ഡെസ്റ്റിനേഷന്‍ - ഇന്ത്യ

പറഞ്ഞു തീരാത്ത വിശേഷങ്ങള്‍

Text : K. Sajeevan, Photos : NM Pradeep

 


കര്‍ണ്ണാടകയുടെ അതിര്‍ത്തി പങ്കിടുന്ന കോട്ടഞ്ചേരിയുടെ രമണീയതകളിലേയ്ക്ക് ഒരു ട്രെക്കിങ്


കാസര്‍കോടിന്റെ കിഴക്കന്‍ ഗ്രാമങ്ങളിലൊന്നാണ് കൊന്നക്കാട്. മലകള്‍ക്കിടയില്‍ ഒരു കൊച്ചു കര്‍ഷകഗ്രാമം. കൊന്നക്കാട്ടു നിന്നാണ് കോട്ടഞ്ചേരി കാടുകളിലേക്കുള്ള വഴി തുടങ്ങുന്നത്. കാഞ്ഞങ്ങാട് റേഞ്ചിന്റെ കീഴിലാണ് കോട്ടഞ്ചേരി കാടും, ട്രെക്കിങ് പോയിന്റായ കൂമ്പന്‍മലയും പന്ന്യാര്‍മാനിയും

വയനാട് കുലവന്‍ തെയ്യക്കാലത്താണ് കോട്ടഞ്ചേരി കാണാന്‍ പുറപ്പെട്ടത്. മൃഗവേട്ട, വയനാട്ട് കുലവനുമായി ബന്ധപ്പെട്ട ആചാരമാണ്. തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയും. അതിനാല്‍ കോട്ടഞ്ചേരിയിലേക്ക് വരാന്‍ തല്‍ക്കാലം ഗാര്‍ഡുമാരെ കിട്ടാനില്ല. ആനയുള്ള കാടായതിനാല്‍ ഗാര്‍ഡുമാരില്ലാതെ വിനോദസഞ്ചാരികളെ വനംവകുപ്പ് കോട്ടഞ്ചേരിയിലേക്ക് കടത്തിവിടുകയുമില്ല.

റേഞ്ച് ഓഫീസര്‍ തന്നെ പോംവഴി കണ്ടെത്തി. കാടറിയുന്ന ഒന്നു രണ്ടു നാട്ടുകാരെ ഒപ്പം കൂട്ടുക.. കോട്ടഞ്ചേരിയില്‍ ഭക്ഷണം കിട്ടില്ല. കൊന്നക്കാടാണ് ബേസ് ക്യാമ്പ്. സഹായികള്‍ക്കുള്ളതടക്കം ആറുപൊതി ചോറ് കൊന്നക്കാടുനിന്നും പാഴ്‌സലാക്കി ജീപ്പിലെടുത്തുവെച്ചു. വെള്ളവും പഴങ്ങളും വാങ്ങി. ജീപ്പ് മലമ്പാതയിലൂടെ വാഴത്തട്ടിലേക്ക് നീങ്ങി. ഇരുപത് മിനിട്ടു കൊണ്ട് വാഴത്തട്ടിലെത്തി. കോട്ടഞ്ചേരിക്ക് മുമ്പുള്ള മുക്കവലയില്‍ വനംവകുപ്പിന്റെ ചങ്ങലഗേറ്റ്്. ജീപ്പ് യാത്ര അവിടെ അവസാനിച്ചു.

