ഡെസ്റ്റിനേഷന്‍ - ഇന്ത്യ

വന്യതയുടെ വരകള്‍

ടി.ജെ ശ്രീജിത്ത്‌

 കാടിനുള്ളില്‍ അരുംകൊല നടന്നിട്ട് അന്നേക്ക് രണ്ടുദിവസം ആകുന്നതേ ഉണ്ടായിരുന്നുള്ളു. മേല്‍ക്കാമനഹള്ളിയില്‍ നിന്നും ജീപ്പുകള്‍ ആ ഭാഗം ലക്ഷ്യമിട്ടാണ് പോകുന്നത്. അക്കൊല്ലത്തെ വേനല്‍ അന്ത്യത്താഴമുണ്ണാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഒരാഴ്ച്ച മുന്‍പ് പെയ്ത മഴയില്‍ കാടകത്തിലേക്ക് ഇഴഞ്ഞെത്തിയ പച്ചപ്പ് വേനല്‍ മുദ്രകളുടെ ഏതാനും വറ്റുകള്‍ മാത്രമേ ബാക്കിയാക്കിയിട്ടുള്ളു. ജീപ്പിനുള്ളില്‍ നിന്നും ഒന്‍പത് ജോഡി കണ്ണുകള്‍ കാടിനെ അരിച്ച് പെറുക്കി.

ബന്ദിപ്പൂരിന്റെ ഈ വന്യതയിലേക്ക് വരാന്‍ കാരണം ഗൗരിയും കുട്ടികളുമാണ്. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ബന്ദിപ്പൂര്‍ വനത്തിലെ ഗൗരി എന്ന കടുവയും ഒരു മാസം മാത്രം പ്രായമായ നാല് കുട്ടികളും നടന്ന് പോകുന്ന ചിത്രം കണ്ടത്. അമ്മയുടെ സുരക്ഷിതത്വത്തില്‍ വനവഴികളില്‍ തുള്ളിച്ചാടിപോകുന്ന കുട്ടികള്‍. പശ്ചിമഘട്ടത്തിലെ കാടുകളില്‍ നിന്ന് അത്രയും ഓമനത്വം തുളുമ്പുന്ന കടുവാ ചിത്രം അതുവരെ കണ്ടിരുന്നില്ല. ആ കുട്ടികള്‍ സ്വന്തം സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടാവില്ല. കാടിനുള്ളില്‍ രാത്രിയുടെ മൂര്‍ദ്ധന്യത്തില്‍, തിളങ്ങുന്ന കണ്ണുകളോടെ മാനുകളെയും കാട്ടുപോത്തുകളെയും ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ ആയിട്ടുണ്ടാവില്ല. അമ്മയുടെ സ്‌നേഹവലയത്തിലായിരിക്കണം ഇപ്പോഴും. കാരണം രണ്ടുവയസ്സുവരെയെങ്കിലും കടുവകള്‍ അമ്മയുടെ നിഴലില്‍ നിന്ന് മാറില്ല. അവരെ കാണുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

ഇലകളൂര്‍ന്നു വീണ മരചില്ലയിലിരുന്ന് ഒരു ചുട്ടി പരുന്ത് ഞങ്ങളുടെ വരവ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവന്‍ പറന്നു പോയില്ല. കാട്ടില്‍ പാമ്പിനേയും അരണകളേയും റാഞ്ചുന്ന ഇവന്‍ നാട്ടിലെത്തിയാല്‍ ഉന്നമിടുക കോഴികളെയാണ്. അതുകൊണ്ടായിരിക്കണം നാട്ടിലിവന് കോഴിഅമുക്കന്‍ എന്ന വിളിപ്പേര്. ബന്ദിപ്പൂര്‍ ജംഗിള്‍ലോഡ്ജസിന്റെ സഫാരി ജീപ്പ് സാവധാനത്തിലാണ് കാട്ടുവഴികള്‍ പിന്നിടുന്നത്. പരസ്പ്പരം കൊമ്പുകളുടെ ബലം പരീക്ഷിക്കുന്ന പുള്ളിമാനുകള്‍, വഴിയൊഴിഞ്ഞ് മാറുന്ന മയിലുകള്‍, കുറ്റിക്കാടുകള്‍ക്കടിയിലേക്ക് അതിവേഗം ഓടിമറയുന്ന കാട്ടുകോഴികള്‍....

