തീം ടൂറിസം - പില്‍ഗ്രിമേജ്‌

െജറുസേലമിേലക്കുള്ള വഴി

text: Jolly Adimathra

 
പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമര്‍ശിക്കപ്പെട്ട പുണ്യനാടുകളിലൂടെ, യേശുനാഥന്‍ സഞ്ചരിച്ച വിശുദ്ധ പാതകളിലൂടെ ഒരു തീര്‍ഥയാത്രമഞ്ഞുപൊഴിയുന്ന ബത്‌ലഹേം താഴ്‌വര, അത്തിക്കായകള്‍ പഴുക്കുകയും മുന്തിരിവള്ളികള്‍ പൂത്ത് സുഗന്ധം പരക്കുകയും ചെയ്യുന്ന ഗ്രാമങ്ങള്‍, മൂറിന്‍ മലകളും കുന്തിരിക്കക്കുന്നുകളും പരിമളപര്‍വ്വതങ്ങളും...സോളമന്‍ ചക്രവര്‍ത്തി കവിതകുറിച്ച ദേവഭൂമി. അവിടെ 'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ത്ത്, അതിരാവിലെ എഴുന്നേറ്റ്, മുന്തിരിവള്ളികള്‍ തളിര്‍ത്തോ, മാതളനാരകം പൂത്തോ' എന്നോ നോക്കാന്‍ ഒരു മോഹനിദ്രയിലെന്നോണം കൊതിച്ചിരുന്നു.

ദൈവത്തിന്റെ മകന്‍ മനുഷ്യശിശുവായി പിറന്നു വീണ മണ്ണാണത്. ഉണ്ണിയേശു മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളര്‍ന്ന ഭൂമി, വളര്‍ത്തച്ഛനായ ജോസഫിനെ ആശാരിപ്പണിയില്‍ സഹായിച്ച പണിശാല, ഓളങ്ങള്‍ക്കു മീതെ നടക്കുകയും കടലിനേയും കാറ്റിനേയും ശാസിക്കുകയും ചെയ്ത അതേ ഗലീലിക്കടല്‍, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോഷിപ്പിച്ച പുല്‍മേട്, ജറുസലേം നഗരം...എത്ര ശ്രമിച്ചിട്ടും പറിച്ചെറിയാനാവാത്തൊരു അതിമോഹമായി വിശുദ്ധനാട്. യേശു എന്ന യുവ വിപ്ലവകാരിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ പൂഴിമണ്ണിനെപോലും പ്രണയിക്കുന്ന കാമിനിയായി ഞാന്‍.


ടൂര്‍പാക്കേജുകളുടെ പെരുമഴയുമായി വ്യത്യസ്ത ഗ്രൂപ്പുകള്‍ രംഗത്തെത്തിയത് കണ്ടപ്പോഴാണ് മോഹത്തിന് ചിറക് മുളച്ചത്. ആള്‍ക്കൂട്ടത്തില്‍ തനിയെ ഒരു യാത്ര പോയാലോ? പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

ജോര്‍ദാന്‍-പാലസ്തീന്‍-ഇസ്രായേല്‍-സിനായ്-ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് യാത്ര. ഹജ്ജു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി ജറുസലേം മാറിക്കഴിഞ്ഞു. വിശുദ്ധനാട് സന്ദര്‍ശനത്തിന് നോമ്പ് നോക്കേണ്ട, സമയകാല ഭേദവുമില്ല. മാനസിക-സാമ്പത്തിക മുന്നൊരുക്കങ്ങള്‍ മാത്രമേ വേണ്ടൂ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍.. 26 വയസ്സുകാര്‍ മുതല്‍ 74 പിന്നിട്ടവര്‍ വരെ സംഘത്തിലുണ്ട്. രാവിലെ 10.30ന് എമിറേറ്റ്‌സിന്റെ ഫ്ലൈറ്റില്‍ ദുബായിലേക്ക് പറന്നു. 2.15ന് ദുബായിലെത്തി. 3.40ന് അടുത്ത ഫ്ലൈറ്റില്‍ അമ്മാനിലേക്ക്. ഇന്ത്യന്‍ സമയം 7മണിയോടെ ജോര്‍ദാനിലെത്തി. സ്റ്റാര്‍ ഹോട്ടലിലെ ഡബിള്‍റൂമില്‍ എനിക്കൊപ്പം രണ്ട് വനിതകള്‍. അധ്യാപികയും ബസ്‌ക്യാമ്മ (വൈദികന്റെ ഭാര്യ)യുമായ വത്സമ്മയും ചേച്ചി കുഞ്ഞമ്മയും.
പിറ്റേന്ന് രാവിലെ 5.30ന് കുളിച്ചൊരുങ്ങി. ജോര്‍ദാനില്‍ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളെല്ലാം കണ്ടശേഷം അടുത്ത നഗരത്തിലേക്ക്. ആദ്യം മദാമ്പ സിറ്റിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സന്ദര്‍ശിച്ച ശേഷം പ്രസിദ്ധമായ 'നെബോസ് പോള്‍സെന്ററി'ലേക്ക്. ചെറിയ മൊസൈക്ക് കഷ്ണങ്ങള്‍ പശകൊണ്ട് ഒട്ടിച്ച് മനോഹരമായ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സുന്ദരിമാര്‍. 'തീ' വിലയായതിനാല്‍ വാങ്ങാനായില്ല. പക്ഷെ ഇഷ്ടം പോലെ ഫോട്ടോയെടുത്ത് തൃപ്തിപ്പെട്ടു. നഗ്നസുന്ദരിമാരുടെയും രതിചിത്രങ്ങളുടേയും കലാശേഖരം തന്നെയുണ്ടിവിടെ.

