വാനോളം പ്രതീക്ഷകളുമായി  ഒരു യാത്ര, അതായിരുന്നു റുവാണ്‍ഡ എന്ന 'ആഫ്രിക്കയിലെ സിങ്കപ്പൂരിലേക്കുള്ള ' യാത്ര.  തലസ്ഥാനമായ കിഗാളിയാണ് അവിടുത്തെ വലിയ നഗരം. അവിടെയാണ് ചെന്നിറങ്ങിയത്. അവിടുന്ന് കിനിഗിയിലേക്ക് 110 കിലോമീറ്റര്‍ ദൂരമുണ്ടെന്നു ഡ്രൈവര്‍ മൈക്ക് പറഞ്ഞറിഞ്ഞു. പോകുന്ന വഴിയില്‍ റുവാണ്‍ഡയെക്കുറിച്ച് മൈക്കില്‍ നിന്ന്  ഒരുപാട് വിവരങ്ങള്‍  മനസ്സിലാക്കാന്‍ കഴിഞ്ഞു, വഴിയിലെ കാഴ്ചകളും അവന്‍ പറഞ്ഞ കഥകളെ സഹായിച്ചെന്നു പറയാം. റുവാണ്‍ഡയെ ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുന്നത് 'ലാന്‍ഡ് ഓഫ് തൗസന്റ്  ഹില്‍സ്' എന്നാണ്.  ആയിരം പര്‍വതങ്ങളുള്ള നാട്. ആ ചൊല്ലിനെ ശരിവെക്കുന്നതാണ് വഴിനീളെയുള്ള കാഴ്ചകള്‍.  ആ മലകളിലൊന്നും കൃഷി ചെയ്യാത്ത ഒരു തുണ്ട് ഭൂമിപോലുമില്ല. 

King Kong

മോട്ടോര്‍വാഹനങ്ങള്‍ ഏറ്റവും പതിയെ ഓടിക്കുന്ന സ്ഥലമാണ് റുവാണ്‍ഡ. പലയിടത്തും 30-40 കിലോമീറ്റര്‍ ആണ് അനുവദിച്ചിരിക്കുന്ന വേഗം.  നടപ്പിലാക്കാന്‍ ചെറിയ ദൂരവ്യത്യാസത്തില്‍ റഡാര്‍ പിടിച്ച പോലീസുകാരും. ഡ്രൈവര്‍മാര്‍ തമ്മില്‍ എന്തൊക്കെയോ അടയാളങ്ങള്‍ കാണിക്കുന്നത് കണ്ട് ഞാന്‍ മൈക്കിനോട്  കാര്യം തിരക്കി.  വഴിയില്‍ പോലീസുണ്ട്, അല്ലെങ്കില്‍ ഇല്ല എന്ന് കാണിക്കുന്ന അടയാളങ്ങളാണെന്ന് മൈക്കിന്റെ മറുപടി. രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം കിനിഗിയില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. നല്ല മഞ്ഞുണ്ടായിരുന്നു വഴിനീളെ. വീട്ടില്‍ എത്താന്‍ ധൃതിപിടിച്ചോടുന്ന നാട്ടുകാരായിരുന്നു വഴിയിലെങ്ങും. ആ ഇരുട്ടത്തും ആരുടെ കൈയിലും വെളിച്ചം ഉണ്ടായിരുന്നില്ലെന്നത് (വഴിവിളക്കുകളും) എന്നെ അതിശയിപ്പിച്ചു. സ്ഥിരം നടക്കുന്ന വഴികളായതുകൊണ്ടാകം. അവസാനം താമസിക്കാന്‍ നിശ്ചയിച്ചിരുന്ന കിനിഗി ഗസ്റ്റ്ഹൗസില്‍ എത്തിച്ചേര്‍ന്നു. 

 


 പുലര്‍ച്ചെ ഒരുമണി, രണ്ടുമണി, മൂന്നുമണി  എല്ലാം കണ്ടശേഷം നാലു മണിക്ക് ഉറക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫാനും എ.സി.യും ഇല്ലാത്ത റൂമില്‍ ആ സമയത്തെ തണുപ്പ് പത്ത്  ഡിഗ്രി ആയിരുന്നു. ആടയാഭരണവിഭൂഷിതനായി കൃത്യം ആറുമണിക്ക് റിസപ്ഷന് മുന്നിലെത്തി. ഒരു പട്ടിക്കുഞ്ഞിനെപ്പോലും അവിടെയെങ്ങും കാണാനില്ലായിരുന്നു. പത്തുപതിനഞ്ച് മിനുട്ടിനുശേഷം പതിയെ വെളിച്ചം വന്നുതുടങ്ങി, കൂടെ കുറെ കിളികളും. ആറരമണിക്കുശേഷം മാനേജര്‍ എത്തി, ചായ തരാമെന്ന് പറഞ്ഞു. എലി പുന്നെല്ലു കണ്ടതുപോലുള്ളൊരു ചിരി അയാള്‍ അപ്പോള്‍ കണ്ടിരിക്കണം. ചായ കുടിച്ച് രണ്ടു കഷണം ബ്രെഡും തിന്നശേഷം കാറിനടുത്തേക്ക്. ഡ്രൈവര്‍ മൈക്ക് ഒരു ചെറുപുഞ്ചിരിയുമായി അവിടെ സന്നിഹിതനായിരുന്നു. 
 
