
ആയിരത്തൊന്നുരുചിരാവുകള്‍
Posted on: 14 Oct 2010
Raj Kalesh
അലിഫ് ലൈലാ വാ ലൈലാ' -ആയിരത്തൊന്ന് രാവുകള്‍- അളന്ന് തിട്ടപ്പെടുത്താനാവാത്ത കാലവനിയിലെ ഏതോ ദശകളില്‍ അറേബ്യാ മരുഭൂമിയിലെ സഞ്ചാരികളും കച്ചവടക്കാരും ഈന്തപ്പനച്ചോലകളിലെ വിശ്രമവേളകളില്‍ അവരുടെ നാവില്‍ നിന്ന് കാതിലേക്കും കാതില്‍ നിന്നു പിന്നെയും കാതിലേക്കും പകര്‍ന്ന് തലമുറകളിലൂടെ സംക്രമിച്ചൊഴുകിയ അത്ഭുതകഥയുടെ മഹാപ്രവാഹം'
നടന്നാലും നടന്നാലും തീരാത്ത എയര്‍പ്പോര്‍ട്ട്. കാഴ്ചകളും എലിവേറ്ററുമൊക്കെ ഉള്ളതിനാല്‍ നടത്തയില്‍ ക്ഷീണം തോന്നിയില്ല. പുറത്തിറങ്ങി പാര്‍ക്കിംഗ് സ്‌പേസ് കണ്ടപ്പോള്‍ ദുബായ്ക്കാരോട് അസൂയതോന്നി. നമ്മുടെ എയര്‍പോര്‍ട്ടിന്റെ ഇരട്ടി വലിപ്പമുണ്ട് അതിന്. അംബര ചുംബികളായ കെട്ടിടങ്ങള്‍. നല്ല വിശാലമായ വൃത്തിയുള്ള റോഡുകള്‍. പാലങ്ങള്‍. അണ്ടര്‍ പാസേജുകള്‍. റോഡുകളില്‍ ചീറിപ്പായുന്ന തിളങ്ങുന്ന വാഹനങ്ങള്‍. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചുള്ള ഡ്രൈവിംഗ്, എന്നാലും വാഹനങ്ങളുടെ എണ്ണം അല്പം കൂടുതലല്ലേ എന്നൊരു സംശയം. വഴിയില്‍നിന്നും ഒരു ഷവര്‍മയൊക്കെ കഴിച്ച് ഞങ്ങള്‍ റൂമിലെത്തി. എന്തായാലും അന്നു രാത്രി എനിക്ക് പനിയായി. ഈ കാഴ്ചകളൊക്കെ കണ്ട് പേടിച്ചതാണെന്ന് അസൂയാലുക്കളായ കൂട്ടുകാര്‍.
ദുബായ് മ്യൂസിയം: പഴയ ദുബായ് ജീവിതം മനസിലാക്കുന്നതിനായി പല സംവിധാനങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വള്ളങ്ങള്‍, തടി കൊണ്ടു നിര്‍മ്മിച്ച ബോട്ടുകള്‍, വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള പരമ്പരാഗത വാട്ടര്‍ ടാങ്ക്, പഴയകാല വസ്ത്രങ്ങളുടെയും ആഭരണങ്ങളുടേയും പ്രദര്‍ശനം, പഴയ ദുബായുടെ ചിത്രങ്ങള്‍ കാലാനുസൃതമായി അണിനിരത്തിയുള്ള സിനിമാ പ്രദര്‍ശനം, പഴയ ജീവിതരീതി വെളിപ്പെടുത്തുന്ന ശില്‍പ്പ പ്രദര്‍ശനം എന്നിവ കാണുമ്പോള്‍ ചുരുങ്ങിയ കാലയളവുകൊണ്ടുനേടിയ ദുബായുടെ വളര്‍ച്ച നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ഡെസര്‍ട്ട് ഡ്രൈവ്: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പല പരിപാടികളും ദുബായില്‍ സംഘടിപ്പിച്ചിട്ടുണ്ട് അതില്‍ പ്രധാനപ്പെട്ടതാണ് ഡെസര്‍ട്ട് ഡ്രൈവ്. വിശാലമായ മരുഭൂമിയിലൂടെ ചില പ്രത്യേക കാറുകളും ബൈക്കുകളും സാഹസികമായി ഡ്രൈവു ചെയ്യുന്നതാണ് ഇവിടുത്തെ പ്രത്യേകത. നല്ല പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ക്കുമാത്രമേ ഇവിടെ വണ്ടിഓടിക്കുവാന്‍ സാധിക്കുകയുള്ളൂ. വിവിധ ടൂര്‍ കമ്പനികളുടെ സേവനം ഡെസര്‍ട്ട് ഡ്രൈവിനായി ലഭ്യമാണ്. എത്ര ധൈര്യമുള്ള ആളാണെങ്കില്‍പ്പോലും മണല്‍കൂനകളുടെ മുകളിലേക്ക് പാഞ്ഞു കേറുമ്പോഴും ചുറ്റിവളഞ്ഞ് താഴേക്ക് വരുമ്പോഴും ഒന്നു വിറക്കും. സുരക്ഷയ്ക്കായി നിര്‍ബന്ധമായും സീറ്റുബെല്‍റ്റ് ധരിക്കണം. സാഹസികന്‍മാരായ ഡ്രൈ വര്‍മാരില്‍ കൂടുതല്‍ പേരും മലയാളികള്‍ ആണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഒരു കുന്നു കയറുമ്പോള്‍ തന്നെ 'മതിമതി..... തിരിച്ചുപോകാം' എന്നു പറഞ്ഞു പോകും, എങ്കിലും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കും.
എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് വിവിധ തരത്തിലുള്ള അറബിക് ഭക്ഷണങ്ങളായിരുന്നു. ഇതുവരെയും ആസ്വദിച്ചിട്ടില്ലാത്ത പല അപൂര്‍വ്വരുചികളും നമുക്കിവിടെ ആസ്വദിക്കാന്‍ സാധിച്ചു. അതില്‍ ഒന്നു രണ്ടു വിഭവങ്ങളുടെ രഹസ്യവും ഞാന്‍ സംഘടിപ്പിച്ചു.
ഗ്ലോബല്‍ വില്ലേജിന്റെ ഒരു വലിയ ഭാഗം ഭക്ഷണപ്രിയര്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഗ്ലോബല്‍ ഫുഡ് കോര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവിടെ വിവിധ രാജ്യങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാണ്. എവിടെ നിന്നാലും ഈ ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് ഒടുവില്‍ എല്ലാവരും ഫുഡ് കോര്‍ട്ടില്‍ എത്തിച്ചേരും.