തീം ടൂറിസം - ബൈക്ക് സഫാരി

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ

Text & Photos: Major Haseena

 

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബൈക്കിലൊരു യാത്ര. ഈ ആഗ്രഹത്തിന് വിത്തിടുത് 1995 ലായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞ് 2005 ല്‍ ഏതാണ്ട് തീരുമാനമായി പക്ഷെ ടീം ഒത്തുവരാതെ അതും മുടങ്ങി. 2009 ഡിസംബറില്‍ വീണ്ടും തീരുമാനങ്ങള്‍. പക്ഷെ ഫലത്തിലായത് 2010 ജൂണില്‍. ഭാരത് ബൈക്കിങ്. എന്റെ മൂത്ത സഹോദരന്‍ ഡോ: അസീം,അനിയന്‍മാരായ ജംഷദ് റുഷ്ദി, സാംറുഡ് വാജ്ദി പിന്നെ ഞാനുമടങ്ങുന്ന നാലംഗസംഘവും രണ്ട് ബുള്ളറ്റും. ഒരെണ്ണം സ്വന്തം ഒരെണ്ണം വാടകയ്ക്കും. അതിനുപുറമെ ഒരഞ്ജാത മാലാഖയും യാത്രയ്ക്കു കൂട്ടുണ്ടായിരുന്നു. അതാരാണെന്നു വഴിയെ മനസിലാവും.

യാത്രയുടെ ഏകദേശരൂപമായി. കണ്ണൂരിലെ ബുള്ളറ്റ് മെക്കാനിക്ക് ബാബുവില്‍ നിന്ന് ഒരു ടൂള്‍കിറ്റ് ശരിയാക്കി..രണ്ട് ബൈക്കും ഡല്‍ഹിയിലേക്ക് പാര്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു. രേഖകള്‍ മതിയാവാത്തതിനാല്‍ ഒരെണ്ണം അയക്കാന്‍ പറ്റിയില്ല. ആ ബൈക്ക് 26 ന് ഞങ്ങള്‍ക്കൊപ്പം കൊണ്ട് പോകാമെന്നു തീരുമാനിച്ചു. ജൂണ്‍ 26 ന് നാലുമണിക്കാണ് യാത്ര തുടങ്ങിയത്. ട്രെയിനില്‍ ഡല്‍ഹിക്ക്്..കൂടെ പാക്ക് ചെയ്ത ബൈക്കും..

ആശങ്കയുടെ നിമിഷങ്ങള്‍

പെട്ടെന്നാണ് ഒരറിയിപ്പ്. കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ഞങ്ങളുടെ എറേഞ്ച്‌മെന്റ്? അടുത്തട്രെയിന്‍? ടിക്കറ്റ്? എപ്പോ? എങ്ങിനെ? ആശങ്കയുടെ നിമിഷങ്ങള്‍... ഭാഗ്യത്തിന് ട്രെയിന്‍ ടിക്കറ്റ് അടുത്ത ദിവസത്തേക്ക് കിട്ടി. പക്ഷെ ബൈക്ക് ബുക്കിങ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്നും അടുത്ത ട്രെയിനില്‍് കയറ്റിവിട്ടോളാമെന്നും റെയില്‍വേ. ഭാഗ്യം. 27 ജൂണിന് കൊങ്കണ്‍പാത കഌയറായി. ഇവിടെ തുടങ്ങുന്ന ആ അഞ്ജാതശക്തിയുടെ സഹായകരങ്ങള്‍. അവളെ ഞാന്‍ മാലാഖയെന്നു വിളിക്കട്ടെ. അങ്ങിനെ അതുവഴി തന്നെ ബൈക്കും ഞങ്ങളും ഒരേദിവസം യാത്ര തുടങ്ങി.

