ഉച്ചകഴിഞ്ഞതോടെ എല്ലാവരും ക്ഷീണിതരായി. നടപ്പിന്റെ വേഗമൊക്കെ നന്നായി കുറഞ്ഞു. അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പഴുക്കാകാനത്തെ മലയോരകര്‍ഷകന്‍ രാഘവന്‍ ചേട്ടന്റെ വീടെത്തിയതോടെ ശ്വാസവേഗം ആശ്വാസത്തിന് വഴിമാറി. വീടിനു സമീപത്തെ പുല്ലു നിറഞ്ഞ പറമ്പില്‍ പത്തുമിനിറ്റ് കൊണ്ട് വളര്‍ച്ചയെത്താത്ത കൂണുകള്‍ പോലെ ടെന്റുകള്‍ പൊങ്ങി. പറമ്പിനടുത്ത് തോടുണ്ടെന്ന് കേട്ടതും എല്ലാവരും അങ്ങോട്ടോടി. ക്ഷീണിച്ചവശരായിരുന്നതിനാല്‍ തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങികിടന്നു. മീനച്ചിലാറായി പടരുന്ന തോടുകളിലൊന്നായിരുന്നു അത്. സായിപ്പുമാര്‍ ബര്‍മൂഡയിലും മദാമ്മകള്‍ സ്വിമ്മിംഗ് സ്യൂട്ടിലുമായിരുന്നു. മലയാളത്താന്‍മാര്‍ തോര്‍ത്തിലും...
വൈകുന്നേരമായതോടെ മാനമിരുണ്ടുരുണ്ടുവന്നു. ശക്തമായ ഇടിവെട്ടോടെ മഴ, ടെന്റുകളില്‍ കുടം കണക്ക് വെള്ളമൊഴിച്ചു. ആകാശത്ത് നിന്നും ആരോ ഫോട്ടോയെടുക്കും പോലെ ടെന്റിനുള്ളില്‍ ഇടിമിന്നില്‍ വെട്ടം പലതവണ മിന്നി മറഞ്ഞു. ഇവിടെയും കറണ്ടുമില്ല മൊബൈലിന് റേഞ്ചുമില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടാമത്തെ രാത്രി. രാഘവന്‍ചേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന് 'കാന്‍ഡില്‍ ലൈറ്റ്' ഡിന്നറും കഴിച്ച് വീണ്ടും ടെന്റിലെത്തി. മഴമാറുന്നില്ല, പക്ഷേ ഉറക്കം മഴയെയും മിന്നലിനെയും തോല്‍പ്പിച്ചു.

പിറ്റേന്ന് രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്. പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍ പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ് ജാക്കിന്റെ മലകയറ്റം.
മീനച്ചിലാറിന്റെ ഉത്ഭവമായ ഉറവ പൊടിയുന്ന മലമുകളിലേക്ക്... കോടമഞ്ഞും പച്ചപ്പും കൈകോര്‍ത്ത് വഴിനീളെ മഞ്ഞു തുള്ളികള്‍ തൂവി. വെളിച്ചം വീണതോടെ കാഴ്ച്ചകള്‍ക്ക് കനം വെച്ചു, ചുമലിലേ ഭാരത്തിനും.
പെട്ടന്ന്, റേച്ചലിന്റെ കരച്ചില്‍ കേട്ട് എല്ലാവരും നിന്നു. കാല് പൊത്തിപിടിച്ചാണ് നിലവിളി. അട്ടകള്‍ അറ്റാക്ക് തുടങ്ങിയതാണ്. എല്ലാവരും കാലുകള്‍ പരിശോധിച്ചു. വെളുത്തതെന്നോ കറുത്തതെന്നോ വേര്‍തിരിവില്ലാതെ എല്ലാവരുടെയും കാലുകളില്‍ അട്ടകള്‍ അള്ളിപ്പിടിച്ചിട്ടുണ്ട്. അട്ടകളെ നിര്‍വ്വീര്യമാക്കിയ ശേഷമായിരുന്നു പിന്നത്തെ മലകയറ്റം. കരുതിയിരുന്ന വെള്ളമൊക്ക തീര്‍ന്നു. പാറയിടുക്കുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കുപ്പിയിലാക്കിദാഹം തീര്‍ത്തു. ഒടുവില്‍ മലയുടെ ഒത്തമുകളില്‍. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, ചിലരെ കൈപിടിച്ചും പുറകില്‍ നിന്നു തള്ളിയുമാണ് കയറ്റിയത്. കേയ്റ്റ് രണ്ടു തവണ വീഴുകയും ചെയ്തു.

പാറപ്പുറത്ത് ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം. ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍. ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച് പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.

മലയിറങ്ങി കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്. അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു. തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'
ഹെയര്‍പ്പിന്‍ റോഡ് കയറി ഇറങ്ങിയപ്പോള്‍ ഇല്ലിക്കല്‍ പാറയുടെ കാഴ്ച്ച. കുടക്കല്ലും ചതുരക്കല്ലും തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും കൊത്തിവെച്ചിരുക്കുന്നത് പോലുള്ള സ്തൂപങ്ങളും. ഭക്ഷിച്ചാല്‍ അമര്‍ത്യനാവുമെന്ന് വിശ്വസിക്കപ്പെടുന്ന നീലകൊടുവേലി ഇല്ലിക്കമലയില്‍ പൂക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എട്ട് കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍ എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി. അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി. ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍ തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍...