കോളം - ജി. ഷഹീദ്‌

കാട്ടിലെ കഥാപാത്രങ്ങള്‍

Photos : NA Naseer

 

നീരാട്ടിനിറങ്ങിയ കടുവ: പറമ്പിക്കുളത്തു നിന്ന്‌കടുവ നീരാടുന്നു
വിശ്വസിക്കാന്‍ കഴിയുന്നില്ല'
വനം വകുപ്പിലെ ഗാര്‍ഡ് ശ്വാസം അടക്കി പറഞ്ഞു.
പറമ്പിക്കുളം ഒരു കടുവാ സങ്കേതമാണെങ്കിലും കടുവയെ നേരില്‍ കണ്ടവര്‍ ചുരുക്കം. കാല്‍പ്പാടുകള്‍ കണ്ട് തൃപ്തിപ്പെടേണ്ടി വരും.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ ഒരു ദിവസം മണിക്കൂറുകളുടെ ഇടവേളകളിലായി അഞ്ചു കടുവകളെ വരെ കാണാനുള്ള അപൂര്‍വ്വ അവസരം വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍. എ. നസീറിന് ലഭിച്ചു. കഴുത്തൊപ്പം വെള്ളത്തില്‍, ഒരു കാട്ടരുവിയില്‍ എല്ലാം മറന്ന് നീരാടുന്ന കടുവ! അപ്പുറത്ത് പള്ളികൊണ്ടുറങ്ങുന്ന മറ്റൊരു കടുവ. .

പറമ്പിക്കുളം റേഞ്ച് ഓഫീസര്‍ അബൂബക്കറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഇരിക്കുന്ന സമയത്താണ് ഗാര്‍ഡ് ശ്രീനിവാസന്‍ തിടുക്കത്തിലെത്തി നസീറിനോട് കടുവകളെ കണ്ട കാര്യം പറഞ്ഞത്. മൊബൈല്‍ ക്യാമറയില്‍ എടുത്ത കടുവാ ചിത്രങ്ങള്‍ ശ്രീനിവാസന്‍ കാണിക്കുകയും ചെയ്തു.

ധ്യാനലീനം : വരയാടിന്റെ അപൂര്‍വ്വഭാവംതേക്കിനു സമീപമുള്ള അരുവിയിലായിരുന്നു കടുവയുടെ നീരാട്ട്. ശ്രീനിവാസനോടൊപ്പം സ്ഥലത്തേക്ക് നസീര്‍ കുതിച്ചു. എതിരേറ്റത് മനസ്സിനെ ഭ്രമിപ്പിക്കുന്ന കാഴ്ച്ചയാണ്. ഒരു മരത്തിന്റെ മറവില്‍ നിന്ന് കടുവകളെ നോക്കി നസീര്‍ സായൂജ്യമടഞ്ഞു. ക്യാമറ നിരവധി തവണ മിന്നി.'' കടുവയുടെ അപൂര്‍വ ഭാവങ്ങള്‍.

വര്‍ഷങ്ങളായി പറമ്പിക്കുളം സങ്കേതം കാല്‍നടയായി പിന്നിട്ടുവെങ്കിലും പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നസീറിന് ആദ്യത്തെ കടുവയെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്. കുരിയാര്‍കുട്ടിയില്‍ പാതയിലൂടെ നടന്നു വന്ന കടുവ കാഴ്ച്ചയില്‍ ശൗര്യമുള്ളവനായിരുന്നു. പത്തു വര്‍ങ്ങള്‍ക്കു ശേഷം ഇതാ അഞ്ചു കടുവകള്‍. ''വന്യജീവി ഫോട്ടോഗ്രാഫിയുടെ അവിഭാജ്യ ഘടകമാണ് നീണ്ട് കാത്തിരിപ്പ്, ക്ഷമയും''നസീര്‍ പറഞ്ഞു.

പശ്ചിമ ഘട്ടത്തില്‍ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ കാല്‍നടയായി അലഞ്ഞുവെങ്കിലും അപൂര്‍വമായ മരനായ ക്യമറക്കണ്ണിന്റെ ക്ലോസപ്പില്‍ ആദ്യമായി പതിഞ്ഞത് നസീര്‍ ഓര്‍ക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഒരു പുതുവല്‍സരപ്പിറവിയിലാണ് മുന്നാറിനും അപ്പുറത്തുള്ള പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ നിന്ന് (Nilagiri Marten) കിട്ടിയത്. പിന്നീട് യെല്ലെപ്പെട്ടിക്കു സമീപമുള്ള കാട്ടില്‍ നിന്നും അതിനെ അടുത്തു കണ്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായെ അവ വെളിപ്പെടാറുള്ളൂ.