ജീപ്പില്‍ നിന്നിറങ്ങി. മുക്കവലയില്‍ നിന്ന് വഴി രണ്ടായി പിരിയുന്നു. വലതു ഭാഗത്തേക്കുള്ളത് കര്‍ണാടകയിലെ മുണ്ട്രോട്ട് വനം ഡിവിഷനിലേക്കാണ്. ഈ വഴി തന്നെയാണ് കൂമ്പന്‍മലയിലേക്കും. ഇടതുഭാഗത്തേക്കുള്ള വഴി കാട്ടിനകത്തുവച്ച്‌രണ്ടായി പിരിഞ്ഞു. ഒന്ന് തലക്കാവേരിയിലേക്ക്. കാട്ടുവഴികളിലൂടെ നടന്നാല്‍ എട്ടുമണിക്കൂര്‍ എടുക്കും കന്നിയാത്രക്കാര്‍ക്ക് തലക്കാവേരിയെത്താന്‍. അടുത്തവഴി കാന്തന്‍പാറയിലേക്കാണ്. മാമരങ്ങള്‍ കുടചൂടിയ കാട്. വനംവകുപ്പ് വെട്ടിയ റോഡ് അല്‍പ്പ ദൂരത്തിന് ശേഷം അവസാനിച്ചു. വീണുകിടക്കുന്ന മരങ്ങള്‍. ഇഷ്ടം പോലെ ചൂരല്‍ . ആന ചവിട്ടിയൊടിച്ച അടിക്കാടുകള്‍. ഒരുമണിക്കൂര്‍ നടത്തം. കാടവസാനിക്കുന്നത്് വലിയൊരു കൊല്ലിയുടെ മുന്നില്‍. മരങ്ങള്‍ അഗാധമായ കൊക്കയിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. അവിടവിടെയായി കൂറ്റന്‍ പാറകള്‍. താഴോട്ട് കാഴ്ച്ചയെത്തുന്നില്ല.കോട്ടഞ്ചേരിയില്‍ മിക്ക ദിവസങ്ങളിലും മഴപെയ്യാറുണ്ട്. ചൈത്രവാഹിനിപ്പുഴ കോട്ടഞ്ചേരി കാട്ടിലാണ് പിറക്കുന്നത്. അടുത്ത യാത്ര കൂമ്പന്‍ മലയിലേക്കാണ്. ട്രെക്കിങ്ങിന്റെ ആവേശം തരുന്ന യാത്ര. മുമ്പ് ഇവിടം ഏലക്കാടുകളായിരുന്നു. ഈ ഭാഗത്തേക്കുള്ള റോഡ് നന്നായി പരിചരിച്ചുണ്ട്.

അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ദൂരെ കുന്നുകള്‍ പ്രത്യക്ഷപ്പെട്ടു. കാട്ടുകല്ലുകള്‍ കൊണ്ട് പണിത പഴയ മതില്‍ കുന്നിന്റെ ഏതാണ്ട് പാതിഭാഗത്തായി കാണാം. മതിലിനപ്പുറം കര്‍ണാടക വനമാണ്. മുണ്ട്രോട്ട് വനം ഡിവിഷന്‍. കുടക് കാടുകളുടെ ഭാഗമാണിത്. റോഡ് മതില്‍ മുറിച്ച് കടന്ന്് പോവുന്നു. കോട്ടഞ്ചേരിക്കാട് വഴി മാത്രമേ കര്‍ണാടകത്തിന്റെ ഈ കാട്ടിലെത്താനാകു. അതിനാല്‍ ഇവിടെ മതിലിന് ഗേറ്റൊന്നും പണിതിട്ടില്ല. അതിക്രമിച്ച് കടക്കുന്നവന് ശിക്ഷ ഉറപ്പ് നല്‍കുന്ന ഒരു ബോര്‍ഡ് മാത്രം. ഇവിടെ നിന്നും വലത്തോട്ട് തിരിയുന്ന വഴി കൂമ്പന്‍മലയിലേക്കാണ്. ട്രെക്കിങ് പാത തെളിഞ്ഞു കാണാം.

