ഡെസ്റ്റിനേഷന്‍ - കേരളം

കാട്ടിലെ വോട്ട്‌

Text: G Jyothilal / Photos: Madhuraj

 


ഇടമലക്കുടിയിലേക്ക് ഒരു യാത്ര.ആദിവാസികള്‍ക്കു മാത്രമായുള്ള കേരളത്തിലെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ, അദ്യത്തെ പഞ്ചായത്തിലേക്ക്, പോളിങ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.കൊടുംകാട്ടിലൂടെ, ചെങ്കുത്തായ ഇറക്കങ്ങളുംപേശി കോച്ചുന്ന കയറ്റങ്ങളും പിന്നിട്ട്, ജനാധിപത്യത്തിന്റെ കാനനചിത്രങ്ങള്‍ തേടി


രംഗം ഒന്ന്: മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. തിയ്യതി: 2011 ഏപ്രില്‍ 12. സമയം: രാവിലെ ഏഴുമണി. പിറ്റേന്ന് തിരഞ്ഞെടുപ്പാണ്. ദേവികുളം താലൂക്കിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഏത് ബൂത്തിലേക്കാവും എന്ന ആശങ്കയില്‍ സ്‌കൂള്‍ മൈതാനത്തെ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഭൂരിപക്ഷം സര്‍ക്കാര്‍ജീവനക്കാരുടെയും പ്രാര്‍ഥന ഇടമലക്കുടിക്കാവല്ലേ എന്നാണ്. അവര്‍ പരസ്പരം കളി പറയുന്നതും പേടിപ്പിക്കുന്നതും ഇടമലക്കുടിയെ പറ്റി പറഞ്ഞാണ്.
''എവിടാ അളിയാ''
''എടമലക്കുടി''
''ഹ ഹ ഹ.. ഓള്‍ ദ ബെസ്റ്റ്...''
ഓടി വന്ന് സന്തോഷിനെ കെട്ടിപ്പിടിച്ച് ആശംസിക്കുമ്പോള്‍ സഹപ്രവര്‍ത്തകന്റെ വാക്കുകളില്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം. എന്തായാലും സന്തോഷ് തനിക്കു കിട്ടിയ ഇടമലക്കുടിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.
യൂണിയന്‍ ബാങ്കിലെ ജയന്ത്കുമാറിനാണ് പോളിങ് ഓഫീസറായി നറുക്ക് വീണത്. ശാരീരികാസ്വാസ്ഥ്യങ്ങളുള്ള തന്നെ ഒഴിവാക്കണമെന്നായി അദ്ദേഹം.

