ഡെസ്റ്റിനേഷന്‍ - കേരളം

ഈറ്റ ജീവിതങ്ങള്‍

T J Sreejith, Photos: P.Jayesh

 

പുറംലോകത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജീവിതങ്ങളാണ് ഇടമലയാറിലെ ഈറ്റവെട്ടുകാരുടേത്. കാട്ടിലും ആറ്റിലും അപകടം നിഴല്‍പോലെയുണ്ടാവും. അവര്‍ക്കൊപ്പം കാട്ടിലൊരു രാത്രി, ആനപ്പേടിയില്‍ ഈറ്റക്കുടിലിലുറങ്ങി, ആറിന്റെ അറ്റം കണ്ട്, ആയിരംകെട്ട് ഈറ്റയില്‍ ഇടമലയാറ്റിലൂടെയൊരു സാഹസികയാത്ര....

പ്രളയം താണ്ടാന്‍ നോഹ തീര്‍ത്ത പേടകം നിറയും പോലെ ആ കൊച്ചുവഞ്ചി നിറഞ്ഞു. പ്രാരാബ്ധങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞ് അരിക്കും ഉപ്പിനും മുളകിനുമൊപ്പം അവര്‍ വഞ്ചിയിലേക്ക് കയറി. ആ സങ്കടപ്രളയം തീരണമെങ്കില്‍ ഇനി പതിനഞ്ച് നാള്‍ കഴിയണം. അതു വരെ ഇടമലയാറിന്റെ തീരത്തെ കാടുകളില്‍ അവരോരുത്തരും ഓരോ തുരുത്തുകളാണ്. പുറംലോകമറിയാതെ കുറെ ജീവിതങ്ങള്‍ ഇനി ഇവിടെ ഈറ്റ വെട്ടിക്കൂട്ടും. അറിയാതെയെങ്കിലും ആനത്താരകളിലാകാം ഇവര്‍ തീര്‍ക്കുന്ന കൊച്ച് കൂരകള്‍. പതിനഞ്ചാം പക്കം തിരികെ വിളിക്കാന്‍ വഞ്ചിയെത്തുമ്പോള്‍ ചിലരെ കണ്ടില്ലെന്ന് വരാം.. എന്നിട്ടും അവര്‍ ഇടവേളകളില്ലാതെ എത്തുന്നു. അല്ലെങ്കില്‍ ജീവിതമവരെ എത്തിക്കുന്നു...

ഇടമലയാറിന്റെ അറ്റമായ കപ്പായം തേടിയാണ് ഈറ്റവെട്ടുകാര്‍ക്കൊപ്പം ഇറങ്ങി തിരിച്ചത്. രണ്ട് 'മ' കളായിരുന്നു യാത്രയിലെ പ്രശ്‌നക്കാര്‍. രണ്ടു തവണ യാത്ര മാറ്റിവെയ്ക്കാനിടയാക്കിയ മണ്ണെണ്ണയും യാത്രയിലുടനീളം ആകെ നനച്ച മഴയും. മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചിയാണ് ഈറ്റകെട്ടുകള്‍ വലിച്ചു കൊണ്ട് വരിക. ഈറ്റവെട്ടുകാരുടെ ജീവലായനിയായ മണ്ണെണ്ണയുടെ ക്ഷാമം കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

ഒടുവില്‍ മഴയൊന്ന് മറഞ്ഞ് നിന്ന ഒക്ടോബറിലെ ഒരു പുലര്‍കാലത്ത,് ഇടമലയാര്‍ ഡാമിനോടു ചേര്‍ന്ന എണ്ണക്കല്‍ കടവില്‍ നിന്ന് വഞ്ചിക്ക് അനക്കം വെച്ചു. ആളുകളേക്കാള്‍ ചാക്കുകെട്ടുകളുണ്ട് വഞ്ചിയില്‍. അരിക്കും പച്ചക്കറിക്കും പാത്രങ്ങള്‍ക്കും പുറമേ ഓരോരുത്തരുടേയും പണിയായുധങ്ങളും കൂരകള്‍ പണിയാനുള്ള ടാര്‍പോളിനുക ളും നിറഞ്ഞ ചാക്കുകള്‍. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ഇവരില്‍ പലര്‍ക്കും ഈറ്റവെട്ട്, കുടുംബത്തൊഴിലാണ്. മക്കളെ വീട്ടിലാക്കി ഭര്‍ത്താവിനൊപ്പം ഭാര്യയുമെത്തും. മറ്റുചിലര്‍ ഏകാന്ത തുരുത്തുകളും.