King Kongഏഴുമണിക്ക് മുന്പായി വോള്‍കാനോസ് നാഷണല്‍ പാര്‍ക്കിന്റെ ഹെഡ് ഓഫീസിലെത്തി.  ഞാനായിരുന്നു ആദ്യം എന്ന് പ്രത്യേകം പറയണ്ടല്ലോ. എനിക്ക് ശേഷം അവിടെ എത്തിയത് ഫിദല്‍ എന്ന ഗൈഡ് ആയിരുന്നു. റുവാണ്‍ഡയില്‍ മൊത്തം ഇരുപതുകൂട്ടം ഗൊറില്ലകളാണ് ഉള്ളത്. അതില്‍ പത്തുകൂട്ടം ഗവഷണത്തിനുള്ളതാണ്. ബാക്കി ടൂറിസം മേഖലയിലും. ഇതില്‍ ഏറ്റവും പേരുകേട്ടതും കൂടുതല്‍ അംഗങ്ങളുള്ളതും ഏറ്റവും ഉയരത്തില്‍ കാണപ്പെടുന്നതുമായ 'സൂസ' എന്ന കൂട്ടത്തെ കാണണമെന്നാണ് ആഗ്രഹം. ഒരു ദിവസം ആകെ 80 പേരെയാണ് ട്രക്കിങ്ങിന് അനുവദിക്കുക, അതായത് ഓരോ കൂട്ടത്തിനെ കാണാനും പരമാവധി എട്ടുപേര്‍. ഓരോ ദിവസത്തെയും പെര്‍മിറ്റുകളില്‍നിന്ന്  ആരൊക്കെ ഏതൊക്കെ ഗൊറില്ലക്കൂട്ടത്തിന്റെ അടുത്ത് പോകും എന്ന്  വനം വകുപ്പ് അധികൃതരാണ് തീരുമാനിക്കുന്നത്. ചില കൂട്ടങ്ങളെ  അരമണിക്കൂര്‍ നടത്തത്തിനുശേഷം കാണാന്‍ സാധിക്കുമ്പോള്‍ സൂസപോലുള്ള കൂട്ടങ്ങളെ കാണാന്‍ അഞ്ചുമുതല്‍ ഏഴുമണിക്കൂര്‍വരെ നടക്കേണ്ടതായി വരും. കുറച്ചുസമയം എന്റെ കരച്ചില്‍ കേട്ട ഫിദെല്‍ അണ്ണന്‍ പറഞ്ഞു, അവനല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവന്റെ മുകളിലുള്ള ആളാണെന്ന്. അങ്ങനെ ഫ്രാന്‍സുവ എന്ന ആളിന്റെ പിറകെ നടപ്പായി. പുള്ളി അടുക്കുന്ന ലക്ഷണം കാണുന്നില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ സര്‍ക്കാര്‍ ഓഫീസിലുള്ളവരുടെ ജാഡയൊന്നുമില്ല അവര്‍ക്ക്. എന്റെ വിഷമം കണ്ടിട്ടാവണം നല്ലവനായ ഡ്രൈവര്‍ ഇടപെട്ടു.  അവന്‍ അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് അയാളുടെ പിറകെ നടപ്പ് തുടങ്ങി. കുറച്ച് സമയത്തിനുശേഷം മൈക്ക് വന്നു. അവന്‍ പറഞ്ഞു  'തയ്യാറായിക്കോ, നീ സൂസ ഗ്രൂപ്പിനെ കാണാന്‍ പോകുന്നു.'
 