ആയുസ്സൊടുങ്ങിയ മുളങ്കാടുകള്‍ക്കിടയിലൂടെ വലിയൊരു തടാകക്കരയിലെത്തിയപ്പോള്‍ ജീപ്പ് നിന്നു. മാനുകളും കാട്ടുപന്നികളും പുല്‍ത്തകിടികളില്‍ കൂട്ടമായി മേയുന്നു. അതാ അവിടെ...ഡ്രൈവര്‍ എതിര്‍വശത്തേക്ക് ചൂണ്ടി. മുളങ്കാടുകള്‍ക്ക് നടുവിലെ പുല്‍പ്പരപ്പില്‍ ഭീമാകാരനായ ഒരു കാട്ടുപോത്തിനെ കൊന്നിട്ടിരിക്കുന്നു. പൃഷ്ഠഭാഗം പൂര്‍ണമായി തിന്നു തീര്‍ത്തിട്ടുണ്ട്. ബന്ദിപ്പൂരിലെത്തിയപ്പോള്‍ തന്നെ കടുവയുടെ ഇരതേടലിന്റെ വാര്‍ത്ത കേട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കടുവയെ കാണാനുള്ള സാധ്യതയേറെയാണ്. കാരണം നാലോ അഞ്ചോ ദിവസം കൊണ്ടു മാത്രമേ കടുവ ഇരയെ തിന്നു തീര്‍ക്കുകയുള്ളു. അതുവരെ ആ പരിസരമാകെ ചുറ്റി നടക്കും.
ഇത്ര ഭീകരനായ കാട്ടുപോത്തിനെ കൊന്നത് ഗൗരിയും മക്കളുമായിരിക്കുമോ? ഏയ് സാധ്യതയില്ല... തിരിച്ച് ആക്രമിക്കുമെന്നുറപ്പുള്ള കാട്ടുപോത്തില്‍ നിന്ന് ആ അമ്മ മക്കളെ അകറ്റി നിര്‍ത്തുകയേ ഉള്ളു. എങ്കില്‍ പിന്നെ ഈ കാട്ടുപോത്തിനെ കൊന്ന കടുവ ഏതായിരിക്കും. അതിനുള്ള ഉത്തരം കിട്ടിയത്, ജംഗിള്‍ലോഡ്ജസിലെ മലയാളിഡ്രൈവറും ഗൈഡുമായ സന്തോഷില്‍ നിന്നാണ്. അടുത്തിടെ ഒരു ആണ്‍കടുവ ഇവിടം സ്വന്തം സാമ്രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നു.

കടുവകള്‍ തന്റെ അതിര്‍ത്തി നിര്‍ണയിക്കുക ഇരകളെയും ഇണകളേയും നോക്കിയാണ്. ആവശ്യത്തിന് ഇരകള്‍ക്കൊപ്പം രണ്ടോ മൂന്നോ പെണ്‍കടുവകളുള്ള ഇടമേ ഒരു ആണ്‍കടുവ തന്റെ സാമ്രാജ്യമാക്കൂ. അത് ചിലപ്പോള്‍ പതിനായിരം ഏക്കറോളം വരുന്ന കാടായിരിക്കും. എന്നാല്‍ പെണ്‍കടുവകള്‍ ഇതിന്റെ പകുതിയോ അതില്‍ കുറവോ സ്ഥലം മാത്രമേ സ്വന്തമാക്കു. പുതിയ ഇടത്തിലെത്തിയാല്‍ മരങ്ങളിലും പാറകളിലും മറ്റും മൂത്രമൊഴിച്ചും ശരീരത്തില്‍ നിന്ന് വരുന്ന പ്രത്യേക തരം ദ്രവം ചീറ്റിച്ചുമാണ് കടുവകള്‍ അതിരുകളടയാളപ്പെടുത്തുക. ആ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് ഇരതേടാന്‍ അവര്‍ പോകില്ല. ആണ്‍കടുവകള്‍ക്കിടയില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാണ്. തന്റെ അതിര്‍ത്തി ലംഘിച്ച് മറ്റൊരുത്തന്‍ വരുന്നത് കടുവ സഹിക്കില്ല. അതിര്‍ത്തി യുദ്ധങ്ങള്‍ സാധാരണമാണ്. കൂട്ടത്തില്‍ ശക്തനായവന്‍ തന്റെ സാമ്രാജ്യം നിലനിര്‍ത്തുകയോ പുതിയവ വെട്ടിപ്പിടിക്കുകയോ ചെയ്യും.

