തീം ടൂറിസം - അഡ്‌വെഞ്ചര്‍

കാട്ടിലെ പെണ്‍കുട്ടി

Text:R L Harilal / Photos: N M Pradeep

 
മോഷണം പോയെന്നു കരുതിയ തന്റെ പച്ച നിറമടിച്ച ഒരു ഫോര്‍വീലര്‍ ജീപ്പ് പോലീസ് കണ്ടെടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ അവള്‍. ഡീസല്‍ തീര്‍ന്നപ്പോള്‍ കള്ളന്‍മാര്‍ ഉപേക്ഷിച്ചു പോയതാണ്. കാട്ടിലേക്കും പുറത്തേക്കുമുള്ള യാത്ര അധികവും അതിലാണ്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, കൈമടക്കു കൊടുക്കാതെ പോലീസുകാര്‍ ജീപ്പു വിട്ടു തരുന്ന ലക്ഷണമൊന്നുമില്ല. ''നാലു ദിവസമായി ഇവിടെ വെള്ളമില്ല, അതിഥികള്‍ വരുമെന്നറിഞ്ഞ് അപ്പറുത്തെ അരുവിയില്‍ ചെന്നു കുളിച്ചു'' ചിരിയോടെ വസുധ പറഞ്ഞു. ''ചായ തരാം, ലഞ്ച് നമുക്ക് ഏര്‍പ്പാടാക്കാം'', കാട്ടിലെ പെണ്‍കുട്ടി പെട്ടന്ന് വീട്ടമ്മയായി. സുല്‍ത്താന്റെ പ്രതിഷേധം വകവെക്കാതെ ഞങ്ങള്‍ അകത്തേക്കു കടന്നു.

ബംഗ്ലാവിന്റെ മുന്‍വശത്തുള്ള നീണ്ട കിടപ്പുമുറിയുടെ വാതിലുകള്‍ ചുറ്റിലുമുള്ള പ്രകൃതിയുടെ മുഗ്ധതയിലേക്കാണ് തുറക്കുന്നത്. നാലു ഭാഗത്തും തലയുയര്‍ത്തി നില്‍ക്കുന്ന ബലിക്കല്‍, ഉള്ളത്തി, അകോണി മലകള്‍. അതിനുമപ്പുറത്ത് നീലഗിരിയുടെ ഉയരങ്ങള്‍ ചവാളത്തിനു വരയിടുന്നു. ആതിഥേയ ചായയുണ്ടാക്കുന്ന തിരക്കിലാണ് അടുക്കളയില്‍ പാലു കുടിച്ചും പാത്രമുടച്ചും സഹായിക്കാന്‍ മിഞ്ചു എന്ന കുറിഞ്ഞിപ്പൂച്ചയുണ്ട്. സുല്‍ത്താനുമായി അവള്‍ അത്ര നല്ല ടേംസിലല്ല. സുല്‍ത്താനൊഴിച്ച് മറ്റു രണ്ടു പേരും പ്യൂര്‍ വെജ്ജാണ്. ഭക്ഷണത്തിന്റെ മെനു പച്ചക്കറികളില്‍ ഒതുങ്ങുമെന്ന് ആദ്യമേ വസുധ മുന്നറിയിപ്പ് തന്നിരുന്നു. കേരളത്തില്‍ നിന്ന് അച്ചാര്‍ കൊണ്ടു വരണമെന്നു പറയാന്‍ വിട്ടുപോയി. തലക്കടിച്ചു കൊണ്ട് വസുധ ഇഛാഭംഗപ്പെട്ടു. അടുക്കളയോടു ചേര്‍ന്ന് തീകായാനുള്ള ചിമ്മിനിയുളള മറ്റൊരു നീളമുള്ള മുറിയുണ്ട്. അവിടെ ഒരറ്റത്ത് ടിവിയും സിഡി പ്ലേയറും. അടുത്ത് ഇംഗ്ലീഷ് ചിത്രങ്ങളുടെ സിഡികളടങ്ങിയ ഒരു റാക്ക്. ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പുസ്തകങ്ങള്‍ അടുക്കി വെച്ചിട്ടുണ്ട്. ഏറേയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടവ തന്നെ. പുറത്ത ഒരു യമഹ എന്റൈസര്‍ ചുമരിനോടു ചേര്‍ത്തു വെച്ചിരിക്കുന്നു.

