തീം ടൂറിസം - ബൈക്ക് സഫാരി

ഖമറിന്റെ ഞരമ്പുകളിലൂടെ

Posted on: 17 Dec 2011

Text: Joshua Crasto, Anand Dharmaraj / Photos: Simmrit Rajani, Joshua Crasto

 



വിദൂരഗ്രാമങ്ങളും വിജനക്ഷേത്രങ്ങളും പോള്‍പോട്ടിന്റെ നരകോദ്യാനവും താണ്ടി കമ്പോഡിയയുടെ ഉള്‍ത്തടങ്ങളിലൂടെ ഒരു സാഹസിക ബൈക്ക് യാത്ര


പുതിയ നഗരങ്ങളിലെത്തുമ്പോള്‍ ചില ശീലങ്ങളുണ്ട്. വെയിലില്‍ ഇറുകിപ്പോയ കണ്ണുമായി നടക്കുമ്പോള്‍ പല ചിന്തകളും മനസ്സിലൂടെ കടന്നു പോകും. ചെയ്യേണ്ട കാര്യങ്ങള്‍, കാണേണ്ട സ്ഥലങ്ങള്‍, കഴിച്ചുനോക്കേണ്ട രുചികള്‍... അങ്ങനെ അങ്ങനെ... പക്ഷെ എന്റെ മനസ്സില്‍ മുഴങ്ങിയത് എന്റെ റൂം മേറ്റിന്റെ തെറികളാണ്. താന്‍ കാരണം വൈകിയല്ലോ.. ഫോണില്‍ നേരായ നേരത്ത് അലാം സെറ്റു ചെയ്യാത്തതിന്റെ പുകിലു ഇപ്പോ മനസ്സിലായില്ലെ..... ബ്ലാബ്ലാ, ബ്ലാ... ഫോണ്‍ കിട്ടിയാല്‍ എറിഞ്ഞു തകര്‍ക്കണം ! ഫോണിനെ ശപിച്ചു കൊണ്ടു റൂമിനു ചുറ്റും ഞാന്‍ നടന്നു. ഫോണ്‍ പക്ഷെ എന്റെ പ്ലാന്‍ പൊളിച്ചു കളഞ്ഞു. അവന്‍ അപ്രത്യക്ഷനായിരിക്കുന്നു! അവന്‍ മാത്രമല്ല എന്റെ ഐ പോഡ്, ഞങ്ങളുടെ ജി.പി എസ്. സിസ്റ്റം, എന്റെ കൂട്ടുകാരന്റെ പാസ്‌പോര്‍ട്ട്, 2000 ഡോളര്‍.. എല്ലാം സ്വാഹ!

പുതിയ കാലമല്ലേ, ഫോണുകള്‍ക്ക് കടന്നുകളയാന്‍ മാത്രമുള്ള ബുദ്ധി വികാസം വന്നു കാണണം. അത് പോട്ടെ എന്നു വെക്കാം, പക്ഷെ എതോ കമ്പോഡിയന്‍ പഹയന്‍ അടിച്ചുമാറ്റിയ സാധനങ്ങളുമായി ലോകം ചുറ്റാന്‍ പോവുകയാണല്ലോ എന്ന ചിന്ത എന്നില്‍ അരിശമായി വിറ കൊണ്ടു കയറി. ജി. പി. ആര്‍. എസ.് അവന് വഴി കാണിച്ചു കൊടുക്കും. കാതില്‍ ഐ പോഡ് സംഗീതവുമായി അവന് ചുറ്റിക്കറങ്ങാം. എന്റെ ക്യാമറ ചൂണ്ടാന്‍ മറന്നതു കൊണ്ട്, അവന് പക്ഷെ സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ സാഹസങ്ങള്‍ പൊലിപ്പിക്കാന്‍ പറ്റില്ലല്ലോ. അവന്‍ തെണ്ടിപ്പോകട്ടെ. ഞങ്ങള്‍ പരിഭ്രാന്തരായി ഹോട്ടല്‍ മുഴുവന്‍ ഓടിനടന്നു. ടെറസ്സ് അരിച്ചു പെറുക്കിയും, ഇടനാഴികളിലൂടെ പോകുന്ന ജീവനക്കാരെ ചോദ്യം ചെയ്തും, ഹോട്ടലിലെ മറ്റതിഥികളെ കുറ്റം പറഞ്ഞും മൂന്നു നിലകള്‍ മാത്രമുള്ള ആ ചെറിയ ലോഡ്ജിനെ ഞങ്ങള്‍ ഇളക്കിമറിച്ചു. ലോബിയില്‍ എത്തിയ ഞങ്ങളെ ഹോട്ടലിന്റെ ജാപ്പനീസ് ഉടമ ചിരിച്ചു കൊണ്ട് എതിരേറ്റു. കൂട്ടത്തിലുള്ള സുഹൃത്തിനു നേര്‍ക്ക് മിഠായി നീട്ടി ഒരു റേഡിയോ അവതാരകന്റെ ഉല്ലാസപൂര്‍വമായ ശബ്ദവിന്യാസത്തിലൂടെ അയാള്‍ മൊഴിഞ്ഞു. 'ഗൂഡ്‌മോണിങ്ങ് പോം പെന്‍'. ദേഷ്യവും മൗഢ്യവും കലര്‍ന്ന വികാരവുമായി നിന്ന ഞാന്‍ ആ മിഠായി വായിലേക്ക് തള്ളി എന്താണു വേണ്ടതെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു. കംബോഡിയയിലൂടെയുള്ള ഞങ്ങളുടെ ബൈക്ക് റൈഡിന്റെ (ടൂം റൈഡേഴ്‌സ്. കമ്പോഡിയ കേന്ദ്രമായി ചിത്രീകരിച്ച ആഞ്ചലീന ജൂലിയുടെ ടൂം റെയ്‌ഡേഴ്‌സിനോടു കടപ്പാട്) തുടക്കം ഇങ്ങനെയായിരുന്നു.

