ഡെസ്റ്റിനേഷന്‍ - കേരളം

വലിയപറമ്പില്‍ ഒരു സായം സന്ധ്യയില്‍

Text: K Sajeevan, Photos: N M Pradeep, Saji Chunda

 ഉത്തരകേരളത്തിലെ വേമ്പനാടാണ് വലിയപറമ്പ് കായല്‍. കവ്വായിപുഴയും കടലും, ഏഴിമലയും ഒരുക്കുന്ന വിസ്മയം സഞ്ചാരികള്‍ ഇനിയും തിരിച്ചറിയാത്ത ജലകേളീരംഗം.


തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെയിലിനാണ് ക്ഷീണം. സൂര്യരശ്മികള്‍ക്ക് മഞ്ഞനിറം കൂടി വരുന്നു.ഇരുട്ടാവാനാണ് കാത്തുനില്‍പ്പ്. കവ്വായിക്കായലില്‍ ജനാര്‍ദ്ദനന്റെ തോണി സായാഹ്നം കാത്തു കിടന്നു. ഒരു പകല്‍ മുഴുവന്‍ കായല്‍പ്പരപ്പില്‍ കഴിഞ്ഞിട്ടും ക്ഷീണമേയില്ല. തെങ്ങുകള്‍ക്കിടയിലൂടെ നോക്കിയാല്‍ ദ്വീപിനപ്പുറം അറബിക്കടല്‍ കാണാം. കടലില്‍ താഴുന്ന കതിരോന്റെ മുഖം ചുവന്നു. ഇരതേടിപ്പോയ പറവകള്‍ വലിയപറമ്പിലേക്ക് തിരികെ വന്നു തുടങ്ങി. തെങ്ങോലകളില്‍ കൊറ്റികളുടെ കലപില കൂടല്‍. ഓളങ്ങളെ വകഞ്ഞുമാറ്റി നീര്‍പ്പക്ഷികള്‍ കണ്ടലുകള്‍ക്കിടയില്‍ ഇണകള്‍ക്കൊപ്പം താവളം തിരഞ്ഞു. സന്ധ്യയുടെ മുഖം തുടുക്കുകയാണ്.

മുഹമ്മദ്കുഞ്ഞി അങ്ങിനെയാണ്. സ്‌നേഹം തോന്നിയാല്‍ പിന്നെ വിടില്ല. 'സന്ധ്യ കഴിഞ്ഞാല്‍ വലിയപറമ്പില്‍ ഒരു വിസ്മയം കാട്ടിത്തരാം. അതു കണ്ടിട്ട് തീരുമാനിക്കാം ഇന്ന് വലിയപറമ്പില്‍ നിക്കണോ പോണോ എന്ന്. 'മുഹമ്മദ് കുഞ്ഞിയുടെ ക്ഷണം നിരസിക്കാനായില്ല. പയ്യന്നൂര്‍ കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റ് ആണ് ഈ എം.എസ്.സി സുവോളജിക്കാരന്‍. ദ്വീപു സ്വദേശി, വലിയപറമ്പിന്റെ ആതിഥേയന്‍.

ഇന്‍സ്റ്റന്റായി ഉണ്ടാക്കിത്തന്ന വിസിറ്റിങ്ങ് കാര്‍ഡില്‍ ഒന്നു രണ്ടു ബിരുദങ്ങള്‍ വേറെയുമുണ്ട്. തോണിയില്‍നിന്നിറങ്ങി കരയിലെ തോണി കാത്തിരിപ്പു കേന്ദ്രത്തില്‍ കയറിയിരുന്നു. പാണ്ട്യാല കടപ്പുറമെന്നാണ് ഈ സ്ഥലത്തിനു പേര്. ഷെല്‍ട്ടറിന്റെ അരഭിത്തിയില്‍ പറ്റിപ്പിടിച്ചിരുന്ന പൂഴി ഊതിപ്പറപ്പിച്ച് പിന്നെ കൈകൊണ്ടൊന്നു തുടച്ച് കുഞ്ഞി ഞങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി. തൊട്ടടുത്ത് ചെറിയൊരു ചായക്കട. കട്ടന്‍ചായയും ബിസ്‌ക്കറ്റുകളും ഇടക്കിടെ വന്നുകൊണ്ടേയിരുന്നു. 'വരുന്ന വിവരം പറഞ്ഞിനെങ്കില്‍ എല്ലാം ഒരുക്കിയേനെ.' ഞങ്ങളെ ഊട്ടിയിട്ടും കുഞ്ഞിക്ക് തൃപ്തി പോര. അങ്ങിനെയാണ് കുഞ്ഞി. ആളെ ഇഷടപ്പെട്ടാല്‍ കുഞ്ഞിയുടെ സ്‌നേഹം വഴിഞ്ഞൊഴുകും.

