
കാടിന്റെ കണ്ണ്
Posted on: 09 Nov 2012
Photos: T N A Perumal
ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫി എന്നാല്‍ ഒരു കാലത്ത് ടി എന്‍ എ പെരുമാള്‍ ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് അദ്ദേഹം നടത്തിയ കാനന യാത്രകളിലൂടെ...
പക്ഷികളുടെ ചിത്രങ്ങള്‍ എടുത്തുകൊണ്ടാണ് പെരുമാള്‍ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തേക്ക് വന്നത്. തമിഴ്നാട്ടുകാരായ മാതാപിതാക്കള്‍ ബാംഗ്ലൂരേക്ക് കുടിയേറി. പെരുമാള്‍ ബാംഗ്ലൂരിലാണ് ജനിച്ച് വളര്‍ന്നത്. അച്ഛന് ബിസിനസ്സുകാരനായിരുന്നു. അധ്യാപകനായ റവ. ഐ എല്‍ തോമസും ഒ.സി എഡ്വേര്‍ഡ്സും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ബന്നേര്‍ ഘട്ടിലെ സ്കൂള്‍ അങ്കണത്തില്‍ കൂട് കൂട്ടിയിരുന്ന വൈറ്റ് ഐയുടെ ചിത്രത്തിന്റെ പ്രിന്റ് നല്കിയപ്പോള് അധ്യാപകനായ എഡ്വേര്‍ഡ്സ് പറഞ്ഞു: കാട് സ്വര്‍ണഖനി പോലെയാണ്. വലിയൊരു ലോകം അത് തുറന്ന് തരും. ഗുരുവിന്റെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്ന അനുഭവമാണ് പെരുമാളിന്.
'എന്റെ ആദ്യത്തെ ക്യാമറ റോളി കോര്‍ഡ് (Rollei cord) ആയിരുന്നു. വില 200 രൂപ. അന്ന് അതൊരു വലിയ തുകയായിരുന്നു.'' പെരുമാള്‍ പറഞ്ഞു. ''ആദ്യ കാലത്ത് ഞാന്‍ ഒരു നായാട്ടുകാരനായിരുന്നു. മൃഗവേട്ടയില്‍ താത്പര്യം ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ പലരും വെടിയിറച്ചി രുചിച്ചിരുന്നു. ക്രമേണ ഞാന്‍ തോക്ക് ഉപേക്ഷിച്ചു. കയ്യില്‍ ക്യാമറയേന്തി. പ്രകൃതിയെ സ്നേഹിച്ചപ്പോളാണ് മാറ്റം ഉണ്ടായത്. ക്യാമറ ജീവിത വികാരമായി മാറി.''
കാലം കഴിഞ്ഞപ്പോള്‍ വന്യജീവി ഫോട്ടോഗ്രാഫിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ക്യാമറകളുടെ ഭാവവും രൂപവും മാറി. കളര്‍ ചിത്രങ്ങളുടെ അച്ചടിയോടെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സൗന്ദര്യം കൂടി. പുതിയ സൗന്ദര്യാവബോധത്തിന്റെ സംസ്ക്കാരം പിറവിയെടുത്തു. ക്യാമറകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങി. വന്യമൃഗങ്ങള്‍ മനുഷ്യരുമായി ഇണങ്ങിയോ എന്നും പെരുമാളിനു സംശയം. മുന്‍പ് ചിന്നം വിളിച്ച് ആളുകളെ ഭയപ്പെടുത്തിയ കാട്ടാനകള്‍ വാഹനങ്ങള്‍ കണ്ടാല്‍ ഒതുങ്ങി നിന്നു കൊടുക്കുന്നു.. വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ പെരുമാള്‍ വിവരിച്ചു. 