തീം ടൂറിസം - ബൈക്ക് സഫാരി

നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍...

Posted on: 01 Sep 2011

Text: T J Sreejith, Photos: Madhuraj

 



വാഗമണിലെ കോടമഞ്ഞിലൂടെ, ഗൂഡല്ലൂരിലെ മുന്തിരത്തോപ്പുകളിലൂടെ, സുരുളിയിലെ വെള്ളച്ചാട്ടത്തിലൂടെ, കമ്പത്തെ തമിഴ്ഗ്രാമഭംഗിയിലൂടെ.. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പതിനെട്ടംഗ സംഘത്തിന്റെ സാഹസികയാത്ര


ഇഴചേര്‍ന്നും പിരിഞ്ഞും പായുന്ന, അന്തമില്ലാ പാതകള്‍... കൊടിയ വളവുകളും കണ്ണു പൊത്തുന്ന കോടമഞ്ഞും വഴികളില്‍ മറഞ്ഞിരുന്നു. പതിനെട്ട് ബോഗികളുള്ള 'ബുള്ളറ്റ്' ട്രെയിന്‍ ആ വഴികളിലൂടെയെല്ലാം പാഞ്ഞു, കിതപ്പേതുമില്ലാതെ. ഇടയ്ക്കിടെ ബന്ധം മുറിഞ്ഞ് പോകുന്ന ബോഗികള്‍ പിന്നീടെപ്പോഴോ സന്ധിച്ചു, വീണ്ടും മുറിഞ്ഞു. ആവേഗങ്ങളെ കൈവെള്ളയില്‍ ആവാഹിച്ചവര്‍ തേടിയത്, തമിഴ്ഗ്രാമങ്ങളും മുന്തിരിത്തോപ്പുകളും വെള്ളച്ചാട്ടങ്ങളും ഉയരങ്ങളുമായിരുന്നു...

'ബ്ലഡി ഫൂള്‍' ഷമീം അഥവാ ആറടി പൊക്കത്തില്‍, ഭീമരൂപത്തിലുള്ള ഒരു പാവത്താന്‍. പത്തനംതിട്ട മുതല്‍ കമ്പം വരെയുള്ള 'എന്‍ഫീല്‍ഡ് ബുള്ളറ്റ്' യാത്രയിലെ യഥാര്‍ത്ഥ ഹീറോ. ആരോട് എന്തു പറഞ്ഞാലും 'ബ്ലഡി ഫൂള്‍' എന്നു പറഞ്ഞേ തുടങ്ങൂ. ഒടുവില്‍ ആ പേര് ആ ദേഹത്തിന് തന്നെ വീണു. പത്തനംതിട്ടയില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ ഷമീമിനെ പരിചയപ്പെടനുള്ള ധൈര്യമുണ്ടായില്ല. ആദ്യദിവസത്തെ യാത്ര അവസാനിക്കാറായപ്പോഴാണ് ആളുമായി അടുത്തത്. സര്‍ക്കാര്‍ സര്‍വ്വീസിലാണത്രേ! അതും ഹെല്‍ത്ത് വിഭാഗത്തില്‍. ഊഹിച്ചത് പോലെ തന്നെ. ഭക്ഷ്യവകുപ്പിലോ ആരോഗ്യവകുപ്പിലോ മാത്രമേ കക്ഷിയുടെ ശരീരം കടക്കുമായിരുന്നുള്ളു (ഷമീം ക്ഷമിക്കട്ടെ...). കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും യാത്രയ്ക്കിടയില്‍, പതിനെട്ടംഗ ബൈക്കേഴ്‌സിന് ആവോളം ചിരി സമ്മാനിച്ചത് ഷമീമിന്റെ വര്‍ത്തമാനങ്ങളായിരുന്നു.

പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും സഭാകമ്പം പോലെ 'വഴിക്കമ്പമായിരുന്നു'. എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ പവര്‍ ബൈക്കുകളായ ക്ലാസ്സിക് 500ഉം 350യും ഉണ്ടായിരുന്നിട്ട് പോലും വേഗമെടുക്കാന്‍ പലരും മടിച്ചു. വഴിയിലൊരിടത്ത് ഗജരാജനെ കണ്ടപ്പോള്‍ ഉത്സാഹത്തിന്റെ തിരി കത്തി... ആനയ്‌ക്കൊപ്പം ബൈക്കുകളിലിരുന്നൊരു പോസ്. റാന്നി വഴി എരുമേലിയിലെത്തുമ്പോള്‍ ഏതാണ്ട് 11 മണി. പേട്ട ശാസ്താവിന്റെയും വാവരു പള്ളിയുടെയും മുന്നില്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി ഒരു പേട്ടതുള്ളല്‍!

കണക്ടറ്റഡ്് ബോഗികള്‍ പോലെ ബൈക്കുകള്‍ വഴികള്‍ പിന്നിട്ടു. ഒരു വളവില്‍ വെച്ചാണ് അദ്ദേഹമങ്ങനെ വായുവില്‍ ബുള്ളറ്റോടിക്കുന്നത് കണ്ടത്! കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ചുവന്ന തലേക്കെട്ടുമായി മോഹന്‍ലാല്‍. ഏതോ ഫാന്‍സ് അസോസിയേഷന്റെ വക ഒരുഗ്രന്‍ ഹോര്‍ഡിങ്ങാണ്. 'ലാലേട്ടനും നമ്മളും ബുള്ളറ്റില്‍.. ഒരു ഫോട്ടോ ആകാം'. കൂട്ടത്തിലാരോ പറഞ്ഞു. തകൃതിയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് ഹോര്‍ഡിങ്ങിലെ വാചകങ്ങള്‍ ശ്രദ്ധിച്ചത്; 'ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന്‍ വാ പൊളിക്കാറായിട്ടില്ല...' ഇനി ഇവിടെ നില്‍ക്കരുത്, വണ്ടികളെല്ലാം പെട്ടന്ന് തന്നെ സ്റ്റാര്‍ട്ടായി. ഹോര്‍ഡിങ്ങിനെയൊന്ന് തിരിഞ്ഞു നോക്കി...സോറി സാര്‍, ഇനി വാ പൊളിക്കില്ല!

ഈരാറ്റുപേട്ടയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മഴയുടെ ആരവം. നനഞ്ഞ മണ്ണിന്റെ ഗന്ധം മത്തുപിടിപ്പിച്ചു. ബുള്ളറ്റ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, വേഗങ്ങള്‍ തീ തുപ്പി. മലയുടെ പച്ചശരീരത്തില്‍ നിന്ന് ചീന്തിയെടുത്ത കറുത്തവഴി... വശങ്ങളില്‍ രക്തം വറ്റി, ചുക്കിചുളിഞ്ഞ്, കറുകറുത്ത പാറച്ചെതുമ്പലുകള്‍. ഇപ്പുറത്ത് അഗാധതയിലേക്ക് ഒഴുകിയിറങ്ങുന്ന പച്ചപ്പ്. കോടയുടെ കൈകള്‍ എവിടെ നിന്നോ ഓടി വന്ന് കവിളത്ത് തൊട്ടു. വാഗമണിലേക്കുള്ള വഴി വളഞ്ഞ് വളഞ്ഞ് പോവുന്നു... വളവുകള്‍ പ്രത്യേക ഹരമാണ്. ബൈക്കുകള്‍ കിടത്തി വളയ്്ക്കുന്നതിന്റെ സുഖം. എന്‍ഫീല്‍ഡ് ആയതുകൊണ്ട് ഒരു പരിധിവിട്ട് ബൈക്ക് ചരിക്കാന്‍ സാധിക്കില്ല. ഒടുവില്‍ കാരിക്കാട് ടോപ് വ്യൂ പോയിന്റില്‍ ബൈക്കുകള്‍ നിര്‍ത്തി. ദൂരെ മലയുടെ ഞരമ്പിലൂടെ ഒരു ബസ്സ് ഒഴുകിയിറങ്ങുന്നു. ഇതിനിടെ മഴ പെയ്‌തൊഴിഞ്ഞിരുന്നു.
Go to Pages »
1| 2 | 3 |
TAGS:
CUMBUM  |  SURULY  |  THENI  |  TAMILNADU  |  KUMILY  |  MEGAMALAI  |  MADURAI  |  GUDALLUR  |  DINDIGUL  |  BIKING 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/