ഡെസ്റ്റിനേഷന്‍ - വിദേശം

കുഞ്ഞുനഗരത്തിലെ കാര്യങ്ങള്‍

text & photos: Hema Hemambika

 


വൈനിന്റെയും പഴമയുടെയും ഗന്ധമണിയുന്ന കുട്ടിപ്പട്ടണംചുട്ടുപൊള്ളിക്കുന്ന ഒരു ജര്‍മന്‍ വേനലിലാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത്. ആളുകള്‍ തീരെ കുറഞ്ഞ ആ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍ മാത്രം. കുറെ മഞ്ഞ കാട്ടുപൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പഴയ റെയില്‍വേ സ്‌റ്റേഷന്‍. അങ്ങകലെയുള്ള കുന്നിന്‍ ചെരുവുകളില്‍ തളിര്‍ത്ത മുന്തിരിത്തോട്ടങ്ങള്‍ അച്ചടക്കത്തോടെ പരന്നു കിടക്കുന്നു. അതിനെ തൊട്ട് കൊണ്ട്, ഇടയ്ക്കിടെ ഓരോ പഞ്ഞികെട്ടുകള്‍ താഴേക്ക് എറിഞ്ഞു കൊടുക്കുന്ന നീലാകാശം-ബാഡ് ന്യുനാര്‍ അര്‍വൈലര്‍ (Bad Neuenahr Ahrweiler). വീഞ്ഞ് മണക്കുന്ന ആര്‍ വാലി (Ahr Valley) മടിയില്‍ ഒളിപ്പിച്ചു വച്ച പട്ടണം. തളിരിടുന്ന മുന്തിരിവള്ളികളും പഴയ കാസിലുകളും പാറക്കെട്ടുകളും കൊണ്ടു സമ്പുഷ്ടമായ ഒരു റൊമാന്റിക് വൈന്‍ വാലിയാണ് ആര്‍ വാലി. നൂറ്റാണ്ടുകളുടെ തിളക്കം സൂക്ഷിച്ചു വച്ച പട്ടണത്തിലേക്ക്....


ട്രെയിന്‍ ഇറങ്ങി ഒന്ന് ചുറ്റിക്കറങ്ങി സിറ്റി സെന്റര്‍ എന്ന് എഴുതി വച്ച ബോര്‍ഡ് ലക്ഷ്യമാക്കി നടന്നു. സിറ്റി ഇന്‍ഫോര്‍മെഷനും മാപ്പും ഒക്കെ അവിടുന്നെ കിട്ടൂ. കുറച്ചു നടന്നപ്പോഴേക്കും ഒരു ചെറിയ പള്ളി. ചെറുത് എന്ന് പറഞ്ഞാല്‍ വളരെ ചെറുത്. പതിനഞ്ചു പേരില്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ആ പള്ളിക്ക് ആവില്ല. വലിയ പള്ളികളുടെ ഒരു ചെറിയ മോഡല്‍ എന്ന് പറയാം. ആരുമില്ലാത്ത ആ പള്ളിയില്‍ കുറച്ചു നേരം ഒരു മെഴുകുതിരി കത്തിച്ചു വച്ചു ഇരുന്നു. ഒരു പള്ളിയുടെ അന്തരീക്ഷം ഒന്നും അതിനകത്ത് തോന്നിയില്ലെങ്കിലും അടുത്ത ആരുടെയോ വീട്ടില്‍ പോയ പോലെ . 1850ല്‍ പണി കഴിപ്പിച്ച എല്ലിഗ് ചാപ്പല്‍ 44 ലെ ബോംബിങ്ങില്‍ പൂര്‍ണമായി നശിച്ചിരുന്നു. അതിന്റെ സ്ഥാനത്താണ് ഈ കൊച്ചു പള്ളി. പള്ളിയില്‍ നിന്നു പുറത്തിറങ്ങി. സിറ്റി അടുത്തെങ്ങും ആണെന്ന് തോന്നുന്നില്ല. കുറെ വലിയ കെട്ടിടങ്ങള്‍ മാത്രം. ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാല്‍ ഇവിടെങ്ങും ഒരു മനുഷ്യരും ഉണ്ടെന്നു തോന്നുന്നുമില്ല.

