ഡെസ്റ്റിനേഷന്‍ - ഇന്ത്യ

യേര്‍ക്കാടന്‍ മലമേലെ..

Text: G Jyothilal / Photos: S L Anand

 


'ഊസി വളവു'കള്‍ പിന്നിട്ട് കുളിരിളം തെന്നലേറി, സേലത്തിന്റെ ഉയരങ്ങളിലേക്ക്..


സേലം ഇന്ത്യയുടെ ഉരുക്കുനഗരമാണ്. വ്യവസായങ്ങളും അനുബന്ധ വ്യാപാരങ്ങളും കൊണ്ട് സമ്പന്നമായ തമിഴകനഗരം. ചൂടുകൊണ്ട് ഉരുകുന്ന കാലാവസ്ഥയിലും അധ്വാനം കൊണ്ട് പുരോഗതിയിലേക്ക് വളര്‍ന്ന നഗരം. ചൂടുകൊണ്ട് പൊറുതിമുട്ടുമ്പോള്‍ സേലം വാസികള്‍ക്ക് ഒരു 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. കുളിരില്‍ മുങ്ങിയ കുന്നിന്‍ മുകളില്‍ ചെന്ന് മനസും ശരീരവും തണുപ്പിച്ച് ഇറങ്ങിവരാം. യേര്‍ക്കാട് സേലത്തിന്റെ 'വേനല്‍ക്കാല വസതി'യാണ്. ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഊട്ടി പോലെ, കൊടൈക്കനാലുപോലെ, യേര്‍ക്കാടും...

പൂര്‍വ്വഘട്ടത്തിലെ സെര്‍വരായന്‍ മലനിരകളുടെ ഭാഗമായ യേര്‍ക്കാടിന് ഏഴകളിന്‍ ഊട്ടി, മാമലകളിലെ യുവരാജാവ് എന്നൊക്കെയാണ് തമിഴ് മൊഴിയിലെ വിശേഷണങ്ങള്‍. മനോഹരമായ പ്രകൃതിയിലൂടെ, വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന മലമ്പാതയിലൂടെ, സമുദ്ര നിരപ്പില്‍ നിന്ന് 4700 അടി ഉയരത്തിലേക്കാണ് യാത്ര. ചുരത്തില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ തമിഴ്‌നാടന്‍ ഗ്രാമങ്ങളും സേലം നഗരദൃശ്യങ്ങളും കാണാം. യാത്ര രാത്രിയിലാണെങ്കില്‍ സേലത്തിന്റെ ദീപാലംകൃത ദൂരക്കാഴ്ച ചേതോഹരമാണ്. സേലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 3 കിലോമീറ്ററാണ് ബസ്‌സ്റ്റാന്‍ഡിലേക്ക്. അവിടെ നിന്നും യേര്‍ക്കാടിലേക്ക് അരമണിക്കൂര്‍ ഇടവിട്ട് ബസുണ്ട്. അവിടെയെത്തിയാല്‍ 4 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടുകളും കാണാം. ഒരു ഓട്ടോയോ കാറോ പിടിച്ച് കുറഞ്ഞ സമയം കൊണ്ട് കണ്ടു തീര്‍ക്കാവുന്നതേയുള്ളൂ യേര്‍ക്കാടിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍.

