തീം ടൂറിസം - അഡ്‌വെഞ്ചര്‍

സാഹസികര്‍ക്കു മാത്രം

Text: T J Sreejith, Photos: N A Naseer

 മലകളും താഴ്‌വരകളും താണ്ടി, മനം നിറഞ്ഞ്, മൂന്നാറിന്റെ തണുത്ത വഴികളിലൂടെ അതിര്‍ത്തി കടന്ന്,കൊടൈക്കനാലിലേക്കൊരു ട്രെക്കിങ്


മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇടതുപക്ഷക്കാരാവുന്നതാണ് നല്ലത്. ഇടതുവശം ചേര്‍ന്നിരുന്നാലേ കാഴ്ചകളാസ്വദിക്കാന്‍ കഴിയൂ. മനോഹരമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും യെല്ലപ്പെട്ടി എന്ന കര്‍ഷകഗ്രാമവും ഈ വഴിയിലാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനടുത്താണ് മേഘങ്ങളുടെ കാതില്‍ കഥ പറയുന്ന ടോപ് സ്റ്റേഷന്‍. അവിടെ റെസ്റ്റോറന്റിലിരുന്ന് പൊരിച്ച മീനും കൂട്ടി, ചൂട് ചോറ് വാരി തിന്നുന്ന മിക്കല്‍ സായിപ്പിനെയും സൂസെന്‍ മദാമ്മയെയും പരിചയപ്പെട്ടു. കാട്ടിലൂടെ കൊടൈക്കനാലിലേക്ക് ട്രെക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കൂടെ വരണമെന്നായി. വൈകീട്ട് ടോപ്‌സ്റ്റേഷനില്‍ ചെറിയൊരു ട്രെക്കിങ്. രാത്രി ഗൈഡ് മനോഹരന്റെ വീട്ടിലെ ഒറ്റമുറിയില്‍, തണുപ്പിന്റെ കൈകളില്‍ മൂവര്‍ക്കും സുഖനിദ്ര.

കുളിരുമായി കുണുങ്ങി ഒഴുകുന്ന പെരിയാറിന്റെ തീരത്തു വെച്ചാണ് അമേരിക്കക്കാരി സൂസെനും ഡെന്‍മാര്‍ക്കുകാരന്‍ മിക്കലും കണ്ടുമുട്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും പിന്നെ ഒന്നിച്ചായി യാത്ര. അമേരിക്കയില്‍ നേഴ്‌സായിരുന്ന സൂസെന്‍ ജോലി ഉപേക്ഷിച്ച്, ഒരുവര്‍ഷം മുഴുവന്‍ ഇന്ത്യ കാണാനായി എത്തിയതാണ്. ആറുമാസം കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ല, വെറുതെ കറങ്ങി നടക്കുക. ഡെന്‍മാര്‍ക്കില്‍ ഐ-ഫോണിന് വേണ്ടി ഗെയിംസ് സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്യുന്ന മിക്കല്‍, കൃത്യമായ പ്ലാനിങ്ങുമായാണ് എത്തിയിരിക്കുന്നത്. മൂന്നാര്‍ കഴിഞ്ഞാല്‍ മധുരയ്ക്കാണ് യാത്ര. പിന്നെ തിരികെ ഡെന്‍മാര്‍ക്കിലേക്ക്.

ടോപ് സ്റ്റേഷനില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള 32 കി.മീ കാട്ടുപാതയിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ സാധാരണയെത്തുക വിദേശികളാണ്. ട്രെക്കിങ് വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് ഗൈഡ് മനോഹരന്റെ ഡയലോഗുണ്ട്: 'Only for adventurous people'. സാഹസികത ഇഷ്ടപ്പെടുെന്നങ്കില്‍ ഈ റൂട്ടിലൂടെ ഒരിക്കലെങ്കിലും ട്രെക്കിങ് നടത്തണം. ആനകളും കാട്ടുപോത്തുകളും ഭാഗ്യമുണ്ടെങ്കില്‍, പുലിയും വഴിക്ക് കുറുകെയെത്തി 'ഹലോ' പറഞ്ഞു പോകും.

