തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം അഞ്ച്
Posted on: 05 Mar 2011
Text & Photos: Anilal
മെക്‌സിക്കോ സിറ്റി: എങ്ങിനെ ഞാന്‍ മറക്കും
ആയിരക്കണക്കിനാളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു മെക്‌സിക്കോയില്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നത്. 2008 -ല്‍ മെക്‌സിക്കോ സിറ്റിയില്‍ മാത്രം ഏകദേശം 5000 പേര്. ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ചുറ്റിലും... - തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ : പരമ്പര തുടരുന്നു
മെക്‌സിക്കോ സിറ്റിയിലെ അമേരിക്കമോവില്‍ ( America Movil) കമ്പനി ആസ്ഥാനത്ത് ഒരു ദിവസം രാത്രി. ഏറ്റവും പുതിയ സെല്‍ഫോണ്‍ സങ്കേതമായ 4ഏ നെറ്റ് വര്‍ക്ക് ട്രയല്‍ നടത്തുവാനുള്ള ശ്രമമാണ്. അന്ന് പതിവില്ലാതെ പുലര്‍ച്ചെ 1 മണിവരെ ജോലി ചെയ്യേണ്ടി വന്നു. തിരിച്ചു ഞങ്ങള്‍ക്ക് ഹോട്ടലില്‍ എത്തണം. ഓഫീസില്‍ നിന്ന് തന്നെ ഒരു ടാക്‌സി തരപ്പെടുത്തി തന്നു. ഞാന്‍ വളരെ ലാഘവത്തോടെ ഗേറ്റിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നെ തടഞ്ഞു. അയാള്‍ തന്റെ ഹാന്‍ഡ് ഗണ്‍ എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ഗേറ്റിന് അടുത്തേക്ക് ചെന്നു. കൂറ്റന്‍ മതിലും ഗേറ്റും. ഞങ്ങള്‍ നോക്കി നില്‌ക്കെ ഗേറ്റില്‍ തന്നെയുള്ള ഒരു ചെറിയ കിളിവാതില്‍ അയാള്‍ മെല്ലെ തുറന്നു. അതിലൂടെ നോക്കി പരിസരവും മറ്റും സുരക്ഷിതമെന്നുറപ്പിച്ച ശേഷം ഗേറ്റു തുറന്നു ഞങ്ങളെ കാറിനുള്ളില്‍ കയറ്റി. അന്ന് രാത്രിയിലെ 20 മിനിറ്റ്, ഏറ്റവും പേടിച്ച ഒരു ദിവസ്സമായിരുന്നു. ചില ചുവന്ന ട്രാഫിക് ലൈറ്റുകളില്‍ നിറുത്താതെ അയാള്‍ വണ്ടിയോടിച്ചു, വളരെ വേഗത്തില്‍. അസമയങ്ങളില്‍ ചില പ്രദേശങ്ങളിലെ റെഡ് ലൈറ്റില്‍ നിറുത്താതെ പോകാം എന്നത് അവിടെ നിയമപരമായി അനുവദിച്ചിട്ടുല്ലതാണത്രേ. ബ്രസീലിലും ഇങ്ങനെയുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഞാനിത്രയും എഴുതാന്‍ കാരണം മെക്‌സിക്കോ സിറ്റിയിലെക്കാണ് പോകുന്നതെങ്കില്‍ പ്രത്യേകം സൂക്ഷിക്കണം എന്ന് സൂചിപ്പിക്കാനാണ്. ആയിരക്കണക്കിനാളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ഒരു വര്‍ഷം കൊല്ലപ്പെടുന്നത്. 