ബന്ദിപ്പൂരില്‍ പുതിയ സാമ്രാജ്യം സ്ഥാപിച്ചവന്‍, ഭീമാകാരനായ ആ കാട്ടുപോത്തിന്റെ അന്ത്യം കുറിച്ചവന്‍, അവന്‍ നിസ്സാരക്കാരനായിരിക്കില്ല. അവനെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍...കാട്ടിലെത്തിയാല്‍ ആഗ്രഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പെരുക്കും. പിന്നെയുള്ള മൂന്ന് ദിവസങ്ങളില്‍ ബന്ദിപ്പൂര്‍ കാടുകളില്‍ കണ്ണുകള്‍ തിരഞ്ഞത് കടുവകളെ മാത്രമായിരുന്നു. കാട്ടുപോത്തുകളും കേഴമാനുകളും ആനകളുമൊന്നും കണ്ണിനിമ്പമാര്‍ന്നില്ല. മനപ്പൂര്‍വ്വം തന്നെ അവയെ കണ്ണില്‍ നിന്നൊഴിച്ചു നിര്‍ത്തി.

ആ മെയ്മാസപുലരികളും സായാഹ്നങ്ങളും കാടിനുള്ളില്‍ തന്നെ ചെലവഴിച്ചു. രാവിലെ ഉറക്കമെഴുന്നേറ്റാലുടന്‍ ക്യാമറകളുമായി സഫാരി ജീപ്പിലേക്ക്. വൈകുന്നേരങ്ങളും അങ്ങനെ തന്നെ. വനം കൊള്ളക്കാരന്‍ വീരപ്പന്റെ വിഹാരരംഗമായിരുന്ന ബന്ദിപ്പൂരിലെ കാട്ടുവഴികളിലൂടെയെല്ലാം അലഞ്ഞു. ഇലപ്പടര്‍പ്പുകളിലെ ഓരോ അനക്കങ്ങളും പ്രതീക്ഷയെ ജീവന്‍വെപ്പിച്ചു കൊണ്ടിരുന്നു. എല്ലാ ദിവസവും കാട്ടുപോത്തിനെ കൊന്നിട്ടിരിക്കുന്ന സ്ഥലത്ത് പോകും. അതിന്റെ വലിപ്പം കുറഞ്ഞു വരുന്നു. രാത്രിയില്‍ വന്ന് ഭക്ഷിച്ച ശേഷം പകല്‍ സുഖമായ വിശ്രമത്തിലായിരിക്കണം വേട്ടക്കാരന്‍!

യാതൊരു പ്രത്യേകതയുമില്ലാതെ രണ്ടു ദിവസങ്ങള്‍ കടന്നു പോയി. കടുവയുടെ കാല്‍പ്പാടുകള്‍ പലതവണ കണ്ടെങ്കിലും ആഗ്രഹിച്ച കാഴ്ച്ചയെ കാട് മറച്ചു പിടിച്ചു. ഇതിനിടെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സംഘം കടുവയെ കണ്ടതായി അറിയിപ്പു വന്നു. അങ്ങോട്ടേക്ക് തിരിച്ചു. കാടിനുള്ളിലെ തുറസ്സായ ഒരിടത്ത് ഏറെനേരം കാത്തിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. മൂന്നാമത്തെ ദിവസം രാവിലത്തെ സഫാരികഴിഞ്ഞതോടെ നിരാശ അതിന്റെ പാരമ്യത്തിലെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു, 'രണ്ടു സഫാരി കൂടി ഉണ്ടല്ലോ..'