പഴയനിയമത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങള്‍ ഈ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേല്‍ ജനത 40 വര്‍ഷം അലഞ്ഞ മരുഭൂമിയ്ക്ക് നടുവിലൂടെയാണ് സഞ്ചരിക്കുക. മോശയെ (മോസസ്) അടക്കിയതെന്ന് വിശ്വസിക്കുന്ന 'നെബോ' പര്‍വ്വതം ഇവിടെയാണ്. ഫറോവയുടെ അടിമത്വത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ വിടുവിക്കാന്‍ നിയുക്തനായ പ്രവാചകന്‍. പക്ഷെ കാത്തിരുന്ന കനാന്‍ ദേശത്തേക്ക് കടക്കാന്‍ ദൈവം മോശയ്ക്ക് അനുമതി നിഷേധിച്ചു. പകരം നൊബോ പര്‍വ്വതത്തിന്റെ മീതെകയറി നിന്ന് നാലുപാടും നോക്കിക്കാണാന്‍ മാത്രം അനുവദിച്ചു. നെബോ പര്‍വ്വതത്തിന്റെ അഗ്രത്ത് കയറി നില്‍ക്കുമ്പോള്‍ പഴയ നിയമത്തിലെ സംഭവങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. നോക്കെത്താ ദൂരത്തോളം താഴ്‌വാരം പരന്നു കിടന്നു. ഇസ്രായേലുകാര്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോള്‍ ദാഹിച്ചു വലഞ്ഞു. അപ്പോള്‍ ഒരു പാറയില്‍ നിന്ന് ദൈവം വെള്ളം പുറപ്പെടുവിച്ചു ആ പാറയും പരിസരവും നെബോ പര്‍വ്വതത്തില്‍ നിന്നാല്‍ കാണാം. ഇന്നും അവിടെ വറ്റാത്ത ജലസ്രോതസ്സ് ഉണ്ടത്രെ.

പ്രസിദ്ധമായ നസ്രേത്ത് നഗരത്തിലേക്ക് ബസ്സ് പ്രവേശിക്കുകയാണ്. മനസ്സ് തുള്ളിത്തുളുമ്പി. യേശുവിന്റെ അമ്മ പാര്‍ത്ത നഗരം. മാലാഖ പ്രത്യക്ഷപ്പെട്ട് 'നീ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് യേശു എന്ന് പേര്‍ വിളിക്കണം' എന്ന് അരുളപ്പാട് നല്‍കിയ വീട് അവിടെയാണ്്. ആ വീടിന്റെ മുറികള്‍ നിലനിര്‍ത്തി മീതെ പള്ളി പണിതിട്ടുണ്ട്. 'മംഗളവാര്‍ത്താപ്പള്ളി' യെന്നാണ് ആ വീടിപ്പോള്‍ അറിയപ്പെടുന്നത്. പള്ളിയ്ക്കുള്ളിലൂടെ ആ ഉള്‍മുറിയ്ക്ക് തൊട്ടു ചേര്‍ന്ന് നിന്ന് ഞാനും ധ്യാനത്തില്‍ മുഴുകി.


Go to Pages »
1| 2 | 3 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/