കോടമഞ്ഞില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്ന ഇടമലയാറിലെ ജലത്തെ യമഹ എന്‍ജിന്‍ തട്ടിയുണര്‍ത്തി. ക്ലാസ്സില്‍ ഉറങ്ങുന്ന കുട്ടികളെ ചോക്കെറിഞ്ഞ് ഉണര്‍ത്തുന്ന അധ്യാപകനെ പോലെ. ഓളങ്ങളേക്കാള്‍ വേഗത്തില്‍ നദീതടത്തെ തൊട്ട യമഹയുടെ മുരള്‍ച്ച, ആറിന്റെ ഇരുകരകളെയും ഞെട്ടിച്ചു. വെള്ളം കുടിക്കാന്‍ ആറ്റുവക്കത്തെത്താറുള്ള ആനക്കൂട്ടങ്ങളെ യാത്രയവസാനം വരെ കാടിന്റെ കറുപ്പിനുള്ളില്‍ മറച്ചു നിര്‍ത്തി ആ ശബ്ദം. അതോ മഴയായിരുന്നോ വില്ലന്‍...? കാടിനുള്ളില്‍ വെള്ളം കിട്ടുമ്പോള്‍ കാട്ടാനകള്‍ പുറത്തേക്ക് വരില്ലത്രേ. വേനലിലാണ് യാത്രയെങ്കില്‍ ഇരുകരകളിലും ആനക്കൂട്ടങ്ങള്‍ നിറഞ്ഞ് നില്‍ക്കുമായിരുന്നു!

ജലരേഖകള്‍ തെളിഞ്ഞും മാഞ്ഞുമിരുന്നു. കാടിന്റെ പച്ചപ്പിന് മീതെ നെടുനീളത്തില്‍ കോടമഞ്ഞൊരു വെള്ളവര വരച്ചിരിക്കു ന്നു. വഞ്ചി ആനക്കയം കുത്ത് വെള്ളച്ചാട്ടത്തിനരികിലെത്തി. ആറിലേക്ക് അതിശക്തിയോടെ പതിക്കുന്ന ജലപാതം. വെളുത്തപതകള്‍ പരക്കുന്ന ഓളപ്പരപ്പില്‍ നിന്ന് എരണ്ടകള്‍ വാനിലേക്കുയര്‍ന്നു. യമഹയുടെ ശബ്ദമൊഴിച്ചാല്‍ പതിനാറ് പേരുള്ള വഞ്ചി നിശബ്ദമായിരുന്നു. പ്രത്യേക ലക്ഷ്യമില്ലാതെ ദൂരേയ്ക്ക് നോക്കിയിരിക്കുന്ന മുഖങ്ങള്‍ക്കെ ല്ലാം ഒരേ ഭാവം, ജീവിതക്കണക്കുകളുടെ കൂട്ടലും കിഴിക്കലും... വേലായുധന്റെ ഭാര്യ പങ്കജാക്ഷി മാ ത്രം തോണി വക്കത്തിരുന്ന് ഇടയ്ക്കിടെ എന്തൊക്കയോ പറയുന്നുണ്ട്. താന്‍ പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോയെന്നു പോലും ഓര്‍ക്കാതെ..

അടുത്തയിടം ഒരു കൊടിയ വളവാണ്. ഇടമലയാര്‍ ഡാമിന്റെ വന്‍മതിലിനെ പിന്നാമ്പുറത്തു നിന്നും മായ്ക്കുന്ന വളവ്. ഏപ്രയെന്നാണിവിടം അറിയപ്പെടുന്നത്. ഏപ്രയ്ക്ക് മുകളിലാണ് അതിരപ്പിള്ളി-മലക്ക പ്പാറ പാതയിലെ വാച്ചുമരമെന്നയിടം. വാച്ചുമരത്തില്‍ നിന്ന് കാടിറങ്ങിവരുന്ന കുത്തൊഴുക്ക് ഇടമലയാറില്‍ ലയിക്കുന്നു. ഏപ്ര പിന്നിടുമ്പോള്‍ ആനപ്രതീക്ഷയോടെ കണ്ണുകള്‍ ഇരുകരകളിലേക്കും അവിടെ നിന്ന് കാടുകളിലേക്കും പരക്കം പാഞ്ഞു. ദൂരെ ഒരു പൊട്ടു പോലെ കാടിന്റെ പച്ചപ്പിന് മീതെ ഒരു വീടുയര്‍ന്നു നില്‍ക്കുന്നു. 'അതാണ് ഐക്കര വാച്ച് ടവര്‍...' യാത്രയില്‍ ഒപ്പം വന്ന ഇടമലയാര്‍ റേഞ്ചിലെ ഫോറസ്റ്റര്‍ സുധീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു. ചെറുപ്പക്കാരനാണ്്, ട്രെയിനിങ് കഴിഞ്ഞ് എത്തിയതേയുള്ളു. അദ്ദേഹത്തിനൊപ്പം കോഴിക്കോട് സ്വദേശിയായ ഫോറസ്റ്റ് ഗാര്‍ഡ് സിജുവുമുണ്ട്. ഈറ്റവെട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇതിലെ സഞ്ചരിക്കാനാവില്ല.