അന്ന് വൈകുന്നേരത്തെ സഫാരിക്കായി പുറപ്പെടുമ്പോള്‍ മനസ്സ് മരവിച്ചിരുന്നു. പതിവില്ലാതെ കാടിനും മൗനം. പുള്ളിമാനുകള്‍ എന്തോ കണ്ട് ഭയന്ന പോലെ തുറസ്സായ ഇടങ്ങളിലേക്ക് നീങ്ങുന്നു. പക്ഷികളുടെ ചിലപ്പ് കേള്‍ക്കുന്നില്ല. പൊടുന്നനെ കാനനമൗനത്തെ ഭേദിച്ച് കേഴമാനിന്റെ പ്രത്യേക രീതിയിലുള്ള ശബ്ദം മുഴങ്ങി. തൊട്ടു പിന്നാലെ മയിലുകളുടെ നിര്‍ത്താതെയുള്ള ഭയചകിതമായ ശബ്ദവും. അന്ന് ജീപ്പോടിച്ചിരുന്നത് പ്രദീപ് എന്ന കന്നഡക്കാരനായിരുന്നു. 'സര്‍ ലെപ്പേഡ് അല്ലെങ്കില്‍ ടൈഗര്‍ ഈ പരിസരത്തുണ്ട് ഉറപ്പ്' അവന്‍ പറഞ്ഞു. ബന്ദിപ്പൂര്‍ വനത്തിനുള്ളിലെ കൊളഗ് മല്ലിക്കട്ടെ എന്ന സ്ഥലത്താണ് ഞങ്ങളപ്പോള്‍. എല്ലാവരുടെയും ക്യാമറകളും കണ്ണുകളും 'അറ്റന്‍ഷന്‍ മോഡി'ലേക്കായി.

ശബ്ദം അധികം കേള്‍ക്കാതിരിക്കാന്‍ വളരെ സാവധാനത്തിലാണ് ജീപ്പ് കാട്ടുവഴികളെ അളെന്നെടുക്കുന്നത്. ചെറിയൊരു തടാകത്തിനരികിലെത്തിയതും വണ്ടി നിന്നു. ഡ്രൈവര്‍ പ്രദീപിന്റെ ചൂണ്ടുവിരലില്‍ നിന്നു കണ്ണുകള്‍ പോയത് അവിശ്വസനീയമായ കാഴ്ച്ചയിലേക്കായിരുന്നു. കാട് കയറാന്‍ തുടങ്ങിയ കാലം മുതല്‍ കാത്തിരുന്ന മുഹൂര്‍ത്തം, ബന്ദിപ്പൂരിലെത്തി ഇതുവരെ അലഞ്ഞത് ഇതിനു വേണ്ടിയായിരുന്നു. വിശ്വാസം വരാതെ വീണ്ടും നോക്കി. സ്വപ്‌നമല്ലെന്നുറപ്പു വരുത്താന്‍ ഒരു കാല്‍പാദം കൊണ്ട് മറ്റൊരു കാല്‍പാദത്തെ ചെറുതായൊന്ന് വേദനിപ്പിച്ചു. കാടിന്റെ വന്യത മുഴുവന്‍ ആവാഹിച്ചെടുത്ത രൂപം അതാ..അവിടെ തടാകക്കരയില്‍. വലിപ്പമൊത്തൊരു ആണ്‍കടുവ.

