കോളം - അനിതാ നായര്‍

പാതിരാത്തെരുവില്‍ ഒരു റംസാന്‍ രാവില്‍..

അനിതാ നായര്‍

 പകല്‍ പോകുന്നിടത്ത് രാത്രി പോവുക. ഉദ്വേഗം തേടുന്നവര്‍ക്കുള്ള വഴി അതാണ്. നഗരത്തിലെ ചേരിത്തെരുവിലേക്ക് രാത്രിയില്‍ നടത്തിയ ഒരു സാഹസയാത്രയുടെ കഥയുമായി അനിതാ നായര്‍..അങ്ങാടിത്തെരുവുകള്‍ എനിക്കെന്നും ഹരമാണ്. എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. നിറങ്ങള്‍. ഗന്ധങ്ങള്‍. തിക്കും തിരക്കും. ഏതു നിമിഷവും ആശ്ചര്യം ജനിപ്പിക്കാവുന്ന ഒരു കണ്ടെത്തലുണ്ടായേക്കാമെന്ന ഉത്സാഹപൂര്‍ണമായ പ്രതീക്ഷ. അങ്ങിനെ പലതും. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്നു തോന്നുന്നതും എന്നാല്‍ എനിക്ക് ഏറ്റവും വിലപ്പെട്ടതുമായ പലതും ഇത്തരം വഴിയോരച്ചന്തകളില്‍ നിന്നാണ് കിട്ടിയിട്ടുള്ളത്. ഏതു മഹാനഗരത്തില്‍ പോയാലും അവിടത്തെ മ്യൂസിയങ്ങളോ ആര്‍ട് ഗ്യാലറികളോ സന്ദര്‍ശിക്കുന്ന അതേ ശുഷ്‌കാന്തിയോടെ അവിടെ പ്രശസ്തമായ ഒരു തെരുവുമാര്‍ക്കറ്റ് ഉണ്ടെങ്കില്‍ അതും ഞാന്‍ സന്ദര്‍ശിക്കും. ഒരു സ്മരണിക മാത്രമല്ല ഒരു പിടി സ്മരണകള്‍ തന്നെ നിധി പോലെ തേടിപ്പിടിച്ചു മടക്കിക്കൊണ്ടുവരികയും ചെയ്യും.

പുസ്തകങ്ങള്‍ വാങ്ങാനായി പഴയ മദ്രാസിലെ മൂര്‍ മാര്‍ക്കറ്റില്‍ പോയിരുന്ന ബാല്യകാലത്തു തുടങ്ങിയതാണ് ഈ ശീലം. പിന്നീടതൊരു സ്വഭാവമായി. പോളണ്ടിലെ ക്രെകൗസില്‍ ചെന്നപ്പോള്‍ പ്ലാക് തര്‍ഗോയി യൂനിതാര്‍ഗില്‍ നിന്ന് എനിക്കു കിട്ടിയത് ഒരു സെറാമിക് പൂച്ചയെയായിരുന്നു. ഒരു സാധാരണ ടൂറിസ്റ്റിന് കൗതുകം തോന്നിപ്പിക്കാത്ത വിലകുറഞ്ഞ ഒരു സാധനം. നീളന്‍ കഴുത്തും നാണം പുരണ്ട മുഖഭാവവുമുള്ള ഈ പൂച്ച പക്ഷെ എനിക്ക് കാര്‍ക്കോവിന്റെ ഓര്‍മക്കുറിപ്പാണ്. ഇറ്റലിയിലെ പാദുവയില്‍ തെരുവു മാര്‍ക്കറ്റ് എനിക്കു കരുതിവെച്ചിരുന്നത് ഒരു പച്ച കമ്മലാണ്. ശ്രീരംഗപട്ടണത്തെ ആഴ്ചച്ചന്തയില്‍ നിന്ന് ഞാന്‍ വീട്ടിലെത്തിച്ചത് ഒരു കിലോ ശര്‍ക്കരയാണ്. മൈസൂര്‍ പാക്കിനേക്കാള്‍ മധുരവും സ്വാദുമുള്ള പട്ടുപോലത്തെ ശര്‍ക്കര. ഈ ലിസ്റ്റ് എത്രവേണമെങ്കില്‍ നീട്ടാം. പക്ഷെ ഇത്രകാലം ഞാന്‍ താമസിച്ച ഈ ബംഗലൂരു നഗരത്തിലെ തെരുവു മാര്‍ക്കറ്റുകളില്‍ മാത്രം ഞാന്‍ അധികം പോയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ.


വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചയും റസ്സല്‍ മാര്‍ക്കറ്റില്‍ പോയാണ് ഞങ്ങള്‍ -ഞാനും ഭര്‍ത്താവും- പൂക്കള്‍, പഴം, പച്ചക്കറികള്‍, മീന്‍, ഇറച്ചി ഒക്കെ വാങ്ങുന്നത്. 1927ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ഈ മാര്‍ക്കറ്റ്. അന്നത്തെ മുനിസിപ്പല്‍ കമ്മീഷണര്‍ ടി.ബി. റസ്സലിന്റെ പേരിലാണ് ഇത് ഇന്നും അറിയപ്പെടുന്നത്. ഈ മാര്‍ക്കറ്റ് ഇന്നും എനിക്കൊരു ഹരമാണ്. അതിലെ കടകളിലൂടെ അലഞ്ഞുതിരിയുന്നതിലെ ഹരം. ഒരു കടയില്‍ നിന്നൊരു വഴുതനങ്ങ വാങ്ങുക, അപ്പുറത്തു പോയി ഒന്നുകൂടി വില പേശുക തുടങ്ങിയ സ്ഥിരം പരിപാടികളുമായി അങ്ങിനെ ഒഴുകി നടക്കുന്നതിന്റെ രസം. സഞ്ചികളൊക്കെ നിറഞ്ഞു കവിയുമ്പോള്‍ തികഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു മടക്കം.

റസ്സല്‍ മാര്‍ക്കറ്റ് അങ്ങിനെ തന്നെ തുടരുമായിരുന്നു. രണ്ടു കൊല്ലം മുമ്പ് യഥാര്‍ഥ നഗരജീവിതം പകര്‍ത്തുന്ന ഒരു നോവലെഴുതാന്‍ ഞാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍. കഥാപാത്രങ്ങളെപ്പോലെ നഗരവും സജീവമായി ഇടപെടുന്ന കഥയാണ് അത്. തിരഞ്ഞെടുക്കാന്‍ രണ്ടു നഗരങ്ങള്‍ എനിക്കു മുന്നിലുണ്ടായിരുന്നു. ഞാന്‍ വളര്‍ന്ന ചെന്നൈയും ഞാനിപ്പോള്‍ ജീവിക്കുന്ന ബംഗലൂരുവും. ചെന്നൈയിലേക്ക് കഥ പറിച്ചു നടുന്നതിലെ അപകടം ഗൃഹാതുരത്വം അതിനെ ബാധിക്കും എന്നതായിരുന്നു. ഓര്‍മകള്‍ക്കോ മൃദുലവികാരങ്ങള്‍ക്കോ സ്ഥാനമില്ലാത്ത പിരിമുറുക്കമുള്ള കഥാതന്തുവായിരുന്നു നോവലിന്റേത്.

ബംഗലൂരു കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി എന്റെ വീടാണ്. പക്ഷെ എനിക്കറിയാം, സാമാന്യമായി മനസ്സിലാക്കപ്പെട്ടതിനേക്കാള്‍ എത്രയോ വ്യത്യസ്തമായ ഒരിടമാണ് ഇത്. ഐ ടി കമ്പനികളുടെ തിളങ്ങുന്ന കെട്ടിടങ്ങള്‍ക്കും മധ്യവര്‍ഗക്കാരുടെ ചിട്ടയായ ജീവിതങ്ങള്‍ക്കും പ്രഭാതത്തിലെ വ്യായാമസവാരിക്കാര്‍ക്കും എവിടെയും കാണുന്ന പൂന്തോട്ടങ്ങള്‍ക്കും അംബരചുംബികള്‍ക്കും അന്താരാഷ്ട്രബ്രാന്‍ഡുകള്‍ക്കുമപ്പുറമുള്ള ഒരു നഗരം...

