ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ചരണാദ്രിയിലെ ചിത്രശിലാപാളികള്‍

Text: K V Anoop, Photos: K R Vinayan

 


എല്ലോറയിലെ ശില്പ ശിലാവിസ്മയങ്ങള്‍. ഒരു മലയ്ക്കുള്ളില്‍ മഹാശില്പങ്ങള്‍ ഭാവന ചെയ്ത മനസ്സുകള്‍ക്ക് നമോവാകം


ഞങ്ങളുടെ വീടിനു പിന്നിലെ കുന്നിന്റെ മറുഭാഗത്ത് ഒരു കരിങ്കല്‍ ക്വാറിയുണ്ട്. കുട്ടിക്കാലത്ത് അതിനടുത്തു പോകുന്നതു തന്നെ ഭയമായിരുന്നു. മറുവശത്ത് പക്ഷേ, ഒരു കുട്ടിയുടെ കൗതുകത്തെ തൊട്ടുവിളിക്കുന്ന സംഗീതമുണ്ടായിരുന്നു. കരിങ്കല്ലില്‍ ഉളികള്‍ കൊത്തുന്ന സംഗീതം. കുഞ്ഞു കുഞ്ഞ് ഓലപ്പന്തലുകള്‍ക്കു ചുവട്ടില്‍ കരിങ്കല്ലുകള്‍ അമ്മികളായും ഉരലുകളായും രൂപമെടുക്കുന്ന കൗതുകക്കാഴ്ച. ഒരു കരിങ്കല്‍ കഷ്ണത്തിനുള്ളില്‍ അമ്മിയും ആട്ടുകല്ലും ഉരലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന ഭാവനയെക്കുറിച്ചോര്‍ത്ത് ആ പ്രായത്തില്‍ അത്ഭുതം കൂറിയിരുന്നു.

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ നിന്നപ്പോള്‍, ഒരു മലയ്ക്കുള്ളില്‍ മഹാശില്പങ്ങള്‍ ഭാവന ചെയ്ത മനസ്സുകള്‍ക്കു മുന്നില്‍ നമ്രമനസ്‌കനായി.

വ്യാവസായിക നഗരമായ പുണെയില്‍ നിന്നും ലോകത്തെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഔറംഗബാദ് വഴിയാണ് എല്ലോറയിലേക്കു വന്നത്. എല്ലോറ എന്നല്ല വേരൂള്‍ എന്നു വേണം പറയാന്‍. എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പേരാണ് വേരൂള്‍. എല്ലോറ അവിടുത്തുകാര്‍ക്ക് 'വേരൂള്‍ ലേനി'യാണ്.

പുത്തന്‍ നഗരക്ഷേത്രങ്ങളില്‍ നിന്ന് ഗുഹാക്ഷേത്രങ്ങളിലേക്കുള്ള യാത്ര. മണിസൗധങ്ങള്‍ പണിയാന്‍ മലകള്‍ വെടിമരുന്നു വച്ചു തകര്‍ക്കുന്ന ഒരു കാലത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു സംസ്‌കാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്.

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളിലും വ്യത്യസ്ത സംസ്‌കാരങ്ങളുടെ മുദ്രകള്‍ കാണാനാവും. മൂന്ന് സംസ്‌കാരങ്ങളുടെ, ഹിന്ദു-ബുദ്ധ-ജൈന മതങ്ങളുടെ, സമന്വയം.

കാറിന്റെ ചില്ലിലൂടെ നോക്കുമ്പോള്‍, പൊതുവെ വെളുപ്പു നിറമാണ് ഔറംഗബാദ് നഗരത്തിന്. എങ്കിലും സായാഹ്ന വെയിലിന്റെ നിറം കണക്ക് ചരിത്രം ഉറങ്ങാതിരിക്കുന്ന കെട്ടിടങ്ങളും തെരുവുകളും പാതകളും സുലഭം. പഴയ സാമൂഹ്യപാഠം പുസ്തകങ്ങളില്‍ നിന്നും ഔറംഗസീബും അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളും ഓര്‍മ്മയിലേക്ക് ഓടിക്കയറി വന്നു. ചാലിസ്‌ഗോണിലേക്കു പോകുന്ന ദേശീയപാത 211-ലൂടെ മുന്നേറുമ്പോള്‍, ഇരുവശത്തും ഏപ്രിലിലെ വരണ്ട ഭൂമി. നഗരത്തില്‍ നിന്നും പതിനഞ്ചോളം കിലോമീറ്റര്‍ ചെന്നപ്പോള്‍, വിദൂരസ്ഥമായ ഏതോ കാലത്തിലെ അഗ്നിപര്‍വ്വത സ്മരണകളില്‍ ചെമ്പന്‍ പുതച്ചു മയങ്ങുന്ന ഡക്കാന്‍ മലനിരകള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. അതിന്റെ തുടക്കത്തില്‍, 'തുഗ്ലക്ക്' പരിഷ്‌കാരങ്ങളിലൂടെ മന:പാഠമായ ദൗളത്താബാദ് കോട്ട. റോഡിന്റെ ഇടതു വശത്ത് ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കുന്നും കോട്ടയും.