ഞങ്ങള്‍ക്ക് പുറംതിരിഞ്ഞ് കിടക്കുകയാണവന്‍, ഉച്ചമയക്കത്തിലായിരിക്കും. പോക്കുവെയിലിന്റെ സ്വര്‍ണ്ണരാജികളില്‍ അവന്റെ മഞ്ഞ നിറത്തിന് സ്വര്‍ണ്ണ തിളക്കം. മഞ്ഞയിലെ കറുത്ത വരകള്‍ തിളക്കത്തിന് മാറ്റ് കൂട്ടി. ജീപ്പില്‍ നിന്നിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ എല്ലാവരും ഇരുന്നു കൊണ്ടു തന്നെ ക്യാമറകള്‍ സെറ്റ് ചെയ്തു. 'ഷൂട്ട് അറ്റ് സൈറ്റ്'നായി ഒന്‍പത് ക്യാമറകള്‍ തയ്യാര്‍. ഒന്നോ രണ്ടോ ഫ്രെയ്മുകളെടുത്ത് എല്ലാവരും ലൈറ്റ് ഒക്കെ ശരിയല്ലേ എന്ന് നോക്കി. പിന്നെ ബന്ദിപ്പൂരിന്റെ രാജാവ് പള്ളിയുണരാനായുള്ള കാത്തിരിപ്പ്..
മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതിനാലാവണം കേഴമാനുകളും മയിലുകളും നിശബ്ദരായിരിക്കുന്നു. ഒരു ചെറുജീവി പോലും ആ തടാകത്തിന്റെ പരിസരത്ത് വരുന്നില്ല. പക്ഷികളെയും കാണുന്നില്ല. എന്തിന്, കാറ്റ് പോലും പിന്‍വാങ്ങിയിരിക്കുന്നു. സഫാരി ജീപ്പിനുള്ളില്‍ ആരും ശബ്ദിച്ചില്ല, ശ്വാസമെടുക്കുന്നതു പോലും സൂക്ഷിച്ചാണ്.

അരമണിക്കൂര്‍ കഴിഞ്ഞു കാണും അവന്‍ പതുക്കെ വാല് ഉയര്‍ത്തി ഒന്നു ചുഴറ്റി. ഈച്ചകളെ ആട്ടിക്കളഞ്ഞതാണ്. പിന്നെ കിടന്ന കിടപ്പില്‍ പതുക്കെ തലയുയര്‍ത്തി നോക്കി. ആ നിമിഷത്തിനു വേണ്ടി കാത്തിരുന്ന പോലെ ഒന്‍പത് ക്യാമറകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. ക്യാമറ ഷട്ടറുകള്‍ പലതവണ തുറന്നടയുന്ന ശബ്ദം. അര്‍ത്ഥഗര്‍ഭമാര്‍ന്ന കാടിന്റെ മൗനത്തില്‍, ആ ശബ്ദപ്പെരുക്കങ്ങള്‍ യുദ്ധഭൂമിയില്‍ തോക്കുകള്‍ ഗര്‍ജ്ജിക്കുന്നതു പോലെ തോന്നിച്ചു.

അവനൊന്നു തിരിഞ്ഞു. ഉറക്കച്ചടവില്‍ മലര്‍ന്നു കിടന്ന് കൈകാലുകള്‍ മുകളിലേക്കാക്കി മൂരി നിവര്‍ത്തി. പിന്നെ ഞങ്ങള്‍ക്കഭിമുഖമായി കിടന്നു. അപ്പോഴും മുന്‍കാലുകള്‍ കൊണ്ട് മുഖം മറച്ചു. വീണ്ടും 'കുംഭകര്‍ണ സേവ'. മൃഷ്ടാന്ന ഭോജനം കഴിഞ്ഞുള്ള കിടപ്പാണ്. അരമണിക്കൂറോളം അനക്കമില്ലാതെ പോയി. ക്യാമറകള്‍ക്ക് വിശ്രമം.

ആ സമയം മുഴുവന്‍ അവനെ ആവോളം ആസ്വദിക്കുകയായിരുന്നു. 'ഞാനിവിടെ ഉണ്ടായിരുന്നു' എന്ന് കാട്ടുവഴികളില്‍ മുദ്രണം തീര്‍ക്കുന്ന അവന്റെ കാല്‍പാദങ്ങള്‍ ഇപ്പോള്‍ വ്യക്തമായി കാണാം. മുന്‍കാലുകള്‍ക്ക് പിന്‍കാലുകളേക്കാള്‍ അസാമാന്യ വലിപ്പം. കിടക്കുകയാണെങ്കില്‍ പോലും അവന്റെ ബലിഷ്ഠങ്ങളായ കാലുകള്‍ ഉള്ളില്‍ ഭയത്തിന്റെ നേരിയൊരു വിത്തിട്ടു. ഈ കാലുകളാണ് ഇരകള്‍ക്ക് മേല്‍ ആഞ്ഞ് പതിക്കുന്നത്. അവനെ അളക്കാന്‍ ഒരു ശ്രമം നടത്തി. ഏതാണ്ട് അഞ്ചരയടി വരും നീളം. വാലു തന്നെയുണ്ട് ഏതാണ്ട് രണ്ടടി. ചുരുങ്ങിയത് മുന്നൂറ് കിലോ എങ്കിലും കാണണം അവന്റെ തൂക്കം. ഈ കരുത്തന്‍ തന്നെയായിരിക്കണം ആ കാട്ടുപോത്തിനെ വകവരുത്തിയത്.