സിറ്റി സെന്റര്‍ എന്ന ബോര്‍ഡു തന്നെ ശരണം, അതു ലക്ഷ്യമാക്കി വച്ചു പിടിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോഴും ഒരു കവാടം കാണാറായി, കല്ലുകള്‍ കൊണ്ടു പണിത ഒരു കോട്ടവാതില്‍. ആരുടെയൊ ക്ഷണം സ്വീകരിച്ചു വൈകിയെത്തിയ അതിഥിയെപ്പോലെ ഞാന്‍ കോട്ടവാതിലിനടുത്തേക്ക് വേഗം നടന്നു. അതിനകത്ത് എന്തെന്നുള്ള ആകാംക്ഷ. കവാടം കടന്നതും ഞാന്‍ ഒരത്ഭുത ലോകത്തില്‍ എത്തി. ഓടി നടക്കുന്ന വര്‍ണ്ണ ഉടുപ്പിട്ട കുട്ടികള്‍, പല ദേശത്തില്‍ നിന്നും വന്ന പലമുഖങ്ങള്‍. അങ്ങിങ്ങായി പഴയ രീതിയില്‍ വേഷം ധരിച്ച സ്ത്രീകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ കിട്ടുന്ന കടകള്‍... അപൂര്‍വ എണ്ണകളും തേനും, ചെടികളും, പല നിറങ്ങളില്‍ ചാലിച്ച വസ്ത്രങ്ങളും ബാഗുകളും ലഭിക്കുന്ന കടകള്‍.. ഇടയ്‌ക്കോരോ സ്ഥലങ്ങളില്‍ വരിവരിയായി ഇട്ട ബെഞ്ചുകളില്‍ ഇരുന്നു പൊട്ടിച്ചിരിച്ചു ബഹളം വച്ചു ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്ന യുവാക്കളും മധ്യവയസ്‌കരും...അകെക്കൂടി ഒരു ഉല്ലാസാന്തരീക്ഷം ...

വേനല്‍ക്കാലം ഉത്സവ കാലമാക്കുന്ന യൂറോപ്യന്‍മാര്‍ക്ക് പ്രിയപ്പെട്ട ലില്ലിപ്പുട്ട് നഗരമാണിത്. അവധി ദിനങ്ങളില്‍ മധ്യകാലഘട്ടങ്ങളിലെ വസ്ത്രങ്ങളണിഞ്ഞെത്തുന്ന സ്ത്രീപുരുഷന്‍മാരും കുട്ടികളും കാലങ്ങളുടെ പിറകിലേക്ക് കണ്ണുകളെ കൊണ്ടു പോകുന്നു. ഇതു കാണുമ്പോള്‍ നമ്മുടെ നാട്ടിലും ഇത്തരം ആഘോഷങ്ങള്‍ എന്തെങ്കിലും വേണം എന്നു തോന്നിപ്പോയി. ഉണ്ണിയാര്‍ച്ചയുടെ വേഷമാക്കെയിട്ട് റോഡിലൂടെ നടക്കുന്ന ദൃശ്യം വെറുതെയൊന്നാലോചിച്ചു നോക്കി.

മുന്നൂറും അഞ്ഞൂറും അതില്‍ കൂടുതലും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ സൂക്ഷിക്കുന്ന അതേ ആവേശത്തില്‍ തങ്ങളുടെ ഭൂതകാലത്തേയും സ്‌നേഹിക്കുന്ന ജനത. ആള്‍ക്കൂട്ടത്തിലൂടെ കുറച്ചു നടന്നപ്പോള്‍ ഒരു പള്ളിയും അതിനടുത്ത് ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററും കാണാറായി. അവിടുന്ന് കിട്ടിയ സിറ്റി മാപ്പും കൊണ്ടു നടക്കാനിറങ്ങി.

