ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ധ്യാനത്തിന്റെ നിറഭേദങ്ങള്‍

Text: T J Sreejith / Photos: P Jayesh

 


ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം അവയെ പുനരാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരുഅഭയാര്‍ഥി സമൂഹം. നംഡ്രോളിങ് എന്ന ബൈലക്കുപ്പയിലെ ടിബറ്റന്‍ തുടിപ്പുകളിലൂടെ...ഒരു മഹാപ്രയാണത്തിന്റെ അപൂര്‍ണത....ഉറ്റവരില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെ നിസ്സഹായത...ജീവിതം മുഴുവന്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരുടെ മനസ്സിന്റെ നൊമ്പരം...പുറമേ കാണുന്ന പുഞ്ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും നിറങ്ങള്‍ക്കുമപ്പുറം ഇതൊക്കെയാണ് കൂര്‍ഗ്ഗിലെ ബൈലക്കുപ്പയും അവിടുത്തെ ടിബറ്റന്‍ വംശജരും...

1949ല്‍ ആയിരുന്നു അത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍ എന്നും സമാധാനം മാത്രം ആഗ്രഹിച്ചിരുന്ന ടിബറ്റ് എന്ന കൊച്ചു രാജ്യത്തെ ചൈനയുടെ പട്ടാളം ആക്രമിച്ചു. രാജ്യത്തിന്റെ ജീവവായുവായ ബുദ്ധമതത്തെ സൈന്യം ചിന്നഭിന്നമാക്കാന്‍ തുടങ്ങി. ഒരു വംശം തന്നെ ഇല്ലാതാകുമെന്ന് കണ്ടപ്പോള്‍ അന്നത്തെ ബുദ്ധസന്യാസിമാരില്‍ പ്രമുഖനും യുവാവുമായ പെനോര്‍ റിംപോച്ചെ തന്റെ അനുയായികളുമായി നാടുവിട്ടു. ദീര്‍ഘമായ പലായനമായിരുന്നു അത്. തുടക്കത്തില്‍ മുന്നൂറോളം അനുയായികളാണ് പേനോര്‍ റിംപോച്ചേക്കൊപ്പമുണ്ടായിരുന്നത്. ചൈനീസ് പട്ടാളം ഇവരെ പിന്‍തുടര്‍ന്നു ഹിമാലയത്തിന്റെ പര്‍വ്വത പാര്‍ശ്വങ്ങളില്‍ അവരില്‍ പലരും മരിച്ചു വീണു. കഠിനമായ യാത്രയ്‌ക്കൊടുവില്‍ ഇന്ത്യയിലെത്തിയപ്പോള്‍ പെനോറിനൊപ്പം അവശേഷിച്ചത് 30 പേര്‍ മാത്രം. ഇന്ത്യയുടെ കൈകളില്‍ അഭയം തേടിയ അവര്‍ ആദ്യകാലങ്ങളില്‍ തങ്ങിയത് അരുണാചലിലായിരുന്നു.

