ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ലഡാക്കിന്റെ ഹൃദയതാളങ്ങള്‍

Text & Photos: N J Antony

 


പാരമ്പര്യ വേഷവിധാനങ്ങളും ആഭരണങ്ങളും അണിഞ്ഞ് വാദ്യസംഗീതത്തിന്റെയും താളമേളങ്ങളുടേയും അകമ്പടിയോടെ ചെറിയ ചുവടുകള്‍ വെച്ച് അവര്‍ ലഡാക്കിലെ പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ട സുന്ദരന്‍മാരും സുന്ദരിമാരും നൃത്തമാടുന്നു. ടിബറ്റില്‍ നിന്നും ഉത്ഭവിച്ച് ലഡാക്കിലൂടെ പാകിസ്താനിലേക്ക് പോകുന്ന സിന്ധു നദിക്കരയിലെ ഒരു ചെറിയ പട്ടണമാണ് ലേ.

പൗരാണികവും ആകര്‍ഷകവുമായ ലേയിലെ പ്രസിദ്ധമായ പോളോ ഗ്രൗണ്ടില്‍ 2011 ലെ 'ലഡാക്ക് ഫെസ്റ്റിവല്‍' നടക്കുന്നു. പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സപ്തംബര്‍ ഒന്നാം തീയതി രാവിലെ പട്ടണത്തിന്റെ പ്രധാന വീഥികളിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയോടെയാണ് തുടങ്ങുന്നത്. ഓരോ ഗോത്രവിഭാഗത്തിന്റേയും വേഷവും ആഭരണങ്ങളും കലാപ്രകടനങ്ങളും വ്യത്യസ്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്നേ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലുള്ള ലേയിലെ ആകെ ജനസംഖ്യ ഇരുപത്തി അയ്യായിരത്തോളമേ വരു. തദ്ദേശീയരേക്കാള്‍ എത്രയോ മടങ്ങ് സന്ദര്‍ശകര്‍ ഫെസ്റ്റിവല്‍ സമയത്ത് ഇവിടെ എത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒരുക്കങ്ങളെല്ലാം നടത്തിവരവേയാണ് ലേയ്ക്ക് മുകളില്‍ വര്‍ഷപാതം തകര്‍ത്താടിയത്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. ലഡാക്കില്‍ എല്ലായിടത്തും പെതുതീരേണ്ട മഴക്കാറുകള്‍ ലേയ്ക്ക് മുകളില്‍ ഒരുമിച്ച് ചേര്‍ന്ന് താഴേക്ക് പതിക്കുക. മണ്ണും കല്ലുകളും അടക്കം മലകള്‍ തന്നെ ഇളകിവരുന്നു! ആയിരത്തിലേറെ മനുഷ്യര്‍ മരിച്ചു. ഗ്രാമങ്ങള്‍ ഇല്ലാതായി. പുനര്‍നിര്‍മ്മാണം തുടരുകയാണ്. ഇതിനിടയിലാണ് ഫെസ്റ്റിവല്‍.

ലഡാക്കിന്റെ കലാസാംസ്‌ക്കാരിക തുടിപ്പുകള്‍ ഉണരുന്ന കാലം. ലഡാക്ക് ഉത്സവം അവരുടെ വരുമാനവും അഭിമാനവുമാണ്. നഗരം പകിട്ടുകളോടെ ഒരുങ്ങി നില്‍ക്കുന്നു. ദീപാലങ്കാരങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ദിശാസൂചികകള്‍ എല്ലാം കൃത്യമായി ഒരുക്കിയിരിക്കുന്നു. നാടന്‍ ഭക്ഷണശാലകള്‍ മുതല്‍ കോണ്ടിനന്റല്‍ ഹോട്ടലുകള്‍ വരെ. ടൂറിസ വരുമാനം വര്‍ഷത്തില്‍ അഞ്ചുമാസം മാത്രം. മഞ്ഞുകാലം കഠിനമായതിനാല്‍ സഞ്ചാരികള്‍ കുറയും. മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള്‍ സ്വഗ്രാമങ്ങളിലേക്ക് പോകും. ലേയില്‍ അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന്‍ ആര്‍മിയും മാത്രം. ടൂറിസ്റ്റ് കാലത്ത് വിവിധ ലോകസംസ്‌ക്കാരങ്ങളുടെ സങ്കലനത്താല്‍ ലേ എന്ന പുരാതന കച്ചവട കേന്ദ്രം ധന്യമാകും.