ചിലപ്പോള്‍ ബഹളങ്ങളിലൂടെ നടക്കുമ്പോള്‍ നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഏതെങ്കിലും മൂലയ്ക്ക് നിന്നു വയലിന്റെ നേര്‍ത്ത സംഗീതം ഒഴുകിയെത്തും... അല്ലെങ്കില്‍ ഒരു ബ്യൂഗിളിന്റെ ഈണം ...ആള്‍ക്കൂട്ടത്തില്‍ കൂട്ടം തെറ്റി വരുന്ന ഇത്തരം ശബ്ദങ്ങള്‍ തേടി ഞാന്‍ പോകാറുണ്ട്. ചിലനേരങ്ങളില്‍ അങ്ങനെയൊരു ശബ്ദത്തിന്റെ ഉടമയെ കണ്ടുപിടിക്കാനേ ആവില്ല, ചിലപ്പോഴതെത്തി നില്‍ക്കുക നഗരത്തിന്റെ തിരക്കൊഴിഞ്ഞ കോണില്‍ താടിയും മുടിയും നീട്ടി പലതരം തൊങ്ങലുകള്‍ ചേര്‍ത്ത കുപ്പായം ഇട്ട പ്രായം ചെന്ന ഒരു മനുഷ്യനില്‍ ആയിരിക്കാം. അവരുടെ മുന്നില്‍ വെച്ചിരിക്കുന്ന വയലിന്‍ കേസിലോ, ബ്യൂഗിളിന്റെ കവറിലോ അല്ലെങ്കില്‍ അവരുടെ പഴയ തൊപ്പിയിലോ നാണയത്തുട്ട് എറിഞ്ഞു കൊടുത്ത് അവരുടെ സംഗീതത്തെ അവഹേളിക്കാന്‍ തോന്നാറില്ല. ഒന്നും കൊടുക്കാതെ തിരിച്ചു നടന്നാലും അതിലേറെ വിഷമം. പക്ഷെ നഗരത്തിന്റെ ഏതെങ്കിലും ഉള്‍ക്കാമ്പില്‍ നിന്നു വരുന്ന ശബ്ദം കേട്ടാല്‍ തിരഞ്ഞു പോവാതിരിക്കാനും കഴിഞ്ഞിട്ടില്ല. ഇവിടെയും ഉണ്ടായിരുന്നു, അത്തരം ആളുകള്‍. അവരുടെ സംഗീതം, കെട്ടിടങ്ങള്‍ക്കിടയിലൂടെ കേട്ടുനടന്ന ഞാന്‍ എത്തിയത് മറ്റേതോ ലോകത്തെക്കാണ്. ഒരു ലോകത്തു നിന്നു മറ്റെവിടെയ്‌ക്കോ... ആ ലോകത്ത് നിന്നും എന്നെ ഉയര്‍ത്തിയത് ചില ആരവങ്ങളാണ്. കറുത്ത ജാക്കറ്റും ബെല്‍ട്ടും കയ്യില്‍ കറുത്ത ഹെല്‍മറ്റുംതൂക്കി വണ്ടുകളെപ്പോലെ ഒരു കൂട്ടം മനുഷ്യര്‍. ഞാന്‍ ഇടയില്‍ പെട്ടു ചതഞ്ഞരയേണ്ടതായിരുന്നു. നല്ല തടിമാടന്‍ സ്ത്രീകളും പുരുഷന്മാരും. കൂട്ടബൈക്ക് സവാരിയുടെ അന്ത്യത്തില്‍ നഗരത്തില്‍ എത്തിയ മോട്ടോര്‍ സൈക്കിള്‍ ഗ്യാങ്.

കോട്ട മതിലിനാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ കാറുകള്‍ക്ക് നോ എന്‍ട്രി ആണ്. തിളങ്ങുന്ന കാറുകള്‍ പഴയ കെട്ടിടങ്ങളുടെ പ്രാക്തനഭംഗി കളയുന്നത് കൊണ്ടാവാം. കല്ല് പതിച്ച ഇടവഴികളിലും പ്രധാന പാതയുടെ വശങ്ങളിലും വൃത്തിയുള്ള ചെറിയ കനാലുകള്‍ ഉണ്ട്. അവിടെ താറാവുകള്‍ യഥേഷ്ടം നീന്തി നടക്കുന്നു. അമ്മത്താറാവ് അതിന്റെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഒരു കാഴ്ച്ചയില്‍ ഞാന്‍ കുറച്ചു നേരം ഉടക്കി നിന്നു പോയി.

