പുഴയുടെ പുറപ്പാട്
Posted on: 11 Oct 2010
Text & Photos: C Sunil Kumar
കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര
കാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.
കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.
തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.
തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.
അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.
താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.
മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.