ഡെസ്റ്റിനേഷന്‍ - ഇന്ത്യ

സിനിമയിലെ സുന്ദരഗ്രാമം

Posted on: 14 Oct 2010

S N Jayaprakash, Photos: Vivek R Nair

 

വിഭൂതിഭൂഷണ്‍ വന്ദോപാദ്ധ്യായയുടെ പ്രശസ്തമായ 'ആരണ്യക്' എന്ന നോവലില്‍ വനാന്തരങ്ങള്‍ക്ക് ചന്തം ചാര്‍ത്താന്‍ പൂമരങ്ങള്‍ നട്ടുവളര്‍ത്തുന്ന യുഗളപ്രസാദനെപ്പോലൊരുവനെ കണ്ടു, സുന്ദരപാണ്ഡ്യപുരത്തേയ്ക്കുള്ള യാത്രയില്‍.



തെങ്കാശിയില്‍ നിന്ന് കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും സുന്ദരപാണ്ഡ്യപുരം അതിന്റെ സുന്ദരരൂപം കാട്ടിത്തുടങ്ങിയിരുന്നു. നീലപ്പട്ടു പോലെ ആകാശം. പാതയോരത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍. ഞാറിന്റെ പുത്തനുടുപ്പിട്ട വയലുകള്‍. സൂര്യകാന്തിപ്പാടങ്ങള്‍. തെങ്ങിന്‍തോപ്പുകള്‍. വട്ടംകറങ്ങുന്ന കാറ്റാടികള്‍. ഇതിനെല്ലാമിടയിലും ഒറ്റയ്ക്ക് നില്‍ക്കുന്ന കരിമ്പനകള്‍. അതിനുമപ്പുറം തലകുനിച്ച് ഉയരംകുറഞ്ഞ മലനിരകള്‍. കുറ്റിച്ചെടികള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന ആട്ടിന്‍പറ്റവും കാലിക്കൂട്ടവും. ഇവിടെയിനി മല്ലികപ്പൂചൂടിയ ഒരു ദാവണിപ്പെണ്‍കുട്ടികൂടി വേണം. ഇളയരാജയുടെ ഈണത്തില്‍ ഒഴുകി അവള്‍ ആട്ടിന്‍കുട്ടികളിലൊന്നിനെ വാരിയെടുത്ത് മുത്തംകൊടുക്കണം. കണ്‍കളില്‍ കാതല്‍ കടഞ്ഞ്, ചുണ്ടുകളില്‍ കവിത വിരിഞ്ഞ് അവളങ്ങനെ... എത്രയോ തമിഴ് സിനിമകളില്‍ കണ്ട വശ്യസുന്ദരമായ ഗ്രാമരംഗം.

സുന്ദരപാണ്ഡ്യപുരം ടൗണ്‍ എത്തുന്നതിന് ഏതാണ്ട് നാലുകിലോമീറ്റര്‍ ഇപ്പുറത്ത് റോഡരികില്‍ വലത്തായി ഒരു പാറക്കൂട്ടം. ഇത് 'അന്യന്‍ പാറ'. പുലിയൂര്‍പ്പാറയെന്നായിരുന്നു പഴയപേര്. ഷങ്കറിന്റെ 'അന്യന്‍' എന്ന സിനിമയിലെ ആ തട്ടുപൊളിപ്പന്‍ പാട്ടില്ലേ, 'രണ്ടക്ക... രണ്ടക്ക...' വിക്രമും സദയും നൂറുകണക്കിന് ആട്ടപ്പണ്ടാരങ്ങളും ചേര്‍ന്ന് പാട്ട് പാടിയാടിയത് ഈ പാറപ്പുറത്താണ്. അന്യന്‍ കൂടിയതോടെ ഇത് അന്യന്‍ പാറയായി.

