ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ഭൂമിയ്ക്കടിയിലേക്ക്‌

വിവരണം: കെ വിശ്വനാഥ്, ഫോട്ടോ : എസ്.എല്‍. ആനന്ദ്‌

 
യാത്രയിലായിരുന്നു. ഹൈദരാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക്. പെട്ടെന്നൊരു ചിന്ത, ബേലം ഗുഹ കാണണം. ബേലത്തെ കുറിച്ച് കേട്ടറിവേയുള്ളൂ. ഭൂമിക്കടിയിലൂടെ മൂന്നു കിലോമീറ്ററിലധികം നീളുന്ന ഗുഹ. ഹൈദരാബാദ്-ബാംഗ്ലൂര്‍ ഹൈവേയില്‍ കൂര്‍ണൂറില്‍ നിന്ന് തിരിഞ്ഞ് നൂറ്റിപ്പത്ത് കിലോമീറ്റര്‍ പോയാല്‍ ബേലത്തെത്തുമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹൈദരാബാദ്-ബാംഗ്ലൂര്‍ ഹൈവേ ഫോര്‍മുല വണ്‍ ട്രാക്കു പോലെ കിടക്കുന്നു. ആറുവരിയില്‍ നോക്കെത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാത കാറിന്റെ സ്പീഡോമീറ്ററിനെ നമ്മളറിയാതെ തന്നെ മുന്നോട്ടു നയിക്കും. ഹൈദരാബാദില്‍ നിന്ന് 215 കിലോമീറ്റര്‍ പോന്നാല്‍ കുര്‍ണൂര്‍. അവിടെ നിന്ന് സ്‌റ്റേറ്റ് ഹൈവേയിലേക്ക് വണ്ടി തിരിച്ചു. ഗ്രാമങ്ങളിലൂടെയാണ് ഇനിയുള്ള യാത്ര. ഷോലെ സിനിമയില്‍ കണ്ടപോലുള്ള ഗ്രാമങ്ങള്‍. എല്ലാം ഈസ്റ്റ്മാന്‍ കളറിലാണ്. വരണ്ട മണ്ണിന്റെ ചാരവും ലാറ്ററൈറ്റ് കുന്നുകളുടെ ചുമപ്പും ഇടക്കെങ്ങാന്‍ കാണുന്ന പുളിമരങ്ങളുടെ വരണ്ട പച്ചയും...

35 കിലോമീറ്റര്‍ ചെന്നപ്പോള്‍ സിസിപ്പള്ളിയെന്ന ബോര്‍ഡ്. ചെറിയൊരു കവല. കൊടുംവെയിലത്ത് ഒരു ഇളനീര്‍ കച്ചവടക്കാരി, 40നുമേല്‍ പ്രായം തോന്നിക്കുന്ന, കടുംവര്‍ണത്തിലുള്ള ചേലയണിഞ്ഞ ശിവമ്മ. ഇളനീര്‍ കുടിച്ച് കാശു കൊടുത്തപ്പോള്‍ തിരിച്ചുതരാന്‍ ചില്ലറയില്ല. ഒരു ഇളനീര്‍ കൂടി തല ചെത്തിയെടുത്ത് നീട്ടി. വേണ്ട കാശ് വെച്ചോളൂ എന്നു പറഞ്ഞെങ്കിലും അവര്‍ പൊരുത്തപ്പെടുന്നില്ല. ഇളനീര്‍ വാങ്ങി ശിവമ്മക്കൊപ്പമുണ്ടായിരുന്ന മകള്‍ക്ക് കൊടുത്തു. അവളും മടിച്ചു നില്‍ക്കുന്നു. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങി, ഭംഗിയുള്ളൊരു ചിരി പകരം തന്നു.

സിസിപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞിരിക്കണം. വഴി വിജനമാണ്. കാര്യമായ ട്രാഫിക്കുമില്ല. വീതികുറഞ്ഞതല്ലാത്ത നല്ല റോഡ്. കാര്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടുകുതിക്കുന്നു. പെട്ടെന്നതാ കടും നിറമുള്ള ചേലയണിഞ്ഞ ഒരു സംഘം പെണ്ണുങ്ങള്‍ വഴി തടഞ്ഞുകൊണ്ടു മുന്നില്‍. കാര്‍ നിര്‍ത്തി. വനിതാ നക്‌സലുകളോ? ആദ്യം ചിന്തിച്ചത് അങ്ങിനെയാണ്. പക്ഷെ ഭയക്കാനില്ല. അവര്‍ കൈയ്യില്‍ ചിലമ്പുമായി പാട്ടുപാടി നൃത്തംവെക്കുന്നു. കൂട്ടത്തില്‍ പ്രായമായ സ്ത്രീയാണ് നേതാവ്. അവരുടെ കൈയ്യില്‍ ഹനുമാന്റെ ചില്ലിട്ട ഫോട്ടോ. തൊട്ടടുത്ത് ചെറിയൊരു മണ്ഡപവുമുണ്ട്. ഹനുമാന്റെ അമ്പലമാണത്രെ. സംഗതി സിംപിള്‍, പണംപിരിവാണ്. ഹോളിയാണെന്നാണ് അവര്‍ പറയുന്ന കാരണം. ഹോളിക്ക് ഇനിയുമില്ലേ മാസങ്ങള്‍? അത്തരം ചോദ്യങ്ങളൊന്നും വിലപ്പോവില്ല. പത്തു രൂപ കൊടുത്തപ്പോള്‍ സന്തോഷ സൂചകമായി നടുറോട്ടില്‍ ഒരു ഡാന്‍സ് ഷോ കൂടി. ഒരു കിലോമീറ്റര്‍ പോയപ്പോള്‍ മറ്റൊരു സംഘം കൂടി. അതേ നടപടികള്‍ ആവര്‍ത്തിക്കപ്പെട്ടു. ഞങ്ങളുടെ കാര്‍ കല്ലുവെച്ചാണ് തടഞ്ഞത്. അതിനിടയില്‍ ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സ് ഹോണ്‍ മുഴക്കിക്കൊണ്ടു വന്നു. രണ്ടു സ്ത്രീകള്‍ ഓടിചെന്ന് കല്ലുകള്‍ മാറ്റിക്കൊടുത്തു. എന്നിട്ടും ബസ് ഡ്രൈവര്‍ തലപുറത്തേക്കിട്ട് ഉച്ചത്തില്‍ എന്തോ പറഞ്ഞു, മുട്ടന്‍ തെറിയാണെന്ന് സ്ത്രീകളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തം. ഈ ഗ്രാമത്തിന്റെ പേര് ബേതം ചെര്‍ലയെന്നാണെന്ന് ഞങ്ങളെ യാത്രയാക്കും മുമ്പ് അവര്‍ പറഞ്ഞുതന്നു.

ഇപ്പോള്‍ യാത്ര ശിലായുഗത്തിലൂടെയാണ്. ചുറ്റും ഗ്രാനൈറ്റും കടപ്പയും ഇടിച്ചെടുക്കുന്ന കുന്നുകള്‍ മാത്രം. ഇടക്കെങ്ങാനും കാണുന്ന വീടുകള്‍ ഗ്രനൈറ്റ് കല്ലുകള്‍ അട്ടിയായി അടുക്കിവെച്ച് നിര്‍മിച്ചവയാണ്. ട്രാക്ടറുകളില്‍ ഗ്രാനൈറ്റ് ശിലകള്‍ കൂട്ടിവെച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോവുന്നു. യാത്രക്കും സാധനങ്ങള്‍ കൊണ്ടു പോവാനും ട്രാക്ടറുകളാണ്. ഇവരുടെ ദേശീയ വാഹനം ട്രാക്ടര്‍ തന്നെ. കാഴ്ച്ചകള്‍ കണ്ടും ഇടയ്ക്കു നിര്‍ത്തിയും യാത്ര നീളുകയാണ്. ഇനിയല്‍പ്പം വേഗത്തില്‍ പോയേ പറ്റൂ, കാരണം അഞ്ചര മണി വരെയാണ് ഗുഹാ സന്ദര്‍ശനത്തിനായി അനുവദിക്കപ്പെട്ട സമയം. ഗുഹയിലേക്ക് അടുക്കുമ്പോള്‍ പലയിടത്തും റോഡ് മോശമായി വരുന്നു. ട്രാക്ടറുകളുടെ കൂറ്റന്‍ ടയറുകള്‍ ഏല്‍പ്പിച്ച പ്രഹരമായിരിക്കണം. ദുര്‍ഘട പാതകള്‍ താണ്ടി ഔക്ക് റിസര്‍വോയിറിനരികിലെത്തി. ഗുഹയിലേക്ക് ഇനി ഏതാനും കിലോമിറ്ററേയുള്ളൂ.ബേലം ഗുഹയിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന കവാടം കടന്നാല്‍ കാണുന്നത് ധ്യാനമഗ്നനായ ഗൗതമന്റെ പ്രതിമയാണ്. ഇരുപത് അടി ഉയരമുള്ള പ്രതിമക്ക് മുന്നിലൂടെ പത്തിരുപത് മീറ്റര്‍ നടന്നാല്‍ ഗുഹയുടെ കവാടമായി. ഒരു കിണര്‍ പേലെ ഭൂമിക്കടിയിലേക്കുള്ള കവാടം. ഇറങ്ങാന്‍ പടികളും കൈവരികളും നിര്‍മിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഗുഹയുടെ സംരക്ഷണ ചുമതല. രാവിലെ പത്തു മണി മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ഗുഹാസന്ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.

