
മസായിമാരയിലെ മൃഗവേട്ട
Posted on: 19 Dec 2010
Text&Photos: Dileep Anthikad
ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍. കെനിയയിലെ മസായിമാര നാഷണല്‍ പാര്‍ക്കിലൂടെ കാടിന്റെ ഹൃദയം തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര


കെനിയയിലെ മസായി മാര നാഷനല്‍ പാര്‍ക്കിലാണ് കാടിന്റെ ഹൃദയം തേടിയുള്ള യാത്ര തുടങ്ങുന്നത്. മസായി മാരയിലേക്കു കാലെടുത്തു വെക്കുമ്പോള്‍ തന്നെ നമുക്കു മനസ്സിലാവും, ഇത് ലോകത്തെ ഏഴാമത്തെ ആധുനിക അദ്ഭുതങ്ങളില്‍ ഒന്നായത് എങ്ങിനെയാണ് എന്ന്. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍. നൂറായിരം വന്യജീവികള്‍. അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിസ്മയലോകം. മലനിരകള്‍ക്കും താഴ്‌വരക്കും മേലേ വീണു കിടക്കുന്ന മേഘങ്ങളുടെ നിഴല്‍ തന്നെ വ്യാമോഹിപ്പിക്കുന്ന കാഴ്ചയാണ്. അത് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല. നേരില്‍ കാണുക തന്നെ വേണം.
കാട്ടിലെ വാസത്തിനിടയില്‍ ഏതാണ്ടെല്ലാ മൃഗങ്ങളെയും ഞങ്ങള്‍ വേട്ടയാടി. വെളിച്ചം ചീറ്റുന്ന ലെന്‍സ് കൊണ്ടായിരുന്നു ആ നായാട്ട്. സിംഹം, പുലി, ആന, ഹിപ്പോ, കാട്ടുപോത്ത്, സീബ്ര, മാന്‍, ജിറാഫ്, പല തരം പക്ഷികള്‍.. വിശപ്പു മാറാത്ത ക്യാമറക്ക് ഇരകളെ ലോഭമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. പല നേരങ്ങളില്‍ പല മുഖങ്ങളുമായി അവര്‍ ക്യാമറക്കു മുന്നില്‍ നിന്നു. ക്രൂരന്മാരെന്നു ഖ്യാതിയുള്ള സിംഹങ്ങളുടെ വാത്സല്യം കൈമാറുന്ന മുഖവും കുതിക്കാന്‍ തയ്യാറെടുക്കുന്ന ചീറ്റയുടെ തീക്കണ്ണുകളും അതില്‍ ഒരേ നിറവില്‍ പതിഞ്ഞു. ഒരു മസായി യോദ്ധാവ് ആനയെ ആട്ടിയോടിക്കുന്ന ദൃശ്യവും ആല്‍ബത്തില്‍ അമൂല്യമായ ഈടുവെപ്പായി ബാക്കി നില്‍ക്കുന്നു.
മൃഗങ്ങളില്‍ നിന്ന് ഏറെ അകലമില്ലാത്ത ജീവിതങ്ങളാണ് മനുഷ്യരുടെയും. വിഭവങ്ങളാല്‍ ഏറ്റവും ധനികമായ ഭൂഖണ്ഡത്തിലെ വിധിയാല്‍ ഏറ്റവും ദരിദ്രരാക്കപ്പെട്ട മനുഷ്യര്‍. കാട്ടിലെ മൃഗങ്ങളേക്കാള്‍ പ്രാകൃതരായാണ് അവരില്‍ പലരും ഇപ്പോഴും ജീവിക്കുന്നത്. കാട്ടിലെ മൃഗജീവിതങ്ങളേക്കാള്‍ അവിശ്വസനീയമാം വിധം 'മൃഗീയ'മായ ജീവിതം. ആധുനികമായ ജീവിതസുഖങ്ങളില്‍ നിന്നകലെ അവര്‍ പരാതികളില്ലാതെ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതചര്യകള്‍ അവര്‍ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നത് ഒരു തരം നിഷ്ഠയോടെയാണ്. പുറംലോകത്തിന്റെ പ്രലോഭിപ്പിക്കുന്ന സുഖങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഭാവന ചെയ്യാന്‍ പോലും പറ്റാത്ത ജീവിതക്രമങ്ങള്‍ അവരിപ്പോഴും പാലിക്കുന്നു. ബാരിങ്‌ഗോയിലേക്കുള്ള ഒരു പ്രഭാതഡ്രൈവിനിടെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. അവള്‍ സ്‌കൂളിലേക്ക് പോവുകയാണ്. നടന്നല്ല, നിറുത്താതെ ഓടിക്കൊണ്ട്. അവള്‍ എന്നും അങ്ങിനെയാണ് പോവുന്നത്. ഓടിക്കൊണ്ടേയിരിക്കുന്ന അവളെയും വീട്ടുപടിക്കല്‍ വരുന്ന സ്‌കൂള്‍ ബസ് കയറിപ്പോകുന്ന നമ്മുടെ കുഞ്ഞുങ്ങളെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ധാരാളം കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് ഓടുന്നത് ഞങ്ങള്‍ കണ്ടു. ഒരു പക്ഷെ അപ്പോഴാവാം ഞങ്ങളത് കൂടുതലായി ശ്രദ്ധിച്ചത്. ഗ്രാമത്തിലെ മനുഷ്യരും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നത് അധികവും ഓടിക്കൊണ്ടാണ്. കുറച്ചൊന്നുമല്ല, കിലോമീറ്ററുകളോളം. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ലഭ്യമായ ചികിത്സാസൗകര്യത്തെക്കുറിച്ച് ഞാന്‍ ഗൈഡിനോടു തിരക്കുകയുണ്ടായി. 20 കിലോമീറ്റര്‍ ദൂരെ ഒരു ആശുപത്രിയുണ്ട് എന്നാണ് അയാള്‍ പറഞ്ഞത്. അത്രയും ദൂരം എല്ലാവരും ഓടിയാണത്രെ സ്ഥിരം സഞ്ചരിക്കുന്നത്.
ആഫ്രിക്ക നിധികള്‍ നിറഞ്ഞ ഒരു ഖനിയാണ്. പച്ചപ്പിന്റെ മേലാപ്പിനു കീഴെ പ്രകൃതിയുടെ കലര്‍പ്പേശാത്ത സ്വര്‍ണക്കട്ടികള്‍ ഇരുട്ടില്‍ തിളങ്ങുന്ന നിലവറ. എന്നാല്‍ അതീവദുര്‍ബലമാണ് അതിന്റെ നിലനില്‍പ്പ്. ആഗോളതാപനത്തിന്റെ തീനാമ്പുകള്‍ ഈ കാടുകളേയും വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. പച്ചപ്പു നീങ്ങാം, എല്ലാം കരിഞ്ഞുണങ്ങിപ്പോവാം... ഒന്നോ രണ്ടോ വരള്‍ച്ച മതി! അതിനു മുമ്പ് ഒരിക്കല്‍ക്കൂടി അവിടെ പോവണം. അതൊക്കെ രേഖപ്പെടുത്തി വെക്കണം. അതു മാത്രമായിരുന്നു മടങ്ങുമ്പോള്‍ മനസ്സില്‍.