ഡെസ്റ്റിനേഷന്‍ - ഇന്ത്യ

സകുടുംബം സാഹസികം

Text: G Jyothilal, Photos: Saji Chunda

 

സാഹസികതകളെ പ്രണയിക്കുന്ന ഒരു അപൂര്‍വ കുടുംബം. സഫര്‍, ഭാര്യ അഫ്‌സത്ത്, മക്കളായ സഫ്രീന, ഫര്‍സീന, മോയിസ്, അഫ്‌സര്‍, സഫീറ.. എല്ലാവരും സാഹസികര്‍. അപകടയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍. അവരോടൊപ്പംകാവേരിയിലൂടെ ഒരു മഴക്കാല റാഫ്റ്റിങ്


ഇത് സഫര്‍ അഹമ്മദ്. ഡല്‍ഹിയില്‍ ബിസിനസാണ്. തലശ്ശേരിയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി ബിസിനസിലൂടെ ജീവിതം കെട്ടിപ്പടുത്തയാള്‍. അഞ്ചരക്കണ്ടിക്കാരിയായ അഫ്‌സത്ത് സഫര്‍ ആ ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയായിരുന്നു. എന്നാല്‍ സാഹസികതയോടുള്ള സഫറിന്റെ അഭിനിവേശം ഈ വീട്ടമ്മയുടെ ജീവിതത്തിലേക്കും പകര്‍ന്നു. മക്കള്‍ പിന്നെ വെറുതെയിരിക്കുമോ?. സാഹസികത അവരുടെയും കുടപ്പിറപ്പായി.

അപൂര്‍വമായ ഒരു കുടുംബമാണ് ഇപ്പോള്‍ ഞങ്ങളോടൊപ്പം ഉള്ളത്. സാഹസികരുടെ ഒരു കുടുംബം. ഇത് സഫ്രീന. മൂത്തമകള്‍. ചെന്നൈ ഫ്ലൈയിങ് കഌബ്ബില്‍ പൈലറ്റ് ട്രെയിനി. 70 മണിക്കൂറുകളോളം പറന്നു കഴിഞ്ഞു. നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനില്‍ അംഗം. പാരാഗ്‌ളൈഡിങ്, പാരാസെയ്‌ലിങ്, മൈക്രോലൈററ് ഫ്ലായിങ്, കനോയിങ്, കയാക്കിങ്, വിന്‍ഡ്‌സര്‍ഫിങ്, റാഫ്റ്റിങ്, കൊറാക്കിള്‍ റൈഡ്, ട്രെക്കിങ്, റിവര്‍ക്രോസിങ് തുടങ്ങി എല്ലാ സാഹസിക വിനോദങ്ങളിലും പങ്കെടുക്കുന്നു ഇതിന്റെയെല്ലാം ഇന്‍സ്ട്രക്ടറുമാണ്. രണ്ടാമന്‍ മൊയ്‌സ് സഫര്‍. വൈമാനികനാവാനുള്ള പരിശീലനത്തിലാണ്, പാരാസെയ്‌ലിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ മൊയ്‌സ് മേല്‍പറഞ്ഞ എല്ലാ സാഹസിക വിനോദങ്ങളിലും ഇച്ചാച്ചയെ പോലെ സജീവമാണ്. മൂന്നാമത്തെ മകള്‍ ഫര്‍സീന. ഡല്‍ഹിയില്‍ പൈലറ്റ് ട്രെയിനി. ഗൈഡ്‌സിലും ജൂനിയര്‍ റെഡ്‌ക്രോസിലും എല്ലാ സാഹസിക വിനോദങ്ങളിലും പങ്കാളി. നാലാമന്‍ അഫ്‌സര്‍. സാഹസിക വിനോദങ്ങള്‍ക്ക് കുടുംബത്തോടൊപ്പമുണ്ടെങ്കിലും ബിസിനസിലാണ് താല്‍പര്യം. ഡല്‍ഹിയില്‍ ബി.ബി.എ യ്ക്ക് പഠിക്കുന്നു. ഇളയ മകള്‍ സഫീറയും സാഹസികതയ്ക്ക് പുറകിലല്ല. എന്‍. സി. സി കേഡറ്റാണ്്. ഏയ്‌റോ സ്‌പോര്‍ട്‌സ്, വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളിലാണ് കമ്പം. ഗുരുവായൂരപ്പന്‍ കോളേജില്‍ ബിരുദവിദ്യാര്‍ഥിനി.

