Madhuraj
കാല്‍നൂറ്റാണ്ടായി ക്യാമറയെ സന്തതസഹചാരിയാക്കിയ മധുരാജ്, മാതൃഭൂമിയിലെ ചീഫ് ഫോട്ടോഗ്രാഫറാണ്. വാര്‍ത്താ ചിത്രങ്ങളുടെ ലോകത്ത് തന്റെതായ സ്ഥാനം പകുത്തെടുത്ത മധുരാജിന്റെ ചിത്രങ്ങളിലൂടെയാണ് എന്‍ഡോസള്‍ഫാന്റെ ഭയാനകമായ മുഖം ജനമറിഞ്ഞത്. വാര്‍ത്താ ചിത്രങ്ങളില്‍ നിന്നും മാറി യാത്രാ ചിത്രങ്ങളുടെ വഴിയെ സഞ്ചരിക്കുകയാണ് അദ്ദേഹമിവിടെ. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി, ചിത്രങ്ങള്‍ക്ക് തത്വചിന്താപരമായ സമീപനം നല്‍കുന്നതാണ് മധുരാജിന്റെ രീതി. ട്രാവല്‍ ഫോട്ടോഗ്രാഫിയുടെ വിഭിന്നമായ ഏടുകളാണ് അദ്ദേഹത്തില്‍ നിന്നും പഠിക്കാനുള്ളത്...

'കേട്ടതോ മധുരം, കേള്‍ക്കാത്തതോ മധുരതരം' എന്ന കവിവചനം പോലെ യാത്രചെയ്യുമ്പോഴല്ല, ഓര്‍മ്മകളിലുള്ള യാത്രകളാണ് എനിക്കേറെ ഹൃദ്യം. പരിചിതവും അപരിചിതവുമായ കാഴ്ച്ചകളിലേക്കും ഗന്ധങ്ങളിലേക്കുമുള്ള യാത്രകള്‍....ഓര്‍മ്മയില്‍ വെള്ളിത്തിരയിലെന്ന പോലെ പിന്നീടവ കടന്നുവരും. യാത്രകളിലെ ഇന്ദ്രിയാനുഭവങ്ങളോടുള്ള പ്രതികരണമാകുന്നു ഇവിടെ ഫോട്ടോഗ്രാഫി. അനാദിയായ കാലപ്രവാഹത്തില്‍ അലിഞ്ഞില്ലാതാകുന്ന സമയത്തിന്റെ, അനുഭവത്തിന്റെ പരമാണുക്കള്‍ ക്യാമറയിലൂടെ ഹൃദിസ്ഥമാകുന്നു. കാഴ്ച്ചയുടെ കേവല കൗതുകങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ സത്യവും സൗന്ദര്യവും തേടാന്‍ ക്യാമറ ഇവിടെ ഉപാധിയാകുന്നു. നിഴലും വെളിച്ചവും വര്‍ണങ്ങളും അതിലലഞ്ഞു ചേരുന്നു.

Visit Madhuraj's Website
Ajith Aravind
പ്രകൃതിയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫറാണ് അജിത് അരവിന്ദ്. ലോകമെങ്ങും സഞ്ചരിക്കുകയും പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുള്ള നിശ്ചലഛായാഗ്രാഹകന്‍. ഫോട്ടോഗ്രാഫി രംഗത്തെ തന്റെ അറിവും അനുഭവവും അജിത് വായനക്കാരുമായി പങ്കുവെക്കുന്നു

'ഈ ഭൂമി നമ്മുടെ മുന്‍ഗാമികളില്‍ നിന്ന് നമുക്ക് ലഭിച്ച അവകാശമല്ല, വരും തലമുറകളില്‍ നിന്ന് കടംകൊണ്ടതാണ്.' പ്രകൃതിയിലേക്ക് ക്യാമറയുമായി ഇറങ്ങും മുമ്പ് ഇതോര്‍ക്കുക.
ഫോട്ടോഗ്രാഫി എന്നെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. അതില്‍ ആദ്യത്തെ പാഠം, എങ്ങിനെ 'കാണണം' എന്നതാണ്. എങ്ങിനെ 'നോക്കണം' എന്നല്ല ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപാഠം. എങ്ങിനെ നമുക്കു ചുറ്റുമുള്ള സൗന്ദര്യത്തെ അനുഭവിക്കണം, ദൈവത്തിന്റെ സര്‍ഗസൃഷ്ടിവൈഭവത്തെ എങ്ങിനെ ആസ്വദിക്കണം, വെളിച്ചത്തെ എങ്ങിനെ നോക്കിക്കാണണം, തിരിച്ചറിയണം തുടങ്ങി വേറെയും ഒട്ടേറെ കാര്യങ്ങള്‍ ഫോട്ടോഗ്രാഫിയാണ് എന്നെ പഠിപ്പിച്ചത്. ഞാനിപ്പോഴും അതു പഠിച്ചുകൊണ്ടേയിരിക്കുകയാണ്. പഠനം അവസാനിക്കുകയില്ല. ജീവിതം നിറപ്പകിട്ടുള്ളതാണെന്നു ഫോട്ടോഗ്രാഫി എന്നോട് പറഞ്ഞുകഴിഞ്ഞു!