വിശാലമായ പാടശേഖരത്തിന് നടുവില്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍പോലെയാണ് ഈ അന്യന്റെ നില്‍പ്പ്. വയലുകള്‍ക്ക് മുഖം കൊടുത്ത് ഒരു പരന്ന പാറപ്പുറം. അതിന്റെ അരികില്‍ മതില്‍പോലെ എഴുന്നുനില്‍ക്കുന്ന ഉയര്‍ന്ന പാറകള്‍. അവയില്‍ ഈ പാട്ടുസീനിനുവേണ്ടി വരച്ചുവെച്ച എം.ജി.ആറിന്റെയും രജനിയുടെയും കമലഹാസന്റെയും പടുകൂറ്റന്‍ ചിത്രങ്ങള്‍. ഈ പാറപ്പുറവും റോഡുമെല്ലാം സിനിമയ്ക്കുവേണ്ടി ചായം പൂശി സ്വപ്നസദൃശമാക്കിയിരുന്നു. പലേടത്തും ചായക്കൂട്ടുകള്‍ ഇനിയും ഇളകിത്തുടങ്ങിയിട്ടില്ല. ഈ അപാരതയില്‍ നിന്നാല്‍ സ്റ്റാര്‍ട്ടും കട്ടുമൊന്നും കേള്‍ക്കാതെ ആരും പറവകളായിപ്പോവും. ഈ സുന്ദരപ്രകൃതിയാവുന്ന അണ്ടങ്കാക്ക കൊണ്ടക്കാരിക്ക്, ഐരാമീന് കണ്ണുക്കാരിക്ക്, പൂവാലൊരു പോടുപോട്ട് രണ്ടക്ക...രണ്ടക്ക കൊട്ടിപ്പോവും.

നിറഞ്ഞൊഴുകുന്ന പുലിയൂര്‍ക്കുളത്തിന്റെ കരയിലെ മരത്തണല്‍. മുട്ടിയുരുമ്മിനില്‍ക്കുന്ന ആലും അരശും. അടുത്തായി ശിഖരങ്ങള്‍ വീശിത്തുടങ്ങിയ കുഞ്ഞരയാല്‍. അവിടെയൊരു ഓലക്കുടില്‍. മുറ്റത്ത് ഓലചീകി ഈര്‍ക്കില്‍ വേര്‍പ്പെടുത്തുന്ന കറുത്ത് മെലിഞ്ഞ മനുഷ്യന്‍. വെറുതെയൊന്ന് പരിചയപ്പെട്ടപ്പോള്‍ പേരു പറഞ്ഞു. ചുടലപാണ്ടി തേവര്‍. ഓലമെടഞ്ഞ് വില്‍ക്കലാണ് ജോലി. ദിവസം മുപ്പതോ നാല്‍പ്പതോ രൂപ വരുമാനം. ആല്‍മരത്തില്‍ തറച്ച തകിടില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്; ചുടലപ്പാണ്ടി തേവര്‍ വച്ച മരം. വരക്കുടിയ മക്കള്‍ പാതുകാക്കണം. (ഇവിടെ വരുന്നവര്‍ ഈ മരത്തെ സംരക്ഷിക്കണം.) ആ കാണും മരങ്ങളെല്ലാം തേവര്‍ നട്ടത്. എതുക്കാകെ? ഞാന്‍ ചോദിച്ചു. 'നിഴലുക്ക്' (തണലിന്). തേവരുടെ മറുപടി. ആല്‍മരങ്ങള്‍ നേര്‍പ്പിച്ച പാണ്ടിവെയിലിന് വല്ലാത്തൊരു ചാരുത.

സരസ്വതീവനത്തില്‍ പൂക്കള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് യുഗളപ്രസാദന്‍ പൂമരങ്ങള്‍ നട്ടു. പുലിയൂര്‍ കുളത്തിന്‍കരയില്‍ തണലില്ല. അതുകൊണ്ട് തേവര്‍ തണല്‍മരങ്ങള്‍ നട്ടു. പാറയ്ക്ക് പുതിയ പുരാവൃത്തം ചമച്ച സിനിമാ കാലാകാരന്‍മാര്‍ക്കും പാതയ്ക്ക് നിഴല്‍ വിരിച്ച ചുടലപ്പാണ്ടിത്തേവര്‍ക്കും ഒരേ മനസ്സാണെന്ന് തോന്നി. ഇടങ്ങളെ മാറ്റിയെടുക്കുന്ന സര്‍ഗ്ഗശേഷി. ഈ പാറയ്ക്കും കുളത്തിനും പാടങ്ങള്‍ക്കുമെല്ലാം കാവല്‍ നാനെന്ന് തേവര്‍. ആ മനുഷ്യന്റെ പ്രതിഫലമില്ലാത്ത സേവയ്ക്ക് നന്ദി പറഞ്ഞ് യാത്ര തുടര്‍ന്നു, സിനിമയുടെ നിഴല്‍ വീണുകിടക്കുന്ന സുന്ദരഭൂമിയില്‍.