ക്ലൗഡഡ് ലെപ്പേഡ്‌സിനെ പറ്റി കൊല്‍ക്കത്തയില്‍ വെച്ച് കണ്ട ഒരു ഡോക്യുമെന്റെറിയാണ് വസുധയുടെ ജീവിതം മാറ്റി മറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം അവരെ പിടിച്ചുലച്ചു. പ്രകൃതിയെ ഭംഗപ്പെടുത്തുന്ന മനുഷ്യന്റെ ദുരയുടെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമാണെന്ന തിരിച്ചറിവായിരുന്നു പ്രകൃതിയെ അറിയാനും വീണ്ടെടുക്കാനുമുള്ള യാത്രയുടെ പ്രചോദനം. പ്രകൃത്യോപാസകനും ബന്നാര്‍ഘട്ട ഉദ്യാനത്തിന്റെ ശില്‍പ്പിയുമായ കൃഷ്ണ നാരായണന്‍ വസുധയില്‍ ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തി. ഊട്ടിയിലെ ലൈറ്റ് ആന്റ് ഫോട്ടോഗ്രാഫിയിലെ പഠനം കൂടി കഴിഞ്ഞപ്പോള്‍ വസുധക്ക് ഒന്നു തീര്‍ച്ചയായി. കാടാണ് തന്റെ വഴി. അയ്യങ്കാരു വീട്ടില്‍ അഴകായിരിക്കേണ്ട ചെല്ലപ്പൊണ്ണ് കാനനവാസത്തിനൊരുങ്ങുന്നതറിഞ്ഞപ്പോള്‍ ഞെട്ടലും എതിര്‍പ്പുകളും ഉണ്ടായി. പെണ്‍കുട്ടിയുടെ തീരുമാനത്തിനു മാത്രം മാറ്റമുണ്ടായില്ല. സൗകര്യങ്ങള്‍ക്കു നടുവില്‍ നിന്നുമുള്ള ഒരു പറിച്ചു നടല്‍ കൂടിയായിരുന്നു അത്. അച്ഛന്‍ അമ്മ, സുഹൃത്തുക്കള്‍, ജോലി, ബാംഗ്ലൂരിലെ മെറിമേക്കിങ്ങ്, സുഖശീലങ്ങള്‍, കുടുംബജീവിതം.. എല്ലാം മാറ്റിവെച്ചുള്ള ഒരു തരം സംന്യാസജീവിതം. പണത്തിന് തീരെ പ്രയാസം വരുമ്പോള്‍ ഉട്ടിയില്‍ പോയി ടാക്‌സികള്‍ വാടകക്കെടുത്ത് ഓടിച്ചു പണം കണ്ടെത്തും, മോഡല്‍ ഫോട്ടോഗ്രാഫിക്ക് അസൈന്‍മെന്റുകള്‍ ഏറ്റെടുക്കും. വികെ പ്രകാശിനൊപ്പമൊക്കെ ഫിലിമോട്ടോഗ്രാഫിക്ക് അസിസ്റ്റു ചെയ്തപരിചയവും വസുധക്കുണ്ട്.

ബന്ദിപ്പൂരിലും മുതുമലയിലും മസിനഗുഡിയിലും ഊട്ടിയിലുമുള്ള ആദിവാസികളുടെ ഇടയിലാണ് ആദ്യമായി വസുധ പ്രവര്‍ത്തനം തുടങ്ങിയത്. കുറുബന്‍മാര്‍, കുറുമ്പന്‍മാര്‍, ഇരുളന്‍മാര്‍, ബഡഗന്‍മാര്‍. കാടിന്റെ ചൂരും ചൂടും കാടിന്റെ മക്കളോളം അറിയുന്നവര്‍ ആരുമില്ല. കണ്ണുകളല്ല കാതുകളും ഗന്ധങ്ങളുമാണ് കാട്ടില്‍ ഉപയോഗപ്പെടുക എന്ന് പഠിപ്പിച്ചത് അവരാണ്. ആണ്‍കുട്ടികളെപ്പോലെ ബൈക്കു പറപ്പിച്ച് കാട്ടുപാതകളിലൂടെ ഊരുകളിലേക്കെത്തുന്ന ക്യാമറ തൂക്കിയ സ്മാര്‍ട്ടായ പെണ്‍കുട്ടിയെ ആദ്യമൊക്കെ സംശയദൃഷ്ടിയോടെയാണ് ആദിവാസികള്‍ കണ്ടത്. പിന്നെപ്പിന്നെ വസുധ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. കാടുമായുള്ള താദാത്മ്യങ്ങളും, അതിന്റെ ഭാവവ്യത്യാസങ്ങളും ജീവജാലങ്ങളുടെ ജീവചക്രവും എന്താണെന്ന് അവര്‍ പഠിപ്പിച്ചു കൊടുത്തു. അവയോരോന്നും വസുധ ശ്രദ്ധാപൂര്‍വം തന്റെ മനസ്സിലും ക്യാമറയിലും പകര്‍ത്തി. വന്യാനുഭവങ്ങളുടെ സാഹസികത വിവരിക്കുമ്പോള്‍ അവര്‍ വാചാലയാവും. നാലു ഭാഗത്തു നിന്നും ചാര്‍ജ്ജു ചെയ്തു വരുന്ന കാട്ടാനകള്‍, തലക്കു മേലെ ഇരകാത്തിരുന്ന പുള്ളിപ്പുലി, വഴിയോരത്തു കാത്തുനിന്ന ഒരു കടുവ, പിന്തുടരുന്ന വിഷപ്പാമ്പുകള്‍, താക്കീതു ചെയ്യുന്ന കരടികള്‍. എല്ലാം ഉദ്വേഗഭരിതമായ മുഖാമുഖങ്ങള്‍.
Go to Pages »
1 | 2| 3 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/