ഉത്സവാഘോഷയാത്ര പോളോ ഗ്രൗണ്ടില്‍ എത്തും മുന്‍പ് നഗര ഭരണാധികാരികളും പാരമ്പര്യവേഷം ധരിച്ച് മുന്‍നിരയില്‍ എത്തിയുട്ടുണ്ടാകും. 1995ല്‍ സ്ഥാപിതമായ LAHDC (Ladakh Autonomus Hill Development Council) ആണ് ഭരണം നടത്തുന്നത്. പോളോഗ്രൗണ്ടാകട്ടെ മുക്കാല്‍ ഭാഗവും സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുന്നു. അതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കുമായി ഒരു പന്തല്‍ ഉയര്‍ത്തിയതും നിറഞ്ഞിട്ടുണ്ട്. ശേഷക്കുന്നത് തുറസ്സായ സ്ഥലത്ത് പടുത വിരിച്ച ഇടമാണ്. ഘോഷയാത്രയില്‍ ഓടി നടന്ന് ഫോട്ടോ എടുത്തിരുന്നവരെക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അവിടവും നിറഞ്ഞു. ഇനി കലാകാരന്‍മാര്‍ക്ക് പ്രകടനം നടത്തുവാന്‍ കുറച്ച് വിസ്തൃതി മാത്രം. അവര്‍ ഓരോ സംഘങ്ങളായി വന്ന് തങ്ങളുടെ നൃത്തവും പാട്ടും മറ്റ് പ്രകടനങ്ങളും കാഴ്ച്ചവെയ്ക്കുമ്പോള്‍ ചുറ്റിനും ആയിരക്കണക്കിന് ക്യാമറകള്‍ ഒരുമിച്ച് മിഴിതുറക്കും. ലഡാക്കില്‍ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടും. ലേയില്‍ വേഗത്തില്‍ നടക്കുവാന്‍ പ്രയാസമാണ്. അലസ നടത്തമാണ് അഭികാമ്യം. അതുകൊണ്ടാവണം. കലാപ്രകടനങ്ങളും സാവധാനമായത്. കൈകാലുകള്‍ മെല്ലെ ചലിപ്പിച്ച്, ശാന്തമായ ഈണത്തില്‍ പാടിക്കൊണ്ട് അവര്‍ നൃത്തമാടി.

പോളോഗ്രൗണ്ടിന് കിഴക്ക് നീലാകാശം മുട്ടിനില്‍ക്കുന്ന ലഡാക്ക് മലനിരകള്‍. പടിഞ്ഞാറ് സ്‌തോക്ക് മലകളിലെ ഗ്ലേസിയറുകള്‍. വെണ്‍മേഘങ്ങള്‍ മേവുന്ന തെളിഞ്ഞ നീലാകാശം. കുന്നിന്‍ മുകളില്‍ പുരാതനമായ ലേ പാലസും കോട്ടയും മൊണാസ്ട്രിയും. തുറസ്സായി കിടക്കുന്ന ഗ്രൗണ്ടിലിരുന്ന് ശാന്തഗംഭീരമായ ഗോത്രനൃത്തവും സംഗീതവും ആസ്വദിക്കുന്ന ഒരു മനസ്സിനെ ചുറ്റുപാടുമുള്ള ഈ അസാധാരണ പ്രകൃതി സമന്വയിപ്പിക്കുന്നതെങ്ങനെ? അലൗകീകമായ ഏതോ ഒന്നിലേക്ക് ഹൃദയത്തെ വലിച്ചുണര്‍ത്തുമ്പോള്‍ 'കരുണ'യുടെ 'ഓറ' നമ്മേ വലയം ചെയ്യുന്നുവോ..ഒരു സാന്ത്വനമായി?

പതിനേഴാം നൂറ്റാണ്ടില്‍ സിന്‍ജെ നാംഗിയാല്‍ രാജാവ് പണികഴിപ്പിച്ചതാണ് കുന്നിന്‍ മുകളിലെ പാലസ്. ഒമ്പത് നിലകളുള്ള മനോഹരമായ ഈ കൊട്ടാരം. 1834 ല്‍ ദോഗ്രാ കലാപത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കൊട്ടാരനിവാസികള്‍ അവിടം വിട്ട് സിന്ധു നദിക്ക് കിഴക്ക് സ്‌തോക്ക് കുന്നുകളിലൊന്നില്‍ പുതിയ കൊട്ടാരം നിര്‍മ്മിച്ചു. ഇപ്പോള്‍ രണ്ടിലും രാജകുടുംബക്കാര്‍ ആരും താമസമില്ല. ചിലപ്പോള്‍ ലേ യിലെ ഏതെങ്കിലും റസ്‌റ്റോറന്റുകളില്‍ പുതിയ തലമുറക്കാരെ കണ്ടുമുട്ടിയെന്നു വരാം. രണ്ടു പാലസുകളും ഇന്നു മ്യൂസിയങ്ങളാണ്. ലേ പാലസില്‍ നിന്നുമുള്ള പുറം കാഴ്ച്ചകളും മനോഹരം. നഗരം ഒന്നാകെ നമ്മുടെ കാഴ്ച്ചയിലേക്ക് വരും.
Go to Pages »
1| 2 | 3 | 4 |
TAGS:
LEH  |  LADAK  |  KASHMIR  |  MONASTERY  |  BUDHISM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/