കയറ്റം അല്‍പ്പം ദുഷ്‌ക്കരമാണ്. ഇടയ്ക്കിടെ കുറ്റിച്ചെടികള്‍. മുകളിലോട്ട് കയറുംതോറും പിന്നിട്ടവഴിയിലെ കാഴ്ച്ചകള്‍ക്ക് ഭംഗിയേറി. കേരളത്തെയും കര്‍ണാടകത്തേയും വേര്‍തിരിക്കുന്ന മതില്‍ ഒരു കറുത്ത അരഞ്ഞാണം പോലെ താഴെനിന്നും കൂമ്പന്‍മല ലക്ഷ്യമാക്കി മുകളിലേക്ക് കയറിവരുന്നു. മറ്റേയറ്റം കിഴക്കന്‍ മലകള്‍ക്കപ്പുറത്ത് അപ്രത്യക്ഷമാകുന്നു. കര്‍ണാടക കവാടത്തില്‍ നിന്ന് ഏതാണ്ട് 300 മീറ്റര്‍ വിട്ട് മനോഹരമായൊരു പൂന്തോട്ടവും ചെറിയ കെട്ടിടവും കാണാം.കര്‍ണാടക ഫോറസ്റ്റ് ഗാര്‍ഡിന്റെ കാര്യാലയമാണ്.
കൂമ്പന്‍ മല മുന്നില്‍ തെളിഞ്ഞു. ആദ്യം ചെറിയമല അതിലേക്കുള്ള കയറ്റം നിഷ്പ്രയാസം കയറി. പിന്നെ വലിയ കൂമ്പന്‍മല. പാറകളില്‍ കയറാന്‍ അല്‍പ്പം ആയാസപ്പെടണം.

വശ്യഭംഗിയുണ്ട് കൂമ്പന്‍ മലയ്ക്ക്. ചുറ്റും പച്ചപ്പിട്ട എണ്ണിയാലൊടുങ്ങാത്ത കുന്നുകള്‍. ഒരു കുന്ന് അവസാനിക്കുന്നിടത്തു നിന്ന് മറ്റൊന്ന് തുടങ്ങുന്നു. കിഴക്കന്‍ ഭാഗത്ത് ദൂരെ തലക്കാവേരിയിലെ കാറ്റാടിയന്ത്രങ്ങള്‍ തെളിഞ്ഞു കാണാം. പടിഞ്ഞാറുഭാഗത്തെ മലകള്‍ക്കപ്പുറത്ത് കാസര്‍കോട്ടെ ലൈറ്റ് ഹൗസിന്റെ കാഴ്ച്ച മേഘങ്ങള്‍ ഇടക്ക് മറച്ചു കളഞ്ഞു. കേരളത്തിലെത്തിയാല്‍ കണ്ടേ മതിയാവൂ എന്ന് ലോണ്‍ലി പ്ലാനറ്റ് സൂചിപ്പിച്ച സ്ഥലമാണിത്. താഴ്‌വാരത്തില്‍ ഒന്നിലേറെ ഗ്രാമങ്ങള്‍. തയ്യേനി. മുട്ടോം കടവ്, അത്തിയടുക്കം, ചിറ്റാരിക്കാല്‍, പറമ്പ് ഗ്രാമങ്ങളുടെ വിദൂരക്കാഴ്ച്ചകള്‍ കാണാം. സോപ്പുപെട്ടി പോലെ റോഡിലൂടെ പോകുന്ന ബസ്, സായാഹ്നത്തിന്റെ ഇളം കാറ്റേറ്റ് കൂമ്പന്‍ മലയില്‍ മണിക്കൂറുകള്‍ ചെലവിട്ടു. മുകളില്‍ തെളിഞ്ഞ ആകാശം. ഇക്കിളിപ്പെടുത്തികൊണ്ട് ഇടയ്ക്കിടെ കോടമഞ്ഞിന്റെ അലസഗമനം.
ഇനി മുക്കവലയ്ക്കപ്പുറം ഒരു ലക്ഷ്യംകൂടി ബാക്കിയുണ്ട്, പന്ന്യാര്‍മാനി. കോട്ടഞ്ചേരിക്കാട്ടിലെ മറ്റൊരു വിസ്മയലോകം. മരങ്ങളില്ലാത്ത ഈ മലയുടെ മുകളില്‍ വലിയ പുല്‍ മൈതാനമാണ്. ഏതാണ്ട് നാല് കിലോമീറ്റര്‍ നീളം വരും. സന്ധ്യയ്ക്കും രാവിലെയും എത്തിയാല്‍ മൃഗങ്ങളെ കാണാം. കൊന്നക്കാട് നിന്നും വാഴത്തട്ടിലെത്തിയാല്‍ ഇടത്തോട്ടുള്ള വഴി പോയാല്‍ പന്ന്യാര്‍മനിയിലെത്തും. നല്ലൊരു ട്രെക്കിങ് അനുഭവമാണിത്.


