
മഴമുകിലുകള്‍, മേഘമാലകള്‍
Posted on: 03 Sep 2012
Text: G Jyothilal Photos: Saji chunda

പോവേണ്ടത് മേഘമലയിലേക്കാണ്. കോട്ടയത്ത് തീവണ്ടിയിറങ്ങുമ്പോള്‍ രാത്രി ഒരുമണി. കുമിളിയാണ് അടുത്ത ലക്ഷ്യം. പാതിരാത്രിയിലും കോട്ടയത്തുനിന്നു കുമിളിക്ക്് ബസുണ്ട്. കുമിളി തേക്കടിയിലേക്ക് മാത്രമല്ല കമ്പം തേനി വഴി തമിഴ്നാട്ടിലേക്കുമുള്ള കവാടമാണ്. മുല്ലപെരിയാര്‍ വിവാദജലം ഒഴുകുന്ന വഴിയും ഇതുതന്നെ. പുലര്‍ച്ചെ അഞ്ചുമണിക്കാണ് കുമിളിപട്ടണത്തിലെത്തുന്നത്. കട്ടന്കാപ്പിയിലലിയുന്ന ചെറിയകുളിര്. ചെക്പോസ്റ്റിനപ്പുറം തമിഴ്നാട് സര്‍ക്കാരിന്റെ ബസ്സുകള്‍ കാത്തിരിപ്പുണ്ടായിരുന്നു. പക്ഷെ ഒന്നും പുറപ്പെടാറായിട്ടില്ല. അപ്പോഴാണൊരു കേരളാജീപ്പ് വരുന്നത്. തോട്ടംതൊഴിലാളികളെ കൊണ്ടുവരാനായി ഉത്തമപാളയത്തേക്ക് പോകുന്ന വണ്ടി. കൂടെ വന്നോളാന്‍ ഡ്രൈവര്‍ പറഞ്ഞപ്പോള്‍ സന്തോഷമായി. കമ്പത്തിറങ്ങാം.അവിടെ നിന്ന്് ചിന്നമണ്ണൂരിലേക്ക് പോകാം. ചിന്നമണ്ണൂരാണ് മേഘമലയിലേക്കുള്ള യാത്രയുടെ അടിവാരം.
കമ്പത്തിറങ്ങിയതും തമിഴ്നാടന്‍ ശകടം വന്നു. പുത്തന്ബസ്. രണ്ട് ടി.വി സ്ക്രീനിലായി വിജയകാന്ത് തിരശ്ശീല തകര്‍ക്കുന്നു. എഴുത്തുകാരന് ജയമോഹന്റെ അനുഭവമാണ് ഓര്‍ത്തുപോയത്. തമിഴ് നാട്ടിലെ ബസ് യാത്രയില്‍ സഹിക്കാന്‍ വയ്യാത്തത് ടി.വിയിലെ സിനിമാപ്രദര്ശനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. അതും കയറുന്ന ബസ്സിലെല്ലാം ചിമ്പു ചിത്രങ്ങള്‍. അങ്ങിനെ അദ്ദേഹത്തിന് 'മന്മഥന്' ഒമ്പതുപ്രാവശ്യം കാണേണ്ടിവന്നു. ശേഷം ഒരിക്കല്‍ ബസില്‍ ചിമ്പുവിന്റെ 'മന്മഥനാ'ണെന്നു കണ്ട് ഇറങ്ങി അടുത്ത ബസില്‍ പോകാമെന്നു വെച്ചു. ആ ബസ്സില്‍ കയറിയപ്പോഴുണ്ട് ചിമ്പുവിന്റെ 'കാള'. ഒടുക്കം കാശുപോയാലും വേണ്ടില്ലെന്ന് കരുതി കാറു വിളിച്ചുപോയി.
പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഞങ്ങളും ബസ്സ്റ്റാന്‍ഡിലെ കാത്തിരിപ്പുകാര്ക്കിടയിലൊരാളായി. ഒരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു. ഒരു കുടുംബം വന്നിറങ്ങിയത് പെട്ടിഓട്ടോയില്‍. മുരിങ്ങാക്കാമുതല് മണ്ണെണ്ണവരെ കൂടെയുണ്ട്. ബൈക്കിന്റെ ഇത്തിരിനീളത്തില് ഒരു കുടുംബത്തെ മുഴുവന്‍ കൊള്ളിച്ച് മറ്റൊരാളെത്തി. കുടുംബത്തെ സ്റ്റാന്‍ഡിലിറക്കി ലഗേജ് കൊണ്ടുവരാനായി അയാള്‍ തിരിച്ചുപോയി. യാത്രക്കാരെല്ലാം പരസ്പരം പരിചിതര്‍. അവര്ക്ക്് വിശേഷങ്ങള്‍ കൈമാറാനുണ്ട്. അപരിചിതരായ ഞങ്ങളേയും കൂട്ടത്തില്‍ കൂട്ടി. മലയാളം കുറച്ചു കുറച്ചറിയുന്നവരും പാതി മലയാളികളും കൂട്ടത്തിലുണ്ട്. മിക്കവരുടെയും കയ്യില്‍ കോഴിമുട്ട മുതല്‍ പച്ചക്കറി വരെയുള്ള പലവ്യഞ്ജനങ്ങളെല്ലാമുണ്ട്. ആശ്വാസം, ശകടം മുടങ്ങിയാലും ശാപ്പാട് മുട്ടില്ലല്ലോ!