അതിരാവിലെ, മഞ്ഞിന്റെ വലയങ്ങള്‍ മാറുംമുമ്പേ, ടോപ്‌സ്റ്റേഷനില്‍ നിന്നും കോവിലൂര്‍ ഗ്രാമത്തിലേക്ക് ജീപ്പില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സുന്ദരഗ്രാമം. സഞ്ചാരികള്‍ അധികമെത്താറില്ല ഇവിടെ. പലരും മൂന്നാര്‍ കണ്ട് തിരിച്ചു പോവും. തീരത്ത് തിരവന്നൊഴിഞ്ഞ പോലെയുള്ള മലഞ്ചെരിവിലെ തട്ടുകളില്‍ കാരറ്റും കാബേജും വിളയുന്നു. ഒരു പക്കാ വെജിറ്റബിള്‍ ഗ്രാമം. ഇവിടെ നിന്ന് നോക്കിയാല്‍ കൊലുക്കുമല ചായത്തോട്ടങ്ങള്‍ കാണാം.

ലഗേജുകള്‍ കയറ്റാന്‍ രണ്ടു കുതിരകളെയും ഏര്‍പ്പാടാക്കി, അവിടെ നിന്ന് നടപ്പ് തുടങ്ങി, ബന്ധരവു മലയിലേക്ക്. കുത്തനെയുള്ള കയറ്റമാണ്. കുതിരകളും ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമാണ് ഈ വഴിയെ പോകാന്‍ ധൈര്യപ്പെടുക. ഒരിറക്കത്തില്‍ ഒരു ജീപ്പ് തകര്‍ന്നു കിടക്കുന്നു... മറുവശത്ത് വട്ടവട ഗ്രാമം കാണാം.

കഞ്ചാവു കൃഷിക്ക് പ്രശസ്തമായിരുന്ന കാട്ടിടങ്ങളിലൂടെയാണിപ്പോള്‍ യാത്ര. കഞ്ചാവിന് പകരം കാരറ്റാണ് തോട്ടങ്ങളില്‍. കൃഷിയിടത്തിലിറങ്ങി ഗ്രാമീണര്‍ ചാക്കില്‍ നിറയ്ക്കുന്ന കാരറ്റുകളില്‍ കുറച്ചെടുത്ത് പോക്കറ്റില്‍ നിറച്ചു. പിന്നെയുള്ള കാട് കയറ്റത്തിന് 24 കാരറ്റ് എനര്‍ജിയായിരുന്നു.

ആദ്യത്തെ ആവേശം തണുത്തപ്പോള്‍ കിതപ്പിന്റെ താളം ഏറി വന്നു. അമേരിക്കയില്‍ ട്രെക്കിങ് നടത്തി പരിചയമുള്ള സൂസെന്‍, വളരെ കൂളായി നടന്നു കയറുന്നു. വടിയും കുത്തി പിടിച്ച്, കിതച്ച് കിതച്ച് ആണ്‍ സംഘം പിന്നാലെയെത്താന്‍ പാടുപെട്ടു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ സൂസെന്റെ ചോദ്യം: 'My name is khan കണ്ടോ...?' നമ്മുടെ തട്ടകത്തില്‍ കയറി മദാമ്മ ഗോളടിച്ചല്ലോ! ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും ആരാധികയാണ് സൂസെന്‍. അടുത്ത ചോദ്യം, 'ത്രീ ഇഡിയറ്റ്‌സ്' കണ്ടോ എന്നായിരുന്നു. കിതപ്പാറാതെ, മൂന്നാണുങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഇഡിയറ്റ്‌സ് ആയി ഇരുന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

വീണ്ടും നടപ്പു തുടങ്ങി. ഒരു മലയിറങ്ങിയപ്പോള്‍ മറ്റൊരു സാഹസിക സംഘം എതിരെ വരുന്നു. ടെന്റടിച്ച് കാട്ടില്‍ താമസിച്ചാണ് അവരുടെ യാത്ര.

Go to Pages »
1| 2 |
TAGS:
MUNNAR  |  KODAIKANAL  |  TREKKING  |  TOPSTATION  |  KOVILOOR  |  BANDARAVUMALA  |  KILAVARA  |  KAVUNJI  |  MANNAVANNUR  |  POOMBARAI 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/