ഞങ്ങളുടെ തീവണ്ടി ഫ്ലാറ്റ് ഫോറം വിട്ടു. യാത്രയുടെ ആദ്യപടി. മനസില്‍ പ്രാര്‍ഥനകള്‍ നിറഞ്ഞു. ട്രെയിന്‍ ഓരോ സ്‌റ്റേഷനുകള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. പരസ്പരം ഉപദേശങ്ങള്‍ കൈമാറിയും യാത്രാപഌനുകള്‍ മനസില്‍ ഉറപ്പിച്ചും തമാശകള്‍ കൈമാറിയും രസകരമായൊരു യാത്ര.. എട്ടുമണിക്ക് മംഗലാപുരത്തെത്തി. ട്രെയിന്‍ നിര്‍ത്തി. സമയം കഴിഞ്ഞിട്ടും വണ്ടി നീങ്ങുന്നില്ല. ഒടുക്കം എനൗണ്‍സ്‌മെന്റ്. കൊങ്കണില്‍ വീണ്ടും മണ്ണിടിച്ചില്‍. വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍. ഒടുക്കം വണ്ടി മൈസൂര്‍ വഴി തിരിച്ചുവിടുമെന്ന് അറിയിപ്പു കിട്ടി. നിനച്ചിരിക്കാതെ വന്ന ആശ്വാസവാര്‍ത്ത. വീട്ടില്‍ നിന്ന് ഉമ്മ പൊതിഞ്ഞുതന്ന ഭക്ഷണത്തിന് രുചികൂടി.
28 ന് പുലര്‍ച്ചെ 2 മണി. യാത്രക്കാര്‍ പരസ്പരം ആശങ്കകള്‍ പങ്കുവെക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ട്രെയിന്‍ ഫ്ലാറ്റ് ഫോറത്തിലായിരുന്നു. ട്രെയിന്‍ ഇനി മുന്നോട്ട് പോകുന്നതല്ല. ദൈവമേ ഞങ്ങളുടെ മനസ് വീണ്ടും ശൂന്യമായി..വീണ്ടും അറിയിപ്പ്. യാത്രക്കാരെ ബസ് മാര്‍ഗം സൂറത്കലിലേക്ക കൊണ്ട് പോകും. 30 കി.മി. അവിടെ നിന്ന് വേറെ ട്രെയിനില്‍ യാത്ര തുടരും. ബാഗെടുക്കാം. ബൈക്ക എന്തുചെയ്യും? വീണ്ടും പ്രശ്‌നങ്ങള്‍. ബുക്കിങ് ഉദ്യോഗസ്ഥന്‍മാരെ കണ്ടപ്പോള്‍ അവര്‍ പറയുന്നത് അടുത്ത ട്രെയിനിലേ അത് കയറ്റിവിടാന്‍ പറ്റു എന്നാണ്. സ്റ്റേഷന്‍ മാനേജര്‍ നെലിയാത്ത് ചന്ദ്രന്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി. സഹായഹസ്തവുമായെത്തി. ബൈക്ക് ഞങ്ങള്‍ക്കു റിലീസ് ചെയ്തുതരാനും സൂറത്കലില്‍ നിന്നും വീണ്ടും പാക് ചെയ്യാനുമുള്ള ഏര്‍പ്പാടും ചെയ്തു തന്നു.
പ്രതീക്ഷകള്‍ കൈവിടുന്നോ?

പ്രതീക്ഷകള്‍ വീണ്ടും ഞങ്ങളെ കളിപ്പിക്കുകയാണോ. ബൈക്ക കിട്ടി. പക്ഷെ ഒരുതുള്ളി പെട്രോള്‍ അതിലില്ല. അസീമും റഷ്ദിയും പെട്രോള്‍ പമ്പിലേക്ക പാഞ്ഞു. പക്ഷെ അവിടെയൊരു കൊലപാതകം നടന്നതുകാരണം പെട്രോള്‍ പമ്പെല്ലാം അടച്ചിരിക്കുന്നു. ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കൈയും കാലും പിടിച്ച് ഒടുക്കം അത് സാധിച്ചു. അതിനും പന്ത്രണ്ട് കിലോമീറ്റര്‍ പോകേണ്ടിവന്നു. റെയില്‍വേയുടെ ബസിനു പകരം ഞങ്ങള്‍ ഒരു ഓട്ടോയിലും രണ്ട്‌പേര്‍ ബൈക്കിലുമായി സൂറത്കല്‍ സ്റ്റേഷനിലെത്തി. മഴയുണ്ടായിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണിയും. ഒാേട്ടാ ഡ്രൈവര്‍ അല്‍പം തരിപ്പിലാണെന്നു തോന്നുന്നു. ഒരു ഗട്ടറും അത് ഒഴിവാക്കുന്നുണ്ടായിരുന്നില്ല, ഒടുക്കം അതൊരു വലിയ ഗട്ടറില്‍ മൂക്കുകുത്തി. പക്ഷെ ഒരു മാലാഖ ഞങ്ങള്‍ കൂട്ടുണ്ടായിരുെന്നന്നു തോന്നുന്നു. ഓട്ടോ സ്റ്റാര്‍ട്ടായി. ഡ്രൈവര്‍ അതിനെ വലത്തോട്ടൊന്നു വെട്ടിച്ചു. തലനാരിഴയ്ക്കാണ് ഒരു ബസ് കടന്നുപോയത്. അതും ആ ഡ്രൈവര്‍ വെട്ടിച്ചെടുത്തതുകൊണ്ട് മാത്രം. ഏതാനും ഹൃദയമിടിപ്പുകള്‍ ഞങ്ങള്‍ക്കവിടെ നഷ്ടമായതും ഓര്‍മ്മയുണ്ട്..അടുത്തതൊരു സ്‌കൂട്ടര്‍യാത്രക്കാരനായിരുന്നു. ഹോ ഒടുക്കം സ്‌റ്റേഷനിലെത്തിയപ്പോ ഞങ്ങള്‍ ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.

Go to Pages »
1| 2 | 3 | 4 | 5 | 6 |
TAGS:
KASHMIR  |  LEH  |  LADAK  |  KANYAKUMARI  |  MOTORCYCLE  |  GUJARAT  |  GOA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/