സബ്ബ് കളക്ടര്‍ രാജമാണിക്യം അത് പ്രതീക്ഷിച്ചിരിക്കണം. മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹവും ഇടമലക്കുടി യാത്ര നടത്തിയതാണ്. 'ഞാന്‍ പോവാം, സാര്‍' സബ്ബ് കളക്ടര്‍ ഒരു നിമിഷം അമ്പരന്നു. തൊമ്മച്ചന്‍ മാഷാണ്. മനസില്‍ ഉറപ്പിച്ചു തന്നെയാണ് മാഷ് വന്നത്. ''കുറേക്കാലമായി ഞാനിത് കേക്കുന്നു. ഇത്തവണ ഒന്നു കണ്ടിട്ടു തന്നെ കാര്യം'' എന്നാല്‍ തൊമ്മച്ചന്‍ മാഷെപ്പോലെയല്ല ജോര്‍ജ് മാഷ്. തന്റെ പേര് വിളിച്ച ഉടനെ തന്നെ മാഷ് ഭാര്യയെ വിളിച്ചു: ''ചതിച്ചെടീ.. ഇക്കുറി എടമലക്കുടി തന്നെ''.
അങ്ങേത്തലക്കല്‍ ടപ്പേന്നൊരൊച്ച കേട്ടു. ''മുട്ടുകുത്തിയതാന്നാ തോന്നുന്നേ..'' മാഷ് ചിരിച്ചു.''അവളെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഇലക്ഷനും ഞാന്‍ പേടിപ്പിക്കും. ഇടമലക്കുടി തന്നേന്ന.് അവള് മുട്ടിപ്പായി പ്രാര്‍ഥിക്കും. അത് ഒഴിവായിക്കിട്ടാന്‍. ഇക്കുറി ദൈവം കരുതിവെച്ചതായിരിക്കും. ഇനി എനിക്ക് എലക്്ഷന്‍ ഡ്യൂട്ടിയില്ലല്ലോ. വിരമിക്കാന്‍ രണ്ട് കൊല്ലമേ ഉള്ളൂ.''
മുട്ടം പഞ്ചായത്തിലെ പൊന്നപ്പനും അധ്യാപകനായ രാഗേഷിനുമാണ് പിന്നെ നറുക്ക് വീണത്. സുരക്ഷാസംഘത്തിലെ രാമചന്ദ്രന്‍, മധു, ശ്യാം, ബെന്നി, കേശവന്‍നായര്‍, വിജയന്‍, വയര്‍ലസ് ഓപ്പറേറ്റര്‍മാരായ ഡാമിസ്, മനോജ് എന്നിവരും ചേര്‍ന്നതോടെ കോറം തികഞ്ഞു.
സബ്ബ് കളക്ടര്‍ രാജമാണിക്യം നേരിട്ടു തന്നെ പോളിങ് സാമഗ്രികള്‍ കൈമാറാനെത്തി. കാരണം ഇവര്‍ വിശേഷപ്പെട്ട സംഘമാണ്! മറ്റ് സംഘങ്ങള്‍ക്കൊന്നും നല്‍കാത്ത ചില സാമഗ്രികള്‍ ഇവര്‍ക്ക് കൊടുക്കാനുണ്ട്. ഭക്ഷണപ്പൊതി, മരുന്നുകള്‍, കുട, ടോര്‍ച്ച്, അട്ടയെ ചെറുക്കാനുള്ള പുകയിലപ്പൊടി, ഉപ്പ്, മഞ്ഞള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഒരെണ്ണം അധികം (അഥവാ ഒരെണ്ണം പണിമുടക്കിയാല്‍ കുഴഞ്ഞതു തന്നെ).. എല്ലാം എണ്ണി തിട്ടപ്പെടുത്തി. പോകാനുള്ള വാഹനങ്ങളും തയ്യാറായി. സംഘത്തോടൊപ്പം പ്രത്യേകാനുമതിയോടെ ഞങ്ങളും ചേര്‍ന്നു. ഇടമലക്കുടിയെ ഇത്ര പേടിക്കാനെന്തിരിക്കുന്നു എന്നറിയണമല്ലോ!

രംഗം രണ്ട്: 11 മണി. വരയാടുകളുടെ സാമ്രാജ്യമായ രാജമല പിന്നിട്ട് ഉദുമല്‍പേട്ടിലേക്കു നീളുന്ന ജീപ്പ് റോഡിലൂടെ പെട്ടിമുടിയിലേക്ക്. അവിടെ അഞ്ച് ചുമട്ടുകാര്‍ കാത്തിരിക്കുന്നുണ്ട്. അവരെ കൂട്ടി പുല്‍മേട് മൊട്ടയിലേക്ക്. ജീപ്പുകള്‍ ഇനി ഇല്ല. ദൂരദര്‍ശനു വേണ്ടി കൂടെവന്ന ആന്റണി മുനിയറയും സംഘവും അവിടെ വെച്ചു പിന്‍വാങ്ങി. പെട്ടിമുടിയില്‍ നിന്ന് ഞങ്ങളെ യാത്രയാക്കി എല്ലാവരും തിരിച്ചു പോയി. വഴി കാട്ടാന്‍ വന്ന വനവികസനസമിതി കണ്‍വീനറായ മുരുകനും ഇടമലക്കുടി സൊസൈറ്റിയിലെ ചുമട്ടുകാരായ അച്യുതന്‍, തമ്പിദുരൈ, മാര്‍സാമി, മോഹന്‍, ഉണ്ണിക്കണ്ണന്‍ എന്നിവരും പോളിങ് സംഘവും ഞങ്ങളും പെട്ടിമുടിയില്‍ ബാക്കിയായി.

ഇടമലക്കുടിയിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു. 16 കിലോമീറ്റര്‍ കാട്ടിലൂടെയുള്ള യാത്ര. തുടക്കം ആവേശഭരിതമായിരുന്നു. എല്ലാവര്‍ക്കും നല്ല വേഗം. വരയാടുകള്‍ മേയുന്ന പുല്‍മൊട്ടകളാണ് ആദ്യം. ജീപ്പ് കൊണ്ടുപോകാനായി പണിത റോഡ് തകര്‍ന്നു കിടക്കുന്നു. 'ചതപൊത'യിലെത്തുമ്പോള്‍ നേരം നട്ടുച്ച. പൊതിയഴിച്ച് എല്ലാവരും ഊണ് കഴിച്ചു. പരസ്പരം പങ്കുവെച്ചും വെള്ളം പകര്‍ന്നും ഒരു കൂട്ടായ്മയുടെ തുടക്കം.

കുത്തനെയുള്ള ഇറക്കമാണ് ഇനി. കൊടും കാടും. വഴി നിറയെ കരിയിലകളാണ്. കെട്ടുപിണഞ്ഞ വേരുകളും ഒടിഞ്ഞ മരക്കൊമ്പുകളുമുള്ള വന്‍വൃക്ഷങ്ങള്‍ ചുറ്റും. മൃഗങ്ങളെ അധികമൊന്നും കണ്ടില്ല. ഇടയ്‌ക്കോരോ കരിങ്കുരങ്ങും കാട്ടുകോഴിയും മാത്രം. ഒരു ഊന്നുവടി കിട്ടിയപ്പോള്‍ ഇറക്കം അല്‍പം ആയാസരഹിതമായി. ചുമട്ടുകാര്‍ വളരെ വേഗത്തിലാണ് പോകുന്നത്. അവര്‍ക്കിതെല്ലാം നിസ്സാരം. ഇടമലക്കുടിയിലെ സൊസൈറ്റിയിലേക്ക് സ്ഥിരം സാധനങ്ങള്‍ ചുമക്കുന്നവരാണ് അവര്‍. അവിടെ എല്ലാം തലച്ചുമടായിത്തന്നെ എത്തണം. ഒരു കിലോയ്ക്ക് 10 രൂപയാണ് സൊസൈറ്റി നിരക്ക്. 50 കിലോ ചാക്കിന് 500 രൂപ. അവിടെ കിട്ടുന്ന സാധനങ്ങളുടെ വില ഊഹിക്കാവുന്നതേയുള്ളൂ. റേഷന്‍ സാധനങ്ങള്‍ക്ക് ചുമട്ടുകൂലി സര്‍ക്കാര്‍ വഹിക്കും. അത്രയും ആശ്വാസം!

നടന്നു നടന്നു ഞങ്ങള്‍ ഇടപ്പാറയിലെത്തി. ഏതാണ്ട് പാതിദൂരം പിന്നിട്ടിരിക്കുന്നു. അവിടെ ഗണപതിയുണ്ട്. കാട്ടിലെ തേവര്‍. ഗണപതി രൂപമുള്ള ഒരു കല്ലെടുത്ത് ആരോ പ്രതിഷ്ഠിച്ചതാണ്. കാനനദൂരങ്ങള്‍ താണ്ടുന്നവര്‍ക്ക് ആനപ്പേടിയകറ്റാന്‍ ഒരു ദൈവം. മഴക്കാലത്ത് ഇടപ്പാറയില്‍ യാത്ര കൂടുതല്‍ ബുദ്ധിമുട്ടാണ്. അതിനായി കമ്പി നാട്ടി ചങ്ങലകെട്ടിയിരുന്നു. ആദ്യമത് ആന തകര്‍ത്തു. പിന്നെ ആരോ അടിച്ചുമാറ്റി. ഇപ്പോള്‍ കുറ്റി മാത്രം ബാക്കി.
Go to Pages »
1| 2 | 3 | 4 |
TAGS:
EDAMALAKUDY  |  ELECTION  |  TRIBES  |  MUTHUVA  |  IDUKKI  |  TREKKING,G JYOTHILAL  |  MADHURAJ 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/