തീം ടൂറിസം - അഡ്‌വെഞ്ചര്‍

ചിലന്തിയാറിലേക്കുള്ള വഴികള്‍

Text: T J Sreejith / Photos: N A Naseer

 


മഞ്ഞിന്റെ മായികവലയങ്ങളില്‍ നിന്നടര്‍ന്നു വീണപോലുള്ള ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍, വിജനപാതകള്‍... പുറംലോകവുമായി ഒരു നോട്ടത്തിലൊതുക്കുന്ന പരിചയം മാത്രം സൂക്ഷിക്കുന്ന ആദിവാസികള്‍, കാടിനുള്ളിലെ കോവിലുകള്‍...ഗ്രാമീണപാതകളിലൂടെയുള്ള ട്രക്കിങ് യാത്രകളിലെ വ്യത്യസ്തതയും പുതുമയുമാണ്


ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പാണ് ടോപ്‌സ്റ്റേഷനിലെ മനോഹരനെ ആദ്യമായി കാണുന്നത്. മൂന്നാറില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള ട്രക്കിങ്ങിലെ വഴികാട്ടി. കറുത്ത് ദൃഢമായ ശരീരം. യാതൊരു പ്രത്യേകതയുമില്ലാത്ത മുഖം. പക്ഷേ സംസാരിക്കുംതോറും അടുപ്പം കൂടുതല്‍ തോന്നിക്കുന്ന പ്രകൃതം. അന്ന് വഴി നീളെ മനോഹരന്‍ സംസാരിച്ചു, എപ്പോഴത്തെയും പോലെ. രണ്ടാം ക്ലാസ്സ് വരെ പഠിച്ചവന്റെ തമിഴും മുറി ഇംഗ്ലീഷും കലര്‍ന്ന ഭാഷ. കൂടെ നടക്കുന്നയാള്‍ മൂളിക്കൊണ്ടിരിക്കണം. അതാണ് പ്രോത്സാഹനം. അയാള്‍ സ്വയം വിശേഷിപ്പിക്കുക 'മനോ' എന്നാണ്. ഇപ്പോള്‍ വീണ്ടുമൊരു യാത്ര, മൂന്നാറിലെ ടോപ്‌സ്റ്റേഷനിലേക്ക്. മനോഹരനെ കാണണം, ചിലന്തിയാറിന്റെയും കൂടലാറിന്റെയും ഭൂമിശാസ്ത്രമറിയാന്‍.

നട്ടുച്ചയായതു കൊണ്ടാവണം മൂന്നാര്‍ ടൗണില്‍ പറയത്തക്ക തണുപ്പൊന്നുമില്ല. ബസ്സിലെ കണ്ടക്ടര്‍ സ്വെറ്ററും മങ്കിക്യാപ്പും ധരിച്ചിരിച്ചിട്ടുണ്ട്. തണുപ്പിന്റെ അസ്‌ക്യത കൂടുതലാവും! ടോപ്‌സ്റ്റേഷനിലേക്ക് വല്ലപ്പോഴും മാത്രമുള്ള ബസ്സില്‍ നിറയെ ആളാണ്. അതിനേക്കാളെറെ സഞ്ചികളും കെട്ടുകളും. യെല്ലപ്പെട്ടി കഴിഞ്ഞതോടെ കോടമഞ്ഞ് ബസ്സിനെ മൂടി. ചുറ്റുമുള്ള കാഴ്ച്ചകളൊക്കെ 'വെള്ളെഴുത്തു'കളായി. ഓരോ രോമകൂപവും തിരഞ്ഞ് പിടിച്ച് തണുപ്പ് അതിക്രമിച്ച് കയറാന്‍ തുടങ്ങി. ബലം പിടിച്ചിരുന്നു. ബാഗ് തുറന്നാല്‍ സ്വെറ്ററെടുക്കാം. വേണോ വേണ്ടയോ എന്ന മുനമ്പില്‍ നിന്ന് മനസ്സ് അനങ്ങിയില്ല. ഒടുവില്‍ ടോപ് സ്റ്റേഷനിലെത്തി. ബസ്സിറങ്ങുന്നതിന് മുന്നേ ചുറ്റും നോക്കി, മനോഹരന്‍ എവിടെയെങ്കിലുമുണ്ടോ?

കോടമഞ്ഞിന്റെ മറയ്ക്കുള്ളിലെ അരൂപിയില്‍ നിന്നും മനോഹരന്റെ രൂപമിറങ്ങിവന്നു. ആദ്യം കണ്ടത് ഒരു ചുവന്ന തലേക്കെട്ടായിരുന്നു. അതിനു താഴേക്ക് മനോഹരന്റെ കറുത്ത മുഖവും ചിരിയും. മുന്‍ നിരയിലെ രണ്ടു പല്ലുകളില്ല. അവയുടെ നീളം കൂടി വശത്തെ രണ്ടു പല്ലുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞതവണത്തേക്കാള്‍ പ്രസരിപ്പുണ്ട് മുഖത്ത്. കണ്ടയുടനെ കെട്ടിപ്പിടിച്ചു. പിന്നെ കുശലാന്വേഷണം. വീണ്ടും കാണാനൊത്തതിന്റെ സന്തോഷത്തില്‍ മനോഹരന്‍ പറഞ്ഞു, 'മനോ മൈന്‍ഡ് ഗുഡ്...''
പച്ചയും വെളുപ്പും ചായമടിച്ച മണ്‍ഭിത്തികളും വലിയ ജനലുമുള്ള മനോഹരന്റെ വീട്ടിലാണ് അന്തിയുറക്കം. ഒരു വര്‍ഷം മുന്‍പ് കിടന്ന അതേ മുറിയില്‍.

