിനും ഓരോ ലീഡര്‍മാര്‍. യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കപ്പെട്ടു. വേറുമൊരു വിനോദസഞ്ചാരത്തിനപ്പുറം സംരംഭകത്വത്തിന്റെ ഊര്‍ജ്ജം തേടിയുളള യാത്രയായിരുന്നു അത്. മധ്യവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും ഇന്ത്യയുടെ അഭിമാനമായി മാറിയ ആദര്‍ശ വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞും, പ്രചോദനമുള്‍ക്കൊണ്ടും തങ്ങളുടേതായ പുതിയ വഴി വെട്ടിത്തുറക്കാന്‍ യുവാക്കളെ പ്രാപ്തമാക്കുന്ന ഒരു വ്യത്യസ്ത യാത്ര. ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് ഇന്ധനം നല്‍കാനുളള പ്രയാണം. പ്രസൂണ്‍ ജോഷി എഴുതി പ്രീതം ചക്രവര്‍ത്തി ഈണമിട്ട് ബാബുല്‍ സുപ്രിയൊ പാടിയ ജാഗ്രിതി യാത്രയുടെ ഗീതമായ 'യാരൊ ചലോ, ബദല്‍നെ കി രുത് ഹെ'യുടെ തീമാററിക് അവതരണം അന്നവിടെ നടന്നു. യാത്രികര്‍ എത്തുന്ന എല്ലാ വേദികളിലും ഇനി ആ ഗീതം മുഴങ്ങും. വെകീട്ട് പ്രഭാവതിയിലെ രബീന്ദ്രനാട്യമന്ദിറിലായിരുന്നു പ്രൗഢഗംഭീരമായ ഫ്‌ളാഗ് ഓഫ്.
തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍
ഒരു സെഷന്‍

ജാഗ്രിതിയാത്രയുടെ ബീജാവാപം നടന്നത് ലണ്ടനിലാണ്. വിദേശത്തെ ഉയര്‍ന്ന ജോലിയും കനത്ത ശമ്പളവും സുഖാര്‍ഭാടങ്ങളും മാത്രമല്ല ജീവിതമെന്നു തിരിച്ചറിഞ്ഞ ചിലരുടെ ചിന്തകള്‍. ഖരഗ്പൂരുകാരനായ ശശാങ്ക് മാനി, മധുരൈക്കാരനായ രാജ് കൃഷ്ണമൂര്‍ത്തി, പൂനെ സ്വദേശിയായ രേവതി പ്രഭു. ഇന്ത്യയെ ഒരു വികാരമായി കൊണ്ടു നടക്കുന്നവര്‍. വര്‍ഷങ്ങളുടെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ടാറ്റയുടെ സഹകരണത്തോടെ 2008 ഡിസംബര്‍ 24 ന് ചരിത്രത്തിലേക്കു പാളമിട്ട ആ യാത്രക്ക് അരങ്ങൊരുങ്ങി. ഇന്ത്യയിലെമ്പാടുനിന്നും ലഭിച്ച ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു യാത്രികര്‍. പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍. വ്യത്യസ്ത സാംസ്‌കാരിക സാമൂഹിക അടരുകളില്‍നിന്നും വന്നവര്‍. യുവ ഡോക്ടര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, യുവ വ്യവസായികള്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, കലാകാരന്‍മാര്‍. രത്‌നവ്യാപാരിയായ അന്‍മൊല്‍ ഷാ മുതല്‍ ലൈംഗികത്തൊഴിലിന്റെ പശ്ചാത്തലത്തില്‍ നിന്നും വേറിട്ടു വന്ന പ്രഗ്യ ഹോഗ വരെയുള്ള ഇന്ത്യയുടെ പരിഛേദം. ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയെ കാണാനെത്തിയര്‍.
Go to Pages »
1| 2 | 3 |
TAGS:
TATA JAGRITI YATRA  |  DESTINATION  |  INDIA  |  OFF TRACK  |  WRITERS  |  R.L.HARILAL  |  RAILWAY  |  JAGRITI YATRA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/