പടികള്‍ ഇറങ്ങിച്ചെല്ലുന്നത് ഒരു ഹാള്‍ പോലെ വിശാലമായ ഇടത്തേക്കാണ്. ഈ ഹാളിനകത്ത് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനെ പ്രാര്‍ഥനാ മുറിയെന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബുദ്ധ, ജൈന സംന്യാസികളുടെ താമസ സ്ഥലമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. ഗുഹയില്‍ നിന്ന് ഈ സംന്യാസിമാരുടേത് എന്നു കരുതുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം ഇന്ന് അനന്ത്പൂരിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കയാണ്.

ഹാളില്‍ നിന്ന് മുന്നോട്ട് പോവുന്നത് വിസ്മയക്കാഴ്ച്ചകളിലേക്കാണ്. സന്ദര്‍ശകര്‍ക്ക് ആയാസരഹിതമായി നടന്നു പോവാനുള്ള ഉയരവും വീതിയും ഗുഹക്കുണ്ട്. ഗുഹക്കകത്ത് മനോഹരമായി ക്രമീകരിച്ച സോഡിയം ലൈറ്റുകള്‍ കാഴ്ച്ചകളുടെ ചാരുത വര്‍ധിപ്പിക്കുന്നു. പുറത്തു നിന്ന് ഗുഹയിലേക്ക് ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെ ഫാന്‍ ഉപയോഗിച്ച് ശക്തിയായ കാറ്റും കടത്തി വിടുന്നു. സന്ദര്‍ശകര്‍ക്കു വേണ്ടി ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഒരുക്കിയ ഈ സൗകര്യങ്ങളെ അഭിനന്ദിക്കാതെ വയ്യ. ഗുഹയുടെ ചുവരിലും മേല്‍ക്കൂരയിലും വിവിധ വര്‍ണങ്ങളിലുള്ള മനോഹര ചിത്രദൃശ്യങ്ങള്‍. ഈ ഗുഹയിലൂടെ ചരിത്രാതീത കാലത്ത് ഒഴുകിയിരുന്ന നദിയിലെ വെള്ളം വരച്ചിട്ട ചിത്രങ്ങളാണിതെന്നാണ് ഞങ്ങള്‍ക്കൊപ്പം വന്ന ഗൈഡ് ശ്രീനിവാസിന്റെ നിഗമനം. പക്ഷെ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. ഏറെ ശ്രദ്ധയോടെ പ്രതിഭാധനരായ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങളാണെന്നേ തോന്നൂ. നോക്കിനില്‍ക്കുമ്പോള്‍ ഈ പാറ്റേണുകളില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയുമെല്ലാം രൂപങ്ങള്‍ തെളിഞ്ഞുവരുന്നു. സര്‍ഗ്ഗവാസനയും പ്രതിഭാവിലാസവും തികഞ്ഞ വലിയൊരു കലാകാരന്‍ തന്നെ ഈ വിശ്വ പ്രകൃതി!