ഔറംഗസീബിന്റെ ശവകുടീരത്തിലേക്ക് മൂന്നു കിലോമീറ്റര്‍ എന്ന് എഴുതിവച്ച ബോര്‍ഡിനെ അവഗണിച്ച്, ഇടത്തോട്ടു തിരിഞ്ഞു. എല്ലോറയിലെത്താന്‍ ഇനി ഏതാനും മിനുട്ടു മാത്രം. ആകാംക്ഷയോടെ നോക്കിയെങ്കിലും പുറംകാഴ്ചകളിലൊന്നും ഒരു മഹാസംസ്‌കാരത്തിന്റെ സൂചനകള്‍ വെളിപ്പെട്ടില്ല.

കാര്‍ ചെറിയൊരു കവലയിലെത്തിയപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമായെന്നു മനസ്സിലായി. അകത്തെ യാത്രയ്ക്ക് ഓട്ടോകള്‍ ലഭ്യമാണ് എന്നു പറഞ്ഞ് ഞങ്ങളുടെ ഡ്രൈവര്‍ കാര്‍ പാര്‍ക്കു ചെയ്യാന്‍ പോയി.

ഇടതു വശത്തു ടിക്കറ്റ് കൗണ്ടര്‍. 10 രൂപ ടിക്കറ്റ്. മുന്നോട്ടു നടക്കുമ്പോള്‍, ടൂറിസം വകുപ്പിന്റെ ഓഫീസ്. കൂറ്റന്‍ വൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന പാര്‍ക്കിങ് ഏരിയ. അതിനിടയിലൂടെ വിശാലമായ പുല്‍ത്തകിടി. അതിനപ്പുറത്താണ് കാലത്തിന്റെ കൊത്തുപണികള്‍.

ചരണാദ്രി മലനിരകള്‍. അതിന്റെ പടിഞ്ഞാറേച്ചെരുവിലാണ് ഗുഹകള്‍. രണ്ട് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 34 എണ്ണം. യാത്രാരംഭത്തില്‍ തന്നെ മനസ്സിലാക്കി വച്ചിരുന്നു, നിര്‍മ്മാണ കാലം വച്ച് തെക്കു നിന്ന് വടക്കോട്ടു വേണം ഇവ സന്ദര്‍ശിക്കാന്‍. പക്ഷേ, 40 ഡിഗ്രി ചൂടില്‍ രണ്ടു കിലോമീറ്റര്‍ നടക്കാന്‍ ഒന്നു മടിച്ചു. 120 രൂപ തന്നാല്‍ എല്ലാ ഗുഹകള്‍ക്കു മുന്നിലും കൊണ്ടു വിടാം എന്ന വാഗ്ദാനവുമായി ഓട്ടോക്കാരന്‍ പിന്നാലെ വന്നപ്പോള്‍ അതില്‍ വീണു പോയി. (ഒട്ടോക്കാര്‍ക്കാണ് അകത്തെ യാത്രയുടെ കുത്തകാവകാശം). പിന്നീടാണ് അബദ്ധം മനസ്സിലായത്. ഓട്ടോ ആദ്യം പോയത് വടക്കേ അറ്റത്തേക്കാണ്. അതായത് അവസാനത്തെ ഗുഹകളുടെ മുന്നിലേക്ക്.


Go to Pages »
1| 2 | 3 |
TAGS:
ELLORA  |  HERITAGE  |  UNESCO  |  CAVES  |  HINDUISM  |  BUDDHISM  |  JAINISM  |  AURANGABAD  |  SINNE  |  MONUMENTS  |  MPTDC  |  MAHARASHTRA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/