2008 -ല്‍ മെക്‌സിക്കോ സിറ്റിയില്‍ മാത്രം ഏകദേശം 5000 പേര്. ഇപ്രാവശ്യം എനിക്ക് കൂട്ട് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ജുതനാണ്. മെക്‌സിക്കോ സിറ്റി വിമാനത്താവളത്തില്‍ തമ്മില്‍ കണ്ട ശേഷം ഞങ്ങളുടെ ലോക്കല്‍ ഓഫീസ് തരപ്പെടുത്തിയ ടാക്‌സിയില്‍ ഹോട്ടലില്‍ എത്താം എന്നതായിരുന്നു പ്ലാന്‍. ചിക്കാഗോയില്‍ നിന്നും ഒരു നാല് മണിക്കൂര്‍ മാത്രം. ഞങ്ങള്‍ എയര്‍ പോര്‍ട്ടിനു പുറത്തു വന്നതും ഒരാള്‍ ഞങ്ങളുടെ പേര് എഴുതിയ ഒരു കടലാസ്സുമായി കാത്തു നില്പ്പുണ്ടായിരുന്നു. ഞങ്ങള്‍ കാറില്‍ കയറി. ഒരു ഒഴിഞ്ഞ സ്ഥലത്തെ പെട്രോള്‍ പമ്പില്‍ കൊണ്ട് നിറുത്തി. രാത്രി എട്ടു മണിയായിക്കാണും, എന്നാലും കാറിനു ചുറ്റും ഭിക്ഷ ചോദിച്ചു നില്ക്കുന്ന പാവപ്പെട്ട കുട്ടികള്‍ . ഒരു നിമിഷം മുംബൈ ജീവിതം മനസ്സിലോടിയെത്തി. അവിടെയും ഇതുപോലെ കാഴ്ചകള്‍ ധാരാളമാണല്ലോ . ഞാനോര്‍ത്തു ഒരു തയ്യാറെടുപ്പും കൂടാതെയാണല്ലോ ഇയാള്‍ ടാക്‌സിയുമായി ഇറങ്ങിയിരിക്കുന്നത്. കാറില്‍ പെട്രോള്‍ ഒഴിച്ച ശേഷം ഒരു കാനില്‍ പെട്രോള്‍ reserve ആയി പിറകിലെ ട്രങ്കില് വച്ചു. ആവൂ ആശ്വാസം വഴിയില്‍ പെട്രോളില്ലാതെ നിന്ന് പോവില്ലല്ലോ. പിന്നെയാണ് കാനില്‍ പെട്രോള്‍ വാങ്ങി വെച്ചതിന്റെ പൊരുള്‍ മനസ്സിലായത്. അവിടെ നിന്നും ഹൈവേ എടുത്തിട്ടാണ് ഞങ്ങള്‍ക്ക് ഹോട്ടലില്‍ എത്തേണ്ടത് എന്നറിയാമായിരുന്നു. എന്നാല്‍ അയാള്‍ ഹൈ വേയില്‍ കയറാതെ വണ്ടി ഏതൊക്കെയോ വഴികളിലുടെ ഓടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് സംശയമായി. എന്റെ സുഹൃത്ത് അറിയാവുന്ന സ്പാനിഷില്‍ എന്തോ ചോദിച്ചു..അയാള്‍ ഒന്ന് തിരിഞ്ഞു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെ ഞങ്ങളും ഒന്നും മിണ്ടിയില്ല.. പെട്ടെന്നൊരിടത്ത് കാറ് നിറുത്തി..അവിടെ മറ്റൊരു കാര്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ െ്രെഡവര് പുറത്തിറങ്ങി ട്രങ്ക് തുറന്നു കാനിലെ പെട്രോള് എടുത്തു ചത്ത് കിടന്ന വണ്ടിയുടെ െ്രെഡവര്‍ക്ക് കൊടുത്തു. അവര്‍ പരസ്പരം സംസാരിച്ചതെയില്ല. ഞങ്ങളുടെ െ്രെഡവര്‍ തിരിച്ചു വന്നു കാറില് കയറി വണ്ടി ഓടിക്കാന്‍ തുടങ്ങി.