എന്തെന്നാല്‍ എനിക്കുറപ്പുണ്ടായിരുന്നു, ബാംഗലൂരുവിന്റെ ഉള്ളിലെവിടെയോ മറ്റൊരു നഗരം കൂടി ജീവിക്കുന്നുണ്ട്.
ശിവാജി നഗറിലെ റംസാന്‍ രാത്രിച്ചന്തയെക്കുറിച്ച് ആയിടക്കാണ് ആരോ പറഞ്ഞത്. വിശുദ്ധമാസത്തിലെ രാത്രിവിപണി. ഭയം കലര്‍ന്ന ഒരു ത്വര എന്നിലുണരാന്‍ തുടങ്ങി. എന്റെ എല്ലാ സാഹസയാത്രകളുടെയും തുടക്കം ഇങ്ങിനെയാണെന്ന് എനിക്കറിയാം. ഈ വര്‍ഷം എന്തായാലും രാത്രി മാര്‍ക്കറ്റില്‍ പോകും-ഞാന്‍ എന്നോടു തന്നെ പറഞ്ഞു.

അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് ഭര്‍ത്താവ് കണ്ണുരുട്ടി. മകന്‍ സ്വരം കടുപ്പിച്ച് ചോദിച്ചു: 'അത് റൗഡികളുടെ ആസ്ഥാനകേന്ദ്രമാണെന്ന് അറിയില്ലേ? ചാവണമെന്ന് അത്ര വാശിയാണോ?' ഒരു ജുമാ രാത്രിയില്‍ 11 മണി പിന്നിട്ടപ്പോള്‍ കാറില്‍ കയറി മാര്‍ക്കറ്റിലേക്കു പോകാനാവശ്യപ്പെട്ട എന്നെ ഡ്രൈവര്‍ അവിശ്വസനീയതയോടെ നോക്കി. 'നിങ്ങള്‍ക്കു കിറുക്കുണ്ടെന്നെനിക്കറിയാം, ഇത്രക്കു മുഴുവട്ടായി എന്നറിഞ്ഞിരുന്നില്ല' എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.

ഒന്നും കേള്‍ക്കുന്നില്ലെന്നും കാണുന്നില്ലെന്നും നടിച്ച് ഞാനിരുന്നു. ഈ യാത്രക്ക് എനിക്കൊരു കൂട്ടുകാരനെ കിട്ടിയിട്ടുണ്ടല്ലോ. റംസാന്‍ ചന്തയിലേക്കു കൊണ്ടുപോകാമെന്നേറ്റ് നസീര്‍ വന്നിട്ടുണ്ട്. ഈ അവസരം നഷ്ടപ്പെടുത്താന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ആ രാത്രി ശിവാജി നഗറിലൂടെ കടന്നു പോകുമ്പോള്‍ എനിക്കൊരു വെളിപാടുണ്ടായി. ഇരുപതു വര്‍ഷമായി ഈ ഇടുങ്ങിയ തെരുവിലൂടെ ഞാന്‍ സഞ്ചരിക്കുന്നതാണ്. നട്ടും ബോള്‍ട്ടും സ്‌പെയര്‍ പാര്‍ട്‌സും തൊട്ട് ഇറച്ചിയും പത്രവും പച്ചക്കറിയും പഴവും പൂക്കളും തുണിയും ചെരുപ്പും വരെ എല്ലാം വില്‍ക്കുന്ന കടകള്‍ ഞാനിവിടെ കണ്ടിട്ടുണ്ട്. തെരുവിലെ കടകള്‍ക്കരികില്‍ അവിടെയും ഇവിടെയുമായി കാണുന്ന വാതിലുകളില്‍ പലപ്പോഴും എന്റെ കണ്ണുകള്‍ ഉടക്കിയിട്ടുണ്ട്. അടച്ചിട്ട ആ വാതിലുകള്‍ക്കു പിന്നില്‍ എന്താവും എന്നാലോചിച്ചിട്ടുണ്ട്. അന്നാദ്യമായി ഞാനതിനുള്ളിലേക്ക് കടന്നു. തുറന്ന വാതിലിലൂടെ ചതുരാകൃതിയിലുള്ള ഒരു നടുമുറ്റത്തേക്ക് ആദ്യം. അതിനു ചുറ്റിലും രണ്ടു മുറികള്‍ മാത്രമുള്ള കുറെ വീടുകള്‍. വീടെന്നു പറയാനാവില്ല, ചേരിപ്പുരകള്‍. മുറ്റം നിറയെ തൂങ്ങിയാടുന്ന തുണികള്‍. ഒരു മൂലയില്‍ ഇഷ്ടിക കൂട്ടി വെച്ച ഒന്നോ രണ്ടോ അടുപ്പുകള്‍. ഓരോ വീട്ടുകാര്‍ക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കാനാണ് ഇത്. തൊട്ടടുത്ത് രണ്ടു കുളിമുറികളുണ്ട്. അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും കൂടി ആകെയുള്ളത്. മഴ പെയ്യുമ്പോള്‍ റോഡ് കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ പുഴയാകും. അതില്‍ അഴുക്കും വൃത്തികേടുകളും ഒഴുകിയെത്തും. മുന്‍വാതില്‍ തുറക്കുന്നതിനോളം അപകടം അപ്പോള്‍ മറ്റൊന്നും ഉണ്ടാവാനില്ല. എന്തൊക്കെയാണ് അകത്തേക്കു കയറുക എന്നപ്പോള്‍ പറയാനാവില്ല. ഒരു പഴയ ടയറോ, ഒറ്റച്ചെരുപ്പോ, ചത്ത പെരുച്ചാഴിയോ എന്തും ഏതു നിമിഷവും കടന്നുവരാം.

