തീം ടൂറിസം

മലമുകളില്‍ ഒരു ജലയാത്ര

text: S D Sateeshan Nair photos: P P Ratheesh

 

വനനിബിഡതയില്‍ തടം കെട്ടിയിട്ട പെരിയാറിന്റെ ജലവിശാലതയിലൂടെ ഒരു ബോട്ടു യാത്ര

ഇടവപ്പെരുമഴയുടെ പഞ്ചാരി കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍ ഇടുക്കിയുടെ ഉയരങ്ങളെ ഓര്‍ത്തു. കര്‍ക്കടകപ്പിറവിക്ക് നാലുനാള്‍ മുമ്പ് നാല്‍പ്പതാം നമ്പര്‍ മഴയുടെ നാട്ടിലേക്കൊരു യാത്ര. കാലവര്‍ഷം ഇത്തവണ കലിതുള്ളിയില്ല. ഇടവപ്പാതിയുടെ താളം താരാട്ടാകുമെന്ന് കൊതിച്ചത് തരപ്പെട്ടില്ല. എങ്കിലും മലമടക്കുകളിലെ വന്യത പകരംവെക്കാനില്ലാത്ത സാന്ത്വനമാണ്. തിരക്കുകളില്‍ നിന്ന് അല്‍പ്പനേരത്തേക്കെങ്കിലും ഓടിയകലാനാഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹവും.

മനുഷ്യന്റെയും വാഹനങ്ങളുടേയും തിരക്കൊഴിഞ്ഞ, ശാന്തത പുല്‍കുന്ന ഇടങ്ങള്‍ തേടണം. അതിനാണ്, അധികമാരും പോകാത്ത വഴികളിലൊന്ന് തിരഞ്ഞെടുത്തത്. ഇടുക്കി ജലസംഭരണിയിലൂടെ ഒരു ബോട്ടു യാത്ര.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ചു ഡാമാണ് ഇടുക്കി. ഇടുക്കി വൈദ്യുതി പദ്ധതിയില്‍ മറ്റു രണ്ടു ഡാമുകള്‍ കൂടിയുണ്ട് - ചെറുതോണിയും കുളമാവും. താഴ്‌വാര പട്ടണമായ തൊടുപുഴയില്‍ നിന്നുള്ള യാത്രയില്‍ ആദ്യമെത്തുക കുളമാവില്‍. താല്‍പ്പര്യമുള്ളവര്‍ക്ക് മലങ്കര ജലാശയവും മൂലമറ്റം പവര്‍ഹൗസിന്റെ കവാടവും ഇടയില്‍ സന്ദര്‍ശിക്കാം.

കുളമാവിലേക്കുള്ള വഴിയില്‍ നാടുകാണിയില്‍ മലമുകളില്‍ നിന്ന് താഴ്‌വാരദൃശ്യങ്ങള്‍ കാണാന്‍ കെ എസ് ഇ ബി തീര്‍ത്ത പവലിയനുമുണ്ട്. വൈദ്യുതോല്‍പാദനത്തിനു ശേഷം മൂലമറ്റം പവര്‍ഹൗസില്‍ നിന്നും പിന്തള്ളുന്ന വെള്ളം മലങ്കര ഡാമില്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതു കാണാം. ഹരിദ്വാറിലെ കുന്നിന്‍മുകളിലുള്ള മാനസാദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ താഴെ ഗംഗ കൈവഴികളിട്ട് ഒഴുകുന്നതിന്റെ ദൃശ്യത്തെ അനുസ്മരിപ്പിക്കും, ഇത്.

ഇടുക്കി ജലസംഭരണിയിലൂടെയുള്ള ബോട്ടു യാത്ര കുളമാവിലെ നെല്ലിക്കപ്പാറയില്‍ നിന്ന് തുടങ്ങാനാണ് പ്ലാന്‍. കുളമാവു കഴിഞ്ഞാല്‍ ഭക്ഷണമൊന്നും കിട്ടില്ല. വഴിയിലേക്കുള്ളതു കൂടി വാങ്ങി വേണം പോകാന്‍. കുളമാവ് ഡാമിലെത്തും മുമ്പ് വലത്തേക്കു തിരിയണം നെല്ലിക്കാപ്പാറയിലേക്ക്. എന്നാല്‍ പുളിയന്‍മല റോഡില്‍ത്തന്നെ 100 മീറ്റര്‍ കൂടി പോയാല്‍ റജിയുടെ നാടന്‍ ഹോട്ടലുണ്ട്. ഉണക്കക്കപ്പ വേവിച്ചതും കള്ളപ്പവും രാവിലെ കിട്ടും. 'നോണ്‍' വേണ്ടവര്‍ക്ക് മീനും നാടന്‍ ബീഫ് കറിയും രുചിയേറ്റും. ഡാമില്‍ നിന്നു പിട്ച്ച മീനിന് പുതുമയും രുചി വൈവിധ്യവുണ്ട്. ഒരു മുട്ട കൊണ്ട് ഡബിള്‍ ബുള്‍സൈ തയ്യാറാക്കുന്ന മാന്ത്രികവിദ്യയും കാണാം. രണ്ടു മഞ്ഞക്കരുവുള്ള മുട്ടയാണിതിന് ഉപയോഗിക്കുന്നത്. മീന്‍ അച്ചാറും മറ്റ് നാടന്‍ വിഭവങ്ങളും റജിയുടെ ഭാര്യയുടെ പാചകവൈദഗ്ധ്യം വിളിച്ചറിയിക്കും.

വേണ്ടതൊക്കെ വാങ്ങി കുളമാവ് സിറ്റി വഴി നെല്ലിക്കാപ്പാറയിലേക്ക്. ഇടുക്കി അങ്ങനെയാണ്. നാലു കടയും രണ്ട് റോഡുമുണ്ടെങ്കില്‍ 'സിറ്റി' ആയി.


Go to Pages »
1| 2 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/