1960 ആയപ്പോഴേക്കും ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടി. ഇവരെ ഉള്‍ക്കൊള്ളാന്‍ പുതിയ ഇടങ്ങള്‍ തേടേണ്ടി വന്നു. 1961 ല്‍ പെനോര്‍ റിംപോച്ചയും സംഘവും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. ബൈലക്കുപ്പയായിരുന്നു ലക്ഷ്യം. അവിടെ കര്‍ണാടക സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി നല്‍കിയ മൂവായിരം ഏക്കറില്‍, ഒരു വലിയ സംഘം ടിബറ്റുകാര്‍ ഇതിനകം തന്നെ എത്തിയിരുന്നു. 1963ല്‍ പെനോര്‍ റിംപോച്ചെയും എണ്ണത്തില്‍ കുറഞ്ഞ അനുയായികളും ബൈലക്കുപ്പയിലെത്തി. അവിടെ ഒരു ബുദ്ധവിഹാരം സ്ഥാപിക്കാന്‍ പെനോര്‍ തീരുമാനിച്ചു. വെറും മുന്നൂറു രൂപയും 10 സംന്യാസിമാരുമായിരുന്നു അദ്ദേഹത്തിനൊപ്പം അന്നുണ്ടായിരുന്നത്. വനപ്രദേശമായിരുന്ന അവിടെ ആദ്യം മുളകൊണ്ട് കെട്ടിടം നിര്‍മ്മിച്ചു, മൂന്ന് നിലകളിലായി. അന്നത്തെ എണ്‍പത് ചതുരശ്ര അടിയിലുണ്ടായിരുന്ന ബുദ്ധവിഹാരം, പിന്നീട് മുളങ്കാട് പോലെ പടര്‍ന്ന് പന്തലിച്ചു. ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ ദലൈലാമ ബൈലക്കുപ്പ ബുദ്ധവിഹാരത്തിന് നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവര്‍ണ ക്ഷേത്രം എന്ന പേര് നല്‍കി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ. അയ്യായിരത്തിലധികം സന്യാസിമാരാണ് വിഹാരത്തില്‍. ഇതുകൂടാതെ കോളേജും ആശുപത്രിയും വീടുകളും കൃഷിയിടങ്ങളുമെല്ലാമായി മൂന്നു തലമുറകളിലെ 18,000 ടിബറ്റന്‍ അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പക്ഷേ എല്ലാമുണ്ടായിട്ടും ജന്മനാടും നാട്ടുകാരും ഓര്‍മകളായി അവശേഷിച്ചു...

അഭയാര്‍ത്ഥികളുടെ സ്വര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ ആദ്യം എതിരേറ്റത് പ്രാര്‍ത്ഥനാ പതാകകളായിരുന്നു. തലേന്നത്തെ ഉറക്കക്ഷീണം കുടഞ്ഞുകളഞ്ഞ് ബൈലക്കുപ്പക്കാര്‍ എഴുന്നേല്‍ക്കുന്നതേയുണ്ടായിരുന്നുള്ളു. വലിയൊരു മൈതാനത്ത് മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് തോരണം തൂക്കിയത് പോലെയായിരുന്നു ബുദ്ധമത പ്രാര്‍ത്ഥനകള്‍ എഴുതിവെച്ച പതാകകള്‍.

ബൈലക്കുപ്പയുടെ മനസ്സ് പോലെ കാറ്റിനുമുണ്ട് സ്വഛത...ചോളം വിളയുന്ന പാടങ്ങള്‍ കടന്ന് നംഡ്രോളിങ് വിഹാരത്തിന്റെ കവാടത്തിലെത്തി. മൂന്ന് മകുടങ്ങളുമായി സ്വര്‍ണവര്‍ണത്തിലും കരിഞ്ചുവപ്പിലും കുളിച്ചു നില്‍ക്കുന്ന വിശാലമായ കവാടം. പൊടുന്നനെ ഒരു ട്രാക്ടര്‍ നിറയെ മഞ്ഞയും മറൂണും നിറത്തിലുള്ള വേഷത്തില്‍ ഒരു സംഘം ലാമമാര്‍ കവാടം കടന്ന് പുറത്തേക്ക് വന്നു. ടിബറ്റന്‍ അധിവാസഭൂമിയിലേക്ക് നീളുന്ന വഴിയിലൂടെ ലാമകളേയും വഹിച്ചു കൊണ്ടുള്ള ട്രാക്ടര്‍ കടന്ന് പോയി. 'ഏതെങ്കിലും ടിബറ്റന്‍ വീടുകളില്‍ പൂജയോ മറ്റോ കാണും, അതിനാണ് ഇവരെ കൊണ്ടു പോകുന്നത്...' മനസ്സിലെ സംശയത്തിന് മറുപടി തന്നത് ബുദ്ധവിഹാരത്തിന് മുന്നില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുന്ന മലയാളിയായ മുസ്തഫയാണ്. സംസാരിച്ച് നില്‍ക്കുന്നതിനിടെ മറ്റൊരു സംഘം കുഞ്ഞുലാമമാര്‍ മുസ്തഫയുടെ ഓട്ടോയില്‍ കയറി കുശാല്‍ നഗറിലേക്ക് പോയി....
Go to Pages »
1| 2 | 3 |
TAGS:
BYLAKUPPE  |  MONASTERY  |  COORG  |  KUDAGU  |  GOLDEN TEMPLE  |  BUDDHISM  |  TIBETAN 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/