സകുടുംബം സാഹസിക യാത്രകള്‍ നടത്തുക എന്നതാണ് ഇവരുടെ വിനോദം. ഇടയ്ക്കിടെ ഉണ്ടാവും യാത്ര. മല കയറാനോ പുഴ താണ്ടാനോ ഗ്ലൈഡര്‍ പറത്താനോ ഒക്കെ ആവും യാത്ര. എല്ലാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ട്. വാഹനങ്ങളും. മാതൃഭൂമി യാത്രക്കു വേണ്ടിയാണ് ഇവരുടെ ഇത്തവണത്തെ സാഹസയാത്ര. ധീരന്‍മാരുടെയും സുന്ദരികളുടെയും നാടായ കുടകിലേക്ക്. കൊടും മഴയില്‍ ഒരു മണ്‍സൂണ്‍ റാഫ്റ്റിങ്. മടിക്കേരിയിലെ ദുബാരെയില്‍ കൂലം കുത്തിയൊഴുകുന്ന കാവേരിയില്‍ ഇതു റാഫ്റ്റിങ്ങിനു പറ്റിയ സമയമാണ്. വണ്ടി അങ്ങോട്ടേക്ക്.

ഇന്ത്യ മുഴുവന്‍ ഈ കുടുംബത്തോടൊപ്പം തളരാതെ സഞ്ചരിച്ചിട്ടുള്ള ഇന്‍ഡിഗോയിലാണ് പെണ്‍സാഹസികര്‍. ഡ്രൈവറായി മൊയിസും. ക്ഷീണിക്കുമ്പോള്‍ ഓടിക്കാന്‍ ഉമ്മയടക്കം എല്ലാവരും റെഡി. ഫോര്‍ഡ് ഫിയസ്റ്റയിലാണ് ബാക്കി സംഘം. വടകര, കുഞ്ഞിപ്പള്ളി, കൂത്തുപറമ്പ്, മാക്കൂട്ടം ചുരം വഴി മടിക്കേരിയിലേക്ക്. മഴനനഞ്ഞ് ഈറനായി കിടക്കുന്ന റോഡിലേക്ക് കോടമഞ്ഞിറങ്ങിവരുന്നു. വാഹനങ്ങളുടെ മഞ്ഞവെളിച്ചം ചേര്‍ത്ത് പ്രകൃതി എണ്ണച്ചായചിത്രമൊരുക്കുമ്പോള്‍ ചുരം സുന്ദരം. മഴ തിമര്‍ത്തു പെയ്തു കൊണ്ടിരുന്നു. ഉമ്മ കരുതിയ ചിക്കന്‍ സമൂസ യാത്രയ്ക്ക് എരിവും ചൂടും പകര്‍ന്നു. ഇടയ്‌ക്കൊരു കായല്‍ക്കരയിലും കുറച്ചിട മടിക്കേരി താഴ്‌വരയിലെ വയലിലും ബ്രേക്ക്. വയലില്‍ കൃഷിപ്പണി നടക്കുന്നുണ്ട്. പെണ്‍പട വയലിലേക്കിറങ്ങി. കൃഷിക്ക് ഭാഷയില്ലല്ലോ. കന്നഡക്കാരായ കര്‍ഷകരുടെ കൂടെ കൂടി ചെളിയില്‍ ഉത്സാഹത്തോടെ അല്‍പ്പനേരം. നഗരജീവിതത്തില്‍ കിട്ടിയ മോചനം പോലെ അവരുടെ ആഹ്ലാദവും ആഘോഷവും.

80കളില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടിനടുത്തായിരുന്നു സഫര്‍ കുടുംബത്തിന്റെ താമസം. അന്നത് ആകാശവിനോദങ്ങളുടെ വേദിയായിരുന്നു. ഗ്‌ളൈഡറുകളും മറ്റും ആകാശവീഥിയില്‍ പറന്നു നടക്കുന്നത് കണ്ട് കൗതുകം തോന്നി വിഞ്ച് ഗ്‌ളൈഡറില്‍ പറന്നു നോക്കിയതായിരുന്നു തുടക്കമെന്ന് സഫര്‍ ഓര്‍ക്കുന്നു: 'ഒരിക്കല്‍ പറന്നവന്‍ പുതിയ ആകാശങ്ങള്‍ തേടിക്കൊണ്ടിരിക്കും. സാഹസിക വിനോദങ്ങളുടെ സാധ്യതകളിലേക്ക് ഞാനും വീണുപോയി. സഫ്രീനയ്ക്ക് രണ്ടരവയസുള്ളപ്പോള്‍ അവളെ മടിയിലിരുത്തി പറന്നിട്ടുണ്ട്. മക്കള്‍ക്കെല്ലാം ചെറുപ്പം മുതലേ സാഹസികതകളോട് പ്രിയമായിരുന്നു. ഭാര്യ തനി നാടനായിരുന്നു. എന്റെ കുടെ കൂടി അവളും മാറി. പണ്ട് അഞ്ചരക്കണ്ടി പുഴയില്‍ നീന്തിപഠിച്ചതുകൊണ്ടാവാം വാട്ടര്‍സ്‌പോര്‍ട്‌സിനും പിന്നെ ആകാശ വിനോദങ്ങള്‍ക്കും ഒപ്പം കൂടി. നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയില്‍ ലൈഫ് മെമ്പറാണ് ഇന്ന് ഞാനും സഫ്രീനയും'.

