ശാറല്‍ തിരുവിഴ
Posted on: 11 Oct 2010
S N Jayaprakash, Photos: Vivek R Nair
കുറ്റാലം. വേനലില്‍ ചുട്ടുപൊള്ളുന്ന തമിഴ്‌നാടിന്
തണുപ്പിന്റെ ശിരോധാരയായി ഒരു ജലപാതം.

വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ് പാടി. കുറ്റാലം കുളിരരുവി... ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ... ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ കുറ്റാലം. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കുളിയുത്സവകാലത്ത് കുറ്റാലം ഒരു ഫാസ്റ്റ് നമ്പറാണ്.
മേലെഗ്രാമം തിരുകുറ്റരാസപ്പ കവിയാരുടെതാണ് 'കുറ്റാലം കുറവഞ്ഞി' എന്ന കാവ്യനാടകം. വാസന്തലക്ഷ്മിയും ശിങ്കിയും ശിങ്കനുമൊക്കെയുള്ള പ്രണയേതിഹാസം. കുറ്റാലത്ത് ആണ്‍പെണ്‍ വാനരങ്ങള്‍ പരസ്പരം കനികള്‍ കൈമാറി കെട്ടിപ്പുണരുന്നതൊക്കെ കവിയാര്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. കുറ്റാലത്തിപ്പോഴും ശിങ്കന്‍മാരും ശിങ്കികളും കുരങ്ങന്‍മാരുമുണ്ട്. ബര്‍മുഡയിട്ട ശിങ്കന്മാര്‍ ആരോഗ്യച്ചാമിമാരാകാന്‍ വെള്ളച്ചാട്ടങ്ങളില്‍ കുളിച്ചു കൂത്താടും. വാസന്തലക്ഷ്മിമാരും ശിങ്കികളും ആസ്ഥാന വേഷങ്ങളില്‍തന്നെ വെള്ളച്ചാട്ടങ്ങളില്‍ പിരമിഡുകള്‍ പണിയും. വാനരങ്ങള്‍ ഇതു കണ്ടു ചിരിക്കും. ടൂറിസ്റ്റ് കൊളന്തൈകളുടെ കൈയിലെ കനികള്‍ തട്ടിപ്പറിക്കും.
ചെങ്കോട്ടയില്‍ നിന്ന് തെങ്കാശിയിലേക്കുള്ള വഴിമധ്യേ വലത്തോട്ട് തിരിയണം കുറ്റാലത്തിന്. തെങ്കാശി പട്ടണത്തില്‍ നിന്നും ഇവിടേക്ക് എത്താം. രാത്രിയിലാണ് ഞങ്ങള്‍ അവിടെ എത്തിയത്. പേരരുവിയുടെ പ്രവേശനകവാടത്തില്‍ എത്തിയപ്പോള്‍ തന്നെ 40 രൂപയുടെ ചെമന്ന രശീതി നീണ്ടുവന്നു. ഇവിടെ ഏത് വെള്ളച്ചാട്ടം കാണാന്‍പോയാലും കാറിലാണെങ്കില്‍ 40 രൂപ നല്‍കണം. വെള്ളച്ചാട്ടത്തില്‍ രാത്രിയിലും ആണും പെണ്ണും ഇരുവശങ്ങളിലായി തിങ്ങി വിങ്ങി നിന്ന് കുളിച്ചുകൊണ്ടിരിക്കുന്നു. ചിറ്റാര്‍ നദി സഹ്യപര്‍വ്വതത്തിന്റെ ഉന്നതങ്ങളില്‍നിന്ന് തമിഴ്‌മൊഴിയുടെ താളത്തില്‍ വീണ് ചിന്നിച്ചിതറുന്ന സുന്ദരദൃശ്യം. ഈ കുളിരേല്‍ക്കാന്‍ ആരും കൊതിച്ചുപോവും. സഞ്ചാരികള്‍ പലേടത്തും കൂട്ടംകൂടി ഡെപ്പാംകുത്താടുന്നു. ചിലര്‍ക്കൊക്കെ ഉള്ളിലും 'വെള്ളച്ചാട്ടം'. സാക്ഷാല്‍ പരമശിവന്റെ അഞ്ചു നൃത്തശാലകളില്‍ ഒന്നാണത്രെ കുറ്റാലം.
പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒമ്പതു വെള്ളച്ചാട്ടങ്ങളാണ് കുറ്റാലത്ത്. പേരരുവിയാണ് മുഖ്യം. ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ ഐന്തരുവി. അഞ്ചു ശിഖരങ്ങളായി വന്ന് ഒരുമിച്ചു പതിക്കുന്ന വെള്ളച്ചാട്ടം. അഞ്ചു തലയുള്ള പാമ്പാണത്രെയിത്. മെയിന്‍ ഫാള്‍സിനും ഫൈവ് ഫാള്‍സിനും ഇടയ്ക്ക് ചിറ്റരുവി. ചിറ്റരുവിയില്‍ നിന്ന് കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ പോയാല്‍ ചെമ്പകാദേവി വെള്ളച്ചാട്ടം. അവിടെ പൗര്‍ണ്ണമി നാളില്‍ തീര്‍ത്ഥാടകരെത്തുന്ന അഗസ്ത്യമുനിയുടെ ക്ഷേത്രം. ഒരു കിലോമീറ്റര്‍ വീണ്ടും കുത്തനെ കയറിയാല്‍ തേനരുവി. അംബാ സമുദ്രത്തിലേക്കുള്ള റോഡില്‍ എട്ടു കിലോമീറ്റര്‍ ദൂരെ പഴയ കുറ്റാലം. വഴിക്ക് ഒരു ചെറിയ വെള്ളച്ചാട്ടം, പുലിയരുവി. കുട്ടികള്‍ക്ക് പറ്റിയ കുഞ്ഞന്‍ വെള്ളച്ചാട്ടം. പിന്നെ പുതു അരുവി, പഴത്തോട്ടയരുവി. ചുറ്റും ഫലവൃക്ഷങ്ങളുള്ള പഴത്തോട്ട അരുവിയിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. സഞ്ചാരികള്‍ വെള്ളച്ചാട്ടം മലിനമാക്കുന്നതാണ് കാരണം. മെയിന്‍ ഫാള്‍സിനു സമീപം പ്രശസ്തമായ കുറ്റാലനാഥര്‍ ക്ഷേത്രം. ശിവന്‍ കുരുമ്പാലീശ്വരനാണിവിടെ. ദേവത കുഴല്‍ വാമൊഴിയും. ചുവര്‍ ചിത്രങ്ങളുള്ള ചിത്രസഭ ശിവന്റെ നാട്യമണ്ഡപമാണെന്നാണ് വിശ്വാസം. ഐന്തരുവിയിലേക്കുള്ള വഴിയിലെ തടാകത്തില്‍ സീസണില്‍ നല്ല വെള്ളമുള്ളപ്പോള്‍ മാത്രം ബോട്ടിംഗുണ്ട്.
കേരളത്തിലെ മണ്‍സൂണ്‍ കാലത്താണ് കുറ്റാലത്തെ വെള്ളച്ചാട്ടങ്ങള്‍ സമൃദ്ധമാവുന്നത്. അപ്പോള്‍ തമിഴ്‌നാട്ടില്‍ ചാറ്റല്‍ മഴയേ ഉണ്ടാവൂ. ശാറല്‍ എന്ന് തമിഴ്‌മൊഴി. പ്രകൃതി ഒരുക്കിയ ഷവറുകള്‍ക്ക് കീഴില്‍ ദിവസേന പതിനായിരങ്ങള്‍ കുളിച്ചുകൊണ്ടേയിരിക്കുന്നു. കുളിക്കാനും തിന്നാനും മാത്രമായി ഇങ്ങനെയൊരു സ്ഥലം ലോകത്തുണ്ടാവുമോ? പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഏത് പാതിരായ്ക്കും സുരക്ഷിതമായി കുളിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ കുളിപ്പോലീസുണ്ട്. വെള്ളച്ചാട്ടത്തില്‍ നിന്നു കുളിക്കുകയാണ് ഇവരും. കുറ്റാലത്തെ കുളിരിനേയും കുരങ്ങുകളെയും കുട്ടികളും ഇഷ്ടപ്പെടും. കേരളത്തില്‍ മഴ കുറവാണെങ്കില്‍ സപ്തംബറില്‍ കുറ്റാലത്ത് വെള്ളം കുറഞ്ഞേക്കാം.