റുവാണ്‍ഡയിലെ പരമ്പരാഗത നൃത്തരൂപം അതിഥികള്‍ക്കുവേണ്ടി അവിടെ അവതരിപ്പിക്കുന്നുണ്ടായിരുന്നു, അവിടെ വന്നിരുന്നവരെല്ലാം നന്നായി ആസ്വദിച്ചെന്നു മുഖപ്രകാശത്തില്‍ നിന്നും മനസ്സിലായി. നൃത്താവതരണത്തിനുശേഷം ഓരോ ഗ്രൂപ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ട ആളുകളെ അതതു ഗ്രൂപ്പ് തലവന്മാരായ  ഗൈഡുമാര്‍ വിളിക്കാനാരംഭിച്ചു. എന്റെ പേരും വിളിക്കപ്പെട്ടു, മാര്‍ട്ടിന്‍ എന്നയാളായിരുന്നു  ഗൈഡ്. ഒരു പുഞ്ചിരിയുമായി മാര്‍ട്ടിന്‍ അടുത്തെത്തി ഹസ്തദാനം ചെയ്തു. ഒരു ചെറിയ പരിചയപ്പെടുത്തലിനുശേഷം അവന്‍ ഒരു വലിയ കാര്യം അറിയിച്ചു  'മഴക്കാലമയതിനാലും അതിഥികള്‍ കുറവായതിനാലും സൂസ ഗ്രൂപ്പിനെ ഇന്ന് കാണാന്‍ പദ്ധതി ഇല്ലായിരുന്നു, ഇത്രയും ദൂരത്തുനിന്നും നിങ്ങള്‍ അവരെ ചോദിച്ചുവന്നതിനാല്‍ മാത്രമാണ്  നിയമത്തില്‍നിന്നും മാറിസഞ്ചരിക്കുന്നത്'. എനിക്ക് ആ നാട്ടുകാരോടുള്ള ബഹുമാനം കൂടാന്‍ ഇതും ഒരു കാരണമായി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഞാനും ബ്രിട്ടീഷുകാരിയായ സില്‍വിയും മാത്രമാണ് സൂസ ഗ്രൂപ്പിനായി പോകുന്നത്. പരിചയപ്പെടലിനിടയില്‍ സില്‍വിയില്‍നിന്നും ഒരു കാര്യം മനസ്സിലാക്കി. ഗൊറില്ലകള്‍ക്കുവേണ്ടി ജീവിച്ചുമരിച്ച 'ഡയാന്‍ ഫോസ്സി' എന്ന സ്ത്രീയെ തന്റെ നാലാം വയസ്സില്‍ സില്‍വി കണ്ടിട്ടുണ്ട് (ഓര്‍മയിലില്ലെങ്കിലും). അതാണ് സില്‍വിയെ ഡയാന്‍ ഫോസ്സിയുടെ ഗവേഷണപാത്രമായ സൂസ ഗ്രൂപ്പിലേക്ക് എത്തിച്ച പ്രധാന കാര്യം.


പരിചയപ്പെടലിനുശേഷം മാര്‍ട്ടിന്‍ തന്റെ ജോലിയിലേക്ക് കടന്നു. ഗൊറില്ലകളെക്കുറിച്ചും അവരുടെ സംരക്ഷണത്തിനെക്കുറിച്ചും കുറെ സംസാരിച്ചശേഷം ഇത്രയും ദൂരം ട്രക്കിങ്ങിനുള്ള ശാരീരികക്ഷമതയുണ്ടോ എന്നായി   മാര്‍ട്ടിന്റെ ചോദ്യം.  'എന്നെ കണ്ടാല്‍ അറിയില്ലേ ഞാന്‍ ഫിറ്റ് അല്ലെന്ന്, പക്ഷേ, എനിക്ക് സാധാരണയില്‍ നിന്നും കുറച്ചധികം സമയം തന്നാല്‍ ഞാന്‍ തീര്‍ച്ചയായും സൂസ ഗ്രൂപ്പിനെ കണ്ടേ മടങ്ങൂ.' അങ്ങനെ പറഞ്ഞെങ്കിലും ഞാന്‍ വിചാരിച്ചിരുന്നത് വളരെ എളുപ്പമുള്ള ട്രക്കിങ്ങ് ആയിരിക്കുമെന്നാണ്.  പിന്നെ ശബരിമല നമ്മളെത്ര കയറിയിറങ്ങിയിരിക്കുന്നു (അഹങ്കാരം അല്ലാതെന്താ). അങ്ങനെ കിനിഗിയില്‍നിന്ന് കാരസിമ്പി മലയുടെ അടിവാരത്തിലേക്ക് യാത്രക്കൊരുങ്ങി.
 