ഇന്ന് തലസ്ഥാനമായ മെക്‌സിക്കോ സിറ്റി 9 മില്യണ്‍ ജനസംഖ്യയുള്ള നഗരമാണ്. അമേരിക്കയില്‍ വെച്ചേറ്റവും ജനബാഹുല്യമുള്ള നഗരം. അതുപോലെ തന്നെ സാധാരണക്കാരന് ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത സ്ഥലം. രാജ്യത്തിന്റെ സാംസ്‌കാരികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ കേന്ദ്ര സ്ഥാനമാണ് മെക്‌സിക്കോ സിറ്റിയിന്ന്. സമുദ്ര നിരപ്പില്‍ നിന്നും 2250 മീറ്റര്‍ ഉയരത്തില്‍ വാലി ഓഫ് മെക്‌സിക്കോ (Vally of Mexico)യിലാണ് നഗരം സ്ഥിതി ചെയ്യുന്നത് . മെക്‌സിക്കോ സിറ്റി 1325- ല്‍ ആസ്‌ടെക് സാമ്രജ്യത്തിന്റെ തലസ്ഥാനമായി ലേക്ക് ടെക്‌സ്‌കൊക്കോ (Lake Texcoco) എന്ന തടാകത്തിലെ ഒരു ദ്വീപില്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്. അന്ന് അതിന്റെ പേര് ടെനോചിടിറ്റ്‌ലാന്‍ (Tenochtitlan) എന്നായിരുന്നു. പിന്നീട് സ്പാനിഷ് അധിനിവേശ കാലത്ത് നഗരം പൂര്‍ണമായി നശിപ്പിക്കപെടുകയും സ്പാനിഷ് രീതിയില്‍ വീണ്ടും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തു. 1524-ല്‍ മുനിസിപാലിറ്റി ഓഫ് മെക്‌സിക്കോ (Municipaltiy of Mexico) സ്ഥാപിതമാവുകയും അത് സ്പാനിഷ് കോളനിയുടെ സാമ്പത്തിക, ഭരണ സിരാകേന്ദ്രമാവുകയും ചെയ്തു. ഈ സിറ്റിയുടെ പ്രത്യേകത ചരിത്രത്തിന്റെ ഭാഗമായതൊന്നും നശിപ്പിച്ചു കളയാതെയാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത് എന്നതാണ്.
ഒരു 45 മിനിട്ടുകള്‍ക്ക് ശേഷം കാര്‍ ഹോട്ടലില്‍ എത്തി. ഇവിടെയാണ് ഞങ്ങളുടെ ടീമിലെ മറ്റു മെക്‌സിക്കോക്കാര്‍ താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഹോട്ടല്‍ ഇഷ്ടപ്പെട്ടില്ല..എന്നാല്‍ ഭാഷയുടെ പ്രശ്‌നങ്ങള്‍ കാരണം അവിടെ അവരോടൊപ്പം കഴിയാന്‍ തീരുമാനിച്ചു. അവര്‍ക്ക് പരിചയത്തില്‍ ഉള്ള ഹോട്ടലാണത്രേ. ഈ ഹോട്ടലും എനിക്ക് മറക്കാനാവാത്തതാണ്. വളരെ സൗകര്യങ്ങളുള്ള ഹോട്ടലായിരുന്നിട്ട് കൂടി ഇംഗ്ലീഷ് പറയുന്നവര്‍ കുറവായിരുന്നു. ഒരു ദിവസം വൈകുന്നേരം ഒന്‍പതാമത്തെ നിലയിലുള്ള ഫിറ്റ്‌നെസ്സ് സെന്ററില്‍ നിന്നും കുടിക്കുവാന്‍ വെള്ളമെടുക്കാന്‍ ഞാന്‍ പോയി. അവിടെ വെള്ളമില്ലായിരുന്നു. താഴെ വന്നു റോഡിലിറങ്ങി ബോട്ടില്‍ വെള്ളം വാങ്ങാം എന്ന് കരുതി ഞാന്‍ ലിഫ്റ്റില്‍ കയറി. എന്റെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, അത് പകുതി വെച്ച് നിന്ന് പോയി. ഞാന്‍ ഫോണ്‍ എടുത്തിരുന്നില്ല.