
ഹക്കകളുടെ വീട്ടില്‍...
Posted on: 26 Nov 2012
Text: Suresh Desham

എന്റെ കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില് ഒരു നാലുകെട്ടിന്റെ വാള്‍പേപ്പര്‍ ഉണ്ടായിരുന്നു. അതെന്റെ നാടിനോടുള്ള സ്നേഹമായിരുന്നു. അഭിമാനവുമായിരുന്നു. പ്രകൃതിയോടിണങ്ങി മഞ്ഞും മഴയും കണ്ട് നടുമുറ്റത്തെ കൂട്ടായ്മകളും കുന്നായ്മകള്‍ക്കും സാക്ഷ്യംവഹിച്ച് ജീവിച്ചുപോന്ന ഒരു തലമുറയെ കുറിച്ചുള്ള ഗൃഹാതുരത. ചിത്രം കണ്ട് ചൈനീസ് സുഹൃത്ത് ഹാന്പെങ് മിന് (വായില്കൊള്ളാത്തതുകൊണ്ട് ഞങ്ങള്‍ ലിയോ എന്നു വിളിക്കുന്നു.) ഇതെന്താണെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ വാചാലനായതും അതുകൊണ്ട് തന്നെ. പക്ഷെ അവനെന്റെ ആവേശമെല്ലാം കെടുത്തികളഞ്ഞു. ഇതിനെ വെല്ലുന്ന ഒരു സംഭവം ചൈനയിലുണ്ടെന്നാണ് അവന് പറഞ്ഞത്. പത്തുവര്‍ഷമായി ചൈനയില്‍ ജീവിച്ചുവരുന്നെങ്കിലും ഞാനങ്ങനെയൊരു കാര്യം കേട്ടിട്ടുണ്ടായിരുന്നില്ല. കുഴപ്പം ചൈനയുടേതല്ല, എന്റെയാണ്. ബിസിനസ് ജോലി തിരക്കുകള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധയില്പെടാത്തതില് എനിക്കൊരു കുറ്റബോധം തോന്നി. എന്നാലിതൊന്ന് കണ്ടിട്ടു തന്നെ കാര്യം എന്നും ഞാനുറച്ചു. ലിയോ തന്നെ യാത്ര ഏര്‍പ്പാടാക്കി. ബിസിനസിനായും അല്ലാതെയും ചൈനയില്‍ പലയാത്രകളും നടത്തിയിട്ടുണ്ടെങ്കിലും ഈ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.
വലിയൊരു പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. സുഹൃത്ത് ഞങ്ങള്‍ക്കുള്ള ടിക്കറ്റ് വാങ്ങി. കൂടെ ഒരു ഗൈഡിനേയും കൂട്ടി യാത്ര തുടര്‍ന്നു. വീണ്ടും നാല് കിലോമീറ്ററോളം യാത്രയുണ്ട് സ്ഥലത്തേക്ക്. വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ വഴികള്‍. മരങ്ങളും മുളകളും നിറഞ്ഞ പ്രദേശം. മലകളുടെ ഇടയില്‍ നിന്ന് ചെറിയരീതിയില്‍ വെള്ളം താഴേക്ക് ഒഴുകുന്നു. കാണാത്ത ചിലയിനം പക്ഷികള്‍. ഒരു ഉയര്‍ന്ന പ്രദേശത്ത് വണ്ടി നിര്‍ത്തി ഞാന്‍ താഴോട്ട് നോക്കി. താഴ്വരയില് വൃത്താകൃതിയിലും ചതുരാകൃതിയിലും ഉള്ള ഹക്ക ഹൗസുകള്‍. തുറന്നുവെച്ച ഉരുളികള്‍ പോലെ. കൊച്ചുകൊച്ചു കോട്ടകള്‍ പോലെ. ശരിക്കും ഒരു വിസ്മയലോകം. ഹക്കവീടുകളുടെ ചിമ്മിനിയിലൂടെ പുകയുയരുന്നുണ്ട്. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണവര്. ഗൈഡ് വിശദീകരിച്ചു..
പ്രവേശനത്തിനുള്ള ഏകകവാടത്തിലൂടെ അകത്തുചെല്ലുമ്പോള്‍ ഒരു വലിയ നടുമുറ്റവും അതില്‍ ഒരു കിണറും കാണാം. പുറംഭിത്തി മാത്രമേ മണ്ണുകൊണ്ടും കല്ലുകൊണ്ടും നിര്‍മ്മിച്ചിട്ടുള്ളു എന്നു തോന്നി. കാരണം അകത്ത് എല്ലാം മരങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണ രീതി ആണ്. വലിയ തൂണുകളും ഭിത്തികളും മേല്‍ക്കൂരകളും വാതിലും ജനലും ഗോവണിപ്പടികളും എല്ലാം പൂര്‍ണമായും മരത്തില്‍ ആണ്. വളരെ വീതി കൂടിയ പുറംഭിത്തി ശക്തിയായ കാറ്റ്, ഭൂചലനം, അതി ശീതശൈത്യ കാലാവസ്ഥ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിലുപരി, ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണവും നല്കുന്നു എന്ന് തത്വം.