വലിയ കെട്ടിടങ്ങളില്ലാത്ത സുന്ദരപാണ്ഡ്യപുരം ടൗണ്‍. ചെറിയ വീടുകളും തലങ്ങും വിലങ്ങും പായുന്ന വഴികളും പിന്നിട്ട് ഗ്രാമത്തിലെത്തിയപ്പോള്‍ പെട്ടെന്ന് കാലം മാറിയപോലെ ഒരു ഗൃഹാതുരദൃശ്യം. രാജഗോപാലസ്വാമി കോവിലില്‍ നിന്ന് ണ്ടായിപ്പിരിയുന്ന തെരുവില്‍ ശാന്തവും പ്രൗഢവുമായ ഒരു അഗ്രഹാരം പഴമയുടെ അടയാളങ്ങളും പേറി നില്‍ക്കുന്നു. പ്രാചീനമായ കല്‍ത്തൂണുകളില്‍ താങ്ങിനില്‍ക്കുന്ന മേല്‍പ്പുരകളും ചിത്രപ്പണികളും മുഖപ്പുകളുള്ള ഇരുനിലമാളികകളും അണമുറിയാതെ നിരന്നുനില്‍ക്കുന്നു. കല്‍ത്തിണ്ണയില്‍ വര്‍ണ്ണക്കോലങ്ങള്‍. ഒന്ന് വടക്കേത്തെരുവ്. മറ്റൊന്ന് സന്നതിത്തെരുവ്. തെരുവിന്റെ രണ്ടു പിരിവുകളും ചെന്നുചേരുന്നത് 250 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പെരിയ കുളത്തിന്റെ ഇരുകോണുകളില്‍.

ഒരു േകാണില്‍ നടുവില്‍ കല്‍മണ്ഡപത്തോടുകൂടിയ തൊപ്പക്കുളം (കുളിക്കുളം). അതിന്റെ പശ്ചാത്തലത്തില്‍ മുളകുപാടം, കടലപ്പാടം, സൂര്യകാന്തിപ്പാടം, കാറ്റാടിപ്പാടം... പാടങ്ങള്‍ പല വിതാനങ്ങളില്‍ കയറിക്കയറിപോകുന്നു. മറുവശത്ത് കുളവും കഴിഞ്ഞ് ഏതാണ്ട് ആയിരം ഏക്കറിലേറെ നെല്‍പ്പാടങ്ങള്‍. എല്ലാം കൂടി ഉദാരമായൊരു ഗ്രാമരചന. വെറുതേയല്ല, അമ്പതോളം സിനിമകള്‍ക്കും കുറെ സീരിയലുകള്‍ക്കും ഇവിടെ ലൊക്കേഷനായത്.

മണിരത്‌നത്തിന്റെ 'റോജ'യായിരുന്നു ഇവിടെ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം. പിന്നെ അന്ന്യന്‍, മുതല്‍വന്‍, ധൂള്‍, കണ്‍കളും കവിതപാടുതെ, മായക്കണ്ണാടി, യാരടി നീ മോഹിനീ മലയാളസിനിമകളായ സൂത്രധാരന്‍, കളഭം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍. തമിഴ് ചിത്രമായ സത്യത്തില്‍ നയന്‍താരയും വിശാലും സുന്ദരപാണ്ഡ്യപുരത്ത് 'പാല്‍പപ്പാലി' എന്ന പാട്ടുപാടി ആടിത്തിമിര്‍ക്കുന്നുണ്ട്.

തെങ്കാശിയില്‍ ചിത്രീകരിക്കുന്ന സിനിമകളിലെ അഗ്രഹാര സീനുകള്‍ക്ക്് തിരഞ്ഞെടുക്കുന്നത് സുന്ദരപാണ്ഡ്യപുരത്തെയാണ്. ഈ അഗ്രഹാരത്തില്‍ 180 കുടുംബങ്ങളുണ്ട്. ഏറെക്കുറെ എല്ലാവരും ബന്ധുക്കള്‍. മിക്കവീടുകളിലും പ്രായം ചെന്ന മാതാപിതാക്കള്‍ മാത്രമേയുള്ളൂ. ഐ.ടി. പഠിച്ച മക്കളെല്ലാം അമേരിക്കാവിലും പുറത്തും. രാജഗോപാല സ്വാമിക്കോവിലില്‍ തൈപ്പൂയം വരണം എല്ലാരും തിരിച്ചെത്താന്‍.
ഇവിടെയെല്ലാവരും വിശ്രമത്തിന്റെ മൂഡിലാണ്. ഉച്ചകഴിഞ്ഞ് റോഡിന് അപ്പുറമിപ്പുറമിരുന്ന് കൊച്ചുവര്‍ത്തമാനം പറയുന്ന പെണ്ണുങ്ങള്‍.

