ഡെസ്റ്റിനേഷന്‍ - കേരളം

സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ

Text: T J Sreejith, Photos: P Jayesh

 
കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര...

മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും പൊറോട്ടയില്‍ ആരോ കൈവിഷം കൊടുത്തിരിക്കണം! ഇല്ലെങ്കില്‍ പൊറോട്ടയെന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുഖം താമര പോലെ വിരിയുന്നതും വഴിനീളെ പൊറോട്ട കിട്ടുമോയെന്നന്വേഷിച്ച് നടക്കുന്നതും എന്തിനാണ്.... സായിപ്പിന്റെ ധാരണ കേരളത്തിന്റെ 'ദേശീയ' ഭക്ഷണം പൊറോട്ടയാണെന്നാണ്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ 12 അംഗ യുവസംഘത്തിനൊപ്പം രണ്ടു ദിവസത്തെ ട്രെക്കിങിനാണ് 3200 അടി മുകളില്‍, ഇലവീഴാപൂഞ്ചിറയിലെത്തിയത്. മനസ്സ് കയ്യിലെടുത്ത് പിടിച്ചാണ് ഉരുളന്‍ കല്ലുകള്‍ക്ക് മീതെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഈ മലമുകളിലെത്തിയത്. ഡ്രൈവര്‍ക്കെങ്ങാന്‍ ഒന്നു പാളിയിരുന്നെങ്കില്‍ പഴയൊരു പരസ്യം പോലെയായേനെ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍'!

ഇലവീഴാപൂഞ്ചിറയിലേക്കുള്ള കയറ്റം ഇടുക്കി ജില്ലയിലൂടെയാണ്. ലാന്‍ഡ് ചെയ്യുന്നത് കോട്ടയത്തും. രണ്ടു ജില്ലകള്‍ക്കിടക്കുള്ള സാന്‍ഡ്‌വിച്ച്! മഴക്കാലത്ത് മാത്രമേ ചിറയുണ്ടാവുകയുള്ളു. ഇവിടെ മലമുകളിലെ പോലീസ് വയര്‍ലസ് സ്‌റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കാണാം. മലങ്കരഡാമും മൂലമറ്റത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ചാലും ആകാശക്കാഴ്ച്ചയില്‍ ഒരു ഗൂഗിള്‍ മാപ്പു പോലെ...പിന്നെ, ഇലവീഴണമെങ്കില്‍ മരം വേണ്ടേ...? അതില്ല. ആകെയുള്ളത് തെരുവപ്പുല്ലും പുല്‍ച്ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിറ്റീന്തുമാണ്.

കൊച്ചിയിലെ കലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് ട്രെക്കിങ് സംഘടിപ്പിച്ചത്. ഗൈഡുകളായ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അമീറും ഉടുമ്പന്‍ചോലക്കാരന്‍ ജയനും മലമുകളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തകൃതിയായി കുക്കിങ് നടത്തുന്ന വിദേശിസംഘത്തെയാണ് പൂഞ്ചിറ റിസോര്‍ട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത്. പാത്രത്തില്‍ 'പാസ്റ്റ' എന്നു പേരുള്ള ഒരു സാധനം. ടേസ്റ്റ് നോക്കാന്‍ നാവില്‍ വെച്ചു. രുചി പിടിച്ചില്ല. വെറുതേയല്ല ഇവര്‍ക്ക് പൊറോട്ട കണ്ടപ്പോള്‍ 'പ്രാന്തായത്'!

റിസോര്‍ട്ടുണ്ടെങ്കിലും ട്രെക്കിങിനെത്തിയവരെല്ലാം ടെന്റടിച്ച് അതിനുള്ളിലായിരുന്നു ഉറക്കം. മൂലമറ്റം പവര്‍ഹൗസിന് മുകളിലാണെങ്കിലും റിസോര്‍ട്ടില്‍ വൈദ്യുതി എത്തിനോക്കിയിട്ടില്ല. തണുപ്പ് കൂടി വന്നതോടെ എല്ലാവരും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടു.

രാവിലെ കോഴി കൂവുന്നതിന് പകരം ലൂസി മദാമ്മയാണ് കൂവിയത്. എല്ലാവരും ഉറക്കം വിട്ട് ലൂസിയുടെ ടെന്റിന് മുന്നിലെത്തി. കാറിടിക്കാന്‍ വരുന്നത് സ്വപ്‌നം കണ്ടതാണത്രേ! വെളിച്ചം വീണു തുടങ്ങും മുന്നേ ടെന്റൊക്കെ അഴിച്ച് ബാഗിലാക്കി നടത്തം തുടങ്ങി. ഭക്ഷണ സാധനങ്ങളും ടെന്റും സ്ലീപ്പിങ് ബാഗും വസ്ത്രങ്ങളുമെല്ലമായി പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോരുത്തരുടെയും ചുമലില്‍. ആദ്യ ലക്ഷ്യം മേലുകാവാണ്. ഇവിടെ വെച്ചാണ് 'വ്യത്യസ്തനായ ബാര്‍ബറാം ബാലനെ' മലയാളികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ 'കഥപറയുമ്പോള്‍' സിനിമയുടെ ലൊക്കേഷനായിരുന്നു എന്നൊരു മേനി പറച്ചിലൊന്നുമില്ല മേലുകാവിന്. കാടുംമേടും വിട്ട് മലയിറങ്ങി റോഡിലൂടെയായി നടത്തം. മേലുകാവുകാര്‍ പുതപ്പിനുള്ളില്‍ തന്നെയാണ്.

അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി. പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്... കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ. ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം. കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു. ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്. യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു പോയത്.

അടുത്ത ലക്ഷ്യം ഇല്ലിക്കമലയ്ക്കടുത്തുള്ള പഴുക്കാകാനം. കറുത്ത പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന വെളുത്ത വരകള്‍... കാട്ടിലെ പച്ചപ്പിന്റെ തിക്കിലും തിരക്കിലും അത് മാറി, മാറി അടുത്തടുത്തെത്തി വെള്ളച്ചാട്ടമായി മാറി. ഏതോ കാലത്ത് ആരോ കല്ലില്‍ പണിത അനേകം ചവിട്ടു പടികളും തകര്‍ന്ന കൈവരികളും പാറയില്‍ നിന്ന് അടരാതെ നില്‍ക്കുന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന് കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി, ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.
Go to Pages »
1| 2 | 3 |
TAGS:
TREKKING  |  VAGAMON  |  ILAVEEZHAPOONCHIRA  |  ADVENTURES  |  MONSOON TREKKING  |  RAINFOREST  |  EXPEDITION 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/