കുഞ്ഞി പറഞ്ഞ വിസ്മയത്തിനായി കാത്തു. കായലില്‍ നിന്നും ദൂരെ കിഴക്കായി കാണുന്ന മലയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. ഏഴിമല.. ഏഷ്യയിലെ ഏറ്റവും വലിയ നാവിക കേന്ദ്രം. കവ്വായിക്കായലിനെ അറബിക്കടല്‍ ഇടനാട്ടിലേക്കു കടത്തിവിടുന്ന അഴിമുഖത്തിനപ്പുറം ഏഴിമല ഉയര്‍ന്നു നില്‍ക്കുന്നു. നീരാട്ടിനിറങ്ങിയ കൊമ്പന്‍ അരക്കൊപ്പം വെള്ളത്തില്‍ തുമ്പിക്കൈ മുന്നോട്ടുനീക്കി നില്‍ക്കുംപോലെ. ചുറ്റും ഇരുള്‍ പരന്നു. പക്ഷികളുടെ കലപിലകള്‍ നിലച്ചു. ഏഴിമലയും കവ്വായിക്കായലും കാര്‍വര്‍ണ്ണം ചൂടി. കായലിന്റെ മാറില്‍ വെണ്ണിലാപ്പൂങ്കിണ്ണം അലകളിലിളകി. മലയുടെ താഴ്‌വരയില്‍ അവിടവിടെയായി മിന്നാമിന്നിവെട്ടം പോലെ വിളക്കുകള്‍ കണ്‍തുറന്നു.

നോക്കിനില്‍ക്കെ ഏഴിമലയില്‍ വിസ്മയം വിടര്‍ന്നു. താഴ്‌വരയിലെ മിനുങ്ങുവെട്ടങ്ങള്‍ മലമുടിയിലേക്ക് കാണെക്കാണെ കയറിവന്നു. കണ്ണാടിയിലെന്ന പോലെ ഏഴിമല കവ്വായിക്കായലില്‍ തിളങ്ങി. മലയും നദിയും ഒന്നായി. ലൈറ്റ്ഹൗസും വെളിച്ചം ചുരന്നതോടെ കായലും മലയും അപ്രത്യക്ഷമായി. വെളിച്ചത്തിന്റെ പൂരം മാത്രം. വലിയപറമ്പിന്റെ ദീപാവലി. നില്‍ക്കുന്നോ അതോ പോണോ.. മുഹമ്മദ്കുഞ്ഞിയുടെ ചോദ്യം. വിസ്മയരാവില്‍ വലിയപറമ്പിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കു കഴിയും.
Travel Info
Valiyaparamba
Location: Trikkarippur, Kasaragod Dt.

How to Reach
By air: Mangaluru: 103km
By Rail: Payyannur (Kannur dist) just walk to Kotti Boat Jetti behind Rly station.Boat service to Valiyaparambu operates here.
By Road: from Kannur side, get down at Payyannur.Take an Auto from bus stand and go to kotti jetti at minimum charge. Tourist from Kasaragod side, should get down at Kalikadavu and hire an auto and go to Ayitty boat jetty.

Stay
Oyster Opera. Thekkekkad, Padannakkadappuram, Ph: 9447176465, 04672276465/2278101.

Contact:BRDC-0467 2272007, House Boat:09447469747, 04672282633

TAGS:
KASARGOD  |  VALIYAPARAMBA  |  BACKWATER  |  TRIKKARIPUR  |  BOATING  |  EZHIMALA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/