തമിഴ്‌നാട് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഹോട്ടല്‍ തമിഴ്‌നാടി'ലായിരുന്നു രാത്രി താമസം. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതുകൊണ്ട് അല്പം ബുദ്ധിമുട്ടി. 550 രൂപയ്ക്ക് കൊള്ളാവുന്നൊരു ഡബിള്‍ബഡ്‌റൂം. ഒറ്റയ്ക്കും കൂട്ടായും താമസിക്കാന്‍ ചെറിയ വാടകയുള്ള ഹോട്ടലുകളും കോട്ടേജുകളും ധാരാളം. മുന്തിയ റിസോര്‍ട്ടുകളുമുണ്ട്. ചൂട് മുളകുബജിയും ഉഴുന്നുവടയും നിറഞ്ഞ തട്ടുകടകള്‍, അത്താഴം അവിടെ നിന്നാക്കാന്‍ പ്രലോഭിപ്പിച്ചു. കുളിരിന് പറ്റിയ ചൂടുള്ള വിഭവങ്ങള്‍.
ഹോട്ടലില്‍ നിന്ന് രാവിലെ പുറത്തേക്ക് വന്നപ്പോള്‍ വരവേറ്റത് പനംനൊങ്ക് കെട്ടിഞാത്തി അലങ്കരിച്ച എം.80യില്‍ അക്കാനിയുമായി വന്ന അണ്ണാച്ചി. പനയോലക്കുമ്പിളില്‍ ബെഡ്‌കോഫി പോലെ പനങ്കള്ള് മോന്തുന്ന സഞ്ചാരികള്‍. മെയിന്‍ഫാള്‍സിനു സമീപം സുഗന്ധവ്യജ്ഞനക്കടകള്‍. സന്ദര്‍ശകരെ 'വിഷയ'ത്തിലേക്ക്' വഴിതെറ്റിക്കുന്നുവെന്ന പരാതിയില്‍ ഇവിടെ ഗൈഡുകളുടെ ലൈസന്‍സ് പിന്‍വലിച്ചിരിക്കുകയാണ്.
പഴയ കുറ്റാലത്തേക്കുള്ള വഴിയില്‍ എണ്ണയിട്ട് പാറപ്പുറത്ത് നിരന്നിരിക്കുന്നവര്‍. മാലിഷിനുള്ള (മസാജിംഗ്) ഊഴം കാത്ത് മസിലു പിടിച്ച് ഇവര്‍ ഇരിക്കുന്നതു കണ്ടാല്‍ കുരങ്ങന്മാര്‍ക്കും ചിരിയടക്കാനാവുമെന്ന് തോന്നുന്നില്ല.'പൊന്നാങ്കണ്ണിത്തൈലം പോട്ട് മാലിഷ് പണ്ണുങ്കോ സാര്‍...' മസാജ് കേന്ദ്രത്തിലെ പയ്യന്‍ ഉറക്കെ വിളിച്ചു. ഒറ്റുമൂലികള്‍ ചേര്‍ത്തുണ്ടാക്കിയതാണത്രെ പൊന്നാങ്കണ്ണിത്തൈലം. ഒരു പച്ചക്കുഴമ്പ്്. 'കണ്ണുക്ക് ബസ്റ്റ്. തലയ്ക്കും മട്ടും 30 രൂപ. ഫുള്‍ ബോഡി 100 രൂപ.' കെട്ടി മറയ്ക്കാത്ത മസാജ് കേന്ദ്രങ്ങള്‍ എവിടെയും കാണാം. പാറപ്പുറത്തും മരച്ചുവട്ടിലും ഷെഡിനുള്ളിലും ഒരേ സമയം പത്തും പതിനഞ്ചും പേരെ പൊറോട്ടയടിക്കുമ്പോലെ തട്ടിപ്പരത്തുന്ന പട പട ശബ്ദം. ഒരാളെ കുനിച്ചു നിര്‍ത്തി മുട്ടന്‍വടി കൊണ്ട് ഉരുട്ടുന്നതു കണ്ടു. ഉരുട്ടും പെരട്ടും വേണ്ടാത്തവര്‍ തൈലം വാങ്ങി സ്വയം മസാജ് ചെയ്യും. ഒരിടത്ത് ലേഡീസ് മസാജുണ്ടെന്ന് എഴുതിവെച്ചിരിക്കുന്നു. ലേഡീസ് വന്താല്‍ കൈക്കും തലയ്ക്കും മട്ടും എണ്ണ പോടുവേനെന്ന് പയ്യന്‍. മസാജ് കേന്ദ്രങ്ങളില്‍ പെണ്ണുങ്ങളെയൊന്നും കണ്ടില്ല. ഔഷധച്ചെടികള്‍ തഴുകി വരുന്ന ഈ വെള്ളച്ചാട്ടത്തില്‍ എണ്ണ തേച്ച് കുളിച്ചാല്‍ ആരോഗ്യവാന്‍മാരാകുമെന്നാണ് വിശ്വാസം. അങ്ങനെയാണ് കുറ്റാലത്തിന് 'സ്പാ ഓഫ് സൗത്ത്' എന്നു പേരു വീണത്. കുറ്റാലത്തെ ഒരാഴ്ചത്തെ വാസം കുറ്റവാസന മാത്രമല്ല, പ്രമേഹം വരെ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന സിദ്ധന്‍മാരുണ്ടത്രെ. നാണമൊക്കെ മറന്ന്, ഗൗരവം വിട്ട്, ആവോളം കുളിരേറ്റ് മനുഷ്യന് അയഞ്ഞാടാന്‍ പറ്റിയകാലം തന്നെ കുറ്റാലം കാലം.