ബാഗെല്ലാം ഇറക്കിവെച്ച് വീടിനു പിന്നിലെ കാബേജ് തോട്ടത്തിലേക്കിറങ്ങി. ഒപ്പം മനോഹരന്റെ രണ്ടു വയസ്സുകാരി മകള്‍ കാറ്റാടിയും. ഇലക്കുടന്നകളില്‍ കാബേജുകള്‍ ഒളിച്ചിരിക്കുന്നു. ഇപ്പോള്‍ ഇവിടെ കാബേജ് കാലമാണ്. ഇതുകഴിഞ്ഞാല്‍ കാരറ്റ്, ഉരുളകിഴങ്ങ്... അങ്ങനെ കൃഷിയുടെ കാലാന്തരങ്ങള്‍ അനവധി.

കണ്ണുകള്‍ക്ക് മുന്നില്‍ മഞ്ഞ് തെളിക്കുന്ന വഴികളില്‍ അവ്യക്തമായ രൂപങ്ങള്‍ നീങ്ങുന്നത് കാണാം. വൈകുന്നേരം ടോപ് സ്റ്റേഷന്‍ വ്യൂ പോയന്റിലേക്ക് വെറുതേ നടന്നു. കോടമൂടിയവഴികളില്‍ സന്ദര്‍ശകരെ കാത്ത് പഴങ്ങള്‍ വില്‍ക്കാനിരിക്കുന്നവര്‍. എല്ലാവരും പരിചയക്കാരാണ്, ഒപ്പമുള്ള ഫോട്ടോഗ്രാഫര്‍ നസീറിന്. ചിലര്‍ തീ കാഞ്ഞിരുന്നാണ് പഴങ്ങള്‍ വില്‍ക്കുന്നത്. വ്യൂ പോയന്റാകെ കോടയാല്‍ മൂടിയിരിക്കുന്നു. നിരാശരായി മടങ്ങുന്ന സന്ദര്‍ശകര്‍. തിരികെ കയറും വഴി ഒന്നു കൂടി തിരിഞ്ഞു നോക്കി. കോടയുടെ ഭംഗി കാണാന്‍.

പൊടുന്നനെ തവിട്ടു നിറത്തിലുള്ള ഒരു രൂപം നിലംപറ്റെ മണ്‍വഴി മുറിച്ച് കടന്ന് കാടിനുള്ളിലേക്ക് മറഞ്ഞു. ഏതാനും നിമിഷങ്ങള്‍.. മനസ്സ് ഒരുപാട് താളുകള്‍ പിന്നോട്ട് മറിച്ചു. നസീറിന്റെ തന്നെ ഒരു ഫോട്ടോ മനസ്സില്‍ തെളിഞ്ഞു. 'നീലഗിരി മാര്‍െട്ടന്‍...'' അറിയാതെ തന്നെ വിളിച്ചു കൂവി. അതിനകം നസീര്‍ ഏറെ മുന്നിലെത്തി കഴിഞ്ഞിരുന്നു. വിളി കേട്ട് അതിവേഗത്തില്‍ തിരിച്ചെത്തി. അപ്പോഴേക്കും ഒരു മരത്തില്‍ നിന്നും തലകുത്തനെ തിരിച്ചിറങ്ങുന്ന ആ ജീവിയെ ഒരു മിന്നായം പോലെ കണ്ടു. നസീറും കാടിനുള്ളിലേക്ക് ചാടി. കുത്തനെയുള്ള ഇറക്കമായിരുന്നു. കുറെ തിരഞ്ഞ ശേഷം നിരാശയോടെ കാട്ടില്‍ നിന്നും മണ്‍പാതയിലേക്ക് തിരിച്ചു കയറി. 'അപൂര്‍വ്വമായ നീലഗിരി മാര്‍ട്ടെനെ കാണാന്‍ കിട്ടുക തന്നെ ഒരു ഭാഗ്യമാണ്...', നസീറിന്റെ വാക്കുകള്‍.

ആ രാത്രി ആദ്യം സ്വെറ്ററിനുള്ളിലേക്കും പിന്നെ സ്ലീപ്പിങ് ബാഗിലേക്കും കയറി. അതും പോരാഞ്ഞ് ആകെ കമ്പിളിപ്പുതപ്പു കൊണ്ട് മൂടി. എന്നിട്ടും തണുപ്പ് പിടിവിടാന്‍ തയ്യാറായില്ല. പക്ഷേ ആ കൂടാരത്തിനുള്ളില്‍ മനസ്സ് തയ്യാറെടുക്കുകയായിരുന്നു, ചിലന്തിയാറിലേക്കും അവിടെ നിന്ന് കൂടലാറിലേക്കുമുള്ള യാത്രയ്ക്കായി. അവിടെ ആദിവാസി ഗോത്രമായ മുതുവാന്‍മാരുടെ ഊരിലെത്തണം. കാടിനുള്ളില്‍ കാട്ടാന തൊടാത്ത ഗണപതിയെ കാണാന്‍...
Go to Pages »
1| 2 | 3 |
TAGS:
MUNNAR  |  TOPSTATION  |  CHILANTHIYAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/