കൂര്‍ക്കുഴി പിന്നിട്ട് വാടാര്‍മുഴി അള്ളിന് സമീപമെത്തി. അള്ളെന്ന് പറയുന്നതൊരു ഗുഹയാണ്. പത്തു പേര്‍ക്ക് സുഖമായി കിടന്നുറങ്ങാം. രാത്രി തങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത് ഇവിടെയാണ്. ആ ഗുഹയൊന്ന് സങ്കല്‍പ്പിക്കാനൊരു വിഫല ശ്രമം നടത്തി. ഇനി വെണ്‍മുഴി, ഇവിടെയാണ് കൂട്ടത്തിലെ ദമ്പതി സംഘങ്ങള്‍ക്കിറങ്ങേണ്ടത്. തീരത്ത് ഈറ്റകള്‍ വെട്ടിക്കൂട്ടി ചങ്ങാടം പോലെയാക്കിയിരിക്കുന്നു. രണ്ടാഴ്ച്ച മുന്‍പ് വന്നപ്പോള്‍ ചെയ്ത് വെച്ചു പോയ പണിയാണ്. ഇനി ഓരോ തുരുത്തി ലും ഇത്തരം ഈറ്റചങ്ങാടങ്ങള്‍ കാണാം. നേരത്തെ വെട്ടികുട്ടിയവ. തിരികെ ഇടമലയാറിന് പോകുമ്പോള്‍ ഇതെല്ലാമൊന്നിച്ചാക്കി ഒപ്പം കൂട്ടണം.

വെണ്‍മുഴിക്കരയില്‍ മൂന്നോ നാലോ ഈറ്റക്കൂരകള്‍. കഴിഞ്ഞ തവണ വന്നപ്പോള്‍ കെട്ടിയതാണ്. 'അയ്യോ, വെള്ളം കേറീല്ലോ... ആനക്കൂട്ടം തട്ടീട്ടുണ്ട്'. മേരി ചേച്ചിയുടെ ചിലമ്പിച്ച ശബ്ദം. ആറ് കര കവര്‍ന്നപ്പോള്‍ ആരുടെയോ കൂരയില്‍ വെള്ളം കയറി. രണ്ടെണ്ണത്തില്‍ ആനക്കൂട്ടം കലി തീര്‍ത്തിട്ടുമുണ്ട്. വീണ്ടും കെട്ടണം കൂരകള്‍... കുറേപേര്‍ ചാക്കുകെട്ടുകളുമായി അവിടെയിറങ്ങി.യമഹ വീണ്ടും ശബ്ദിച്ചു. അടുത്തത് ചാരുപാറ, കൂട്ടത്തിലെ വൃദ്ധനെന്നു തോന്നിച്ച ജോസഫ് അവിടെയിറങ്ങി. അങ്ങനെ ഓരോരുത്തരേയും ഓരോ തുരുത്തിലിറക്കി. നാടുകടത്തും പോലെ. അമ്മായിപ്പാറയെത്തിയപ്പോള്‍ കരയിലൊരാള്‍ കുന്തിച്ചിരിക്കുകയാണ്. ഈ വഞ്ചിയും കാത്തുള്ള ഇരുപ്പ്്. കരയ്ക്കടുക്കും മുമ്പേ കരയില്‍ നിന്നും ചോദ്യം വഞ്ചിയിലെത്തി. 'കഴിഞ്ഞാഴ്ച്ച വരാമെന്ന് പറഞ്ഞിട്ടെന്ത്യേ..? ' വനവകുപ്പ് വാച്ചറായ ഐ.എ.പിയുടെതാണ് ശബ്ദം. ഐ.എ.പിയെന്നാല്‍ ഐ.എ. പൗലോസ്. കുറിയ ശരീരത്തില്‍ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും, തോളിലൊരു ചുവന്ന തോര്‍ത്തും. തല എണ്ണ കണ്ടിട്ട് കുറച്ചായി.. ഏഷ്യയിലെ ഏറ്റവും വണ്ണമുള്ള തേക്ക് ഇവിടെയാണ്. അതിന്റെ കാവലാളായ പിള്ള ചേട്ടന് പനിപിടിച്ചത് കാരണം കൂട്ടു പോയതാണ് ഐ.എ.പി. ആ ഗൗരവക്കാരനേയും വഹിച്ചായി പിന്നത്തെ യാത്ര.
Go to Pages »
1| 2 |
TAGS:
KAPPAYAM  |  BAMBOO  |  RAFT  |  EDAMALAYAR  |  KERALA  |  T.J.SREEJITH  |  P.JAYESH  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/