ഡെസ്റ്റിനേഷന്‍ - ഇന്ത്യ

കാവേരിയുടെ നൃത്തജാലം

Text & Photos: Dr. Rajan Chungath

 മഴക്കാലത്ത് ഹൊഗ്ഗനക്കലിലേക്ക് പോകാം. കാവേരിയുടെ സുന്ദരതാണ്ഡവം കാണാം. വെള്ളച്ചാട്ടങ്ങള്‍ക്ക് താഴെ വട്ടക്കൊട്ടയില്‍ തുഴയാം


ശിവനസമുദ്രം ജലപാലപാതങ്ങള്‍ക്കു താഴെ, രണ്ടു വന്‍ വെള്ളച്ചാട്ടങ്ങള്‍ നല്‍കിയ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നോണം അതിവേഗത്തിലാണ് ഇപ്പോള്‍ കാവേരിയുടെ ഗമനം. കാവേരി ഏറെ ദൂരം ഒഴുകും മുമ്പ് കനകപുര സംഗമേശ്വര ശിവക്ഷേത്രത്തിനു സമീപം അര്‍ക്കാവതി എന്നൊരു പോഷകനദി കാവേരിയില്‍ ലയിക്കും. മേകത്താടിന് തൊട്ടു മുകളിലുള്ള ഈ നദീസംഗമത്തിന് നിത്യസാക്ഷിയെന്നോണമാണ് സംഗമേശ്വരന്റെ നില്‍പ്പ്.

സംഗമസ്ഥാനത്തിനു താഴെ മണലൊഴിഞ്ഞ കാവേരിയാണ്. കാവേരിയിലെ അനുസ്യൂതമായ തെളിനീരൊഴുക്കിനും, ഹരിതാഭമായ ഇരു കരകള്‍ക്കുമിടയിലെ പഞ്ചാരമണല്‍തിട്ട പൊടുന്നനെ അപ്രത്യക്ഷമാകും. മേകത്തോട് എന്നറിയപ്പെടുന്ന ഇടുങ്ങിയ മലയിടുക്കിലൂടെയാണ് കാവേരിയുടെ തമിഴകത്തേക്കുള്ള പ്രയാണം. തുടര്‍ന്ന് 36 കി.മി. ദൂരം കാവേരി കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയായൊഴുകും. അതിനിടയിലാണ് മനേഹരമായ ഹൊഗ്ഗനക്കല്‍ വെള്ളച്ചാട്ടം.

'പുകയും പാറ' എന്നാണ് ഹൊഗ്ഗനക്കല്‍ എന്ന കന്നഡ പദത്തിനര്‍ഥം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് 140 കി.മീറ്ററും, മൈസൂരില്‍ നിന്ന് 80 കി.മീറ്ററും, സേലത്തു നിന്ന് 114 കി.മീറ്ററും ദൂരമുണ്ട്.

ഹൊഗ്ഗനക്കലിലൂടെ ഒഴുകുന്ന കാവേരിയുടെ ഇടതുകര കര്‍ണ്ണാടകത്തിലും വലതുകര തമിഴ്‌നാട്ടിലുമാണ്. പശ്ചിമഘട്ടത്തിലെ നിബിഡവനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഹൊഗ്ഗനക്കാലിലെ ഔഷധഗുണമുള്ള കാവേരിയില്‍ കുളിക്കാനായി ധാരാളം പേര്‍ എത്താറുണ്ട്. വിനോദസഞ്ചാരികള്‍ക്ക് അവിടെ അപായരഹിതമായി വെള്ളച്ചാട്ടത്തില്‍ കുളിക്കാം. 'പരശല്‍' എന്ന വട്ടക്കൊട്ടയില്‍ ജലയാത്ര നടത്താം.

കരിമ്പാറക്കെട്ടുകളില്‍ നിന്നും കുത്തനെ താഴോട്ടു പതിക്കുന്ന ജലധാര ഇടിമുഴക്കത്തോടെ ആകാശത്തേക്കുയര്‍ന്ന് പുകയായി പോകുന്ന കാഴ്ച്ച ആരവം, അഥര്‍വം, റോജ, നരന്‍ തുടങ്ങിയ അനേകം ചിത്രങ്ങളില്‍ നാം കണ്ടിട്ടുണ്ട്. മെയിന്‍ ഫാള്‍സ്, സിനി ഫാള്‍സ്, ക്രോക്കഡൈല്‍ ഫാം, മിനി സൂ, സിനി ബെഡ് (മേകത്തോടിനു മുകളില്‍ അപ്രത്യക്ഷമാകുന്ന മണല്‍പ്പരപ്പ് ഇവിടെ പ്രത്യക്ഷമാകുന്നു), ഭീമാകാരമായ ചിതല്‍പ്പുറ്റുകള്‍ എന്നിവയാണ് ഹൊഗ്ഗനക്കലിലെ മറ്റു കാഴ്ച്ചകള്‍.

Go to Pages »
1| 2 |
TAGS:
HOGENAKKAL  |  WATERFALLS  |  TAMILNADU  |  DHARMAPURI  |  YELAGIRI HILLS  |  CORACLE RIDE  |  MONSOON 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/