ഉള്ളിലേക്ക് പോവുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഗുഹ ഇടുങ്ങിവരുന്നു. തല കുനിച്ച് വിഷമിച്ചുവേണം അകത്തേക്കു കടക്കാന്‍. ചില ശാഖകള്‍ അവസാനിക്കുന്നിടത്ത് വെള്ളം കെട്ടിനില്‍ക്കുന്നു. ചിലയിടങ്ങളിലേക്ക് പോവാന്‍ വയ്യ, ഇഴഞ്ഞു നീങ്ങേണ്ടി വരും. ഇരുട്ട് കട്ടപിടിച്ചു കിടക്കുന്ന അത്തരം ഇടങ്ങളിലേക്ക് പോവാന്‍ അനുവാദവുമില്ല. ഈ ഗുഹക്ക് ആറായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കുമുണ്ടെന്നാണ് ചരിത്രകാര ന്മാര്‍ പറയുന്നു. ഇവിടെ നിന്ന് കുഴിച്ചെടുത്ത ചില കളിമണ്‍ പാത്രങ്ങള്‍ ബി സി 4500ലോ മറ്റോ നിര്‍മിച്ചതാണെന്നാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ നിഗമനം. 1884ല്‍ ബ്രിട്ടീഷുകാരനായ പര്യവേഷകന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ടെയാണ് ഈ ഗുഹയെ കുറിച്ച് ആദ്യമായി പുറംലോകത്തിന് അറിവുകൊടുത്തത്. എന്നാല്‍ കാല്‍നൂറ്റാണ്ടു മുമ്പുവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമായാണ് പരിസരവാസികള്‍ ഗുഹയെ കണ്ടത്. 1982ല്‍ ജര്‍മന്‍കാരനായ ആര്‍ക്കിയോളജിസ്റ്റ് ഹെര്‍ബര്‍ട്ട് ഡാനിയല്‍ ഗീബര്‍ ഗുഹക്കകത്ത് കയറി പര്യവേഷണം ആരംഭിച്ചതോടെയാണ് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍ പുറത്തുവന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുഹയെന്ന് അതോടെ ബോധ്യം വന്നു. ഈ ഗുഹയേയും അതില്‍ നിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങളേയും കുറിച്ച് ഇനിയുമേറെ പഠിക്കാനുണ്ടെന്ന് ആര്‍ക്കിയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു. 1988ല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇതിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 99ല്‍ ഗവണ്‍മെന്റ് 75 ലക്ഷം രൂപ ചിലവഴിച്ച് ഗുഹയില്‍ സന്ദര്‍ശകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. 2002 ഫിബ്രവരിയിലാണ് ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുത്ത് ഗുഹ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ഇന്ന് ദിനം പ്രതി ആയിരത്തിലധികം പേര്‍ ഇവിടെയെത്തുന്നു.ശ്രീനിവാസന്റെ സഹായത്തോടെ ഗുഹയുടെ ശാഖോപശാഖകള്‍ തോറും കയറിയിറങ്ങി തിരിച്ചു പുറത്തെത്തുമ്പോഴേക്കും ഇരുട്ടുപരക്കാന്‍ തുടങ്ങിയിരുന്നു. അഞ്ചരക്ക് ഗുഹാകവാടം അടക്കേണ്ടതാണ് പക്ഷെ ഞങ്ങളുടെ അപേക്ഷ ചെവിക്കൊണ്ട് കുറച്ചുകൂടി സമയം ശ്രീനിവാസ് അനുവദിച്ചു തന്നു. ഇനി പോകേണ്ടത് അനന്ത്പൂരിലേക്കാണ്. അവിടെവെച്ച് ബാംഗ്ലൂര്‍ ഹൈവേയില്‍ കയറാം. രാത്രിയാവുമ്പോഴേക്കും അനന്ത്പൂരിലെത്തണം. അതാണ് പദ്ധതി. പക്ഷെ അത്ര വേഗത്തില്‍ പോവാനും വയ്യ. റോഡ് ഇടുങ്ങിയതാണ്. ചോളപ്പുല്ലും ഗ്രനൈറ്റ് ശിലകളുമായി വരുന്ന ട്രാക്ടറുകള്‍ക്ക് കടന്നുപോവാന്‍ കാര്‍ ഇടക്കിടെ ഒതുക്കിയിടേണ്ടി വന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ വന്നതേയുള്ളൂ കാര്‍ ചതിച്ചു. നേരത്തെ കല്ലുകള്‍ വെച്ച് സ്ത്രീകള്‍ കാര്‍ തടഞ്ഞപ്പോള്‍ ഒരു കല്ലില്‍ കാര്യമായി ഒന്നിടിച്ചിരുന്നു. അതിന്റെ ആഘാതമാവും. വണ്ടി നിന്നത് ഒരു കൊച്ചുതെരുവിലാണ്. വര്‍ക്ക്ഷാപ്പ് പോയിട്ട് നല്ലൊരു മാടക്കട പോലുമില്ല. രാത്രി കാറില്‍ തന്നെ തങ്ങേണ്ടിവരും. വിശപ്പാണെങ്കില്‍ സഹിക്കാനുമാകുന്നില്ല. അടുത്തുള്ള വീട്ടില്‍ നിന്ന് ഓംലറ്റിന്റെ മണം. പതുക്കെ കയറി നോക്കി. ഒരു സ്ത്രീയും മകനും ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നു. രംഗമ്മയെന്നാണ് അവരുടെ പേര് ഭക്ഷണത്തിനായി അപേക്ഷിച്ചു. 'ശരി, പണം തന്നാല്‍ ഭക്ഷണം തയ്യാറാക്കി തരാം.' ചൂടോടെ പൊറാട്ടയും ഓംലെറ്റും, തനി മല്ലു സ്‌റ്റൈല്‍. വെറുതെയല്ല, രംഗമ്മയുടെ ഭര്‍ത്താവ് മലയാളിയാണ്...

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/