തീം ടൂറിസം - അഡ്‌വെഞ്ചര്‍

കാട്ടിലെ പെണ്‍കുട്ടി

Text:R L Harilal / Photos: N M Pradeep

 


നഗരസൗകര്യങ്ങള്‍ അഴിച്ചുവെച്ച് ജീവതം കാടിനായി സമര്‍പ്പിച്ച പെണ്‍കുട്ടി. വനിത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയുടെ വിശേഷങ്ങള്‍

രാത്രി ഇരുണ്ടാല്‍ വസുധയുടെ ഹണ്ടിങ്ങ് ലോഡ്ജിന്റെ മുറ്റത്ത് ചില സന്ദര്‍ശകരെത്തും. കരടിക്കുട്ടന്‍മാര്‍, കാട്ടുപോത്തുകള്‍, പന്നികള്‍, പുളളിപ്പുലി. മുറ്റത്ത് ഒരുക്കിയ ചെറിയ കുളത്തിലെ വെള്ളം കുടിക്കാനെത്തുന്ന അതിഥികള്‍. ആനകളാണ് സ്ഥിര സന്ദര്‍ശകര്‍. കൂട്ടത്തില്‍ ഒരു വലിയ കൊമ്പനുണ്ട്. മര്യാദരാമന്‍. വെളളം കുടിച്ചു, കുറച്ചു നേരം കറങ്ങി, ചെറിയ മൂളലുകളാല്‍ തന്റെ സാന്നിധ്യമറിയിച്ച് അവന്‍ പതിയെ സ്ഥലം വിടും. സാധു എന്നാണവന് പേരിട്ടിരിക്കുന്നത്. സാധു വന്നാല്‍ സുല്‍ത്താന്‍ നിശ്ശബ്ദനാവും. കുരച്ച് ബഹളമുണ്ടാക്കി അവനെ ശല്ല്യപ്പെടുത്തരുതെന്ന് വസുധ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്. കാട്ടിലെ വീട്ടില്‍ വസുധയുടെ കൂട്ടായ റോട്ട്‌വീലറാണ് സുല്‍ത്താന്‍. പകല്‍ നേരങ്ങളില്‍ കാട്ടിലും മേട്ടിലും അവന്‍ നിഴലായി കൂടെത്തെന്നെയുണ്ടാവും.

വസുധ ചക്രവര്‍ത്തി സ്വയം തിരഞ്ഞെടുത്തതാണ് കാട്ടിലെ ഈ ഏകാന്തവാസം. കാടുമായി ഇഴുകിച്ചേര്‍ന്ന രാജ്യത്തെ ഏക വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍. മാണ്ഡ്യയിലെ അയ്യങ്കാര്‍ കുടുംബത്തില്‍ നിന്നും വന്ന വസുധക്ക് കാട് സ്വന്തം വീടു തന്നെയാണ്. ഫോട്ടോഗ്രാഫി ആവേശവും. വമ്പന്‍ കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഇട്ടെറിഞ്ഞ് തീര്‍ത്തും പരിമിതമായ ജീവിത സൗകര്യങ്ങളിലേക്ക്, കൂട്ടില്ലാതെ, കാടിന്റെ തുടിപ്പുകള്‍ അനുഭവിക്കാന്‍ വേണ്ടി മാത്രം നീലഗിരിയിലേക്കു ചേക്കേറിയ യുവതി. ഊട്ടിയില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള കല്ലട്ടി കുന്നില്‍, മൂന്നൂറേക്കറില്‍ പരന്നു കിടക്കുന്ന സോഫിയ എസ്‌റ്റേറ്റിലെ ബംഗ്ലാവിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി വസുധ താമസിക്കുന്നത്. കല്ലും മരവും കൊണ്ടുള്ള ഈ ഹണ്ടിങ്ങ് ലോഡ്ജ് നൂറ്റിയെണ്‍പത് വര്‍ഷം മുമ്പ് ഐറിഷുകാര്‍ ഉണ്ടാക്കിയതാണ്. പഴയ നിര്‍മ്മിതിക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. താഴെയുള്ള കുതിരലായങ്ങള്‍ മുറികളായി മാറി എന്നു മാത്രം.

മൈസൂര്‍ ഊട്ടി റോഡില്‍ നിന്നും ഏഴു കിലോമീറ്റര്‍ ഉള്ളോട്ടു പോയാല്‍ ഷോളൂര്‍ അങ്ങാടിയായി. അവിടെ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചാരം. മലയുടെ മാറില്‍, വഴിയെന്നു കഷ്ടിച്ചു വിളിക്കാവുന്ന കാട്ടു പാതയിലൂടെ വളഞ്ഞും ചുറ്റിയും സഞ്ചരിച്ചാല്‍ സോഫിയ എസ്‌സ്റ്റേറ്റിലെ കൂറ്റന്‍ ഗേറ്റിനു മുന്നിലെത്താം. ഗേറ്റു കടന്നു നടന്ന് കുറച്ചിട കഴിഞ്ഞപ്പോള്‍ അപരിചിതരെ വിറപ്പിക്കുന്ന കുര ഉയര്‍ന്നു. അറ്റന്‍ഷനില്‍ നിന്നു പോയ ഞങ്ങളെ ചിരിച്ചു കോണ്ട് വസുധ തന്റെ തട്ടകത്തിലേക്കു ക്ഷണിച്ചു. വന്നോളൂ, അവനെ ഞാന്‍ കെട്ടിയിട്ടിട്ടുണ്ട്. തുടലിലമര്‍ന്ന് ചുരമാന്തിനില്‍ക്കുന്ന ഒരു കറുത്ത കൂറ്റന്‍ റോട്ട്‌വീലര്‍. ഒരു പുലിയെയൊക്കെ അവന് ഒറ്റക്ക് നേരിടാനാകുമെന്നുറപ്പ്. ബംഗ്ലാവിന്റെ ചുമരില്‍, നെയിംബോര്‍ഡിനോടു ചേര്‍ത്ത് തൂക്കിയിട്ട ബോക്‌സിങ്ങ് ഗ്ലൗ കൂടി കണ്ടപ്പോള്‍ താമസക്കാര്‍ അത്ര മോശക്കാരല്ല എന്നു മനസ്സിലായി. ''കിക്ക് ബോക്‌സിങ്ങ് പ്രാക്റ്റിസ് നല്ല സ്റ്റാമിന തരും. വേഗതയും.'' ബ്ലാക്ക് ബെല്‍റ്റ് നേടിയ അഞ്ചടിക്കാരിക്കാരിയായ പെണ്‍കുട്ടി പൂച്ചക്കണ്ണ് വിടര്‍ത്തി ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.
Go to Pages »
1| 2 | 3 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/