''ഷോണ്‍ നാ'' (കൊള്ളാം) ഞാന്‍ മാത്രമല്ല എന്റെ അടുത്ത് കനാലിന്റെ കൈവരികള്‍ പിടിച്ചു അതു നോക്കി കൊണ്ടിരിക്കുന്ന അപ്പുപ്പന്‍ പറഞ്ഞു. കൂടെയുള്ള അമ്മൂമ്മ കൂളിംഗ് ഗ്ലാസ്സിനുള്ളിലൂടെ നോക്കി ചിരിച്ചു. ഞാനും വിട്ടില്ല, ഉള്ള ജര്‍മന്‍ ഒക്കെ ഒപ്പിച്ചു പറഞ്ഞു
'യാഹ്, സെഹര്‍ ഷോണ്‍. ഇഷ് ലീബെ ദസ് ..' (too beautiful, I love it) പിന്നെ ഒന്ന് രണ്ടു വിശേഷങ്ങളൊക്കെ ചോദിച്ചു. കൂടുതല്‍ നേരം നിന്നാല്‍ എന്റെ ജര്‍മന്‍ 'ജമ്ഗ്ലീഷ്' ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടു, അവിടുന്ന് വേഗം തടി തപ്പി.

ഭംഗിയായി അലങ്കരിച്ച ജനാലകള്‍ എല്ലാ കെട്ടിടത്തിലും കാണാം. ഓരോ കെട്ടിടത്തിനും ഓരോ നിറങ്ങള്‍ ..അവയ്ക്ക് ചേരുന്ന അപൂര്‍വമായ പൂക്കള്‍ നിറഞ്ഞ ചട്ടികള്‍ ജനാലയില്‍ ഉറപ്പിച്ചിരിക്കുന്നു. മിക്ക കെട്ടിടങ്ങളും ടിമ്പര്‍ ഫ്രെയിമില്‍ (Fachwerkhaeuser) ആണ് പണിതിട്ടുള്ളത്. ഏറെ പഴക്കം ചെന്നവ. യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും ഇത്തരം വീടുകള്‍ കാണാം. ഇത്തരം ചില കെട്ടിടങ്ങളുടെ പഴക്കം അഞ്ഞൂറോ അതിലേറെയോ വരും.

കെല്‍റ്റുകള്‍, ട്യൂട്ടണുകള്‍, റോമക്കാര്‍, ഫ്രഞ്ചുകാര്‍ ഇങ്ങനെ പലരും ഈ നഗരത്തില്‍ വന്നുപോയെങ്കിലും അതിന്റെ ഗേറ്റുകളും ചുറ്റുമതിലും ടവറും എല്ലാം പതിമൂന്നാം നൂറ്റാണ്ടിന്റെ അതെ ഭംഗിയില്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അതൊരത്ഭുതം തന്നെ. ഏതൊക്കെയോ കാലങ്ങളിലെ ആളുകള്‍ ഓടി നടന്ന, ജീവിച്ച സ്ഥലം. ചിലപ്പോ ആ കാലത്തിന്റെ നേര്‍ത്ത ബഹളങ്ങള്‍ കാതില്‍ മുഴങ്ങുന്നതായി തോന്നും. കുതിര കുളമ്പടി ശബ്ദങ്ങള്‍ ചിലപ്പോ നിങ്ങളുടെ ശ്രദ്ധ തിരിച്ചേക്കാം, വലിയ വീപ്പകളില്‍ നിന്നു വീഞ്ഞ് വിതരണം ചെയ്യുന്ന തൊങ്ങല്‍ വച്ച നീളന്‍ ഉടുപ്പിട്ട സുന്ദരികളായ യുവതികളെ കണ്ടതായി തോന്നാം.