ഇതിനിടെ തടാകത്തില്‍ നിന്ന് ഒരു ആമ തലപൊക്കി. ആ ചെറുശബ്ദം അവന്റെ ഉറക്കം ഞെട്ടിച്ചു. തലയുയര്‍ത്തി ആമയെ നോക്കി. 'അറിയാതെ വന്നു പോയതാണെന്ന' ഭാവത്തില്‍ ആമ തടാകത്തിലേക്ക് തന്നെ മുങ്ങി. അവന്‍ വീണ്ടുമൊന്ന് തിരിഞ്ഞു കിടന്നു. പിന്നെ പതുക്കെ മുന്‍ കാലുകളിലൂന്നി രാജകീയമായ കിടപ്പില്‍ ഞങ്ങളെ നോക്കി. ആ കണ്ണുകളില്‍ നിന്ന് തീ പാറുന്നുണ്ടോ? കടുവയുമായി മുഖാമുഖമുള്ള കാഴ്ച്ച, ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോകുന്ന പോലെ. ഏതാണ്ട് മുപ്പതോ മുപ്പത്തഞ്ചോ മീറ്റര്‍ മാത്രം അകലെയാണവന്‍. ഒറ്റക്കുതിപ്പിന് ആ ചെറു തടാകത്തെ ചുറ്റി ഞങ്ങള്‍ക്കടുത്തെത്താന്‍ അവന് കണ്ണടച്ചു തുറക്കുന്ന സമയം മതിയാകും. നിശ്ചലമായ ജലാശയത്തില്‍ അവന്റെ വന്യരൂപം പ്രതിബിംബിച്ചു.

പത്ത് മിനിറ്റോളം പ്രതിമ കണക്ക് ഞങ്ങളെ നോക്കി അവന്‍ കിടന്നു. ജീപ്പില്‍ നിന്നും ആരും അനങ്ങിയില്ല. ക്യാമറകള്‍ മാത്രം ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരുന്നു. പെട്ടെന്നൊരു ബോധോദയമുണ്ടായ പോലെ ഡ്രൈവര്‍ പ്രദീപ് സ്വകാര്യമായി പറഞ്ഞു; 'അത് ശ്യാം ആണ്...' ദിവസേന കാടുകയറി ഇറങ്ങുന്ന ഇവര്‍ക്ക് ഓരോ കടുവയേയും തിരിച്ചറിയാന്‍ കഴിയും. ഞങ്ങള്‍ കുഴപ്പക്കാരല്ലെന്ന് കണ്ടിട്ടാകണം, അവന്‍ നോട്ടം പിന്‍വലിച്ച് ദേഹമാകെ നക്കി തുടച്ചു. അതിനു ശേഷം ഉറക്ക ക്ഷീണം മാറിയിട്ടില്ലാത്തവണ്ണം കോട്ടുവായിട്ടു. ദംഷ്ട്രകളും വലിയ നാവും വായും കാട്ടിയുള്ള അവന്റെ ആ ചെയ്തിയില്‍ മുഖത്തെ ക്രൗര്യം പതിന്‍മടങ്ങായി. ഞങ്ങളെ ഒന്നു പേടിപ്പിക്കാനെന്നവണ്ണം ഒന്നോ രണ്ടോ വട്ടം അവനത് ആവര്‍ത്തിച്ചു. പിന്നെ കണ്ണാടിയില്‍ മുഖം നോക്കുന്നത് പോലെ വെള്ളത്തിലേക്ക് കുനിഞ്ഞു നോക്കി കൊണ്ട് അല്‍പ്പനേരം. പതുക്കെ അവന്റെ വലിയ നാക്കു നീട്ടി വെള്ളം കുടിക്കാന്‍ തുടങ്ങി. അപൂര്‍വ്വങ്ങളിലപൂര്‍വ്വമായ കാഴ്ച്ച. ക്യാമറകള്‍ വീണ്ടും യുദ്ധമുന്നണിയിലെ തോക്കുകളായി.