ചെറുതായൊന്നു അമ്പരന്നു. ഉള്ളിലെ പാനലിലെ അലാറം അമര്‍ത്തി നോക്കി. ഈ അലാറം ഫ്രന്റ് ഡെസ്‌ക്കില്‍ കേള്‍ക്കുമന്നും ആരെങ്കിലും സഹായത്തിനെത്തുമെന്നും കരുതി. എന്നാല്‍ ഏകദേശം 55 മിനിട്ടോളം ഒന്നും സംഭവിച്ചില്ല. ഒരു ചെറിയ ലിഫ്റ്റ് ആയിരുന്നു അത്. എനിക്ക് ഒരു തരം ഏകാന്തതയും ഭയവും തോന്നാന്‍ തുടങ്ങി. ഞാന്‍ തറയില്‍ ഇരുന്നു. ഇടയ്ക്ക് എണീറ്റ് അലാറം അമര്‍ത്തി. പെട്ടെന്നൊരു ശബ്ദം ലിഫ്റ്റിലുള്ള സ്പീക്കറിലുടെ,'ഐ സീ യു സര്‍ ഐ ആം ട്രയ്യിംഗ് ടു ഹെല്‍പ് യു' ഫ്രന്റ് ഡെസ്‌ക്കില്‍ ഇരുന്നയാളിന്റെ ശബ്ദമാണ്. അയാള്‍ എന്നെ കാണന്നുണ്ടത്രേ. പിന്നെയെനിക്ക് മനസ്സിലായി കഴിഞ്ഞ കുറെ സമയമായി അയാളെന്നെ കാണുന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ അലാറത്തിന് ഏതെങ്കിലും ഒന്നിന് പോലും അയാള്‍ പ്രതികരിച്ചില്ല. അയാള്‍ ലിഫ്റ്റ് താഴെയിറക്കാന്‍ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. വളരെ പ്രയാസ്സപ്പെട്ടു ലിഫ്റ്റ് കുറച്ചൊന്നു തുറന്നു. ഇപ്പോള്‍ എനിക്ക് അയാളെ കാണാം. ഏറ്റവും താഴത്തെ നിലക്കും അതിനു മുകളിലത്തെ നിലക്കും ഇടയിലായാണ് ലിഫ്റ്റ് നിന്നുപോയത്..അയാള്‍ക്ക് പറ്റുന്നില്ലെങ്കില്‍ എമര്‍ജെന്‍സി ഹെല്‍പ്പിനെ വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. വിളിച്ചു കഴിഞ്ഞെന്നു അയാള്‍. എപ്പോള്‍ എത്തും എന്ന ചോദ്യത്തിന്, ഒരു പിടിയുമില്ല എന്ന തണുപ്പന്‍ പ്രതികരണമാണ് എനിക്ക് കിട്ടിയത്.
കുറച്ചു കഴിഞ്ഞു എന്റെ കൂടെ ജോലിചെയ്യുന്ന ഒരു മെക്‌സിക്കന്‍ സഹപ്രവര്‍ത്തകനെ റൂമില്‍ നിന്നും വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അയാള്‍ താഴെ വന്നു. ഞാന്‍ നടന്ന വിവരം പറഞ്ഞു, എന്നെ പുറത്തിറക്കാന്‍ വേണ്ടത് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാളിലെ തണുപ്പന്‍ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. ഹോട്ടല്‍ ജീവനക്കാരന്‍ ഹെല്പ്പിനു ശ്രമിക്കുന്നുണ്ടെന്നും അത് വരുന്ന വരെ ഞാന്‍ കാത്തിരിക്കണമെന്നും പറഞ്ഞു എന്റെ സഹപ്രവര്‍ത്തകന്‍ സ്വന്തം മുറിയിലേക്ക് പോയി. ഏതായാലും പുറത്തു നിന്ന് ആരും വന്നില്ല. എന്നാല്‍ അല്പ്പ സമയത്തിന് ശേഷം അയാള്‍ക്ക് ലിഫ്റ്റ് താഴെ എത്തിക്കാന്‍ കഴിഞ്ഞു, ഞാന്‍ ലിഫ്റ്റിനുള്ളില്‍ നിന്നും പുറത്തു വന്നു. പിന്നെ അന്ന് രാത്രി ഞങ്ങള്‍ അത്താഴത്തിനു പോയപ്പോള്‍ ഞാന്‍ ഒന്ന് കൂടി പ്രശ്‌നം അവതരിപ്പിച്ചെങ്കിലും എനിക്ക് മനസ്സിലായത് മെക്‌സിക്കോയില്‍ ലിഫ്റ്റ് ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ വല്ലപ്പോഴുമൊക്കെ നിന്നുപോകുന്ന ലിഫ്റ്റില്‍ ക്ഷമയോടിരിക്കാനും ശീലിക്കണമെന്നാണ്. ഏതായാലും അടുത്ത ദിവസ്സം തന്നെ ആ ഹോട്ടലില്‍ നിന്ന് മാറി മറ്റൊരിടത്തേക്ക് ഞങ്ങള് താമസം മാറി.
