കോളം - ജി. ഷഹീദ്‌

കോട്ടഗുഡിയിലെ മേഘങ്ങള്‍

Photos : NA Naseer

 മലമടക്കുകളുടെ മനോഹാരിതയില്‍ മഞ്ഞിന്റെ മായികവലയത്തില്‍ കോട്ടഗുഡി...
പക്ഷി ചിലച്ചു, കുട്ട്‌റു...കുട്ട്‌റു...
ചിന്ന കൊട്ടുറുവന്‍. ചെമ്പുകൊട്ടി പക്ഷിയുടെ അടുത്ത ബന്ധു. രാത്രി നിശ്ചലമായിരുന്നതിനാല്‍ കാട്ടില്‍ മേഘങ്ങളുടെ വലയത്തിലുള്ള കൂടാരത്തിലെ മുറിയില്‍ പക്ഷികളുടെ ശബ്ദം മുഴങ്ങി. പ്രകൃതിയുടെ സംഗീതം പോലെ.

ശൈത്യകാലമായിട്ടില്ലെങ്കിലും കൂടാരത്തില്‍ ശൈത്യത്തിന്റെ അനുഭവം. കമ്പിളി പുതച്ചു. ജനലിലൂടെ നോക്കി, മലനിരകളില്‍ പകല്‍ വെണ്‍ചാമരം വീശി നിന്ന മേഘങ്ങള്‍ രാത്രിയില്‍ മഴമേഘങ്ങളെ പോലെ..

മുറിയില്‍ ആകാംക്ഷയോടെ ചുറ്റും നോക്കി. പക്ഷി എവിടെ? സാഹസികനും കാട്ടിലെ വഴികാട്ടിയുമായ യുവാവായ സിബിയുടെ മൊബൈല്‍ ഫോണിലെ ചിന്ന കുട്ടുറുവന്‍ (ഴൃലലി യമൃയല)േ ചിലച്ചതാണ്. പ്രകൃതിയുമായി അത്മബന്ധമുള്ള യുവാവ് സൂക്ഷ്മമായി തിരഞ്ഞടുത്ത പ്രകൃതിയുടെ റിങ്‌ടോണ്‍.

മൂന്നാര്‍ ടൗണില്‍ നിന്ന് 36 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആകാശവും ഭൂമിയും ലയിക്കുന്ന ടോപ്പ് സ്റ്റേഷനിലെത്താം. അതിന് ആറ് കിലോമീറ്റര്‍ പിന്നിലായി തേയിലത്തോട്ടങ്ങളിലൂടെയുള്ള നടപ്പാത. കുത്തനെയുള്ള കയറ്റം. ചോലക്കാടുകളിലൂടെയുള്ള നടപ്പ്. ആകാശത്തിന് കുടപിടിക്കുന്ന വൃക്ഷങ്ങള്‍. തണുത്ത അന്തരീക്ഷം. കാല്‍നട തന്നെ, മുന്നോട്ട്. ചാറ്റല്‍ മഴ പെയ്തതിനാല്‍ അട്ടകള്‍ ധാരാളം. ചെരുപ്പ് മാറ്റി, ലീച്ച് സോക്‌സിട്ട്, ഷൂ ധരിച്ചു. സോക്‌സിന് ചുറ്റും ഡെറ്റോള്‍ സ്‌പ്രേ ചെയ്തു. സുഖകരമായ തണുപ്പ് ആസ്വദിച്ച് മെല്ലെ കയറ്റം കയറി. വൃക്ഷങ്ങളുടെ വേരുകള്‍ ചിലയിടങ്ങളില്‍ പടവുകള്‍ പോലെയുണ്ട്. പലയിടങ്ങളിലും പാറയും. കാല്‍മുട്ടുകള്‍ വേദനിച്ചപ്പോള്‍ സിബി പറഞ്ഞു. 'പതുക്കെ മതി'. റോഡില്‍ നിന്നും ഒരുമണിക്കൂര്‍ നടപ്പ്. മലനിരയുടെ മുകള്‍ത്തട്ടില്‍ ഒരു ചെറിയ കൂടാരം. ഇഹീൗറ ളമൃാ. അവിടെയാണ് ഇന്നത്തെ താമസം.