വെറുതെ തിണ്ണയില്‍ വന്നിരിക്കുന്ന കാരണവന്‍മാര്‍. അവര്‍ ഉള്ളം തുറന്ന് ചിരിച്ചു. ഷൂട്ടിംഗിന് സിനിമാക്കാരെത്തുമ്പോള്‍ നേരമ്പോക്കിന്റെ കാലം. പലവീട്ടിലെയും ആത്മബന്ധമുള്ള അതിഥികള്‍ സിനിമാതാരങ്ങളാണ്. ''ജഗതിയും സുകുമാരിയുമൊക്കെ ഇവിടെ വന്നിട്ടുണ്ട്. അവരെയൊക്കെ കാണുമ്പോള്‍ ബന്ധുക്കളെക്കാണുന്നതുപോലുള്ള സന്തോഷം''-അഗ്രഹാരത്തിലെ മലയാളിയായ എന്‍. രാമയ്യര്‍ പറയുന്നു. കേരളത്തില്‍ ഭൂപണയബാങ്കില്‍ നിന്ന് വിരമിച്ച അദ്ദേഹം ഭാര്യ ഗംഗയുമൊത്ത് ഇപ്പോള്‍ ഇവിടെയാണ് താമസം.

അഗ്രഹാരത്തിലെ വീടുകളുടെ പുറംഭാഗമെല്ലാം പഴയതുപോലെ നിര്‍ത്തിയിട്ടുണ്ട്. കാലത്തിനൊപ്പിച്ച ആഡംബരവും സമ്പന്നതയുടെ അടയാളങ്ങളുമെല്ലാം വീടുകള്‍ക്ക് അകത്താണ്.

ഗ്രാമവാസികള്‍ പറഞ്ഞുകേട്ടപ്പോള്‍ ജീവിതത്തിലും ഈ ഗ്രാമത്തിന് ചന്തമുണ്ടെന്ന് തോന്നി.

വിവിധ സമുദായങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വെല്‍ഫയര്‍ കമ്മിറ്റിക്കാണ് ഗ്രാമത്തിന്റെ ഭരണച്ചുമതല. കമ്മിറ്റിയുടെ തലൈവര്‍ ഗോപാലസുബ്രഹ്മണ്യത്തെയും ഞങ്ങള്‍ കണ്ടു. ഇവിടെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്ല. വിവിധ സമുദായങ്ങളിലെ 14 പ്രതിനിധികള്‍ അടങ്ങുന്ന ജനകീയ കാവല്‍കൂട്ടമുണ്ട്. കുറ്റം ചെയ്താല്‍ അവര്‍ ശിക്ഷിക്കും. വളരെ ഗൗരവതരമായ കൃത്യങ്ങളിലേ പോലീസ് ഇടപെടൂ. കമ്മിറ്റിയുടെ വരുമാനമാര്‍ഗ്ഗം 250 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പെരിയകുളത്തിലെ മീന്‍പിടിത്തം. തിരുനല്‍വേലി ജില്ലയിലെ തന്നെ വലിയ കുളങ്ങളിലൊന്നായ ഇത് അല്പശി, കാര്‍ത്തിക മാസങ്ങളില്‍ പെയ്യുന്ന പെരുമഴയില്‍ (നമ്മുടെ തുലാവര്‍ഷം) നിറയും.

സുന്ദരപാണ്ഡ്യപുരം വിനോദസഞ്ചാരകേന്ദ്രമല്ല. ആര്‍ത്തലച്ച് ഗ്രാമവാസികള്‍ക്ക് ശല്യമാകാതെ ഒന്നു നിശ്ശബ്ദമായി പോയിവരാം. പക്ഷേ, ഒരിക്കല്‍ പോയി വന്നാല്‍ കണ്ടതൊക്കെ മനസ് ചില്ലിട്ടുസൂക്ഷിക്കും
TAGS:
DESTINATION  |  INDIA  |  THEMES  |  LOCATION  |  WRITERS  |  S.N.JAYAPRAKASH  |  VIVEK.R.NAIR  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/