ലക്കി റോ('ഗ്') ഹോട്ടലില്‍ നിന്നും പുറത്തു ചാടി മുമ്പേ ബുക്കു ചെയ്ത ഹോട്ടലിലേക്കു ഞങ്ങള്‍ നീങ്ങി. പാര്‍ക്കിങ്ങ് ഏര്യയില്‍ തിരിയുകയായിരുന്ന ടൂം റൈഡേഴ്‌സിനെ അവിടെ കാത്തുനിന്ന വിചിത്രമായ നെറ്റിക്കണ്ണുള്ള 250 സി.സി ബാജാകള്‍ തീഷ്ണമായി നോക്കി. ബൈക്കുകളില്‍ കൂട്ടുകാര്‍ പരിശോധനകള്‍ തുടങ്ങി. അന്തരീക്ഷം ആകാംക്ഷയാലും തിളക്കാത്ത ഇന്ധനത്തിന്റെ ഗന്ധത്താലും വിങ്ങി. ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും വ്യത്യസ്തമാണ് ബാജ. ഡര്‍ട് ട്രാക്കിലൂടെ (ചെളി നിറഞ്ഞ സ്്‌പോര്‍ട്ട്‌സ് ട്രാക്കുകള്‍) ഓടിക്കുന്ന ബൈക്കുകളെ പോലെ തോന്നിപ്പിക്കുന്ന 250 സി.സി. മെഷീന്‍. കൊണ്ടു പോകുന്ന എവിടേക്കും പ്രശ്‌നമില്ലാതെ വരുന്ന, ഏതു പരിതസ്ഥിതിക്കും അനുയോജ്യമായ ബൈക്കുകള്‍.