ട്രെക്കിങ്ങിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും എത്തുന്നവരുടെ സ്വര്‍ഗ്ഗീയ താവളമാണ് കോട്ടഗുഡി. മേഘങ്ങള്‍ക്കും മീതെ ഒരു സഞ്ചാരം. കൂടാരത്തിന്റെ മുറ്റത്ത് നിന്നാല്‍ പ്രകൃതി ചിത്രകാരനായി മാറുന്നത് കാണാം. മലനിരയുടെ പശ്ചാത്തലത്തില്‍ മേഘങ്ങളുടെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ലഭിക്കുന്നു. കാറ്റ് വീശിയാല്‍ മേഘങ്ങള്‍ മലനിരകളുടെ കിരീടവും താഴികക്കുടങ്ങളുമായി മാറും. നിലാവുള്ള രാത്രികള്‍ അവിസ്മരണീയമാണ്.
അഗാധമായ താഴ്‌വര. പച്ചപ്പിന്റെ പല തലങ്ങള്‍. ട്രെക്കിങ് പാതകളുടെ ഇരുവശത്തും പുല്‍ത്തകിടികള്‍. അവയില്‍ മുത്തുമണികള്‍ പോലെ ഹിമകണങ്ങള്‍. പുല്‍ക്കൊടി അടര്‍ത്തി മുഖത്തോട് ചേര്‍ക്കുമ്പോള്‍ സുഖകരമായ അനുഭവം. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരം അടി ഉയരത്തിലാണ് കോട്ടഗുഡി. രാത്രി നോക്കുമ്പോള്‍ എതിര്‍വശത്ത് വൈദ്യുതി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ബോഡിനായ്ക്കന്നൂര്‍ നഗരം. അല്‍പ്പം അകലെ തേനി നഗരവും കാണാം.
കൂടാരത്തില്‍ എത്തി. ഉച്ചഭക്ഷണം കഴിക്കാന്‍ മുറ്റത്തിരുന്നു. ആനയുടെ കാലുകള്‍ പോലുള്ള തടികള്‍ നിലത്ത് ഘടിപ്പിച്ചിരിക്കുന്നു. അതാണ് ഇരിപ്പിടം. മൂടല്‍മഞ്ഞ് അപ്പോള്‍ പടര്‍ന്ന് കഴിഞ്ഞിരുന്നു. കാറ്റ് വീശിയപ്പോള്‍ വലയം നീങ്ങി. മലനിരകളില്‍ മേഘങ്ങളുടെ രൂപവും മാറി. അവാച്യമായ ദൃശ്യാനുഭൂതി.കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് നസീറും സിബിയും ക്യാമറയുമായി ട്രെക്കിങ് തുടങ്ങി. പക്ഷികള്‍ നിരവധി. കൂടാരത്തിന് ഇരുവശത്തും ഗോപുരങ്ങള്‍ പോലെ പാറക്കൂട്ടങ്ങള്‍. ട്രെക്കിങ്ങ് പാതകള്‍ നീണ്ടുപോകുന്നു. തേനീച്ചയുടെ ദേശാടനവും കണ്ടു. ഒരു വന്‍വ്യൂഹം യവനിക പോലെ പറന്ന് നീങ്ങി. പുതിയ മേച്ചില്‍പ്പുറം തേടിയുള്ള യാത്ര. പ്രകൃതിഭംഗിയും ട്രെക്കിങ്ങുമാണ് ഇവിടെ പ്രത്യേക ആകര്‍ഷണങ്ങള്‍. സിബി പറഞ്ഞു. മൂന്നാര്‍-കൊടൈക്കനാല്‍ ട്രെക്കിങ്ങില്‍ മുപ്പത് വര്‍ഷമായി സിബി പങ്കാളിയാണ്.

പാറയില്‍ ചിലപ്പോള്‍ വരയാടുകളെ കാണാം. ചോലക്കാടില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നസീറിന് മരനായയുടെ (ചശഹഴശൃശ ങമൃലേി) അത്യപൂര്‍വ്വ ചിത്രം കിട്ടിയിരുന്നു. വെരുകിന്റെ ആകൃതിയിലുള്ള ഈ ജീവി പശ്ചിമഘട്ടത്തില്‍ പലയിടങ്ങളിലുമുണ്ട.് പക്ഷെ നേരില്‍ കണ്ടവര്‍ ചുരുങ്ങും.

രാത്രി മുറ്റത്ത് ചിക്കന്‍ ബാര്‍ബിക്യു തയ്യാറാക്കി. വി.കെ.എന്നിന്റെ ഭാഷയില്‍ പട്ട് പോലുള്ള ചപ്പാത്തി. പരിപ്പ് കറി. ബാര്‍ബിക്ക്യു അല്ലെങ്കില്‍ 'കുക്കുടം ഫ്രൈ'. കാട്ടുചെറുനാരങ്ങയുടെ നീര് അല്‍പ്പം തളിച്ചു. ചിക്കന്‍ 'കെങ്കേമമായി'.
കിടപ്പറ മുകളിലാണ്. ആറ് പേര്‍ക്ക് സൗകര്യം. കട്ടിയുള്ള കിടക്ക നിലത്ത് വിരിക്കും. കമ്പിളിയും പുതപ്പും. ചെറിയ മുറി 'ക്ലീന്‍'. നിലത്ത് കയറ്റുപായ. രാത്രി മ്ലാവിന്റെ ശബ്ദം കേട്ടു. ഭയന്നു വിറച്ച ശബ്ദം. സിബി പറഞ്ഞു: 'ഒരു പക്ഷേ കടുവയോ പുള്ളിപ്പുലിയോ പരിസരത്തുണ്ടാകാം'. പിറ്റേന്ന് ഉച്ചയ്ക്ക് കൂടാരത്തില്‍ നിന്ന് തിരിച്ചപ്പോള്‍ വഴിയില്‍ പുള്ളിപ്പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടു.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/