95 ല്‍ കോഴിക്കോട്ടേക്ക് താമസം മാറ്റിയപ്പോള്‍ സഫര്‍ മുന്‍കൈയെടുത്ത് മലബാര്‍ ഏയ്‌റോസ്‌പോര്‍ട്‌സ് സൊസൈറ്റി തുടങ്ങി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പാരസെയ്‌ലിങ്ങ് നടത്തുമ്പോള്‍ അന്നത് തെന്നിന്ത്യയിലെ തന്നെ ആദ്യസംരംഭമായിരുന്നു. ഒമ്പതുവയസുള്ള സഫ്രീനയാണ് പറന്നത്. പാരാസെയ്‌ലിങ്ങ്, കയാക്കിങ്, കൊറാക്കിള്‍ റൈഡ്, റാഫ്റ്റിങ് എന്നിവയും ഏയ്‌റോ സ്‌പോര്‍ട്‌സുമാണ് ഇപ്പോള്‍ സൊസൈറ്റി സംഘടിപ്പിക്കുന്നത്. 'കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടിനടുത്ത് വിപുലമായൊരു റണ്‍വേയടക്കം ആകാശ വിനോദങ്ങള്‍ക്കൊരിടമൊരുക്കുക എന്നത് എന്റെ സ്വപ്‌നമാണ്. അതു പോലെ സഫ്രീനയുടെയും ഫര്‍സീനയുടെയും വിവാഹം കഴിഞ്ഞാല്‍ ഭാര്യയുമൊത്ത് മോട്ടോര്‍സൈക്കിളില്‍ ഒരു ഭാരതപര്യടനം നടത്താനും പദ്ധതിയുണ്ട്' സഫര്‍ പറയുന്നു.

കാറില്‍ ഇന്ത്യ മുഴുവന്‍ ചുറ്റിയ കുടുംബമാണിത്. 'ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന മിക്ക വണ്ടികളും ഭാരതപര്യടനം കഴിഞ്ഞവയാണ്'. സഫര്‍ പറഞ്ഞു. 'ആദ്യം സ്വന്തമാക്കിയ മാരുതി 800ല്‍ ഒരു റംസാന്‍ മാസം നോമ്പു നോറ്റു കൊണ്ട് ഞങ്ങള്‍ ബിദാര്‍ എന്ന സ്ഥലത്തേക്ക് പോയി. 15 ദിവസത്തെ യാത്ര. രണ്ടുപേര്‍ ഡിക്കിയില്‍ ചുരുണ്ടിരിക്കും. ലഗേജ് ബാഗ് ഉണ്ടാവില്ല. വസ്ത്രങ്ങള്‍ സീറ്റില്‍ തന്നെ വിരിച്ചിടും. അങ്ങിനെ ഒരു പാട് യാത്രകള്‍. എല്ലാം അസാധാരണമായ യാത്രകളായിരുന്നു. കുട്ടികള്‍ വലുതായപ്പോള്‍ കാര്‍ ഇന്‍ഡിക്കയാക്കി. അതിലും ഡല്‍ഹി, മുംബൈ യാത്രനടത്തിയിട്ടുണ്ട്. രണ്ടുവര്‍ഷമായി ഈ ഇന്‍ഡിഗോയാണ് കൂടെ. ഇവനും ഡല്‍ഹി, ചെന്നൈ യാത്ര കഴിഞ്ഞവനാണ്. ഇനിയൊരു ഇന്നോവ വാങ്ങണം. എല്ലാവര്‍ക്കും ഒന്നിച്ച് യാത്ര ചെയ്യാന്‍...' യാത്രാ സ്വപ്‌നങ്ങളും നെയ്ത് യാത്രയും വര്‍ത്തമാനവും തുടരവെ വണ്ടി മടിക്കേരിയിലെത്തി.
Go to Pages »
1| 2 | 3 |
TAGS:
RAFTING  |  DUBARE  |  COORG  |  KODAGU  |  KUDAGU  |  MADIKERI  |  FAMILY  |  ADVENTURE,G JYOTHILAL 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/