അവിടെ പൊതുവേ ആളുകള്‍ 'ഈസി ഗോയിംഗ്' ആണ്. അവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം എടുക്കുന്നതിഷ്ടമല്ല. ഞങ്ങളുടെ ഒരു ദിവസം എഴുതുന്നത് പ്രിയപ്പെട്ട വായനക്കാര്‍ക്ക് അവരുടെ ലൈഫ് സ്‌റ്റൈല്‍ മനസ്സിലാക്കാന്‍ സഹായകമാവും. സമയം അത്രയ്ക്ക് അവര്‍ കാര്യമാക്കാറില്ല. നമ്മള്‍ 'ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം' എന്നൊക്കെ പറയുന്ന ഒരു രീതിയാണവിടെ. രാവിലെ എട്ടര മണിക്ക് ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനിറങ്ങും. ബ്രേക്ക് ഫാസ്റ്റ് വളരെ പ്രധാനമാണ്. അത് കഴിഞ്ഞു ഞങ്ങള്‍ ടാക്‌സിയില്‍ ഓഫീസില്‍ എത്തുമ്പോള്‍ മണി പത്തുകഴിഞ്ഞിരിക്കും. ആളുകള്‍ വന്നു തുടങ്ങുന്നതെ ഉണ്ടാവു. നേരത്തെ വന്നു ജോലി ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒരു പക്ഷെ നമ്മള്‍ ഒറ്റപ്പെടും. ഉച്ചയ്ക്ക് ഒരൊന്നൊര മണിയാവുമ്പോള്‍ ഞങ്ങള്‍ ലഞ്ചിനു പോകും. സാധാരണഗതിയില്‍ ഒരു നാല് മണിയാവുമ്പോള്‍ തിരിച്ചെത്തും. ക്രെഡിറ്റ് കാര്‍ഡ് പ്രോസിസ്സിംഗ് പലപ്പോഴും അവര്‍ക്കൊരു ഭാരമാണെന്ന് തോന്നിയിട്ടുണ്ട്. ലഞ്ച് എന്നത് കുശാലാണ്. അത് സമയമെടുത്ത് തികച്ചും ആസ്വദിച്ചു തന്നെ കഴിക്കണം. എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതല്‍ നാരങ്ങ ഉപയോഗിക്കുനത് അവരാണെന്നാണ്. എന്തിലും നാരങ്ങ നീരൊഴിക്കും. ഒരു ബിയര്‍ വാങ്ങിയാല്‍ ആദ്യം കാല്‍കപ്പ് നാരങ്ങാനീര്‍ ഗ്ലാസില്‍ ഒഴിക്കും. പിന്നീട് അതില്‍ ബിയര്‍ ഒഴിക്കും. ബിയറില് നാരങ്ങാനീരൊഴിക്കുന്നതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ഒരിക്കല്‍ ഒരു ഫുട്‌ബോള്‍ മത്സര(ഫുട് ബോള്‍ പ്രേമികളാണല്ലോ മെക്‌സിക്കോക്കാര്‍)തിനിടക്ക് കൊറോണ ബിയറിന്റെ പരസ്യത്തില് ഇങ്ങനെ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച ശേഷം ബിയര്‍ കുടിക്കുന്ന ഒരു രീതി കാണിച്ചുവെന്നും പിന്നെ അത് ആളുകള്‍ ശീലമാക്കി എന്നുമാണ്. ഒരു ഫുട്‌ബോള്‍ മത്സരം നടക്കുമ്പോഴാണ് നമ്മള്‍ കഴിക്കാന്‍ കയറുന്നതെങ്കില് ഫുട്‌ബോള്‍ മത്സരം തീരുന്നത് വരെയാണ് ലഞ്ചു സമയം. വലിയ ടീവികള്‍ക്ക് മുന്നിലിരുന്നു ബിയറും കുടിച്ചു മത്സരം കാണുന്നത് അവര്‍ക്കൊരു ഹരമാണ്.
ഇനി കുറച്ചു ചരിത്രവും രാഷ്ട്രീയവും...
