
നാലമ്പലങ്ങളിലൂടെ....
Posted on: 20 Jul 2012
Text: G Jyothilal / Photos: Madhuraj


പുലര്‍ച്ചെ മൂന്നുമണിക്ക് വെടിയൊച്ച കേട്ടാണ് ഉണര്‍ന്നത്. തൃപ്രയാര്‍ തേവര് ഉറക്കമുണര്‍ന്നു. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനിയും കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങി. നാലുമണിക്കു തന്നെ നട തുറന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തില്‍ ഹനുമല്‍ സങ്കല്പത്തില് തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. ദീപാലംകൃതമായ തിരുനടയില്‍ നിര്‍മ്മാല്യം തൊഴാനെത്തിയ ഭക്തജനങ്ങളുടെ നിര്‍വൃതി പൂണ്ട മുഖങ്ങള്‍. ഹരേരാമ ജപത്തോടെ പ്രദക്ഷിണം വെയ്ക്കുന്നവര്‍.
അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വ്വലോകനാഥനും സര്‍വ്വരോഗ നിവാരണനും സര്‍വ്വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് യാത്രയാവാം.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്കാരിക കേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്ഥത്തില് ഗംഗാ യമുന സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.
വനവാസത്തിനുപോയ ശ്രീരാമന് മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.
ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.