
കാനനമനം
Posted on: 28 Sep 2011
Text: G Jyothilal, Photos: Sajichunda
കോഴിക്കോടു നിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂര്‍ യാത്ര. പിന്നെ വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍പാലങ്ങളും തുരങ്കങ്ങളും താണ്ടിയുളള കൊങ്കണ്‍പാതയിലൂടെ...ആ യാത്ര തന്നെ ഒരു വിനോദസഞ്ചാര ഹരം പകരുന്നു. വഴിയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നാല്‍ ഉടനാണ് കാര്‍വാര്‍ സ്റ്റേഷന്. അറബികടലോരത്തെ മനോഹരമായ തീരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. മംഗലാപുരത്തു നിന്ന് മത്സ്യഗന്ധയില്‍ കാര്‍വാറിലെത്തുമ്പോള്‍ സമയം ആറുമണി. സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്റ്റാന്‍ഡിലെത്തി ഡാന്‍ഡേലിക്കുള്ള ബസിനായി അന്യേഷിച്ചു. അഞ്ചരയ്ക്കാണ് അവസാന ബസ്. ഇനി നാളെ രാവിലെ നോക്കിയാല്‍ മതി. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍യാത്രയാണ് സഞ്ചാരികള്‍ക്കു നല്ലതും.
ഏഴുമണിക്കുള്ള ആദ്യബസ് പിടിക്കാനായി സ്റ്റാന്‍ഡിലെത്തിയെങ്കിലും ഒരു മിനിട്ടിന്റെ വെത്യാസത്തില്‍ അത് നഷ്ടമായി. പിന്നെ തൊട്ടടുത്തെ പ്രധാന സ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിച്ചു. 96 കിലോമീറ്റര്‍. കാനനപാതയില്‍ ചിലയിടത്തും മാത്രം റോഡ് മോശമാണ്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ജോയ്ഡയിലെത്തിയത്. അവിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. പാവപ്പെട്ടൊരു അങ്ങാടി. റവ ഇഡ്ഡലിയും ബണ്സ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരിയുമല്ല, ബണ്ണുമല്ലാത്തൊരു പലഹാരവും. ചായ രുചികരമാണെങ്കിലും ചെറിയൊരു ഗ്ലാസില്‍ തുള്ളിയേ കാണൂ. അതിനേക്കാള്‍ ചെറിയ ഗ്ലാസിനി കണ്ടു പിടിക്കാനിരിക്കുന്നേയുള്ളു!
കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. ഡാന്‍ഡേലിയിലെത്തിയപ്പോള്‍ ആദ്യം പോയത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലേക്കാണ്. ഞായറാഴ്ചയാണെങ്കിലും അവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ചിത്രദുര്‍ഗക്കാരനായ കുമാരസ്വാമി. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പ്പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്സ് ടെന്റിന് 500 രുപയാണ്. സാധാരണ ടെന്റിന്250 ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രുപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന് ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്‍ക്കുള്ള കമ്മീഷന് കൂടി വേണ്ടി വരും. ഞങ്ങള്‍ ഡീലക്സ് ടെന്റും ബൂക്ക് ചെയ്ത് കുള്‍ഗി നാച്ചര്‍ ക്യാമ്പിലേക്ക് പോയി. 12 കിലോമീറ്റര്‍ 'ദേശീയ വാഹന'ത്തില്‍..