പെട്ടെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ ഒരു ജീപ്പ് ഞങ്ങള്‍ക്കടുത്തു വന്നു. ബന്ദിപ്പൂര്‍ ഡി എഫ് ഒ ആയിരുന്നു അതില്‍. 'ഇവിടെ ഇനി നില്‍ക്കരുത്, കാടിനു പുറത്തേക്ക് പോകണം'. അപ്പോഴാണ് സമയം നോക്കിയത്, ആറേകാല്‍ കഴിഞ്ഞിരിക്കുന്നു. ഹോ! അപ്പോള്‍ കഴിഞ്ഞ രണ്ടുമണിക്കൂറിലേറെയായി ഞങ്ങള്‍ ശ്യാമെന്ന കടുവയില്‍ നിന്ന് കണ്ണെടുത്തിട്ടില്ല. ഞങ്ങള്‍ക്കും മടുത്തിട്ടില്ല കടുവയ്ക്കും മടുത്തിട്ടില്ല! അവന്‍ എഴുന്നേറ്റ് പോകുമെന്ന പ്രതീക്ഷയില്‍ ഞങ്ങളും, ഞങ്ങള്‍ പോകുമെന്ന പ്രതീക്ഷയില്‍ അവനും കഴിയുകയായിരുന്നു ഇതുവരെ. ജീപ്പ് മുന്നോട്ടെടുക്കുമ്പോള്‍ ശ്യാമിനെ അവസനമായി ഒന്നു കൂടി കണ്ടോട്ടെ എന്ന ഭാവത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ ജീപ്പിന് പിന്നിലേക്കായിരുന്നു.

തിരിച്ച് ജംഗിള്‍ ലോഡ്ജസിലെത്തിയതും ഓരോരുത്തരും ചിത്രങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. പലരും 400 ഉം 500ഉം ചിത്രങ്ങളെടുത്തു കഴിഞ്ഞിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ഹോബിയാക്കിയ ബാംഗ്ലൂര്‍ സ്വദേശി പറഞ്ഞു; 'കാടുകളെല്ലാം കയറിയിറങ്ങുന്നുണ്ടെങ്കിലും ആറു വര്‍ഷത്തിനു ശേഷമാണ് കടുവയെ കാണാന്‍ കഴിയുന്നത്'. അന്നു രാത്രിയിലെ ഉറക്കത്തിനൊരു സുഖമുണ്ടായിരുന്നു. ഏതൊക്കയൊ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച സന്തോഷം എല്ലാവരുടെയും മുഖത്ത്.