Visit Ajith Aravind's Website
B Muralikrishnan
ലെന്‍സ് തുറന്നടയുമ്പോള്‍ പതിയുന്ന ചിത്രത്തില്‍ തന്റെതായ ഒരു 'ടച്ച്' ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീകൃഷ്ണന്‍. ബാല്യകാലം മുതല്‍ മുത്തുശ്ശന്റെ ഫോട്ടോസ്റ്റുഡിയോ കണ്ട് വളര്‍ന്ന അദ്ദേഹം, മാതൃഭൂമിയിലെത്തിയ ശേഷമാണ് ഫോട്ടോഗ്രാഫിയെ ഗൗരവമായെടുക്കുന്നത്. ഫോട്ടോഗ്രാഫി രംഗത്ത് വാങ്മായ വാര്‍ത്താ ചിത്രങ്ങളിലൂടെ തന്റേതായ ഒരിടം മുരളി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി മാതൃഭൂമിയിലുള്ള മുരളി ഇപ്പോള്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലാണ്. ഇന്ത്യന്‍ ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ബെറ്റര്‍ ഫോട്ടോഗ്രാഫിയുടെ ബെസ്റ്റ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌ക്കാരം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌ക്കാരം, ഫോട്ടോ ജേണലിസ്റ്റ് പുരസ്‌ക്കാരം എന്നിവ ഇതിനോടകം മുരളീകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. ട്രാവല്‍ ഫോട്ടോഗ്രാഫിയെ ഏറെ സ്‌നേഹിക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ക്ക് ഒരു ഭൂപ്രദേശത്തിന്റെ തനതായ ഭാവങ്ങള്‍ പകര്‍ത്താനാണ് താത്പര്യം. ചിത്രമെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഫ്രേയ്മിലും പിന്നെ ലൈറ്റിങ്ങിലുമാണ്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികാസത്തോടെ ഫോട്ടോഗ്രാഫി എല്ലാവര്‍ക്കും പ്രാപ്യമായ ഒരു കലയായി മാറിയ കാലഘട്ടമാണിത്. അതു കൊണ്ട് തന്നെ കാഴ്ച്ചകള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി എങ്ങനെയാണ് പകര്‍ത്തുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ വെല്ലുവിളി. ഈ ഒരു കാഴ്ച്ചപ്പാടോടെയാകണം ഫോട്ടോഗ്രാഫിയെ സമീപിക്കേണ്ടത്. വളരെ ക്രീയേറ്റീവ് ആയ ഒരു മനസ്സും സൂക്ഷ്മമായ ഒരു നിരീക്ഷണവുമുണ്ടെങ്കില്‍ ഓരോ ഫ്രെയിമിലും നമ്മുടേതായ കയ്യൊപ്പ് പതിപ്പിക്കുവാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം.
P Jayesh
ജയേഷിന്റെ ക്യാമറക്കണ്ണുകള്‍ ഇമചിമ്മാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. സെനിത്, മിനോള്‍ട്ട എന്നീ ഫിലിം ക്യാമറകളിലാണ് തുടക്കം. ഫ്രീലാന്‍സായിരുന്നു ആദ്യം പിന്നീട് ന്യൂസ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 2009ലാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നത്. ഇപ്പോള്‍ കോഴിക്കോട് ജോലിചെയ്യുന്നു. ദൃശ്യങ്ങള്‍ ഫ്രേയിമിലേക്ക് പകര്‍ത്തുമ്പോള്‍ അതിന്റെ സ്വഭാവികത നിലനിര്‍ത്താനാണ് ജയേഷ് ശ്രമിക്കാറുള്ളത്. എപ്പോഴും വ്യത്യസ്തമായ ആങ്കിളുകള്‍ തിരയുന്ന ഫോട്ടോഗ്രാഫറുടെ അനുഭവങ്ങളില്‍ നിന്ന്...

ആര്‍ക്കും പിടികൊടുക്കാതെ ഓടിപ്പോകുന്ന സമയത്തെ...കാലത്തിനെ ഒരു നിമിഷം പിടിച്ചുനിര്‍ത്തലാണ് ഫോട്ടോഗ്രാഫി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിത്രം കാണുമ്പോള്‍ ഉള്ളിലുയരുന്ന, കടന്നുപോയ കാലത്തിന്റെ നില്‍പ്പ്...സ്മൃതിയില്‍ പുനര്‍ജനിക്കും...ഇങ്ങനെ എത്രയെത്ര പുനര്‍ജ്ജനികള്‍...ഓരോ ദിനവും കടന്നു പോവുന്നത് അനേകായിരം ചിത്രങ്ങള്‍ ബാക്കിവെച്ചു കൊണ്ടാണ്..അതിലൊന്നെങ്കിലും നമുക്ക് ക്യാമറയിലാക്കാന്‍ കഴിയുമ്പോഴുള്ള സുഖം തന്നെയാണ് പിന്നീടത് കാണുന്നവന്റെ മനസ്സിലും ഉണ്ടാവുന്നത്. ഇങ്ങനെ പകര്‍ന്നു നല്‍കാന്‍ സാധിക്കലാണ് ഫോട്ടോഗ്രാഫിയുടെ മഹത്വം.
Photo Safari
ഫോട്ടോഗ്രാഫി പഠനമെന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയാണ്. ഡിജിറ്റല്‍ യുഗത്തില്‍ ക്യാമറയില്ലാത്തവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ ചിത്രമെടുക്കുകയെന്നത് ഒരു തപസ്യയാണ്. അതിന്റെ ഉള്ളറകള്‍ അറിയുകയെന്നത് അല്‍പ്പം ശ്രമകരവും. വായനക്കാര്‍ക്ക് സഹായകരമാകും വിധമുള്ള ഫോട്ടോഗ്രാഫി പഠന യാത്രകളാണിവിടെ. ചിത്രരഹസ്യങ്ങള്‍ തേടിയുള്ള യാത്രകള്‍...