തിരിച്ചു വരുമ്പോള്‍ തെങ്കാശിപ്പട്ടണം ചുറ്റിവരിക. തെങ്കാശി കാശിവിശ്വനാഥര്‍ ക്ഷേത്രത്തിന്റെ കല്പടവുകളില്‍ കാറ്റേറ്റിരുന്നോ, 180 അടിയുള്ള ഒമ്പതു നില രാജഗോപുരത്തിന്റെ ഉള്ളിലൂടെ കയറിയോ തെങ്കാശിയുടെ താളം കാണുക. 1505 ല്‍ പാണ്ഡ്യരാജാക്കന്മാര്‍ പണിതതാണ് ഈ ക്ഷേത്രം. 1825ല്‍ ഇടിമിന്നലില്‍ തകര്‍ന്നുപോയ ഗോപുരം പിന്നീട് പുതുക്കിപ്പണിഞ്ഞു. അതിസുന്ദരമായ ഒറ്റക്കല്‍ ശില്പങ്ങള്‍ക്കും സ്വരമണ്ഡപങ്ങള്‍ക്കും പേരുകേട്ട ക്ഷേത്രം. സന്ധ്യയ്ക്ക് ഗോപുരമാകെ വൈദ്യുതി വിളക്കുകള്‍ തെളിയും. സന്ധ്യാകാശത്തില്‍ ഇതൊരു സ്വര്‍ണ്ണഗോപുരം.
കൊല്ലം ചെങ്കോട്ട റോഡില്‍ തെന്‍മലയില്‍നിന്ന് 37 കിലോമീറ്ററുണ്ട് കുറ്റാലത്തിന്. കുറ്റാലംകണ്ട് തെന്‍മലയ്ക്ക് പോകാം. അല്ലെങ്കില്‍ കുറ്റാലത്ത് നിന്നുള്ള മടങ്ങിവരവില്‍ തെന്‍മലയുടെ അതിഥികളാവാം.
Travel Info
Kuttalam
Location: State: Tamilnadu. Thirunelveli dt., south of Thenkasi, high up in western ghats.
How to reach
By Air:Thiruvananthapuram 117 km. Madhurai 160 km.
By Rail: Thenkasi 6 km
By Road: Thiruvananthapuram 117 km (via Thenmala-Shencotai ). Kollam - 98 km (Kottarakkara-Punalur-shencottai). Shencottai - 5 km. Thenkasi - 6 km
Contact
STD Code: 04633
Tourist Office: Tamilnadu Tourism, Hotel Tamilnadu, Opp. Parashakthi Womens College, Kutralam. Tel. 04633-2100063.
web: www.tamilnadutourism.org
Festival: Saral Thiruvizha - Cultural Programme in August
Best Season: June to September
Stay
Hotel Tamilnadu,Tel. 04633-283003, 283663 (online booking:www.ttdconline.com)
Kuttalam Heritage, Tel. 04633 - 233022, 236281.
Kuttalam Resorts, Tel. 04633 -283581, 283582
Srishtry Garden Resorts, Tel. 04633-220960
Sights Around: Thenkassi kashi Viswanadhan Temple 6 km. Papanasam Dam 30 km.
Guides Available: no licenced guides
Shopping: Spices, Fruits
Route Map
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.