King Kong


കിനിഗിയില്‍നിന്ന് കാരസിമ്പിയിലേക്കുള്ള 60 കിലോമീറ്റര്‍ ദൂരം ഒന്നരമണിക്കൂറില്‍ പിന്നിട്ട് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. മനോഹരമായ ഗ്രാമപ്രദേശങ്ങളായിരുന്നു വഴിനീളെയെങ്കിലും മനസ്സ് മുഴുവന്‍ കാരിസിമ്പി  മലമുകളിലെവിടെയോ ഉള്ള ഗൊറില്ലകളിലായിരുന്നു. ഞങ്ങളെ കാത്ത് രണ്ടു പോര്‍ട്ടര്‍മാര്‍ അവിടെ സന്നിഹിതരായിരുന്നു. നീല നിറത്തിലുള്ള യൂണിഫോമും തൊപ്പിയും ധരിച്ച, ശങ്കരാടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഘടാഘടിയന്‍മാരായ രണ്ടുപേര്‍. അതില്‍ എന്നെ സഹായിക്കാന്‍ വരുന്നത് ജോസഫ് ആണ്. മിതഭാഷിയായ, എപ്പോഴും പുഞ്ചിരിക്കുന്ന ജോസഫ്. ഒരു ഹസ്തദാനത്തിനുശേഷം അവന്‍ എനിക്ക് മനോഹരമായ കൊത്തുപണികളുള്ള ഒരു ഊന്നുവടി കൈമാറി. രണ്ട് ഗൊറില്ലകളെ കൊത്തിയിരുന്നു അതില്‍. പിന്നീടങ്ങോട്ടുള്ള എന്റെ യാത്രയില്‍ എന്നെ സഹായിച്ചത്,  മലമുകളിലെത്തിച്ചത് ആ ഊന്നുവടി ആയിരുന്നു.
  
ഗൊറില്ലയെ തേടിയുള്ള  മലകയറ്റം അവിടെ നിന്നാരംഭിച്ചു. ഡ്രൈവര്‍ മൈക്കിന് ടാറ്റ കൊടുത്ത് ഞാന്‍ നടന്നകന്നു. ഉരുളന്‍കല്ല് പാകിയ വഴിയിലൂടെ നടത്തം ശ്രമകരമായിരുന്നു, ചാറ്റല്‍മഴ കൂടിയായപ്പോള്‍ ബലേ ഭേഷ്. വഴിയില്‍ ആ ഗ്രാമത്തിലെ ചെറിയ ഒരു ചന്തയില്‍ക്കൂടി കടന്നുപോകാനിടയായി. മാര്‍ട്ടിന്‍ ഞങ്ങളോട് ഭക്ഷണം എന്തെങ്കിലും വാങ്ങിക്കണോ എന്ന് ചോദിച്ചു, ഞാനും സില്‍വിയും ഒരേ സ്വരത്തില്‍ വേണ്ട എന്നുത്തരം പറഞ്ഞു. അത് ഒരു വലിയ തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലായി. പലതരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കുറച്ച് തുണികളും ചെരുപ്പുകളും എല്ലാം ചന്തയില്‍ വില്‍ക്കാന്‍ നിരത്തിവെച്ചിരുന്നു. കുറച്ച് കുട്ടികള്‍ ഞങ്ങളുടെ പിറകെ കൂടി, എല്ലാവരും സില്‍വിയോട് ഗുഡ് മോണിങ് പറയാന്‍ മത്സരിക്കുന്നത് കണ്ടു. ഞാന്‍ അവരിലൊരാള്‍ ആണെന്ന് വിചാരിച്ചാകാം എന്റെ പിറകെ ആരുമില്ലായിരുന്നു. കുറച്ചുദൂരം പിന്നിട്ട്  വിശാലമായ കൃഷിസ്ഥലങ്ങളിലൂടെ നടത്തം തുടര്‍ന്നു, എവിടെ നോക്കിയാലും ഉരുളക്കിഴങ്ങ് ചെടികള്‍  പൂത്തുനില്ക്കുന്നത് കാണാം. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഒരുപോലെ പണിയെടുക്കുന്ന നാട്. വിളവെടുത്ത  ഉരുളക്കിഴങ്ങ് വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി ചുമന്ന് അടിവാരത്ത് എത്തിക്കുന്നതാണ് പലരുടെയും പ്രധാന വരുമാനമാര്‍ഗം. കുട്ടികളും മുതിര്‍ന്നവരും അവരെക്കൊണ്ടാവുന്നത് ചുമന്നുകൊണ്ട് പോകുന്നു. പത്തു വയസ്സ് പ്രായമായ കുട്ടികള്‍ 1015 കിലോവരെ ചുമന്ന് താഴെയിറക്കാറുണ്ട്.  വഴിയില്‍ കണ്ട ഒരു യുവാവ് തന്റെ ചുമലില്‍ വെച്ചിരുന്നത് 130 കിലോ തൂക്കമുള്ള ഉരുളക്കിഴങ്ങ് ചാക്കായിരുന്നു. പല സ്ത്രീകളും പുറത്ത് ചാക്കും കഴുത്തില്‍ കുട്ടികളുമായി പോകുന്നത് കണ്ടു. തനിയെ നടക്കാന്‍ ബുദ്ധിമുട്ടുന്ന എന്നെയോര്‍ത്ത് എനിക്ക് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങളായിരുന്നു അത്, അവരോട് ബഹുമാനവും. ആ കാഴ്ചകളെല്ലാം പിന്നിലാക്കി ഞങ്ങള്‍ നാടിനെയും കാടിനെയും ബന്ധിപ്പിക്കുന്ന അതിര്‍ത്തിയിലെത്തി.