യാത്രകളുടെ ഹരം ശരിക്കും അറിയുന്നത് അനുഭൂതി തരുന്ന സ്ഥലങ്ങളാണ്. അത് ഓര്‍മകളെയും സങ്കല്‍പ്പങ്ങളെയും എത്ര കാലം അകലത്തേക്ക് കൊണ്ടു പോകുന്നുവോ അത്രയും അകലേയ്ക്ക് കണ്ട കാഴ്ചകളുടെ ഓര്‍മകളെയും കൊണ്ടുപോകും.
ഇവിടുത്തെ പഴയ പല കെട്ടിടങ്ങളും ഇന്ന് റെസ്‌റ്റോറന്റുകള്‍ ആണ്. അതിന്റെ വാതില്‍ പടിയിലെല്ലാം കെട്ടിടത്തിന്റെ പഴക്കവും എഴുതി വച്ചിട്ടുണ്ട്. ലില്ലിപ്പുട്ടു നഗരത്തിനെ ചുറ്റിപ്പറ്റി ട്രെക്കിങ്ങിനും സൈക്കിള്‍ സവാരിക്കും പറ്റിയ ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. നഗരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് സ്പാ ടൗണ്‍ എന്ന് പേര് കേട്ട ബാഡ് ന്യുനാര്‍.

തിരിച്ചു പോരുമ്പോള്‍ അകലെയുള്ള കുന്നിന്‍ മുകളിലുള്ള മുന്തിരി പാടങ്ങളെ ഇളം വെയില്‍ ആറ്റി ഉണക്കുകയായിരുന്നു. എന്നെ ഏറെ ആകര്‍ഷിച്ചത്, മുന്തിരി പാടത്തിനു മീതെ വട്ടമിട്ടു പറക്കുന്ന പറവകളാണ്. ഒരു പ്രത്യേക ദിശയില്‍ പറന്നു കറങ്ങി കൂട്ടത്തോടെ മുന്തിരിവള്ളികളില്‍ വന്നിരിക്കും. പിന്നെ അതു വീണ്ടും അതിന്റെ വഴിക്ക്. ദൂരെ നിന്നു അവയെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടു ചുക് ചുക് പറയാത്ത, ഒരു തീവണ്ടിയുടെ ഒരു വികാരവും ഇല്ലാതെ, പതിയെ വന്നു നിന്ന ചുവപ്പന്‍ റീജണല്‍ ട്രെയിനില്‍ കയറിപ്പറ്റി. ഇനിയും കഥകള്‍ പറയാന്‍ ബാക്കി വച്ച ആ ലില്ലിപ്പുട്ടു നഗരം ഓര്‍മകളുടെ ഉള്ളറകളിലേക്ക് ഓടി വന്നു, അവിടെ സുരക്ഷിതമായി ഇരുന്നു.Bad Neuenahr Ahrweiler

Bad Neuenahr-Ahrwieler is a town in West Germany situated in the Rhein area, renowned for spas and casinos. It is the place where the 'Apollinaris' mineral water company, founded in 1852, is located. As the name suggests, it is made up of two towns: the spa town of Bad Neuenahr, and the picturesque old town of Ahrweiler. Both are good tourist- towns in the red-wine producingAhr Valley. The towns are small enough to see on foot, and it's a pleasant 40-minute walk along the river from the centre of one to the other.

How to Reach

The town is accessible by a local stopping service train (Regional Bahn) which runs along the Ahr Valley, connecting it withBonnandRemagen. There are three stations, depending on which bit you want to visit: Bad Neuenahr in Bad Neuenahr, and Ahrweiler & Ahrweiler-Markt in Ahrweiler.

From Bonn railway station, it takes maximum 45 minutes via Remagen (for more information on train timings: www.bahn.de)

By car: You can reach via A61 highway and the journey time from Köln and Koblenz is 30minutes.

By air: Nearest airport: Köln/Bonn : www.koelnbonn.de

What to see

The 'Beethoven House' (Beethovenhaus) where Beethoven used to stay for summer holidays
Walk in the hills among the vineyards; try a section of the Red Wine Walking Route (Rotweinwanderweg)
Relax in the heated pools of the thermal baths n Explore Ahrweiler's medieval streets.

Stay

Bad Neuenahr-Ahrweiler has a campsite near the old town of Ahrweiler on the opposite side of the Ahr river from the town's southern gate & 02641-26539.


അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/