20 കൊണ്ടെ ഊസിവളവുകള്‍ (കേട്ട് ഞെട്ടണ്ട, നമ്മുടെ ഹെയര്‍പിന്‍ വളവുകള്‍) പിന്നിട്ട് യേര്‍ക്കാടിലെത്തുമ്പോള്‍ ആദ്യകാഴ്ച യേര്‍ക്കാട് എന്ന പേരിനു പിന്നിലെ തടാകം തന്നെയാണ്. എമറാള്‍ഡ് ലേക്ക് അഥവാ മരതകതടാകം. തമിഴില്‍ യേരി എന്നാല്‍ തടാകം. കാട് നമ്മുടെ കാട് തന്നെ. യേരിയും കാടും ചേര്‍ന്ന സ്ഥലം യേര്‍ക്കാടായി. തടാകത്തിലൊരു ബോട്ടിങ്. തടാകക്കരയിലെ സസ്യവൈവിധ്യങ്ങള്‍ നിറഞ്ഞ അണ്ണാപാര്‍ക്കിലൂടൊരു നടത്തം, മെയ്മാസത്തിലാണെങ്കില്‍ പുഷ്പഫല പ്രദര്‍ശനവും ഉണ്ടാവും. ഹോര്‍ട്ടികള്‍ച്ചര്‍ ഫാം കൂടിയാണിത്. തൊട്ടടുത്ത് റോസ്ഗാര്‍ഡനും കാണാം. വിവിധ തരം റോസാപുഷ്പങ്ങള്‍ കൊണ്ട് അലംകൃതമായ ഈ റോജാവാടിയില്‍ പ്രവേശനത്തിന് 2 രൂപയാണ് ടിക്കറ്റ് .തടാകത്തിനു സമീപം മാന്‍പാര്‍ക്കുമുണ്ട്. മാന്‍ പാര്‍ക്ക് അഞ്ചുമണിക്ക് അടയ്ക്കും.

യോര്‍ക്കാടില്‍ പോകുന്നവര്‍ കിള്ളിയൂര്‍ വെള്ളച്ചാട്ടം കാണാന്‍ മറക്കരുത്. നവംബറിനു ശേഷമുള്ള സമയമാണ് ഏറ്റവും നല്ലത്. യേര്‍ക്കാട് ടൗണില്‍ നിന്നും മൂന്നു കിലോമീറ്ററാണിവിടേക്ക്. വാഹനമിറങ്ങി ഒരു കിലോമീറ്റര്‍ ദുര്‍ഘടമായ പാതയിലൂടെ ട്രെക്കിങ് നടത്തി വേണം ഇങ്ങോട്ടിറങ്ങാന്‍. ഇറങ്ങിചെല്ലുമ്പോല്‍ കാണുന്ന കാഴ്ചയ്ക്ക് മുന്നില്‍ നാം അമ്പരപ്പോടെ നിന്നു പോകും. കുത്തനെ വളരെ ഉയരത്തില്‍ നിന്നു മുത്തുമണിപോല്‍ ചിതറി വീഴുന്ന വെള്ളച്ചാട്ടം. കുളിക്കേണ്ടവര്‍ക്ക് കുളിക്കാം. കാഴ്ചയുടെ സുന്ദരമായ നിമിഷങ്ങളെ ക്യാമറയിലാക്കാം. 300 അടി ഉയരത്തില്‍ നിന്നാണീ ജലപാതം. വേനല്‍ രുക്ഷമാവുമ്പോള്‍ ഇവിടം നിരാശപ്പെടുത്തിയേക്കും.

യേര്‍ക്കാടന്‍ മലനിരകളുടെ കാവല്‍ദൈവമാണ് സെര്‍വരായന്‍. യേര്‍ക്കാടിലെ ഏറ്റവും ഉയരമേറിയ മലയിലാണ് സെര്‍വരായന്റെ ക്ഷേത്രം. 5326 അടി ഉയരത്തില്‍. സെര്‍വരായനും കാവേരിയമ്മയുമാണ് പ്രതിഷ്ഠ. ഈ ഗുഹാക്ഷേത്രത്തിലൂടെ കാവേരിയുടെ ഉത്ഭവ കേന്ദ്രം വരെ സഞ്ചരിക്കാം എന്നൊക്കെ വിശ്വാസമുണ്ട്. യേര്‍ക്കാട് ടൗണും നാഗല്ലൂരും ഇവിടെ നിന്നാല്‍ കാണാം. മെയ്മാസത്തില്‍ ഇവിടുത്തെ ഉത്സവം കേമമാണ്. ആദിവാസികളടക്കം യേര്‍ക്കാടിലെ എല്ലാവരും ഒത്തുകൂടുന്ന ഉത്സവം. ശ്രീരാജരാജേശ്വരി ക്ഷേത്രവും മുരുകന്‍കോവിലുമാണ് യേര്‍ക്കാടിലെ മറ്റ് തീര്‍ഥാടന കേന്ദ്രങ്ങള്‍.

Go to Pages »
1| 2 |
TAGS:
YERCAUD  |  SALEM  |  TAMILNADU  |  HILLSTATION 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/