കോളം - എം.വി.ശ്രേയാംസ്‌കുമാര്‍

പ്രണയത്തിന്റെ താഴ്‌വരയില്‍

 


ലുഗാനോ: പ്രണത്തിന്റെ മൃദുസ്പര്‍ശം


ഓരോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മ്മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം. ഓരോ ചുവടിലും പിന്‍വിളികള്‍. ഓരോ നിമിഷവും ഓരോ കണ്ടെത്തലുകള്‍. ഓരോ യാത്രയും ഓരോ തിരിച്ചറിവുകള്‍.

ലുഗാനോവിലേക്കുള്ള യാത്രയില്‍ ഞാനത് അനുഭവിച്ചു. എന്നെ ഇത്രയേറെ കാല്‍പ്പനികനാക്കിയ ഒരു യാത്ര അടുത്തൊന്നും വേറെ ഉണ്ടായിട്ടില്ല. അനന്തമായി നീളുന്ന വഴിയുടെ ഓരോ തിരിവിലും പ്രേമത്തിന്റെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഒരു വീണ്ടെടുപ്പായിരുന്നു അത്. ഒന്നല്ല ഒന്നിലേറെ പ്രണയങ്ങളിലേക്കുള്ള പിന്‍മടക്കം. നിഷ്‌കളങ്കമായ ചില സന്തോഷങ്ങളുടെ ഒരു നിലവറ തുറക്കല്‍. എവിടെയോ കുഴിച്ചുമൂടിയ ഓര്‍മ്മകളുടെ മുത്തുകളും മയില്‍പ്പീലികളും വളപ്പൊട്ടുകളും പൊടുന്നനെ തിരിച്ചു കിട്ടിയതു പോലെ. ഹൃദയത്തില്‍ അടയാളപ്പെടുത്തി വെച്ചിട്ടുള്ള ചില സ്വകാര്യനിമിഷങ്ങള്‍ മറ്റൊരു ദേശത്തുവെച്ച്, മറ്റൊരു സമയത്ത്, മറ്റൊരവസരത്തില്‍ അവിചാരിതമായി നമ്മെ തേടിവരുന്നു!

ലുഗാനോ എനിക്കു തന്നത് വീണ്ടെടുപ്പിന്റെ അത്തരം ചില അനുഭവങ്ങളാണ്. വിലമതിക്കാനാവാത്ത ഒരു സൗഹൃദത്തിന്റെ സാമീപ്യം. നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ ചില ഓര്‍മകള്‍. പ്രണയതീക്ഷ്ണമായ യൗവനത്തിന്റെ ഒരു കാല്‍പ്പനിക നിമിഷം. യാത്രയുടെ സന്തോഷങ്ങള്‍ക്കു പുറമെ ആഴത്തിലുള്ള അനുഭവസ്പര്‍ശങ്ങള്‍ കൂടി ഉണ്ടാവുമ്പോഴാണല്ലോ യാത്ര അവിസ്മരണീയമാകുന്നത്.
****
ലുഗാനോ തടാകത്തിന്റെ വടക്കേ കരയില്‍, ചുറ്റും അതിരിടുന്ന മലനിരകളുടെ മടിയില്‍, ഒളിച്ചുപാര്‍ക്കുന്ന ഒരു കൊച്ചുപട്ടണമാണ് ലുഗാനോ. സുന്ദരമായ എല്ലാം ഒന്നിച്ചൊരിടത്തു ചേര്‍ന്നതു പോലെ ഒരു ഭൂപ്രദേശം. കമീലിയാസ് പൂക്കളുടെയും ലൊംബാര്‍ഡി സ്റ്റൈല്‍ സൗധങ്ങളുടെയും നഗരം. വാഹനത്തിരക്കില്ലാത്ത വീഥികളും കായലോരത്തെ ചുറ്റിപ്പോകുന്ന നടപ്പാതകളും മാനത്തിനു കുടപിടിക്കുന്ന മഞ്ഞുമലകളും വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയുമുള്ള, യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്ന്. മെഡിറ്ററേനിയന്‍ ശൈലിയിലുള്ള നഗരചത്വരങ്ങളും കമാനങ്ങള്‍ക്കു കീഴെയുള്ള അന്തിച്ചന്തകളും ഒരോ തിരിവിലുമുള്ള പൂന്തോട്ടങ്ങളും സദാ ചുറ്റിനടക്കുന്ന കായല്‍ക്കാറ്റും ഈ നഗരത്തിന് അന്യാദൃശമായ ഒരു ഗ്രാമീണസൗന്ദര്യം സമ്മാനിക്കുന്നു. ഒരു വശത്ത് അതിരിടുന്ന ആല്‍പ്‌സും മറുവശത്ത് കോട്ടകെട്ടുന്ന ഇറ്റാലിയന്‍ നഗരങ്ങളും ലുഗാനോവിനെ സഞ്ചാരികള്‍ക്കുള്ള ഇടത്താവളമാക്കുന്നു.

ഇറ്റലിയിലെ കോമോയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലുഗാനോ. അടുത്തടുത്ത്, ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന തടാകക്കരകളാണ് രണ്ടും. കാറ്റിന്റെ നൃത്തവും വെയിലിന്റെ പൂക്കളും കായല്‍ത്തിരകളുടെ സംഗീതവും മുന്തിരിത്തോട്ടങ്ങളും ഫിയോറാപ്പൂക്കളും മധുരനാരകങ്ങളും നിറഞ്ഞ ഭൂമിക. തടാകത്തിന്റെ ഇരുവശത്തുമുള്ള ഭംഗിയാര്‍ന്ന കുന്നുകളില്‍ സ്വര്‍ണ്ണക്കല്ലു പതിച്ച പോലെയുള്ള കെട്ടിടങ്ങള്‍ ഇവിടെയും കാണാം. ധനികരുടെ വേനല്‍ക്കാലവസതികളാണ്. ദൂരെ വെള്ളിത്തലേക്കെട്ടു കെട്ടിയ മലമുടികള്‍. ഈ സ്വിസ് താഴ്‌വരയ്ക്ക് കോമോയെ പോലെ തന്നെ ഒരു പ്രത്യേകതാളവും ലയവും ഉണ്ട്. വല്ലാത്തൊരു മാസ്മരികതയും. മേലേയും താഴേയും നിറയുന്ന നീലയുടെ അപാരതകള്‍ നമ്മെ വിശ്രാന്തിയുടെ ഒരു മൂഡിലെത്തിക്കും. ഒരു സ്വപ്‌നലോകത്തിലൂടെ അലസമായി പാറിനടക്കുന്നതു പോലെ നമുക്ക് എപ്പോഴും തോന്നും. മനസ്സിന്റെ കെട്ടുപാടൊക്കെ അഴിഞ്ഞ്, ഒരു കാല്‍പ്പനികഭാവത്തിലേക്ക് ഏതു യാത്രികനും നിമിഷങ്ങള്‍ കൊണ്ടു വീണുപോവും.

Go to Pages »
1| 2 | 3 |
TAGS:
LUGANO  |  SWITZERLAND  |  MEDITERRANEAN 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/