ഓമനിക്കാന്‍ തോന്നുംഭാവം : അപൂര്‍വ്വമായി മാത്രം കാണുന്ന മരനായയുടെ ചിത്രംപാമ്പാടുംചോലയിലെ മരനായായുടേത് അപൂര്‍വ ഭാവമായിരുന്നു. മുന്നോട്ടാഞ്ഞ് കാലില്‍ കടിക്കാനെന്ന പോലെ അത് വന്നു. പിന്നെ പമ്മി ഒഴിഞ്ഞു മാറി. ഒന്നു ചുറ്റപറ്റി കാട്ടിനുള്ളിലേക്കു തന്നെ വലിഞ്ഞു. ക്യാമറക്ക് അപൂര്‍വമായൊരു വിരുന്ന്.
ആനകളുടെ കേളികള്‍ എപ്പോഴും ക്യാമറക്കിഷ്ടമാണ്. എത്ര പതിഞ്ഞാലും മതിവരാത്ത വിഭവങ്ങള്‍. ആനകള്‍ ആലിംഗനം ചെയ്യുന്ന ഫ്രെയിം അത്തരത്തിലുള്ള ഒന്നാണ്. നെല്ലിയാമ്പതിയില്‍ ധ്യാനമിരിക്കുന്ന സിംഹവാലന്‍മാരുടെ ആകര്‍ഷകമായ ഭാവങ്ങള്‍ നസീര്‍ ധാരാളം എടുത്തിട്ടുണ്ട്. എന്നാല്‍ ആകാശത്തേക്കു നോക്കി, ശ്വാസം ഉള്ളില്‍ ഒതുക്കി നില്‍ക്കുന്ന വരയാടിന്റെ ചിത്രം അപൂര്‍വമാണെന്ന നസീര്‍ സാക്ഷ്യപ്പെടുത്തുന്നു.

പറമ്പിക്കുളത്തു വെച്ചു ഒരിക്കല്‍ രാജവെമ്പാലയുടെ മുന്നില്‍ പെട്ടു. ഫണം വിരിച്ച് ഉഗ്രമായി എഴുന്നു നിന്ന് അവന്‍ ചീറ്റി. ക്യാമറ പിടിച്ച കൈയിലേക്ക് ചൂടുകാറ്റ് അടിക്കുന്ന പ്രതീതിയായിരുന്നു അതിനെന്ന് നസീര്‍ ഓര്‍ക്കുന്നു. ക്യമറയില്‍ ഏറെ വിരിഞ്ഞ ഭാവങ്ങള്‍ ആനകളുടേയും കാട്ടു പോത്തിന്റെതുമാണെന്ന് നസീര്‍ പറഞ്ഞു.

വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ നിന്ന് തിരുനെല്ലിക്ക് നടന്നു പോകുമ്പോഴായിരുന്നു അത്. തിരുനെല്ലിയിലേക്കുള്ള വഴി നിശബ്ദതയുടെ ഒരു തുരങ്കമാണ്. ആ തുരങ്കത്തില്‍ കൊമ്പുകളുടെ കൂട്ടിമുട്ടല്‍ ശബ്ദം മുഴങ്ങി. കാടുമായി വര്‍ഷങ്ങളായുള്ള ബന്ധത്തില്‍ നിന്നാണ് ഇത്തരം ശബ്ദങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്. കൂട്ടുകാരെ റോഡരികില്‍ നിര്‍ത്തി. വശങ്ങളിലെ കാട്ടുപൊന്തയിലേക്കിറങ്ങി. കുറച്ചടികള്‍ വച്ചപ്പോള്‍ തന്നെ ഒരു ചെറു അരുവിക്ക് അക്കരെയുള്ള മുളങ്കൂട്ടത്തിനപ്പുറത്ത് ആനകളുടെ രൂപങ്ങള്‍ നിഴലുകള്‍ മാറും പോലെ...ആനകള്‍ കളിക്കുകയാണ്. ഒരാന മറ്റേ ആനയെ തള്ളി മുളങ്കൂട്ടത്തിനടുത്തു നിന്നും നീക്കുന്നു. ഞാന്‍ അരുവിയിലേക്ക് അല്‍പ്പമിറങ്ങി നിന്നാണ് ചിത്രം പകര്‍ത്തിയത്. അതുകൊണ്ടാണ് നിലത്ത് ഇരുന്നോ കിടന്നോ എടുക്കും പോലെയുള്ള ആങ്കിള്‍ ഈ ചിത്രത്തിന് ലഭിച്ചത്.

Gear Used: Camera: Canon 40D, Lens: Canon L series, IS Lens 100 - 400
വന്യമൃഗങ്ങളുടെ ഭാവം പകര്‍ത്തുമ്പോള്‍


മൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നതിന് ഭംഗം വരുത്താതെ വേണം ചിത്രമെടുക്കാന്‍. ഒരിക്കലും നമ്മുടെ സാന്നിധ്യം അവരറിയരുത്. ചെറിയൊരു കമ്പൊടിയുന്ന ശബ്ദം കേട്ടാല്‍ തന്നെ അതുവരെയുള്ള ഭാവമായിരിക്കില്ല മൃഗങ്ങള്‍ക്ക്. ചില സമയത്ത് മൃഗങ്ങള്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് തലയുയര്‍ത്തി നോക്കാന്‍ ഇടയുണ്ട്. കാട്ടുപോത്തൊക്കെയാണെങ്കില്‍ ആ നോട്ടം പത്തോ പതിനഞ്ചോ മിനിറ്റു വരെ നീണ്ടേക്കാം. ആ സമയം പ്രതിമ കണക്ക് നില്‍ക്കുക. ചെറിയൊരനക്കം പോലും അലോസരമുണ്ടാക്കും. പല ഫോട്ടോഗ്രാഫര്‍മാരും മൃഗങ്ങളുടെ ഈ നോട്ടം പകര്‍ത്താന്‍ അപ്പോള്‍ തന്നെ ക്ലിക്ക് ചെയ്യുകയാണ് പതിവ്. ആ ഒരു പോസ് മാത്രം കൊണ്ട് തൃപ്തിയടയേണ്ടി വരും. അനങ്ങാതെ നില്‍ക്കുകയാണെങ്കില്‍ ഒട്ടനവധി സുന്ദരമുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/