...........................................

1. വടക്കന്‍ കേരളത്തിലെ ഏറ്റവും നല്ല ട്രെക്കിങ് റൂട്ടാണ് കോട്ടഞ്ചേരി. കര്‍ണാടകത്തിലെ തലക്കാവേരിയിലേക്ക് കോട്ടഞ്ചേരിയില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ കാട്ടിനകത്തുകൂടി സഞ്ചരിച്ചാല്‍ മതി. വനംവകുപ്പ് വെട്ടിയ റോഡ് അത്ര ദുര്‍ഘടമല്ല. രാവിലെ ഏഴ് മണിക്ക് യാത്ര തിരിച്ചാല്‍ ഉച്ചതിരിഞ്ഞ് മുന്നു മണിക്ക് മുന്‍പ് തലക്കാവേരിയിലെത്താം. കാവേരി സംക്രമ ദിവസം കൊന്നക്കാട്, കോട്ടഞ്ചേരി മേഖലയിലുള്ളവര്‍ തലക്കാവേരിയിലെത്താന്‍ ഈ റൂട്ടാണ് ആശ്രയിക്കുന്നത്.
2. കാഞ്ഞങ്ങാട്ടു നിന്ന് ഓടയം ചാല്‍, വെള്ളരിക്കുണ്ട്, കൊന്നക്കാട് വഴിയും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ചെറുപുഴ, ചിറ്റാരിക്കല്‍, വാഴത്തട്ട് വഴിയും കോട്ടഞ്ചേരിയിലെത്താം.
3. കോട്ടഞ്ചേരിയില്‍ നിന്നും കാട്ടിലൂടെ റാണീപുരത്തേക്ക് എത്താം പക്ഷേ ട്രെക്കിങ് പാത പൂര്‍ണമല്ല. കാട് സുപരിചിതരായവര്‍ക്കൊപ്പമേ ഈ യാത്ര നടത്താവു. വനംവകുപ്പിന്റെ അനുമതി വാങ്ങണം. വന്യമൃഗങ്ങളുമുണ്ടായേക്കാം.
4. കാട്ടില്‍ ചൂരലുണ്ട്. ഒന്നു പോലും ഒടിക്കരുത്. കാട്ടുപന്നികളെ കരുതിയിരിക്കണം. ഇളം നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. സംസാരം മിതം.Kottanchery

A well noticed area, Kottanchery forest and trekking hack lie in the south east side of Kasargod; bordening on east side with Karnataka and in the south with Kannur district. Beautiful hills and greenish valleys adorned the area. The forest support elephants, sambars, wild boars, hornbills and monkeys

Location

Konnakkad, Kasaragod Dt.

How to reach
By Air: Mangalore 152 km
By Rail: Kanhangad 62km
By road: from Kanhangad 63 km. From Konnakkad 9 km . Frequent bus services from Kanhangad to Konnakkad. Jeep service available from Konnakkad to Kottanchery (Rs. 500-800). Kottanchery canbe reached from Kannur through Payyannur-Cherupuzha route (53 km) Buses available from Payyanur Busstand

Contact
DTPC 04994-256450. Kanhangad Forest Range Officer: 9447935088, Office: 0467-2207077.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/