
Focusing Modes
Posted on: 08 Oct 2012
ഓട്ടോഫോക്കസിന്റെ പ്രായം മുപ്പതിനോടടുക്കുന്നു. 1985ല്‍ മിനോള്‍ട്ട കമ്പനിയാണ് ഓട്ടോഫോക്കസുള്ള എസ് എല്‍ ആര്‍ ക്യാമറ ആദ്യമായി വിപണിയില്‍ എത്തിക്കുന്നത് (Minolta Maxxum 7000 ). ആദ്യകാലങ്ങളില്‍ ഓട്ടോഫോക്കസ് ചിത്രങ്ങള്‍ പ്രവചനങ്ങള്‍ക്ക് അതീതമായിരുന്നു, എങ്ങനെയാവുമെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല. ചിത്രങ്ങള്‍ക്ക് നല്ല റിസള്‍ട്ടും കിട്ടിയിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ ഓട്ടോഫോക്കസില്‍ നിന്ന് അകന്നു നിന്നു. വിശ്വാസ്യത ഒട്ടും ചോരാത്ത മാനുവല്‍ ഫോക്കസിനെയാണ് അവര്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓട്ടോഫോക്കസില്‍ വലിയ സാങ്കേതിക വിപ്ലവങ്ങള്‍ നടന്നു വരികയാണ്. ഓട്ടോഫോക്കസ് ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ക്ലാസ്സില്‍ നാം ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത് ഓട്ടോഫോക്കസിനെക്കുറിച്ചാണ്. പക്ഷെ അതിനു മുന്‍പായി എക്കാലവും വിശ്വസ്തനായിരിക്കുന്ന മാനുവല്‍ഫോക്കസിനെയൊന്നു പരിചയപ്പെടാം.
സബ്ജക്ട് ഫോക്കസില്‍ വരുന്നതു വരെ ഫോക്കസിങ് റിങ് തിരിക്കുകയാണ് മാനുവല്‍ ഫോക്കസില്‍ ഒരു ഫോട്ടോഗ്രാഫര്‍ ചെയ്യുന്നത്. പഴയ മാനുവല്‍ ഫോക്കസ് ലെന്‍സുകളിലും ചില ഓട്ടോഫോക്കസ് ലെന്‍സുകളിലും ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധച്ചിട്ടുണ്ടോ? മിക്കവരും ഈ സൗകര്യം ഉപയോഗിച്ച് സബ്ജക്ടിനെ ഫോക്കസില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന്, ക്യാമറയില്‍ നിന്ന് മൂന്നടി ദൂരെയാണ് സബ്ജക്ട് എങ്കില്‍ ഫോക്കസിങ് റിങ് 3 feet എന്ന് രേഖപ്പെടുത്തിയിരിക്കുന്നിടത്തേക്ക് തിരിച്ചാണ് ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കുക. മാനുവല്‍ ഫോക്കസിലുള്ള പ്രധാന പ്രശ്‌നം ഫോക്കസിങ്ങില്‍ നിങ്ങള്‍ കണിശമായ കൃത്യത പാലിക്കണം എന്നതാണ്. ഫോട്ടോഗ്രാഫറുടെ കാഴ്ച്ച ശക്തിയും സബ്ജക്ടുമായുള്ള ദൂരം മനസ്സില്‍ അളന്നുള്ള പരിചയസമ്പന്നതയും ഇവിടെ പ്രശ്‌നമായി വരും. ഫോക്കസിലാണ് സബ്ജക്ട് എന്ന് നാം കരുതുന്നവ പലപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കും. 