ബന്ദിപ്പൂര്‍ യാത്രയിലെ ഒടുവിലത്തെ വെളുപ്പാന്‍ കാലം. സഫാരി ജീപ്പ് റെഡിയാണ്. എല്ലാവരും ക്യാമറകളുമായി കയറി. തലേന്ന് കടുവയെ കണ്ടതിന്റെ വിശേഷങ്ങള്‍ തന്നെ വീണ്ടും ചര്‍ച്ച. പതിവു പോലെ കാട്ടുപോത്തിനെ കൊന്നിട്ട സ്ഥലത്തേക്കാണ് പോകുന്നത്. തടാകത്തിനടുത്തേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു. ആ കാഴ്ച്ച ജീപ്പിലിരുന്ന എല്ലാവരും ഒന്നിച്ചായിരിക്കണം കണ്ടത്. കാരണം അത്രയേറെ വിശാലവും തുറസ്സായ ഒരിടവുമായിരുന്നു അത്. അറിയാതെ തന്നെ ജീപ്പിനുള്ളില്‍ നിന്നും പല ആവര്‍ത്തിയില്‍ പല രൂപത്തില്‍ ആശ്ചര്യശബ്ദങ്ങള്‍ ഉയര്‍ന്നു. തടാകക്കരയിലെ പുല്‍പ്പരപ്പില്‍ ഒന്നല്ല, രണ്ടു കടുവകള്‍. ഒന്ന് മലര്‍ന്ന് കിടക്കുന്നു, മറ്റേത് അതിനടുത്ത് തന്നെ എഴുന്നേറ്റ് നില്‍ക്കുന്നു. അന്ന് ജീപ്പോടിച്ചിരുന്ന മലയാളിയായ സന്തോഷ് വിളിച്ചു പറഞ്ഞു 'അത് ഗൗരിയും മകനുമാണ്..'ഏറെ ആഗ്രഹിച്ചെങ്കിലും അതിന് ഇങ്ങനെ ഒരു പരിസമാപ്തി ഉണ്ടാകുമെന്ന് വിചാരിച്ചില്ല. പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടക്കുന്ന ഗൗരിയുടെ മുഖത്ത് സ്വന്തം മുഖം ഉരസുകയാണ് ആ മകന്‍. അമ്മ മകന്റെ മുഖത്ത് മുന്‍കാലുകള്‍ കൊണ്ട് തഴുകുന്നു. ഇവനെ ഗൗരിക്കൊപ്പം സ്ഥിരം കാണാമെന്ന് സന്തോഷിന്റെ സാക്ഷ്യം. വെള്ളത്തിനരികിലെ കിടപ്പ് ആസ്വദിക്കുകയാണ് ഗൗരി. അമ്മയുടെ അടുത്തു നിന്ന് മാറാതെ അവന്‍ നില്‍ക്കുകയാണ്. അമ്മയുടെ പരിലാളന എപ്പോഴും ആഗ്രഹിക്കുന്നവനായിരിക്കും ഇത്. പെട്ടെന്ന് അവന്‍ ഞങ്ങള്‍ നില്‍ക്കുന്ന ദിശയിലേക്ക് തിരിഞ്ഞു. തുറന്ന ഇടമായതിനാല്‍ അവന്‍ ഞങ്ങളെ കണ്ടു. കുറച്ചു നേരം നോക്കി, പിന്നെ അമ്മയെ മുന്‍കാലുകള്‍ കൊണ്ട് ഒന്നു രണ്ടു വട്ടം തോണ്ടി. അവിടെ നിന്ന് പോകാമെന്നു കരുതി വിളിച്ചതാവണം. ഗൗരി അനങ്ങുന്നില്ലെന്നു കണ്ട അവന്‍ മെല്ലെ കാടിനുള്ളിലേക്ക് നടന്നു മറഞ്ഞു. സംഭവിച്ചതെന്തന്നറിയാതെ ഗൗരി എഴുന്നേറ്റ് ചുറ്റുപാടും നോക്കി. ഞങ്ങളാണ് കാരണമെന്നു മനസ്സിലാക്കിയ അവളും കാടിനുള്ളിലേക്ക് നടന്നകന്നു.

'ഖുദ ജബ് ദേത്താ ഹെ തോ, ചപ്പട് ഫാഠ് കെ ദേത്താ ഹെ..' ജീപ്പിന് പിന്നിലിരുന്ന ഉത്തരേന്ത്യക്കാരന്റെ ആത്മഗതം. ശരിയാണ് ദൈവം തരുമ്പോള്‍ ഒന്നിച്ചാണ് തരുക. വര്‍ഷങ്ങളുടെ തപസ്യയിലൂടെയാണ് പലരും ഒരു നിമിഷമെങ്കിലും കടുവയെ അതിന്റെ സ്വാഭാവികതയോടെ കാണുക. മറ്റുചിലര്‍ അതിര്‍വരമ്പുകളില്ലാത്ത ഭാഗ്യത്തിന്റെ അകമ്പടിയോടെയും. കാടിനു പുറത്തേക്കുള്ള വഴിയില്‍ സംശയങ്ങളുടെ മുള്‍ച്ചെടികള്‍ മനസ്സിലേക്ക് പടര്‍ന്നു കയറി. ഗൗരിക്കൊപ്പം ഒരു കുഞ്ഞിനെ മാത്രമേ കണ്ടുള്ളു. അപ്പോള്‍ മറ്റു മൂന്നു പേര്‍...?


അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/