ടൂറിന്റെ ആദ്യ സ്റ്റോപ്പ് കെപ്പ് (Kep) ആയിരുന്നു. ഒറ്റപ്പെട്ട, ആരുമധികം കടന്നു കയറാത്ത (പ്രത്യേകിച്ച് ടൂറിസ്റ്റുകള്‍) കമ്പോഡിയയുടെ തെക്കു ഭാഗത്തുളള ഒരു കടലോര നഗരം. കെപ്പിലേക്കു നീളുന്ന പാത ഹൈവെ 3 ആണ്. വഴിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞങ്ങള്‍ മറ്റൊരു വഴിയാണ് സഞ്ചരിച്ചത്. ഉള്‍നാടുകളിലൂടെയുള്ള ഒരു യാത്ര. കോഴികളെ പോലെ ചിതറിയോടുന്ന പശുക്കളും, തിമിര്‍ത്തു കളിക്കുന്ന കുട്ടികളും, ഓരം പറ്റി പോകുന്ന കാല്‍നടക്കാരും, സൈക്കിളുകളും നിറഞ്ഞ, ചെളിയില്‍ കുഴഞ്ഞു മറിഞ്ഞ റോഡുകളിലൂടെ. ഈ റോഡുകള്‍ കമ്പോഡിയയുടെ യഥാര്‍ഥ മുഖങ്ങള്‍ കാട്ടിത്തരുന്നു. പോം പെന്നിലെ സ്ഫടിക കെട്ടിടങ്ങളില്‍ നിന്നും റാപ്പ് സ്റ്റാറുകളെപ്പോലെ തോന്നിക്കുന്ന ഫാഷണബിളായ ഖെമര്‍ ചെറുപ്പക്കാരില്‍ നിന്നും വളരെ അപ്പുറത്തുള്ള ഇടങ്ങള്‍. മുളവീടുകളും, പൊട്ടിക്കീറിയ മീന്‍ വലകള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഇരിപ്പടങ്ങളുമുള്ള ഗ്രാമങ്ങള്‍. പ്രാണി മുതല്‍ അങ്ങോട്ട് ജീവനുള്ള ഏതും ചോറിനു കൂട്ടായി കഴിക്കുന്ന പ്രദേശങ്ങള്‍. അതെ, ഇതു തന്നെയാണ് ഞങ്ങള്‍ അന്വേഷിച്ചിറങ്ങിയ കംമ്പോഡിയ.

മണിക്കൂറുകള്‍ പിറകോട്ടോടിയപ്പോള്‍ കെപ്പ് എത്തി. കടലിലേക്ക് ക്ഷീണത്തോടെ കണ്ണയച്ചിരിക്കുന്ന, ജീര്‍ണ്ണിച്ചുപോയ, പ്രേതഭവനങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ഫ്രഞ്ച് ബംഗ്ലാവുകള്‍ ചിതറിക്കിടക്കുന്ന ഒരു തീരത്തേക്കാണ് ഞങ്ങള്‍ ഇരമ്പിയെത്തിയത്. കോളോണിയല്‍ കാലത്ത് ഒരു ജനകീയ ബീച്ച് റിസോര്‍ട്ടായിരുന്നു ഇത്, പതുക്കെ കാലത്തിന്റെ കുതിപ്പില്‍ അത് നിശ്ചേഷ്ടമായി, കിളിയൊഴിഞ്ഞ കൂടുപോലെയായി. ഈയിടെ ചില ഇക്കോ റിസോര്‍ട്ടുകള്‍ അവിടെ മുളച്ചു പൊന്തിത്തുടങ്ങിയിട്ടുണ്ട്. വന്യതക്കായുള്ള ആവേശാന്വേഷണത്തിലാണ് പഴയൊരു ഫ്രഞ്ച് മോട്ടോര്‍ക്രോസ് റൈഡര്‍ ഞങ്ങളുടെ മുന്നില്‍ വന്നു വീണത്. കെപ്പ ഫോറസ്റ്റ് റിസര്‍വിന്റെ ഭാഗമായ ദുര്‍ഘടമായ ഒരു പര്‍വ്വത വനപാതയിലേക്കു അയാള്‍ ഞങ്ങളെ വഴികാട്ടി. അത് വന്നിറങ്ങിയതാവട്ടെ വരണ്ടു പോയ ഒരു ഡാമിന്റെ മുന്നിലും. അവിടെ നിന്ന് ഞങ്ങള്‍ ബൈക്കുകളെ ഒരു പുരാതന ക്ഷേത്രത്തിന്റെ ഏണിപ്പടികളിലൂടെ അതിന്റെ കവാടം വരെ ഓടിച്ചു കയറ്റി. പര്‍വത മുകളിലുള്ള, കാടുപിടിച്ച പഴയ ഫ്രഞ്ച് കാസിനോയിലേക്കും ഇത്തരമൊരു സാഹസത്തിനു ഞങ്ങള്‍ മുതിര്‍ന്നെങ്കിലും അത് നടന്നില്ല. ലോകത്തെവിടെയായാലും ഏറ്റവും ഫലപ്രദമായ ക്ഷിപ്രായുധം നോ എന്ന വാക്കാണെന്ന് ഇതിനകം എനിക്ക് ബോധ്യം വന്നിരുന്നു.
Go to Pages »
1| 2 | 3 |
TAGS:
CAMBODIA  |  ANKORWAT  |  SIEM REAP  |  PHNOM PENH  |  BIKING  |  BIKE SAFARI 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.





 

 


http://whos.amung.us/stats/readers/ufx72qy9661j/