പില്കാലത്ത് വന്ന ആസ്‌ടെക് സാമ്പ്രാജ്യത്തിനു മുന്‍പ് മായന്‍, ഓള്‍മേക്‌സ് , ടോള്‍ടെക്‌സ് എന്നീ സംസ്‌കാരങ്ങള്‍ മെക്‌സിക്കോയില് നിലനിന്നിരുന്നു. ഹെര്‍നാണ്ടോ കോര്‍ട്ടെസ് (Hernando Cortes) എന്ന സ്പാനിഷ് അധിനിവേശത്തലവന്റെ (1519-1521 ) കാലഘട്ടത്തിലാണ് ആസ്‌ടെക്കുകളെ കീഴ്‌പെടുത്തുന്നത്. പിന്നീടു മൂന്നു നൂറ്റാണ്ട് മെക്‌സിക്കോ സ്പാനിഷ് ഭരണത്തിലായിരുന്നു. 1821 ലാണ് മെക്‌സിക്കയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. പിന്നൊരു 50 വര്‍ഷക്കാലം ഏകാധിപതിമാരുടെയും ചക്രവര്‍ത്തിമാരുടെയും ഭരണമായിരുന്നു. 1836-ലെ യുദ്ധത്തില്‍ ഇന്നത്തെ ടെക്‌സാസ് അമേരിക്കയുടെ ഭാഗമായി. പിന്നീടു 10 വര്‍ഷം കഴിഞ്ഞു നടന്ന യുദ്ധത്തില്‍ കാലിഫോര്‍ണിയ, നെവാദ, യുട്ട(ൗമേവ), ന്യൂ മെക്‌സിക്കൊയുടെയും കൊളറാടോയുടെയും മിക്കവാറും ഭാഗങ്ങള്‍, എന്നിവ അമേരിക്കയുടെ അധീനതയിലായി. പിന്നീടു ആദിഇന്ത്യന്‍ ദേശസ്‌നേഹിയായ ബെനീറ്റോ ജുവരെസ് (Benito Juárez) അധികാരത്തില്‍ വരികയും കത്തോലിക്ക ചര്‍ച്ചിന്റെ അധികാരത്തില്‍ നിന്നും രാജ്യത്തെ വിമോചിപ്പിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ ഫ്രഞ്ചുകാര്‍ അധികാരം ഏറ്റെടുത്തൂ. 1867 ലെ സായുധ വിപ്ലവത്തിലുടെ വീണ്ടും ബെനീറ്റോ ജുവരെസ് പ്രസിഡന്റ് ആയി. ഇന്ന് മെക്‌സിക്കോയ്ക്ക് വടക്ക് യു.എസ്.എ അതിരിട്ടു കിടക്കുന്നു, തെക്കുകിഴക്കായി ബെലീസും (belize) ഗോട്ടിമാലയും (guatemala). പിന്നീടുള്ള കുറെ കാലം രാഷ്ട്രീയഅരക്ഷിതാവസ്ഥയുടെ കാലമായിരുന്നെങ്കിലും 1920 മുതല്‍ രാഷ്ട്രീയപരമായും സാമൂഹ്യപരമായും കാര്‍ഷികമായും മെക്‌സിക്കോ മുന്നേറുവാന്‍ തുടങ്ങി. പിന്നീടു ചുരുക്കിപ്പറഞ്ഞാല് 20-ാം നൂറ്റാണ്ട് മുഴുവന്‍ മെക്‌സിക്കോയെ നിയന്ത്രിച്ചത് പില്ക്കാലത്ത് ഇന്സ്റ്റിറ്റിയൂഷനല്‍ റെവലൂഷനറി പാര്‍ട്ടി (IRP) എന്നറിയപ്പെട്ട രാഷ്ട്രീയ നേതൃത്വം ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് മെക്‌സിക്കോ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കുകയും 70കളുടെ മധ്യത്തില്‍ മെക്‌സിക്കോ പ്രധാന പെട്രോളിയം ഉല്പാദകരായി മാറുകയും ചെയ്തു. 1994-ല്‍ അമേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം മെക്‌സിക്കോ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA)-ല്‍ അംഗമായി. പിന്നീട് 1996-ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗ്ഗനൈസേഷനില്‍ (WTO) സ്ഥാപകഅംഗമായി. രണ്ടായിരത്തിലെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷനില്‍ ആദ്യമായി 71 വര്‍ഷത്തിന് ശേഷം കഞജ പരാജയപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം നേരിടുന്ന ഏറ്റവും വല്യ ആഭ്യന്തര പ്രശ്‌നം മയക്കുമരുന്ന് കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട അക്രമങ്ങളുമാണ്.
മെക്‌സിക്കോ സിറ്റിയില് കാണേണ്ടത് എന്തൊക്കെയാണ് എന്നൊരു ധാരണയുണ്ടാക്കിയ ശേഷം ഒരു വാരാന്ത്യത്തില്‍ ടൂര്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഏറ്റവും പ്രധാനം സിറ്റിയില്‍ നിന്നും കുറച്ചു അകലെയായുള്ള ആസ്‌ടെക് പിരമിഡുകള്‍ തന്നെ, കൂടാതെ മറ്റു ചിലതും. അതിന്റെ വിശേഷങ്ങള്‍ അടുത്തയാഴ്ച..
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.