ശിവാജി നഗറില്‍ അന്നു ഞാന്‍ അലഞ്ഞത് ഒരെഴുത്തുകാരിയുടെ തീക്ഷ്ണനോട്ടങ്ങളോടെയായിരുന്നില്ല, തികച്ചും ഒരു സന്ദര്‍ശകയുടെ വിസ്മയത്തോടെയായിരുന്നു.

ആ വൈകുന്നേരം എനിക്കെന്തോ പ്രവചിക്കാനാവാത്ത അടയാളസൂചന ലഭിച്ചിരുന്നു. ഇറച്ചി വേവുന്ന മണമാണോ, പഞ്ഞിമുട്ടായിക്കു വേണ്ടി കടിപിടി കൂടുന്ന കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ കുട്ടികളാണോ അതോ ജനാലച്ചില്ലില്‍ തട്ടി പ്രതിഫലിക്കുന്ന നേരിയ വെളിച്ചക്കീറാണോ? അറിയില്ല.

ആധുനിക നഗരമായ ബംഗലൂരുവിലെ അജ്ഞാതമായ ഈ ലോകത്ത് ചുറ്റിത്തിരിയുന്നതിനിടെ അടുത്ത ഏതാനും മണിക്കൂറുകളില്‍ പല തവണ അതേ തോന്നല്‍ ആവര്‍ത്തിച്ചു. ഇത്ര വൈകിയിട്ടും ശിവാജി നഗര്‍ ബസ് സ്റ്റാന്‍ഡ് പ്രദേശം എത്ര സജീവമായിരിക്കുന്നു! ഊടുവഴികളിലും ഇടവഴികളിലും ഉന്മാദം അലയടിക്കുന്നു. വഴിവാണിഭക്കാരുടെ വണ്ടികള്‍ ഇപ്പോള്‍ റോഡരികില്‍ വരിയായി നിരന്നിരിക്കുന്നു. കരിയടുപ്പില്‍ വേവിക്കുന്ന ഇറച്ചിയുടെയും തിളയ്ക്കുന്ന എണ്ണയില്‍ പൊരിഞ്ഞുപൊന്തുന്ന സമോസയുടെയും മണം അവിടമാകെ പടര്‍ന്നിരിക്കുന്നു. അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും കലര്‍ന്ന മണം ഒരിടത്ത്, മറ്റൊരിടത്ത് പക്കുവടയും ജിലേബിയും, വേറൊരിടത്ത് ചെണ്ടുമല്ലിയും മുല്ലമൊട്ടുകളും, ചിലയിടത്താവട്ടെ ചാണകവും അഴുക്കും. എല്ലാത്തിലും മീതെ അത്തറിന്റെയും വിയര്‍പ്പിന്റെയും കുളിക്കാത്ത ശരീരങ്ങളുടെയും മൃഗസഹജമായ രൂക്ഷഗന്ധവും.


Go to Pages »
1| 2 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/